Image

വേൾഡ് കിച്ചൻ വോളന്റിയർമാർ കൊല്ലപ്പെട്ടതിനു  നെതന്യാഹു മാപ്പു ചോദിച്ചു; യുദ്ധത്തിൽ അതൊക്കെ  സംഭവിക്കാമെന്നു വിശദീകരണം (പിപിഎം)

Published on 02 April, 2024
വേൾഡ് കിച്ചൻ വോളന്റിയർമാർ കൊല്ലപ്പെട്ടതിനു   നെതന്യാഹു മാപ്പു ചോദിച്ചു; യുദ്ധത്തിൽ അതൊക്കെ   സംഭവിക്കാമെന്നു വിശദീകരണം (പിപിഎം)

ഗാസയിൽ പട്ടിണി കിടക്കുന്ന ലക്ഷങ്ങൾക്കു ഭക്ഷണം എത്തിക്കുന്ന യുഎസ് ചാരിറ്റി സംഘടന വേൾഡ് സെൻട്രൽ കിച്ചന്റെ ആറു പ്രവർത്തകർ ഇസ്രയേലി സേനയുടെ ആക്രമണത്തിൽ മരിച്ചതിനു ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മാപ്പു ചോദിച്ചു. എന്നാൽ യുദ്ധങ്ങളിൽ ഇതൊക്കെ സംഭവിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ മരിച്ചവരിൽ ഒരാൾ യുഎസ്-കനേഡിയൻ പൗരനാണ്. മറ്റുള്ളവർ ബ്രിട്ടീഷ്, പോളിഷ്, ഓസ്‌ട്രേലിയൻ പൗരന്മാരും. പാശ്ചാത്യ സഖ്യ രാഷ്ട്രങ്ങളെല്ലാം ഇസ്രയേലിനു അകമഴിഞ്ഞ പിന്തുണ നൽകുന്നുണ്ട്. 

ആക്രമണം കരുതിക്കൂട്ടി ആയിരുന്നില്ലെന്നു നെതന്യാഹു പറയുന്നു.  എക്‌സിൽ കയറ്റിയ ഹീബ്രൂ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു: "നിർഭാഗ്യമെന്നു പറയട്ടെ കഴിഞ്ഞ ദിവസം ഞങ്ങളുടെ സൈന്യം മനഃപൂർവമല്ലാത്ത നിരപരാധികളെ ആക്രമിച്ചു." ഗാസയിൽ  നിരപരാധികളായ  33,000 പലസ്തീൻകാർ ഇസ്രയേലി ആക്രമണങ്ങളിൽ മരിച്ചെന്ന കണക്കു ലോകത്തിന്റെ മുന്നിലുണ്ട്. 

"അതൊക്കെ യുദ്ധത്തിൽ സംഭവിക്കുന്നതാണ്," നെതന്യാഹു പറഞ്ഞു. "ഞങ്ങൾ ഗവൺമെന്റുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്, ഇതൊന്നും ആവർത്തിക്കില്ലെന്നു ഉറപ്പു വരുത്താൻ വേണ്ടത് ചെയ്യുന്നുണ്ട്." 

ആക്രമണത്തിൽ ആറു പ്രവർത്തകർ മരിച്ചതോടെ വേൾഡ് കിച്ചൻ മിഡിൽ ഈസ്റ്റിലെ സേവനം അവസാനിച്ചു. കൊടും പട്ടിണിയിലായ ഗാസയിലേക്കു ചൊവാഴ്ച സൈപ്രസിൽ നിന്നു കൊണ്ടുവന്ന 400 ടൺ ഭക്ഷണം തിരിച്ചയച്ചു. 

വടക്കൻ ഗാസയിൽ തങ്ങൾ ഭക്ഷണം വിതരണം ചെയ്യുന്ന കാര്യം ഇസ്രയേലി സേനയെ അറിയിച്ചിരുന്നുവെന്നു കിച്ചൻ പറയുന്നു. കരുതിക്കൂട്ടിയുള്ള ആക്രമണമാണിതെന്നു സി ഇ ഒ: എറിൻ ഗോർ പറഞ്ഞു. മാപ്പർഹിക്കാത്ത കുറ്റമാണിത്. 

കിച്ചന്റെ സ്ഥാപകനായ സ്പാനിഷ് സെലിബ്രിറ്റി ഷെഫ് യോസ്‌ ആന്ദ്രേ ഇസ്രയേലിനെതിരെ ആഞ്ഞടിച്ചു. ഇസ്രയേൽ വകതിരിവില്ലാത്ത കൊലകൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭക്ഷണം യുദ്ധത്തിൽ ആയുധമാക്കരുത്. 

ലാൽസൗമി സോമി ഫ്രാങ്ക്‌കോം എന്ന ഓസ്‌ട്രേലിയന്റെ മരണത്തിനു ഇസ്രയേലിനെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് വിമർശിച്ചു. 

യുഎസിനു ഹൃദയം തകർന്നു പോയെന്നു വൈറ്റ് ഹൗസ് പറഞ്ഞു. 

ബ്രിട്ടീഷ് പൗരന്റെ മരണത്തിൽ ഞെട്ടിപ്പോയെന്നു പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. പല ചോദ്യങ്ങൾക്കും ഇസ്രയേൽ ഉത്തരം നൽകേണ്ടതുണ്ട്. 

Netanyahu apologizes for death of aid workers 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക