Image

അഭിനന്ദനങ്ങൾ, പ്രഭാവർമ്മാ...(വിജയ് സി.എച്ച്)

Published on 02 April, 2024
അഭിനന്ദനങ്ങൾ, പ്രഭാവർമ്മാ...(വിജയ് സി.എച്ച്)

'രൗദ്രസാത്വികം' എന്ന കാവ്യാഖ്യായികയിലൂടെ പന്ത്രണ്ടു വർഷത്തിനു ശേഷം ബിർള ഫൗണ്ടേഷൻ്റെ സരസ്വതി സമ്മാൻ കേരളത്തിലേയ്ക്കു കൊണ്ടുവന്ന ബഹുമുഖ പ്രതിഭയ്ക്ക് അനുമോദനങ്ങൾ!
എഴുത്തിൽ അര നൂറ്റാണ്ട് പിന്നിട്ട വേളയിലെത്തിയ അഖിലേന്ത്യാ അംഗീകാരം കവിയും, കഥാകാരനും, ചലച്ചിത്ര ഗാനരചയിതാവും, മാധ്യമപ്രവർത്തകനുമായ പ്രഭാവർമ്മയുടെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി വയ്ക്കുകയാണ്.


മികച്ച ഗാനരചയിതാവിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടുമ്പോൾ തന്നെയാണ് കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകളുമായെത്തുന്ന കാവ്യങ്ങളും പ്രഭാവർമ്മ എഴുതുന്നത്. അദ്ദേഹത്തിൻ്റെ പ്രഥമ ഇംഗ്ളീഷ് നോവൽ 'After the Aftermath' വായനക്കാരുടെ കൈകളിലെത്തി അധികം നാളുകൾ കഴിയും മുമ്പെ, ഇംഗ്ലീഷ് ഭാഷാ പ്രയോഗങ്ങളുടെ മലയാള പുസ്തകം, 'ഷേക്സ്പിയറും വൈലോപ്പിള്ളിയും' പ്രസിദ്ധീകരിക്കപ്പെട്ടു.
പ്രശസ്ത കവിതാ സമാഹാരങ്ങളായ 'സൗപർണിക'യും, 'അർക്കപൂർണിമ'യും, 'ചന്ദനനാഴി'യും, കാവ്യാഖ്യായികകളായ 'ശ്യാമമാധവ'വും, 'കനൽച്ചിലമ്പും', ഇപ്പോൾ സരസ്വതി സമ്മാനം നേടിയ 'രൗദ്രസാത്വിക'വും രചിച്ച പ്രഭാവർമ്മയോടു സംസാരിക്കുന്നതൊരു സാഹിത്യ സെമിനാറിൽ സജീവമായി പങ്കെടുക്കുന്നതിനു സമാനം...


🟥 ഇന്നത്തെ ഞാൻ
എഴുത്തിൽ അമ്പതാണ്ട് തികഞ്ഞ ഘട്ടത്തിൽ എൻ്റെ ഇതുവരെയുള്ള കവിതകളെല്ലാം ഡി. സി. ബുക്സ് സമാഹരിച്ചു പ്രസിദ്ധീകരിച്ചു. ഇത് എൻ്റെ എഴുത്തിനുള്ള ഒരു അംഗീകാരമാണെന്ന് ഞാൻ കരുതുന്നു. പല കവിതാ സമാഹാരങ്ങളും എൻ്റെ വീട്ടിലെ ശേഖരത്തിൽ ലഭ്യമായിരുന്നില്ല. കവിത ചൊല്ലുന്ന കുട്ടികൾ മുതൽ നിരൂപകർ വരെ ആവശ്യപ്പെടുമ്പോൾ, അവർക്കു നൽകാൻ കഴിയാതെ ഞാൻ വിഷമിക്കുകയായിരുന്നു. നാനൂറിൽപരം കവിതകളുള്ള 'പ്രഭാവർമ്മയുടെ കവിതകൾ' എന്ന സമാഹാരം ഇറങ്ങിയതോടെ ഈ വിഷമത്തിന് അറുതിയായി. പല ഘട്ടങ്ങളിലായി എഴുതിയവ കാലാനുസൃതമായി ക്രമീകരിച്ചിരിക്കുന്നു. ഇതിലൂടെ കണ്ണോടിക്കുമ്പോൾ ഞാൻ 'ഒരു എന്നെ'യല്ല, 'പല എന്നെ'യാണ് കാണുന്നത്. ആ എന്നിലൂടെയുള്ള സഞ്ചാരത്തിൻ്റെ ആകെത്തുകയാണ് ഇന്നത്തെ ഞാൻ എന്ന തോന്നലുമുണ്ട്. 'I contain multitudes' എന്ന ഒരു തോന്നൽ. പ്രമേയപരമായ പൊരുത്തങ്ങളോ പൊരുത്തക്കേടുകളോ എൻ്റെ ഉൽകണ്ഠയല്ല. മനസ്സു വിങ്ങിയാൽ തേങ്ങിപ്പോവില്ലേ? അത്രമേൽ സ്വാഭാവികമായാണ് ഈ കവിതകൾ ഉണ്ടായിട്ടുള്ളത്. അതിലെ പ്രമേയം സഹജ പ്രകൃതത്തിൽ നിന്നുണ്ടായവയാണ്. ഞാൻ അതിനെ യുക്തിയുടെ ഉരകല്ലിൽ ഉരച്ചുനോക്കാറില്ല. കവിതയെ അങ്ങനെ പരിശോധിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നുമില്ല. 'അറിവിൻ വെളിച്ചമേ ദൂരെപ്പോ, ദൂരെപ്പോ, നീ വെറുതേ സൗന്ദര്യത്തെ കാണുന്ന കൺ പൊട്ടിച്ചു' എന്നല്ലേ മഹാകവി ജി. ശങ്കരക്കുറുപ്പിൻ്റെ വരികൾ! സൗന്ദര്യത്തെ കാണുന്ന കണ്ണ്, അറിവിൻ വെളിച്ചം വന്നു കുത്തിപ്പൊട്ടിച്ചാലോ? അതുകൊണ്ടാണു കവിതയിൽ യുക്തിയെ മാറ്റിനിർത്തുന്നത്. 'പ്രഭാവർമ്മയുടെ കവിതകളി'ൽ എൻ്റെ കാവ്യാഖ്യായികകൾ ഉൾപ്പെട്ടിട്ടില്ല എന്നുകൂടി പറയട്ടെ. എൻ്റെ കവിത ആർക്കൊക്കെയോ വേണ്ടതുണ്ടെന്ന് ഞാനറിയുന്നു. അതുകൊണ്ടാണല്ലൊ, അതിനു പ്രസാധകർ ഉണ്ടാകുന്നത്!


🟥 സംവേദനക്ഷമത ആർജിച്ചു
1990-ൽ പ്രസിദ്ധീകരിച്ച എൻ്റെ പ്രഥമ കവിതാസമാഹാരം, 'സൗപർണിക'യിൽ നിന്നു, 'പ്രഭാവർമ്മയുടെ കവിതക'ളിലെത്തുമ്പോൾ സംഭവിച്ചതു പരിണാമരൂപമായ വളർച്ചയാണ്.
ആദ്യമൊക്കെ രചനാപരമായ ഊന്നൽ രൂപപരതയിലായിരുന്നു എന്നു തോന്നുന്നു. പിന്നെ, അനുക്രമമായി ഭാവപരതയിലേക്കു മാറി. അതാവട്ടെ, രൂപപരതയിൽ അബോധപൂർവമായാണെങ്കിലും സഹജാവബോധത്താലെന്നോണം ശ്രദ്ധിച്ചുകൊണ്ടു തന്നെയായിരുന്നുതാനും. മനസ്സിൻ്റെ പരിപാകത്തിൻ്റെ ഗ്രാഫ് കാലാനുസൃതമായി ഉയർന്നതായി ഞാൻ കാണുന്നുണ്ട്. ബൃഹദാഖ്യാനങ്ങളിലേക്കു കടക്കാനുള്ള ആത്മവിശ്വാസം ആർജിച്ചതായും അതു സഫലമായതായും കാണുന്നു. കവിത ബഹുസ്വരമായതായും അടക്കിപ്പിടിക്കലിൻ്റെ മാജിക് കൂടുതൽ വശമാക്കിയതായും തോന്നുന്നുണ്ട്. സാർവജനീനമായ ഒരു സംവേദനക്ഷമത ആർജിച്ചതായും പ്രമേയ സ്വീകരണത്തിലെ പരിമിതികളെ മറികടന്നതായും തോന്നുന്നുണ്ട്. അധികം എഴുതരുതെന്ന് ആരോ ഉള്ളിൽ ഇരുന്നു വിലക്കുന്നുണ്ട്. എന്നുവരികിലും കവിതയെ ഒന്നുകൊണ്ടും ഞാൻ ഒരു കാലത്തും പരിമിതപ്പെടുത്തിയിട്ടില്ല. പ്രത്യയശാസ്ത്രപരമായ പ്രത്യാഘാതങ്ങളെന്താവും എന്ന് ആലോചിച്ചു കവിതയെ ഒരിക്കലും ഒതുക്കിയിട്ടിട്ടുമില്ല.


🟥 ഒ.എൻ.വി പറഞ്ഞത്
എണ്ണിയാലൊടുങ്ങാത്തത്ര ജീവി വംശങ്ങൾ ഉണ്ടെങ്കിലും ലോകഗതിയെ മാറ്റിമറിക്കാനുള്ള ശേഷിയോടു കൂടി പിറക്കുന്ന ജീവി ഒന്നേയുള്ളു; അതു മനുഷ്യ ജീവിയാണ്. ഇതിൽ പെടുന്ന ഓരോ വ്യക്തിയിലും ജന്മനാൽ തന്നെ കവിതയുടെ കനൽക്കണം പ്രകൃതി ചേർത്തുവെച്ചിട്ടുണ്ടെന്നാണ് എൻ്റെ പക്ഷം. ചിലർ ഇതിനെ അതേപടി നിലനിർത്തുന്നു; അവർ സഹൃദയരാവുന്നു. ചിലർ ഈ കനൽക്കണങ്ങളെ ഊതിത്തെളിച്ചു ജ്വാലയാക്കുന്നു; അവർ കവികളാവുന്നു. ഇനിയും ചിലർ കനൽക്കണത്തെത്തന്നെ അണച്ചു കളയുന്നു; അവർ അരസികരാവുന്നു. പ്രഭാവർമ്മ ജന്മനാ കവിയാണെന്ന് ജ്ഞാനപീഠജേതാവായ ഒ.എൻ.വി (കുറുപ്പ്) സാർ ഒരിക്കൽ പറഞ്ഞത്, കവിത അത്രമേൽ സ്വാഭാവികമായിരിക്കുന്നു എനിയ്ക്ക് എന്ന അർത്ഥത്തിലാവണം; കവിയല്ലാതാവാൻ കഴിയാത്തയാളാണ് എന്ന അർത്ഥത്തിലാവണം. അത് എൻ്റെ മനസ്സ് കവിതയിലൂടെ ഒ.എൻ.വി സാർ അറിഞ്ഞതുകൊണ്ടാകണം!


🟥 ധ്യാനം വേണം
കവിയും, മാധ്യമ പ്രവർത്തകനും, ടെലിവിഷൻ അവതാരകനും, ചലച്ചിത്ര-നാടക ഗാനരചയിതാവും, സർക്കാർ ഉപദേഷ്ടാവുമൊക്കെ ഒരുമിച്ചാകുന്നതിൽ അസ്വാഭാവികമായൊന്നുമില്ല. ഒന്ന് ജീവിക്കാനുള്ള വഴി; മറ്റൊന്ന് അതിജീവിക്കാനുള്ള വഴി! ലോകത്ത് ഒരു കവിയും കവിത എഴുതുക എന്നതിൽ മാത്രമായി ഒതുങ്ങുന്നില്ലല്ലൊ. ഒരു സമാന്തര ജീവിതം നിലനിർത്താൻ ഞാൻ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. യഥാർത്ഥ ജീവിതം കവി എന്ന നിലയ്ക്കുള്ളത്. സമാന്തര ജീവിതം ആ കവിയെ ഈ ശരീരത്തിൽ നിലനിർത്താനുള്ളത്. 'കെട്ട ജീവിതം ഉണ്ടെനിക്കെന്നാൽ മറ്റൊരു കാവ്യജീവിതം മണ്ണിൽ' എന്നു വൈലോപ്പിള്ളി പാടിയില്ലേ; അതുപോലെ! കവിതയുടെ ജീവിതം സമാന്തരമായി ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ, ഞാൻ ഈ ജീവിതത്തിൽ നിന്ന് എന്നേ പോവുമായിരുന്നു! ഭൗതിക ജീവിത സാഹചര്യങ്ങൾ പരുഷമോ കഠോരമോ ആവുന്നത് ഒരർത്ഥത്തിൽ കവിതയ്ക്കു ഗുണകരമാണ്; മറ്റൊരു അർത്ഥത്തിൽ ദോഷകരവുമാണ്. മിക്കവാറും എല്ലാ കാലവും മാധ്യമപ്രവർത്തകനായിരുന്നു ഞാൻ. ഒരു സന്ധ്യയുടെ ഭംഗി ഒന്ന് ആസ്വദിക്കാൻ പോലും കഴിയാത്ത വിധത്തിലുള്ള തിരക്കിലായിരുന്നു. അതു കവിതയെ പരിപോഷിപ്പിക്കുന്നതല്ല. കവിതയ്ക്ക് ഒരു ധ്യാനം വേണം. ആ ധ്യാനം ഔദ്യോഗിക ജീവിതം എനിക്ക് അനുവദിച്ചു തന്നിട്ടുണ്ട് എന്നു പറയാനാവില്ല. ഇടശ്ശേരിയുടെ ഒരു കവിതയുണ്ട്, 'വഴിക്കുളം'. കുളത്തിലെ വെള്ളത്തിൻ്റെ ഏറ്റവും വലിയ സ്വപ്നം ധ്യാനാത്മകമായി നിന്നു സൂര്യബിംബത്തെ പ്രതിഫലിപ്പിക്കുക എന്നതാണ്. അതിന് ആദ്യം വേണ്ടതു നിശ്ചലാവസ്ഥയാണ്. ആ അവസ്ഥയുടെ അടുത്തെത്തുമ്പോൾ ഒരാൾ വന്നു കുറേ വിഴുപ്പുകൾ ജലാശയത്തിലിട്ടുലയ്ക്കും. ധ്യാനമൂകാവസ്ഥയും സൂര്യസാക്ഷാൽക്കാരവും അതോടെ അസാധ്യമാവും. ഈ പ്രക്രിയ ആവർത്തിച്ചു കൊണ്ടേയിരിക്കും. ഒരിക്കലും സൂര്യനെ പ്രതിബിംബിപ്പിക്കാൻ വഴിക്കുളത്തിലെ ജലത്തിനു കഴിയില്ല. ഈ ജലമാണ് മാധ്യമപ്രവർത്തകനായ കവിയുടെ മനസ്സ്. എഴുതപ്പെടാതെ പോവുന്ന കവിതകളാവും എഴുതിയതിലുമേറെ. എൻ്റെ ഔദ്യോഗിക ജീവിതം ഒരിക്കലും സർഗാത്മകതയ്ക്ക് അനുകൂലമായിരുന്നില്ല. ഒരു പതിറ്റാണ്ടിലേറെ ഇലക്ട്രോണിക് മീഡിയത്തിലായിരുന്നു. അതാകട്ടെ, സർഗാത്മകതയുടെ ഇലക്ട്രിക് ക്രിമറ്റോറിയമാണെന്നു പറയാം. എന്നിട്ടും ഞാൻ ഇത്രയൊക്കെ ചെയ്തു. ഇലക്ട്രോണിക് മീഡിയയിലായിരിക്കെയാണ് 'ശ്യാമമാധവം' എഴുതിയത്. സാഹിത്യ ജീവിതത്തിലെ നേട്ടം ഔദ്യോഗിക ജീവിതത്തിൽ കോട്ടമായിട്ടുണ്ടാവും.


🟥 ജനപ്രിയത
ജനപ്രിയമാധ്യമം സിനിമയാണെന്നതുകൊണ്ട് അതിലെ പാട്ടുകൾ ജനപ്രിയമാവുന്നു. 'സ്ഥിതി' എന്ന ചലച്ചിത്രത്തിനു വേണ്ടി ഞാൻ രചിച്ച 'ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ...' എന്ന ഗാനം അത് കേട്ടവരെല്ലാം ഏറ്റുപാടി. 'മുല്ല പൂത്തു നാം കാണ്മതില്ലെങ്കിലും' എന്ന കവിത പുതിയ രൂപത്തിൽ അവതരിപ്പിച്ചതാണ് ഈ ഗാനം. 'കോളാമ്പി'യിലെ 'ഓരോരോ നോവിൻ കനലിലും എരിയാനൊരേ നിലാവിൻ തളിരിതളോ...' എന്നു തുടങ്ങുന്ന വരികൾക്ക് 2020-ൽ മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. കവിത ഒരു കാലത്തും അങ്ങനെയായിരുന്നില്ല. ഒരു ചങ്ങമ്പുഴയോ മറ്റോ ഉണ്ടാവുമായിരിക്കും ഈ പൊതുസ്ഥിതിക്ക് അപവാദമായി. കടമ്മനിട്ടയുടെ 'കുറത്തി' ജനപ്രിയമായതിനു പിന്നിൽ അതിലെ കവിതയുടെ കരുത്തിനേക്കാൾ മേലെ നിന്ന ആലാപനത്തിൻ്റെ കരുത്തും, അടിയന്തരാവസ്ഥയുടെ രാഷ്ട്രീയ പശ്ചാത്തലവുമുണ്ടായിരുന്നു. ജനങ്ങളിലേക്കു വേണ്ട പോലെ എത്തുന്നതിൽ പരാജയപ്പെടുന്നുവെങ്കിലതു കവിതയുടെ പരാജയം തന്നെയാണ്. സംസ്കൃതവൃത്തനിബദ്ധമായ 'ശ്യാമമാധവം' പോലൊരു കൃതി ഇക്കാലത്ത് നിരവധി എഡിഷൻ ഇറങ്ങുന്നു എന്നതു കവിതയുടെ സ്വീകാര്യതയെയാണു കുറിക്കുന്നത്. അത്യാധുനിക സാഹിത്യം രണ്ടാമതൊരു എഡിഷൻ അച്ചടിക്കേണ്ടിവരുന്നില്ലെന്ന് ഓർക്കുക. ഗ്രൂപ്പുകളും, ക്ലിക്കുകളും, ഉപജാപക സംഘങ്ങളുമൊന്നും കവിതയെ രക്ഷപ്പെടുത്തുകില്ല. പരസ്പര സഹായങ്ങളും സ്വയം വാഴ്ത്തലുകളും അപകീർത്തിപ്പെടുത്തലുകളും തമസ്ക്കരണങ്ങളുമൊന്നും രക്ഷിക്കില്ല. ജീവിത കാലത്തു കവിക്കു സ്വയം പെരുമ്പറയടിച്ചു നടക്കാം. മരിച്ചു കഴിഞ്ഞാലോ? ആരു പെരുമ്പറ മുഴക്കും? ജീവിച്ചിരിക്കുന്ന കവികൾ വായനക്കാരുടെ മനസ്സിൽ മരിക്കുമ്പോഴും, മരിച്ചു പതിറ്റാണ്ടുകൾ കഴിഞ്ഞ കവികൾ വായനക്കാരുടെ മനസ്സുകളിൽ ഉയർത്തെഴുന്നേൽക്കുന്നു. ആരുടെയും ഒരു സഹായവുമില്ലാതെ. ജീവിതകാലത്തു 'സെലിബ്രേറ്റഡ് പോയറ്റ്സ്' ആയിരുന്ന പ്രസ്ഥാന നായകർ മരിച്ച് ഒരു വർഷം ആവുമ്പോൾ അനുസ്മരിക്കാൻ ഒരു ചെറു ചടങ്ങുപോലും അവശേഷിപ്പിക്കാതെ മാഞ്ഞുപോവുന്നതും നമ്മൾ കാണുന്നു. കവിതയ്ക്ക് ഒരു അളവുകോലേയുള്ളു. അതു കാലത്തിൻ്റെതാണ്!


🟥 ഗാനവും കവിതയും തമ്മിൽ
കവിത ഒരു മഹാസാഗരമാണെങ്കിൽ അതിൽ ചെന്നു ചേരാൻ ഉഴറുന്ന ഒരു പുഴയാണു ഗാനം. പലപ്പോഴും ഗാനത്തിന് ഉദ്ദേശിച്ചിടത്തു ചെന്നു ചേരാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. പല അണക്കെട്ടുകൾ, പല വഴിതിരിച്ചുവിടലുകൾ ഒക്കെയുണ്ടാവും; പ്രത്യേകിച്ചും ചലച്ചിത്ര ഗാനമാണെങ്കിൽ. കവിത എഴുതുമ്പോൾ കവി സ്വതന്ത്രനാണ്. പാട്ടെഴുതുമ്പോൾ കഥാസന്ദർഭവും സംവിധായകൻ്റെ കാഴ്ചപ്പാടും, മുമ്പേ തന്നെ നിശ്ചയിച്ച ഈണത്തിൻ്റെ ചട്ടക്കൂടുമൊക്കെ വലിയ അസ്വാതന്ത്ര്യമുണ്ടാക്കും. എങ്കിലും ചില ഗാനങ്ങൾ പരിമിതികളെ കടന്ന്, കഥാസന്ദർഭങ്ങളെ കടന്ന്, സിനിമയെത്തന്നെ മറികടന്നു കാലത്തിനൊപ്പം ഒഴുകുന്നു.

 

അഭിനന്ദനങ്ങൾ, പ്രഭാവർമ്മാ...(വിജയ് സി.എച്ച്)അഭിനന്ദനങ്ങൾ, പ്രഭാവർമ്മാ...(വിജയ് സി.എച്ച്)അഭിനന്ദനങ്ങൾ, പ്രഭാവർമ്മാ...(വിജയ് സി.എച്ച്)അഭിനന്ദനങ്ങൾ, പ്രഭാവർമ്മാ...(വിജയ് സി.എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക