Image

പ്രമുഖ ഇറാൻ ജനറലും നിരവധി ഓഫീസർമാരും കൊല്ലപ്പെട്ടു (പിപിഎം) 

Published on 02 April, 2024
പ്രമുഖ ഇറാൻ ജനറലും നിരവധി ഓഫീസർമാരും കൊല്ലപ്പെട്ടു (പിപിഎം) 

സിറിയൻ തലസ്ഥാനത്തു ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇറാന്റെ എംബസിയോടു ചേർന്നു ഇറാൻ സൈന്യം ഉപയോഗിച്ചിരുന്ന കോൺസലേറ്റ് കെട്ടിടം തവിടുപൊടിയായി. ബ്രിഗേഡിയർ ജനറൽ മുഹമ്മദ് റെസ സഹീദി എന്ന പ്രമുഖ ഇറാൻ സൈനിക നേതാവ് കൊല്ലപ്പെട്ടതായി ടെഹ്‌റാൻ അറിയിച്ചു. ഇറാന്റെ പ്രമുഖ സേനയായ വിപ്ലവ ഗാർഡുകളുടെ (ഐ ആർ ജി സി) ഉയർന്ന നേതാവാണു റെസ സഹീദി. 

അദ്ദേഹത്തോടൊപ്പം ഏതാനും സൈനിക ഉദ്യോഗസ്ഥരും മരിച്ചതായി അറബ് മാധ്യമങ്ങൾ വെളിപ്പെടുത്തി. അതിശക്തമായ തിരിച്ചടി ഉണ്ടാവുമെന്ന് ഇസ്രയേലിനു ഇറാൻ വിദേശകാര്യ മന്ത്രി ഹൊസെയിൻ അമീറാബ്‌ദുല്ലഹെയ്ൻ താക്കീതു നൽകി. ഐ ആർ ജി സി ഉപയോഗിച്ചിരുന്ന കെട്ടിടമാണ് ഇസ്രയേൽ ആക്രമിച്ചത്. ദമാസ്‌ക്കസിനു പടിഞ്ഞാറു മാസേ ഹൈവെയിലാണ് കെട്ടിടം.  

ഹിസ്‌ബൊള്ളയുമായി ആശയവിനിമയം നടത്തിയിരുന്നത്  റെസ സഹീദി ആയിരുന്നുവെന്നു ഇസ്രയേലി വൃത്തങ്ങൾ പറയുന്നു. ഇറാൻ വ്യോമസേനയെ നയിച്ചിരുന്ന അദ്ദേഹം ലെബനനിലേക്കു ആയുധങ്ങൾ എത്തിച്ചു ഹിസ്‌ബൊള്ളയ്ക്കു വിതരണം ചെയ്തിരുന്നു.   

തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ആയിരുന്നു ആക്രമണമെന്നു സിറിയൻ പ്രതിരോധ വകുപ്പ് പറഞ്ഞു. അധിനിവേശ ഗോലാൻ കുന്നുകളിൽ നിന്നാണ് മിസൈലുകൾ വന്നത്. 

ഇസ്രയേൽ വിരട്ടിയാലൊന്നും ഇറാൻ-സിറിയ ബന്ധങ്ങൾ ഉലയുകയില്ലെന്നു സംഭവസ്ഥലം സന്ദർശിച്ച സിറിയൻ വിദേശകാര്യ മന്ത്രി ഫൈസൽ മേക്ദാദ് പറഞ്ഞു.  

ഇറാൻ അതിശക്തമായി തിരിച്ചടിക്കുമെന്നു സിറിയയിലെ ഇറാൻ അംബാസഡർ ഹൊസെയിൻ അക്ബരി പറഞ്ഞു. തന്റെ അഞ്ചു സഹപ്രവർത്തകർ മരിച്ചതായി അദ്ദേഹം അറിയിച്ചു. 

"ഇസ്രയേൽ വ്യക്തമായും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചു. അവർ ഇതിന്റെ പ്രത്യാഘാതം അനുഭവിക്കും. അതേ ശക്തിയിൽ ഞങ്ങൾ തിരിച്ചടിക്കും." 

ഈ ആക്രമണത്തോടെ മിഡിൽ ഈസ്റ്റ് വീണ്ടും ആളിക്കത്തുമെന്ന ഭീതി ഉയർന്നിട്ടുണ്ട്. 

Israeli attack kills top Iran General  

പ്രമുഖ ഇറാൻ ജനറലും നിരവധി ഓഫീസർമാരും കൊല്ലപ്പെട്ടു (പിപിഎം) 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക