Image

വെളിച്ചം ; സൗഹൃദം ( റൂബിയുടെ ലോകം : റൂബി എലിസ )

Published on 02 April, 2024
വെളിച്ചം ; സൗഹൃദം ( റൂബിയുടെ ലോകം : റൂബി എലിസ )

ഒരു ഞണ്ട് കടൽത്തീരത്തുകൂടെ ഓടിക്കളിക്കുകയായിരുന്നു. സ്വന്തം കാൽപ്പാദങ്ങൾ മണലിൽ പതിയുന്നത് കണ്ട് രസംപിടിച്ചു കളിച്ചുകൊണ്ടിരുന്നപ്പോൾ വലിയൊരു തിര വന്ന് അവയൊക്കെ മായ്ച്ചു കളഞ്ഞു. ഞണ്ട് വിഷമത്തോടെ തിരയോട് ചോദിച്ചു:

"ഞാൻ നിന്നെ എന്റെ ആത്മ സുഹൃത്തായിട്ടാണല്ലോ കണ്ടിരുന്നത്? പിന്നെ എന്തിനാണ് നീ എന്റെ കളിയുടെ രസം കളഞ്ഞത്?"

തിരമാല പറഞ്ഞു:

"ഒരാൾ ചൂണ്ടയുമായി നിന്റെ കാൽപ്പാടുകൾ നോക്കി നിന്നെ തേടി വരുന്നത്  ഞാൻ കണ്ടു. അതുകൊണ്ടാണ് ഞാൻ നിന്റെ കാൽപ്പാടുകളൊക്കെയും തുടച്ചു കളഞ്ഞത്"

ഇടപെടലുകളാണ് ബന്ധങ്ങളെ നിലനിർത്തുന്നത്. ദു:ഖങ്ങളോ ആപത്തുകളോ വരുമ്പോൾ ആരാണ് നമ്മുടെ കൂടെ ഉണ്ടാവുക എന്നതിലൂടെയാണ് ശരിയായ ബന്ധങ്ങളെ നാം തിരിച്ചറിയുന്നത്. ആഘോഷങ്ങളുടെ കാലത്തുണ്ടാകുന്ന ആൾക്കൂട്ടം ആപത്ത് കാലത്ത് നമ്മോടൊപ്പം ഉണ്ടായെന്ന് വരില്ല. എന്നും കൂടെ ഉണ്ടായിരുന്നവർ പെട്ടെന്ന് അപ്രത്യക്ഷരാകുമ്പോൾ നമ്മുടെ ആത്മവിശ്വാസം തന്നെ ഇല്ലാതായേക്കാം.

നിഴലാകുന്ന ചങ്ങാത്തങ്ങളെക്കാൾ നമുക്ക് വേണ്ടത് വെളിച്ചമാകുന്ന സൗഹൃദങ്ങളാണ്. വെളിച്ചം പ്രകാശം തൂകിക്കൊണ്ട് നമ്മുടെ മുന്നിലും പിന്നിലും ചുറ്റിലും എല്ലാം നമ്മോടൊപ്പമുണ്ടാകും.നിഴൽ ഏതെങ്കിലും ഒരു വശത്തുമാത്രമേ ഉണ്ടാവുകയുള്ളൂ. വെളിച്ചമാകുന്ന ചങ്ങാത്തങ്ങൾക്കും ചങ്ങാത്തങ്ങൾക്ക് വെളിച്ചമാകാനും ശ്രമിക്കുന്നത് എന്തുകൊണ്ടും നന്നായിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക