ആ പ്രണയനദി
നീന്തിക്കയറിയതെങ്ങെനെയെന്ന്
എനിക്കിന്നുമറിയില്ല.
ശാസനകളോർത്ത്
ഭയപ്പെടുത്തലുകളോർത്ത്
തീരത്തിരിക്കാറേയുള്ളൂ
പിന്നെയെങ്ങനെ
നദിയിലകപ്പെട്ടെന്ന്
ചോദിച്ചാൽ
മനോഹരവും
ശാന്തവുമായി നദിക്ക്
ഇത്രയും ആഴമുണ്ടെന്നാരറിഞ്ഞു.
വല്ലാതെ പൊള്ളിപ്പഴുത്തൊരു
പകലിൽ
ഇത്തിരി തണുപ്പിനുവേണ്ടി
തീരത്തിനരികിലെ
ആഴം കുറഞ്ഞയൊരിടത്ത്
വെള്ളാരം കല്ലുകളും
ചെറുമീനുകളും
കാണാനാവുന്നത്രയും
സുതാര്യമായൊരിടത്ത്
ഒഴുക്കൊട്ടുമില്ലാത്തിടത്തിറങ്ങി
പതുക്കെപതുക്കെ
ആഴങ്ങളിലേക്ക്
അതെങ്ങനെയെന്ന്
പൊള്ളലും പുകച്ചിലുമകന്ന്
ഉള്ളിലാഴ്ന്നൊരു'
സുഖദമായ കുളിരിൽ
തീരം മറന്ന്
താഴ്ച്ചയോർക്കാതെ
കാല് നിലം തൊടാതായി
നിലയില്ലാ കയത്തിലേക്കെന്നറിഞ്ഞു
എന്നിട്ടും
വീണ്ടുമാ പൊള്ളലും പുകച്ചലും
വേണ്ട
മരണമതിലും ഭേദമെന്നോർത്ത്
വീണ്ടുമാഴങ്ങളിലേക്ക്
ശ്വാസംമുട്ടി പിടഞ്ഞു
ജലപരപ്പിലേക്കാഞ്ഞു പൊന്തി
കൈയ്യും കാലും കുഴഞ്ഞ്
വീണ്ടും താഴ്ന്ന്
പുതിയൊരു
തീരത്തടിഞ്ഞെങ്കിലെന്നാശിച്ച്
കൈകാലിട്ടടിച്ച്
എങ്ങനെ
ഞാനാ പ്രണയ നദി
നീന്തിക്കടന്നെന്നെനിക്കറിയില്ല
എളുപ്പമല്ല ഒട്ടും.
എങ്കിലുമാ
ശീത ജലത്തിൽ കുളിർമ്മ
അതെന്നിലിപ്പോഴും
എന്നെത്തണുപ്പിച്ചൊരോർമ്മയായി
ഇപ്പോഴും....