Image

ആപ്പിലായ ആന്റപ്പന്‍  (രചയിതാവ്: സുനില്‍ വല്ലാത്തറ ഫ്‌ലോറിഡാ )

സുനില്‍ വല്ലാത്തറ, ഫ്‌ലോറിഡാ Published on 02 April, 2024
 ആപ്പിലായ ആന്റപ്പന്‍  (രചയിതാവ്: സുനില്‍ വല്ലാത്തറ ഫ്‌ലോറിഡാ )

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേരളത്തില്‍ നിന്നുള്ള നേതാക്കളില്‍ കേരളത്തിലും ദേശീയ തലത്തിലും ഉന്നത പാര്‍ട്ടി പദവികളും അധികാര സ്ഥാനങ്ങളും വഹിച്ച രണ്ടു പേര്‍ കെ കരുണാകരനും എ കെ ആന്റണിയും ആണെങ്കിലും കരുണാകരനെക്കാള്‍ ഒരു പടി കൂടുതല്‍ അധികാരസ്ഥാനങ്ങള്‍ തേടി എത്തിയത് ആന്റണിയെ ആണ്. 

 ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല സ്വദേശി ആയ ആന്റണി ഒരണ സമരത്തിലൂടെ ആണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. 

അറുപതുകളില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ യുവ പോരാളി ആയിരുന്ന ആന്റണി കെ സ് യു വിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന പ്രസിഡന്റ് ആയ ശേഷം വളരെ ചെറുപ്പത്തില്‍ തന്നെ കെ പി സി സി പ്രസിഡന്റ് ആയി. 

 കേരളത്തിലെ കോണ്‍ഗ്രസില്‍ അന്ന് അജയ്യന്‍ ആയിരുന്ന കരുണാകരനെതിരെ സമകാലീനരായിരുന്ന ഉമ്മന്‍ചാണ്ടിയെയും വയലാര്‍ രവിയെയും വി എം സുധീരനെയും കൂട്ട് പിടിച്ചാണ് ആന്റണി പട നയിച്ചത്.

നിരവധി തവണ എം ല്‍ എ യും രാജ്യസഭ മെമ്പറും ആയിട്ടുള്ള ആന്റണി 77ല്‍ രാജന്‍ കേസില്‍ പെട്ടു കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നപ്പോള്‍ മുപ്പത്തിആറാമത്തെ വയസ്സില്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി ആയി. 

ഏറെ കഴിയാതെ ഇന്ദിരാഗാന്ധിയുമായി തെറ്റി കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെ അടര്‍ത്തി എടുത്ത ആന്റണി ഇടതു പക്ഷത്തോടൊപ്പം ചേര്‍ന്ന് ഇടതുപക്ഷ ഗവണ്മെന്റിന് പിന്തുണ നല്‍കി.

82ല്‍ എറണാകുളം മറൈന്‍ഡ്രൈവില്‍ ജനലക്ഷങ്ങള്‍ പങ്കെടുത്ത എ ഐ ഗ്രൂപ്പ് ലയന സമ്മേളനത്തോടെ മാതൃ സംഘടനയില്‍ തിരികെ എത്തി ആന്റണിയും കൂട്ടരും. 

ഇന്ദിരയുടെയും രാജീവ്ഗാന്ധിയുടെയും കാലത്തു വളരെ കരുത്തന്‍ ആയിരുന്ന കരുണാകരന്‍ മുഖ്യമന്ത്രി ആകുമ്പോള്‍ എ ഐ സി സി ജനറല്‍സെക്രട്ടറിയോ കെ പി സി സി പ്രസിടെന്റോ ആവുക ആന്റണി ആയിരുന്നു. 

അധികാര സ്ഥാനങ്ങള്‍ രാജി വയ്ക്കുവാന്‍ പിശുക്കു കാട്ടാതിരുന്ന ആന്റണി ചില നിലപാടുകളുടെ പേരില്‍ രണ്ടു വട്ടം മുഖ്യമന്ത്രി സ്ഥാനവും കേന്ദ്രമന്ത്രി സ്ഥാനവും രാജീവച്ചിട്ടുണ്ട്. 

92ലെ കെ പി സി സി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അടുത്ത സുഹൃത്തും ഉറ്റ അനുയായിയുമായിരുന്ന വയലാര്‍ രവി കരുണാകര പക്ഷത്തേയ്ക്കു കൂടുമാറി തനിക്ക് എതിരെ മത്സരിച്ചപ്പോള്‍ അദ്ദേഹത്തോട് പരാജയപ്പെട്ട ചരിത്രവും ആന്റണിയ്ക്കുണ്ട്.  

95ല്‍ ചാരകേസില്‍ പെട്ടു കരുണാകരന്‍ രണ്ടാം പ്രാവശ്യവും മുഖ്യമന്ത്രി സ്ഥാനം രാജിവച്ചപ്പോള്‍ അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ്‌റും പ്രധാനമന്ത്രിയുമായിരുന്ന പി വി നരസിംഹറാവു സ്വര്‍ണതളികയില്‍ വച്ചു നീട്ടിയ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുവാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകാതിരുന്നപ്പോള്‍ വീണ്ടും നറുക്കു വീണത് ഭാഗ്യശാലി ആയ ആന്റണിക്കായിരുന്നു. 

ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തു പറന്നിറങ്ങിയ ആന്റണി രണ്ടാമതും കേരളത്തിന്റെ മുഖ്യമന്ത്രി ആയി. 

തുടര്‍ന്ന് ലീഗിന്റെ സീറ്റായ തിരൂരങ്ങാടിയില്‍ നിന്നും ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചു എം ല്‍ എ ആയ ആന്റണി 96ലെ പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് ചാരായ നിരോധനം നടപ്പിലാക്കിയത് തുടര്‍ഭരണം നഷ്ടമാക്കി. 

96 മുതല്‍ 2001വരെ ഇ കെ നായനാര്‍ മുഖ്യമന്ത്രി ആയപ്പോള്‍ പ്രതിപക്ഷ നേതാവ് ആന്റണി ആയിരുന്നു. 

2001ല്‍ നൂറു സീറ്റോടെ വന്‍ ഭൂരിപക്ഷത്തില്‍ യൂ ഡി എഫ് അധികാരത്തില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രി ആയ ആന്റണിയെ കാത്തിരുന്നത് പരീക്ഷണ കാലഘട്ടം ആയിരുന്നു.  

ഗ്രൂപ്പ് വൈര്യം ആളിക്കത്തിയ ആ സമയത്തു 26 ഐ ഗ്രൂപ്പ് എം ല്‍ എ മാരുടെ പിന്തുണ ഉണ്ടായിരുന്ന കരുണാകരന്‍ രാജ്യസഭ തെരഞ്ഞെടുപ്പില്‍ തന്റെ അടുത്ത അനുയായിയും കാസര്‍ഗോഡുകാരനുമായ കോടൊത്തു ഗോവിന്ദന്‍ നായരെ വിമത സ്ഥാനാര്‍ഥി ആക്കി മത്സരിപ്പിച്ചത് അതിജീവിക്കാന്‍ ആയെങ്കിലും ജോര്‍ജ് ഈഡന്‍ അന്തരിച്ച ഒഴിവില്‍ എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥി എം ഓ ജോണ്‍ പരാജയപ്പെട്ടത് ആന്റണിയ്ക്കു തിരിച്ചടി ആയി. 

തുടര്‍ന്ന് മുത്തങ്ങ വെടിവയ്പ്പും 2004ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യൂ ഡി എഫ് ന്റെ പത്തൊന്‍പതു സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടതും ആന്റണിയെ പ്രതിരോധത്തില്‍ ആക്കി. 

വിവാദം ആയ ന്യൂനപക്ഷ പരാമര്‍ശം നടത്തി മുസ്ലീംലീഗിന് വെറുപ്പിച്ചതോടെ രാജി അനിവാര്യം ആയി തീര്‍ന്നു ആന്റണിയ്ക്കു. 

തുടര്‍ന്ന് കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയില്‍ അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്ന സോണിയഗാന്ധിയെ രാജി തീരുമാനം അറിയിച്ച ആന്റണി വീണ്ടും കാലാവധി തികയ്ക്കാതെ പടി ഇറങ്ങി.

പക്ഷേ സോണിയയുടെ വിശ്വസ്തന്‍ ആയിരുന്ന ആന്റണി രണ്ടു യൂ പി എ സര്‍ക്കാരുകളില്‍ ആയി എട്ടു വര്‍ഷം ഇന്ത്യയുടെ പ്രതിരോധമന്ത്രി ആയി. 

2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രി ആയതോടെ അധികാര സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട ആന്റണിയ്ക്കു രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അമരത്തു എത്തിയതോടെ പാര്‍ട്ടിയിലെ പിടി അയഞ്ഞു. 

കുറച്ചു കാലങ്ങള്‍ മുന്‍പ് വരെ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്ന മകന്‍ അനില്‍ ആന്റണി നരേന്ദ്രമോദിയെ പുകഴ്ത്തി പാര്‍ട്ടി വിട്ട് ബി ജെ പി യില്‍ ചേക്കേറിയത് ആന്റണിയ്ക്കു കടുത്ത പ്രഹരം ആയി. 

തുടര്‍ന്ന് ഭാര്യ എലിസബത്തു ആലപ്പുഴ ജില്ലയില്‍ ഉള്ള കൃപാസനം ധ്യാനകേന്ദ്രത്തില്‍ മകന്‍ അനില്‍ ആന്റണി ബി ജെ പി യില്‍ പോയതിന് ന്യായീകരിച്ചു സാക്ഷ്യം പറഞ്ഞത് ആന്റണിയ്ക്കു ഇരുട്ടടി ആയി. 
ഏറെക്കാലം ആയി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗമായിരിക്കുന്ന ആന്റണി ഡല്‍ഹി ജീവിതം അവസാനിപ്പിച്ചു തിരുവനന്തപുരത്ത് വിശ്രമജീവിതം നയിക്കുമ്പോള്‍ ആണ് കൂനിന്‍മേല്‍ കുരു എന്നു പറഞ്ഞപോലെ അനില്‍ ആന്റണിയെ ബി ജെ പി പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥി ആക്കിയത്.

ചെകുത്താനും കടലിനും ഇടയില്‍ പെട്ടുപോയ ആന്റണി സ്വന്തം ഗ്രൂപ്പ്കാരനും പത്തനംതിട്ടയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ആന്റോ ആന്റണിയ്ക്കു വേണ്ടി പ്രചരണത്തിന് ഇറങ്ങിയാല്‍ കുടുംബ വഴക്ക് ഉണ്ടാകുമെന്നു ഉറപ്പാണ്. പ്രചരണത്തിന് ഇറങ്ങിയില്ലെങ്കില്‍ പാര്‍ട്ടിയെയും അണികളെയും ബോധ്യപ്പെടുത്തുക ദുഷ്‌കരമാണ്. 

അങ്ങനെ ആപ്പിലായ ആന്റപ്പന്‍ മനസ്സില്‍ പറയുന്നുണ്ടാകും മാതൃഭൂമിയുടെ സര്‍വേയില്‍ 31ശതമാനം വോട്ടോടെ രണ്ടാം സ്ഥാനത്തു എത്തിയിരിക്കുന്ന മകന്‍ അനില്‍ വോട്ടു ചോദിക്കുമ്പോള്‍ എങ്കിലും ഒന്നു ചിരിച്ചിരുന്നു എങ്കില്‍ എന്ന് 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക