Image

ബാൾട്ടിമോർ തുറമുഖത്തേക്കു താത്കാലികമായി  ബദൽ കപ്പൽ പാത നിർമിക്കാൻ ശ്രമം (പിപിഎം) 

Published on 02 April, 2024
ബാൾട്ടിമോർ തുറമുഖത്തേക്കു താത്കാലികമായി  ബദൽ കപ്പൽ പാത നിർമിക്കാൻ ശ്രമം (പിപിഎം) 

കപ്പൽ ഇടിച്ചു തകർന്ന ബാൾട്ടിമോർ പാലത്തിന്റെ നഷ്ടാവശിഷ്ടങ്ങൾ കുറെ നീക്കം ചെയ്‌തു താത്കാലികമായി ബദൽ കപ്പൽ പാത തുറക്കാനുള്ള തിരക്കിട്ട ശ്രമമാണ് അധികൃതർ നടത്തുന്നതെന്നു യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാന പാത തുറക്കാൻ കാലതാമസം വരും എന്നതു കൊണ്ടാണ് താത്കാലിക പാതയ്ക്കു ശ്രമം നടത്തുന്നത്. 

ബാൾട്ടിമോർ തുറമുഖത്തേക്കു വഴി തുറക്കാനുള്ള ശ്രമത്തിൽ ഇത് ആദ്യത്തെ സുപ്രധാന ചുവടു വയ്പാകുമെന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കോസ്റ്റ് ഗാർഡ് ക്യാപ്റ്റൻ ഡേവിഡ് ഓ' കോണേൽ പറഞ്ഞു. "ഈ ബദൽ പാത തുറന്നാൽ ബാൾട്ടിമോർ തുറമുഖത്തേക്കു കപ്പൽ ഗതാഗതം വീണ്ടും ആരംഭിക്കാൻ കഴിയും." 

എന്നാൽ എപ്പോഴാണ് പാത തുറക്കാൻ കഴിയുക എന്നു അദ്ദേഹം പറഞ്ഞില്ല. ഈ നീക്കം ബാൾട്ടിമോർ തുറമുഖത്തേക്കുളള മാർഗം വീണ്ടും തുറക്കാൻ പല ഘട്ടങ്ങളായി നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ്. 

ഞായറാഴ്ച്ച പാലത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് 200 ടൺ നീക്കം ചെയ്തു. മൊത്തം 4,000 ടൺ നീക്കാനുണ്ട്. പടുകൂറ്റൻ ഭാഗങ്ങൾ അതിൽ ഉൾപെടുന്നുവെന്നു മെരിലാൻഡ് ഗവർണർ വെസ് മൂർ പറഞ്ഞു. ഐഫിൽ ടവറിന്റെ വലുപ്പമുള്ള കപ്പൽ റോക്കറ്റ് വിക്ഷേപണ വേഗതയിലാണ് ഇടിച്ചത്.

ദിവസേന $200 മില്യൺ ചരക്കു കടന്നു പോകുന്ന കപ്പൽ പാത ഒരു മാസത്തേക്കെങ്കിലും അടഞ്ഞു കിടക്കുമെന്നാണ് കരുതപ്പെടുന്നത്. പാലം തകർന്നപ്പോൾ വെള്ളത്തിൽ വീണവർക്കായുള്ള തിരച്ചിൽ തുടരുന്നുണ്ട്. ആറു ജഡങ്ങൾ കണ്ടുകിട്ടി. കഠിന തണുപ്പുള്ള വെള്ളത്തിൽ ഇനിയും ആരെങ്കിലും ജീവനോടെ ഉണ്ടാവുമെന്ന പ്രതീക്ഷയില്ല. 

പാലത്തിന്റെ വടക്കു ഭാഗം വെള്ളത്തിൽ നിന്നു നീക്കം ചെയ്തതായി കോസ്റ്റ് ഗാർഡ് വക്താവ് കിംബെർലി റീവ്സ് പറഞ്ഞു.  വെള്ളത്തിനടിയിൽ പാലത്തിന്റെ ഭാഗങ്ങൾ വീണുകിടപ്പുണ്ട്. അതു കൊണ്ടു തിരച്ചിൽ സങ്കീർണമാണ്. 

Bid to create alternate channel for Baltimore 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക