വീണ്ടും ഒരു നോമ്പു കാലം ആഗതമാകുമ്പോൾ മനസ്സിലേക്ക് കടന്നു വരുന്ന ഓർമ്മകളിൽ ഇടയത്താഴത്തിന്റെ ഓർമ്മകളുമുണ്ട് .മറ്റൊരു മാസത്തിലുമില്ലാത്ത പ്രത്യേകമായ അത്താഴമായതു കൊണ്ടു തന്നെ അതിന് റമദാൻ മാസത്തിന്റെ ഗൃഹാതുര സ്മരണകളിൽ സവിശേഷമായ സ്ഥാനമുണ്ട്.
തറാവീഹ് നമസ്ക്കാരവും കഴിഞ്ഞ് പള്ളിയിൽ നിന്ന് എത്തി നോമ്പു കഞ്ഞിയും കഴിച്ച് ഉറക്കത്തിലേക്ക് കടക്കുമ്പോഴാവും മൊബൈലിൽ അലാറം അടിക്കുന്നത്..പിന്നെ എഴുന്നേറ്റ് വരിക അലപം ശ്രമകരമായ കാര്യമാണ്.എങ്കിലും ഒരു വിധത്തിൽ എഴുന്നേറ്റ് വന്ന് കഴിച്ചു കഴിച്ചില്ലെന്ന പരുവത്തിൽ സുബഹി നമസ്ക്കാരവും കഴിഞ്ഞ് വീണ്ടും അൽപം ഉറക്കത്തിലേക്ക്..
ജോലിയുള്ള സമയത്ത് പിന്നെ അധിക നേരം ഉറങ്ങാൻ കഴിയില്ല. പ്രത്യേകിച്ച് വർക്കലയിലും കൊല്ലത്തും ജോലിയുണ്ടായിരുന്ന സമയത്ത് ഇടയത്താഴം കഴിഞ്ഞ് നേരെ റെയിൽവേ സ്റ്റേഷനിലേക്ക് അല്ലെങ്കിൽ ബസ് സ്റ്റാന്റിലേക്ക് പോകുകയേ വഴിയുള്ളൂ..തിരികെ വരുമ്പോൾ നോമ്പു തുറയും ട്രെയിനിലോ ബസ്സിലോ തന്നെ.
പഴയ കാലത്തെ ഇടയത്താഴത്തിന്റെ കാര്യവും മറക്കാൻ കഴിയില്ല.അന്ന് ഇന്നത്തെപ്പോലെ അലാറം വെച്ച് കൃത്യമായി എഴുന്നേൽക്കാനുള്ള സംവിധാനങ്ങളുണ്ടായിരുന്നില്ല. ബാങ്ക് വിളിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് പള്ളിയിൽ നിന്നുള്ള ഖുർആൻ പാരായണം കേട്ടാണ് പലരും എഴുന്നേൽക്കുന്നത്.അത് കേൾക്കാതെ ഉറങ്ങി പോയി വെറും വയറ്റിൽ നോമ്പ് പിടിച്ച അനുഭവങ്ങളുമുണ്ട്.
ആദ്യം ബാപ്പയാണ് എഴുന്നേൽക്കുന്നത്.ഒരറ്റം മുതൽ ഓരോരുത്തരെ വിളിച്ചെഴുന്നേൽപ്പിക്കും.അവസാനത്തെ ആളെ വിളിച്ചെഴുന്നേൽപ്പിക്കുമ്പോഴേക്കും ആദ്യത്തെ ആൾ വീണ്ടും ഉറക്കത്തിലേക്ക് പോയിട്ടുണ്ടാവും.പിന്നെ ബാപ്പയുടെ വിളിയായിരിക്കില്ല,കയ്യിലുള്ള ചെറിയ ചൂരലാവും വിളിക്കുക.ബാപ്പമാരെയും കുട്ടികളെയും കുറ്റം പറയാൻ പറ്റില്ല,ഞങ്ങൾ തന്നെ ഒൻപത് മക്കളായിരുന്നു.അന്ന് ഓരോ കുടുംബങ്ങളിലും പന്ത്രണ്ടും പതിനഞ്ചുമൊക്കെ മക്കൾ അപൂർവ്വമായിരുന്നില്ല.
ചോറ് കഴിച്ച് കഴിഞ്ഞുള്ള ആദ്യത്തെ ട്രിപ്പ് കഴിയുമ്പോൾ പിന്നെ അവിൽ,പഴം,ചായ എന്നിവയുടെ അടുത്ത ട്രിപ്പ്.അപ്പോൾ ആദ്യം എഴുന്നേറ്റ കഴിച്ച കുട്ടികൾ പലരും കൂർക്കം വലി തുടങ്ങിയിട്ടുണ്ടാവും.പിന്നെ അവരെ ഉണർത്താനുള്ള ശ്രമമാണ്.അന്ന് ഇടയത്താഴത്തിന് ഇവരൊയൊക്കെ വിളിച്ചെഴുന്നേൽപ്പിച്ച് ഇടയത്താഴവും നൽകി കൃത്യമായി നോമ്പ് പിടിപ്പിച്ചിരുന്ന ബാപ്പമാരുടെയും ഉമ്മമാരുടെയും ബദ്ധപ്പാടിന്റെ കഥ ഇന്ന് മൊബൈലിൽ അലാറവും വെച്ച് എഴുന്നേറ്റ് ഇടയത്താഴവും കഴിച്ച് നോമ്പ് പിടിക്കുന്ന ന്യൂക്ളിയർ തലമുറ ഉൾക്കൊള്ളണമെന്നില്ല.
പിന്നെ വീട്ടിൽ നിന്ന് മാറിയപ്പോഴും നമ്മുടെ മക്കളെ അത്താഴത്തിന് വിളിക്കുമ്പോൾ പണ്ട് ഉമ്മയും ബാപ്പയും അനുഭവിച്ച ബദ്ധപ്പാടുകൾ ഓർക്കും.രണ്ട് വർഷം മുമ്പ് വരെ ഉമ്മയുണ്ടായിരുന്നപ്പോൾ വിളിച്ച് ഉമ്മയുടെയും വീട്ടിലെയും വിശേഷങ്ങൾ ചോദിക്കുമായിരുന്നു. അപ്പോഴും ഉമ്മ ചോദിക്കും ‘’വിളിച്ചിട്ട് കുറെ ദിവസമായാല്ലോ , ഇന്ന് നോമ്പു തുറക്കാൻ എന്തുണ്ട്?’’ അതെ,അത് ഒരു ഉമ്മയുടെ കരുതലും സ്നേഹവുമാണ്,ദൂരത്തെവിടെയായാലും മക്കൾ സുരക്ഷിതരായിരിക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളുടെ സ്നേഹം.ഒരിക്കൽ താൻ വിളിച്ചുണർത്തി ഇടയത്താഴം നൽകുകയും നോമ്പ് പിടിക്കാൻ പരിശീലിപ്പിക്കുകയുമൊക്കെ ചെയ്ത മക്കളുടെ ഇപ്പോഴത്തെ നോമ്പ് വിശേഷങ്ങൾ അറിയാനുള്ള ആഗ്രഹം.
സൗദി അറേബ്യയിൽ പ്രവാസിയായി കഴിഞ്ഞപ്പോഴുള്ള ഇടയത്താഴത്തിന് അങ്ങനെ പ്രത്യേകിച്ച് പലഹാരങ്ങളൊന്നുമുണ്ടായിരുന്നില്ല.അറബികളുടെ ദേശീയ ഭക്ഷണമായ കുബ്ബൂസ് തന്നെ മിക്കവാറും. വലിയ കടകളോ ആൾക്കാരോ ഇല്ലാത്ത ആദിവാസ മേഖലയിലായതു കൊണ്ടാകാം ഞങ്ങളുടെ ഇടയത്താഴവും അഞ്ചു വർഷത്തെ ഗൾഫ് ജീവിതത്തിനിടയിൽ തികച്ചും ആർഭാട രഹിതമായിരുന്നു..ഇങ്ങനെ നാട്ടിലും വിദേശത്തും പഴമയിലും പുതുമയിലുമായി നിറഞ്ഞു നിൽക്കുന്നു ഇടയത്താഴ സ്മരണകൾ..