Image

സർപ്പം (കഥ:സുധീർ പണിക്കവീട്ടിൽ)

Published on 02 April, 2024
സർപ്പം (കഥ:സുധീർ പണിക്കവീട്ടിൽ)

രാവിലെ വീട്ടിൽ അപ്രതീക്ഷിതമായി ചിലതെല്ലാം ചെയ്യേണ്ടിവന്നതിനാൽ പതിവ് ട്രെയിൻ വിട്ടുപോകുമെന്ന്  അയാൾ ഊഹിച്ചപ്പോലെ തന്നെ ഓടിയെത്തിയപ്പോൾ  ട്രെയിൻ വിട്ടുപോയിരുന്നു. വീട്ടുകാർക്ക് സ്നേഹം കൂടിയാലും ഇങ്ങനെ ചില കുഴപ്പങ്ങൾ ഉണ്ടാകുമെന്നു ആശ്വസിച്ചുകൊണ്ട്  അയാൾ അന്നത്തെ ടൈംസ് ഓഫ് ഇന്ത്യ നിവർത്തി. അടുത്ത ട്രെയിൻ ലേറ്റ് ആയാൽ അന്നത്തെ ദിവസം കുളമാകും. ഒത്തിരി പ്രെസെന്റേഷൻസും മീറ്റിങ്ങുകളുമുണ്ട്. അയാൾ റിപ്പോർട്ട് ചെയ്യുന്ന കമ്പനി ഡയറക്ടർ മാർഗരറ്റ് ഡിസൂസ ഒരു മൊശടത്തിയാണ്. 

അധികം താമസിയാതെ അടുത്ത  ട്രെയിൻ വന്നു.. ഒന്നാം ക്ലാസ്സായതുകൊണ്ട് വലിയ തിരക്കില്ല. ഇവിടേക്ക് സ്ഥലം മാറി വന്നിട്ട് മൂന്നുമാസമായി എന്നിട്ടും നഗരം അപരിചിതമാണ്. കിട്ടിയ സീറ്റിൽ ഇരുന്നു. അടുത്തു ഒരു തൈകിഴവിയാണ്. പാതിവ്രത്യം നഷ്ടപെടുമെന്നു കരുതി അവർ ഒന്ന് അകന്നിരുന്നു. അത് നന്നായി. ബ്രീഫ്‌കേസ് തുറന്നു ഡിസൂസയെ സന്തോഷിപ്പിക്കാനുള്ള പേപ്പറുകൾ എടുക്കുമ്പോൾ കുറച്ച് ദൂരെ രണ്ടു പേര് സീറ്റുണ്ടായിട്ടും നിന്നുകൊണ്ടു സംസാരിക്കുന്നു.

അയാളെ കണ്ടപ്പോൾ സർപ്പക്കാടും, വച്ചാരാധനകളും, തുളസിത്തറയും ഒക്കെയുള്ള അമ്മവീട്ടിൽ കുട്ടിക്കാലത്തു ഒരു ഒഴിവുകാലം ചിലവഴിക്കാൻ പോയപ്പോൾ ഉണ്ടായ സംഭവം ഓർമ്മ വന്നു. സർപ്പകാടിന്റെ അടുത്തേക്ക് പോകരുതെന്ന് മുത്തശ്ശിയുടെ ശാസന ഉണ്ടായിട്ടും അവരുടെ കണ്ണുവെട്ടിച്ച് കുട്ടികൾ ഒക്കെ അവിടെ കളിച്ച് നടന്നു. തലേന്നാൾ മഴപെയ്ത ഈറനായ മണ്ണ്. പെട്ടെന്ന് കിളികൾ കൂട്ടത്തോടെ ചിലച്ചു. പശു ദൂരെ നിന്ന് അമറി. കെട്ടിയിട്ട കുറ്റിക്ക് ചുറ്റും അത് പരിഭ്രമത്തോടെ വട്ടം ചുറ്റാൻ തുടങ്ങി. അപ്പോൾ അതാ ഒരു പാമ്പ്. പാമ്പ് വാലിൽ കുത്തി മനുഷ്യന്മാരെപോലെ എണീറ്റ് നിൽക്കുന്നു. കുട്ടികൾ എല്ലാവരും ഓടി. അന്ന് വാലും കുത്തിനിന്ന പാമ്പിന് ഒരു തലയും പാദങ്ങളും ഉണ്ടായാൽ എങ്ങനെയിരിക്കും അതെ പോലെ ഒരാൾ. പാമ്പ് ഉരഗവർഗ്ഗത്തിൽ പെടുന്നതുകൊണ്ട് അയാൾക്ക് ഉരകേഷ് എന്ന പേര് ചേരുമെന്ന് ചിന്തിച്ചു. ഉരാകേഷിന്റെ അടുത്ത് ഒരു യുവതി നിൽപ്പുണ്ട്. പാമ്പിന്റെ തലയിലെ മാണിക്യം എന്ന് പറയുന്നപോലെ. വളരെ സുന്ദരി. പാമ്പ് അവളെ നിർദോഷമായി ചുറ്റിപ്പിടിച്ച് കിന്നാരങ്ങൾ പറയുന്നുണ്ട്. പാമ്പിനോട് വെറുപ്പ് തോന്നിയെങ്കിലും സുന്ദരിപ്പെണ്ണ് പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. അവളിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല. പാമ്പ് അവളുടെ ആരായിരിക്കും? ഒരു പ്രയോജനവുമില്ലാത്ത കുശുമ്പ് മനസ്സിൽ കരി വിതറുമ്പോൾ വണ്ടി അടുത്ത സ്റ്റേഷനിൽ നിന്നു. കുറച്ചു യാത്രക്കാർ കയറി. 

അവിടെനിന്നു കയറിയ അനന്തകൃഷ്ണൻ അടുത്ത് വന്ന ഉടനെ നിന്റെ സമയനിഷ്ഠയൊക്കെ മുംബൈയിൽ വന്നപ്പോൾ കളഞ്ഞോ. നീ ഇതിനു  മുന്നേയുള്ള ട്രെയിനിൽ പോകേണ്ട ആൾ അല്ലായിരുന്നോ? അത് രാവിലെ ഉഷയുടെ പ്രണയകലഹം . ഒരു കാര്യവുമില്ലാത്ത കാര്യം കാരണം വെറുതെ വൈകി പ്രണയകലഹം എന്ന് പറയുമ്പോൾ വിവരിച്ചു പറയെടാ.. രാവിലെ ഞാൻ സമയത്ത് തന്നെ ഇറങ്ങാൻ റെഡി ആയി. കുഞ്ഞിന് മുലകൊടുത്തിരുന്ന ഉഷ അവനോട് അച്ചന് ഒരു ഉമ്മ കൊടുക്കാൻ പറഞ്ഞു അച്ഛൻ ഓഫിസിൽ നിന്നും വരുമ്പോൾ തന്നാൽ മതി എന്ന് പറഞ്ഞു വാതിൽ തുറക്കുന്നതിനിടയിൽ അവൾ ഉണ്ണിക്കുട്ടനെ വിട്ടു അവൻ വന്നു കെട്ടിപ്പിടിച്ചപ്പോൾ പൊക്കി എടുക്കേണ്ടി വന്നു. അവൻ കവിളിലും ഷർട്ടിന്റെ കോളറിലുമൊക്കെ ഉമ്മ വച്ച്. കുടിച്ചിരുന്ന മുലപ്പാലും അവന്റെ തുപ്പലുമൊക്കെ കൂടെ കശുമാങ്ങ പിഴിഞ്ഞപോലെ ചാറു ഒലിപ്പിച്ചു  മുഖവും ഷർട്ടുമൊക്കെ മുലപ്പാൽ മണമാക്കി. ഒരു കണക്കിന് മുഖം കഴുകി കോളറിൽ ചെറിയ ചെളിയുണ്ട്. ഉഷയുടെ അമേരിക്കയിലുള്ള സഹോദരൻ കൊടുത്തയച്ചിട്ടുള്ള ക്ളോറിക്സ് ടിഷ്യു പേപ്പർ കൊണ്ട് അവൾ തന്നെ തുടച്ചു വൃത്തിയാക്കി. എന്നിട്ട് അവൾ പറഞ്ഞു കുട്ടികൾ ഉമ്മ വയ്ക്കുന്നത് ഇത്രയൊക്കെ വൃത്തിയാക്കാനില്ല. ഡീ പൊട്ടിക്കാളി ഷർട്ടിൽ എല്ലാം നിന്റെ മുലപ്പാലിന്റെ മണമാണ്. ആ മണം ഞാനെന്തിന്  ഓഫീസിലുള്ളവർക്ക് കൊണ്ട് കൊടുക്കുന്നു. എന്റെ ബ്രൂട്ടസ് കൊണ്ട് വാ എന്നിട്ട് നല്ലോണം സ്പ്രൈ ചെയ്യ്. അനന്തകൃഷ്ണൻ ഷർട്ട് മണപ്പിച്ചിട്ട് പറഞ്ഞു നല്ല സുഗന്ധമാണ്. ഗോവക്കാരി മാർഗരറ്റ് ഡിസൂസ ചിലപ്പോൾ നിനക്ക് ഒരു ഉമ്മ തന്നേക്കും.

അതിനിടയിൽ പാമ്പിനെ ശ്രദ്ധിച്ചപ്പോൾ പാമ്പ് ആ പെണ്ണിനെ അമിതമായി ലാളിച്ചുകൊണ്ടിരിക്കയാണ്. അനന്തകൃഷ്ണനോട് ചോദിച്ചു ഏതാടെ ആ പാമ്പ്? അവൻ അത്ഭുതത്തോടെ പാമ്പോ? ഓ സോറി .ദാ അങ്ങോട്ട് നോക്ക് അവിടെ രണ്ടുപേർ നിൽക്കുന്നില്ലേ. അയാളെ കണ്ടാൽ ഒരു പാമ്പിന്റെ ആകൃതിയല്ലേ. ഞാനയാൾക്ക് ഉരകേഷ്‌ എന്ന് പേരും നൽകിയിട്ടുണ്ട്. ആ പെങ്കൊച്ച് ലക്ഷ്മിദേവിയെപോലെയുണ്ട്.

നിനക്ക് ആളുകളെ കളിയാക്കാൻ പ്രത്യേക പരിശീലനം വേണ്ട. അയാൾ ഏതോ പ്രശസ്ത കമ്പനിയിലെ. ഒരു ആർക്കിടെക്ട് ആണ്. പെൺസൗഹൃദങ്ങൾ കൊതിക്കുന്ന അയാൾ ഒരു philogynist ആണ്. അയാളുടെ ആകാരം, നിന്റെ ഭാഷയിൽ പാമ്പിനെപ്പോലെ ഇരിക്കുന്നതിനാൽ പെണ്ണുങ്ങൾ അടുക്കുക കുറവാണ്.  പിന്നെ ആ പെണ്ണിനെപ്പോലെയുള്ള ഹവമ്മാര് ആണ് അയാളുടെ ഇര. അയാളുടെ അക്കാഡമിക് ബ്രില്ലിയൻസും സാഹിത്യത്തിലെ കഴിവും അയാൾ ഇപ്പോൾ സൗഹൃദങ്ങൾ പണിയാൻ ഉപയോഗിക്കുകയാണ്. 
അങ്ങനെയിരിക്കുമ്പോഴാണ് ഈ പെണ്ണ് അയാളെ പരിചയപ്പെടുന്നത്.. സാഹിത്യരംഗത്ത് എന്തെങ്കിലുമാകണമെന്ന മോഹവുമായി നടന്നുവന്ന ഹവ്വയെ പാമ്പ് പ്രലോഭിപ്പിച്ച്‌ മയക്കി. ഒരു നിമിഷം അവളെ മാധവിക്കുട്ടിയും, സുഗതകുമാരിയും, റോസ് മേരിയും ചന്ദ്രമതിയുമൊക്കെയാ ക്കി. . ഏദൻ തോട്ടത്തിൽ പാമ്പ് പണിത തന്ത്രങ്ങൾ ഈ പാമ്പും പണിതു. പെണ്ണ് സുന്ദരിയും വളരെ സോഷ്യല്മായതുകൊണ്ട് അയാൾ അവളെ വിടാതെ പിടിച്ചിരിക്കുകയാണ്. സ്‌കൂൾ അധ്യാപികയായ അവർ  ഈയിടെ വാസ്തുശില്പ ശാസ്ത്രം എന്ന രണ്ടു പുസ്തകങ്ങൾ എഴുതി. പാമ്പിനോട് ഏതോ പുസ്തകക്കമ്പനി ചോദിച്ചതാണ്. പാമ്പ് ആ അവസരം ഇവൾക്ക് കൊടുത്തു. അവൾക്കായി അയാൾ അത് എഴുതിക്കൊടുത്തു. പെണ്ണും പ്രശസ്തിയുടെ വെളിച്ചത്തിൽ കണ്ണും മഞ്ഞളിച്ച് ദൈവം നൽകിയ ഏദൻ തോട്ടം സൂക്ഷിച്ചില്ലെങ്കിൽ നഷ്ടപ്പെടുമെന്ന ഒരു ചിന്തയുമില്ലാതെ മൂഢസ്വർഗ്ഗത്തിൽ കഴിയുകയാണ്. അവൾ പാമ്പിനു പ്രണയപാൽ നൽകിക്കൊണ്ടിരുന്നു. പാലിൽ ഉറയൊഴിച്ച് രതിയുടെ വെണ്ണയുണ്ടാക്കി അതും നുണഞ്ഞു അവർ ഒരു അവിഹിത കൊട്ടാരത്തിലാണ്.

പാമ്പ് ഉറ ഊരുന്ന ലക്ഷണം കാണുന്നല്ലോ  അനന്തകൃഷ്‌ണാ എന്ന എന്റെ ചോദ്യത്തിന് അവനും തമാശ വെടിഞ്ഞു കാര്യമായി പറഞ്ഞു. പാമ്പ് ഇപ്പോൾ വീക്ക് ഏൻഡ് പുസ്തകമേളകൾ സംഘടിപ്പിക്കയാണ്. പങ്ക് ചേരുന്നവർക്ക് രാത്രി താമസം ഒരുക്കുന്നു.  എന്തോ ഭാഷ സ്നേഹമാണോ പെണ്ണിന്റെ ശരീരത്തോടുള്ള ആർത്തിയാണോ. ആ പെണ്ണും ഒരു പൊട്ടിത്തവളയായി അയാളുടെ അണ്ണാക്കിലേക്ക് സ്വയം കയറിപോകുന്നുണ്ട്. എന്തായാലും പാമ്പ് നിസ്സാരക്കാരനല്ല. ഭാഗ്യവാൻ കൂടിയാണ്. കൊതിച്ചു കൊതിച്ച് നടന്നു അവസാനം കലക്കൻ സാധനമല്ലേ കയ്യിൽ കിട്ടിയത് എന്ന് കമന്റ് പാസ്സാക്കി അവന്റെ സ്റ്റേഷനിൽ അവൻ ഇറങ്ങിപ്പോയി.

വണ്ടി ഏതോ സിഗ്നൽ പ്രോബ്ലെംത്തിനു നിറുത്തിയിരിക്കയാണ്. മുംബൈ നഗരം എന്തെല്ലാം നാടകരംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു.  രാവിലെ ഉഷയുമായി വഴക്ക് കൂട്ടിയതിനു ഫലമുണ്ടായി. നമ്മുടെ മുന്നിൽ നടക്കുന്ന കഥകൾ. നമ്മൾ കാണുന്നെങ്കിലും തിരിച്ചറിയുന്നില്ല. ഞാൻ പാമ്പിനെക്കുറിച്ച് ചിന്തിച്ചു. നമ്മുടെ പാമ്പ് അയാളുടെ ഏദനിൽ കണ്ടുമുട്ടിയ ഹവ്വക്ക്  ഇതിനകം എത്രയോ തവണ പല പല പുസ്തകങ്ങളും കഥകളും എഴുതിക്കൊടുത്തുകാണും.

അതെല്ലാം സിംബോളിക് ആയി അവൾക്ക് നല്കിയിരിക്കും. പഴമായി, പായസമായി, ഐസ്‌ക്രീമായി.  ഹവ്വയെ  അടിമയാക്കാൻ അയാൾക്ക് കഴിഞ്ഞു. പാമ്പ് ആഹ്‌ളാദവിവശനായി വരും വീക്കെന്റുകൾ എങ്ങനെ ചിലവഴിക്കണമെന്ന പദ്ധതികൾ ഇടുകയായിരിക്കും. അവിഹിത ബന്ധങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാം. പക്ഷെ അത് കുടുംബബന്ധങ്ങളെ നിഷ്കരുണം തല്ലിത്തകർക്കുന്നത് ഹൃദയഭേദകമാണ്.  കേട്ടിടത്തോളം ആ പൊട്ടിപെണ്ണ് വ്യാമോഹത്തിന്റെ വക്കിലാണ്. അറിയപ്പെടുന്ന എഴുത്തുകാരിയാകുക. അതിനായ് അവർ കണ്ട മാർഗ്ഗം സന്മാർഗ്ഗപരമല്ല. അക്കാര്യത്തിൽ അവർ ആദ്ദ്യത്തെയൊന്നുമല്ല. അങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഒരു പക്ഷെ സമീപഭാവിയിൽ പാമ്പ് കടിയേറ്റ് റെയിൽപാളത്തിൽ മരിച്ചു കിടക്കുന്ന ഒരു പെണ്ണിനെ കാണാം. മുംബൈ നഗരം ഒരു കായികതാരത്തെപോലെ ഓടിക്കൊണ്ടിരിക്കുന്നു. അതിനിടയിൽ എത്രയോ ജന്മങ്ങൾ അവരുടെ ആയുസ്സ് തീരും മുമ്പേ ചതിക്കുഴികളിൽ വീണു വിസ്മരിക്കപ്പെടുന്നു.
ഓഫീസിൽ മാർഗരറ്റ് ഡിസൂസ കൃഷ്ണനെ കാണാതെ പരവശയായ രാധയെപോലെ അക്ഷമായായിരുന്നു. വൈകിയതിനു കാരണം പറഞ്ഞത് കേട്ട് അവർ ചിരിച്ചു. ഉണ്ണിക്കുട്ടനെ കാണണമെന്ന് പറഞ്ഞു. എല്ലായിടത്തും നല്ല ബന്ധങ്ങൾ സ്ഥാപിച്ചാൽ ജീവിതം മനോഹരം തന്നെ. പനിനീർപ്പൂക്കൾ ചൂടിയ വീഥികൾ ഉള്ളപ്പോൾ എന്തിനു അഴുക്കുചാലിൽ കൂടി നീന്തി കടക്കണം. ചിന്തകൾ എല്ലാവരെയും തത്വചിന്തകരാക്കുമായിരിക്കും,. 

പാമ്പും ലക്ഷ്മിയുമായുള്ള കാഴ്ച്ച ഒരിക്കലും ദൈവം കാണിക്കരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഓഫീസ് ജോലിയാരംഭിച്ചു.  

ശുഭം

Join WhatsApp News
Abdulpunnayurkulam 2024-04-02 02:14:46
Some people may not aware that extramarital affairs is not only sin, but also risky too.
Chinchu Thomas 2024-04-02 15:24:27
സാറിന്റെ കഥകളിൽ മായാതെ കിടക്കുന്ന കുട്ടികാലമുണ്ട്. മനോഹരം.
വേണുനമ്പ്യാർ 2024-04-03 03:04:59
ഇമലയാളിയുടെ പ്രിയങ്കരനായ എഴുത്തുകാരൻ, ശ്രീ സുധീർ പണിക്കവീട്ടിൽ സർപ്പം എന്ന കഥയിൽ ഒരു മഹാനഗരത്തിലെ ജീവിതത്തിന്റെ യാഥാർത്ഥ്യബോധത്തെ വരച്ചുകാട്ടുന്നതിനൊപ്പം മാന്ത്രികഘടകങ്ങളും ഭംഗിയായി സന്നിവേശിപ്പിച്ചിട്ടുണ്ട് . രണ്ടാം ഖണ്ഡികയിലെ 'രണ്ടു പേര്' എന്നതിനു പകരം 'ഒരു പുരുഷനും ഒരു സ്ത്രീയും' എന്നൊ മറ്റൊ എഴുതിയിരുന്നുവെങ്കിൽ, മൂന്നാം ഖണ്ഡികയിൽ പരാമർശിക്കപ്പെടുന്ന 'അയാൾ' ആരാണെന്നതിനു ഒരു ക്ലാരിറ്റി കിട്ടുമായിരുന്നു. ഇനി സന്നിഗ്ദ്ധതയാകട്ടെയെന്നു കരുതി കഥാകൃത്ത് മന:പൂർവ്വം ഒരു കൗശലം കാട്ടിയതാണൊ? അറിയില്ല.
Mohan Parakovil 2024-04-04 05:40:17
ചില കഥകളിലെ കഥാപാത്രങ്ങളെ വായനക്കാർ തിരിച്ചറിയുന്നു. ഇത് അവരല്ലേ എന്ന നിസ്സംഗത നിറഞ്ഞ ചോദ്യം ഇത്തരം ബന്ധങ്ങളുടെ അന്ത്യം അതിദാരുണമാണ്. വല്ലവനും പറഞ്ഞു തന്നു ഒരു പുസ്തകം എഴുതിയിട്ട് എന്ത് കിട്ടാൻ. അയാൾ സാഹചര്യം മുതലെടുത്തുകാണും. പാവം പെണ്ണുങ്ങൾ. സുധീറിന്റെ കഥകളിലൊക്കെ സത്യവും മറയാതെ നിൽക്കുന്നു.
amerikkan malayaali 2024-04-05 09:56:18
അമേരിക്കൻ മലയാളികളിൽ പല എഴുത്തുകാരും കാശു കൊടുത്ത് എഴുതിക്കുന്നുവെന്ന പരാതി ഉണ്ടല്ലോ? ഈ കഥയിലെ കഥാപാത്രമായ സ്ത്രീ അവരുടെ പുസ്തകം എഴുതുന്നത് കാമുകന്റെ ഉപഹാരമായിട്ടാണെന്നു മാത്രം. സാഹിത്യം മലീമസമായി കൊണ്ടിരിക്കുന്നു. മലയാള ഭാഷയെ രക്ഷിക്കാൻ ആർക്കു കഴിയും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക