മലപ്പുറം: കുറ്റിപ്പുറത്ത് കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ രണ്ട് പേര്‍ക്ക് കൊടുവാളിന് വെട്ടേറ്റു.
ഇന്ന് രാവിലെയാണ് സംഭവം. ഊരോത്ത് പള്ളിയാലില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സഹോദരങ്ങളായ അറുമുഖന്‍ (29), മണി (35) എന്നിവര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പൈപ്പില്‍ നിന്ന് വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ സ്ത്രീകള്‍ തമ്മിലാണ് തര്‍ക്കം തുടങ്ങിയത്. തര്‍ക്കം പിന്നീട് പുരുഷന്മാര്‍ തമ്മിലുള്ള കൈയ്യാങ്കളിയിലേക്ക് മാറി. മണിക്ക് കൊടുവാള്‍ കൊണ്ടുള്ള വെട്ടേറ്റ് നെഞ്ചിലും ഇടത് തോളിലും പരിക്കുണ്ട്. തലയില്‍ മടല് കൊണ്ട് അടിയേറ്റ പരിക്കുമുണ്ട്. പ്രദേശത്തുള്ള മൂന്ന് പേര്‍ ചേര്‍ന്നാണ് ആക്രമിച്ചതെന്ന് സഹോദരങ്ങള്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു