റിയാദ്: ആടുജീവിതത്തിലെ നജീബിന്റെ 'രക്ഷകന്‍' മലബാര്‍ ഹോട്ടല്‍ ഉടമ കുഞ്ഞാക്ക അനേകര്‍ക്ക് രക്ഷകനാണ്. തിരൂര്‍ നിറമരുതൂര്‍ പത്തംപാട് അരങ്കത്തില്‍ കുഞ്ഞുമുഹമ്മദ്. റിയാദ് ബത്ഹയിലെ യമനി ഗല്ലിയില്‍ മലബാര്‍ റസ്റ്ററന്റ് നടത്തുകയായിരുന്നു അന്ന് കുഞ്ഞുമുഹമ്മദ്. കൂടെ ജീവകാരുണ്യ പ്രവര്‍ത്തനവുമുണ്ട്. ഇതിനിടെയാണ് ഒരു ദിവസം കുഞ്ഞാക്ക നജീബിനെ കണ്ടുമുട്ടുന്നത്.
മെലിഞ്ഞൊട്ടിയ ശരീരവും നീണ്ടുവളര്‍ന്ന് ജട പിടിച്ച മുടിയും താടിയും ദേഹമാകെ മുറിവുകളും മുറിപ്പാടുകളുമായി ഒരു രൂപം. മുഷിഞ്ഞ വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. ഊരും പേരുമെല്ലാം അവ്യക്തമായി പറഞ്ഞു. മലയാളിയാണെന്നു തിരിച്ചറിഞ്ഞതോടെ കഴിക്കാന്‍ ഭക്ഷണവും കിടക്കാന്‍ മുറിയും നല്‍കിയെന്ന് കുഞ്ഞുമുഹമ്മദ് പറയുന്നു. പിന്നെ കുളിപ്പിച്ച് വൃത്തിയാക്കി.
കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് ആടുമേക്കല്‍ ജോലിയിലായിരുന്നെന്നും രക്ഷപ്പെട്ട് എത്തിയതാണെന്നും മനസ്സിലായത്. പിന്നീട് 20 ദിവസത്തോളം കൂടെ താമസിപ്പിച്ചു. നാട്ടിലേക്കു തിരിച്ചുപോകാന്‍ പൊലീസില്‍ കീഴടങ്ങാന്‍ പറഞ്ഞതും ഇദ്ദേഹമാണ്. ജയിലിലേക്കു പോയ ശേഷം പിന്നീട് നജീബിനെ കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് കുഞ്ഞുമുഹമ്മദ് പറയുന്നത്. 1991-ല് ആണ് ഇദ്ദേഹം പ്രവാസിയാകുന്നത്. ചില കമ്പനികളിലെല്ലാം ജോലി ചെയ്ത ശേഷമാണ് മലബാര്‍ റസ്റ്ററന്റിന്റെ നടത്തിപ്പുകാരനാകുന്നത്.
ഈ സമയം പലരെയും സഹായിച്ചിട്ടുണ്ട്. അതിലൊരാള്‍ മാത്രമാണ് നജീബും. സിനിമ ഇറങ്ങിയശേഷം കൂടുതല്‍ പേര്‍ വിവരങ്ങള്‍ ചോദിച്ചെത്തുന്നുണ്ട്. നോമ്പുകാലം കഴിഞ്ഞ ശേഷം സിനിമ കാണുമെന്നാണ് ഇദ്ദേഹം പറയുന്നത്. നജീബിനെ നേരിട്ടു കാണാനും കുഞ്ഞുമുഹമ്മദിന് ആഗ്രഹമുണ്ട്. (കടപ്പാട്)