Image

കോണ്‍ഗ്രസിന് വേണ്ടി കുടുംബമായി പ്രചാരണത്തിനിറങ്ങുമെന്ന് മറിയാമ്മ ഉമ്മന്‍

Published on 02 April, 2024
കോണ്‍ഗ്രസിന് വേണ്ടി കുടുംബമായി പ്രചാരണത്തിനിറങ്ങുമെന്ന് മറിയാമ്മ ഉമ്മന്‍

പുതുപ്പള്ളി: ഉമ്മന്‍ ചാണ്ടി ഇല്ലാത്ത ആദ്യത്തെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി തങ്ങള്‍ കുടുംബമായി പ്രചാരണത്തിറങ്ങുമെന്ന്  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍. അനാരോഗ്യം വകവെക്കാതെ പ്രചരണത്തിനായി ഇറങ്ങുകയാണെന്നും മക്കളായ മറിയ ഉമ്മനും അച്ചു ഉമ്മനും പ്രചരണപ്രവര്‍ത്തനങ്ങളില്‍ സജീവമായും ഉണ്ടാകുമെന്നും ഉമ്മന്‍ചാണ്ടിയുടെ ഫെയ്സ്ബുക്ക് പേജില്‍ മറിയാമ്മ ഉമ്മന്‍ അറിയിച്ചു.

 ഈ തെരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്. ഇത്തവണയും വര്‍ഗ്ഗീയ ഏകാധിപത്യ ശക്തികള്‍ അധികാരത്തില്‍ വന്നാല്‍ ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് ഭയപ്പെടേണ്ട സാഹചര്യമാണ്. കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ കോര്‍പ്പറേറ്റ് ഭരണത്തിനെതിരെയും കേരളത്തിലെ ജനദ്രോഹ ഭരണത്തിനെതിരെയും ഒരുമിക്കേണ്ട കാലമാണിത്. ആ ഉത്തരവാദിത്തം എല്ലാ കുടുംബങ്ങളും പ്രത്യേകിച്ച് കോണ്‍ഗ്രസ് കുടുംബങ്ങങ്ങളും ഏറ്റെടുക്കണം. ഈ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് അഡ്വ. ചാണ്ടി ഉമ്മന്‍ എംഎല്‍എ നിലവില്‍ പ്രവര്‍ത്തന രംഗത്തുണ്ട്. വരും ദിവസങ്ങളില്‍ എത്താന്‍ കഴിയാവുന്ന എല്ലാ ഭവനങ്ങളിലും ചാണ്ടി ഉമ്മന്‍ എത്തിച്ചേരും.

ഇതൊന്നും ഉമ്മന്‍ചാണ്ടിയ്ക്ക് പകരമാവില്ല എന്നറിയാം. ഈ രാജ്യത്തെ മതേതരത്വവും ജനാധിപത്യവും നമ്മുടെ ഭരണഘടനയും സംരക്ഷിക്കുന്നതിനായി രാഹുല്‍ഗാന്ധിയോടൊപ്പവും നിങ്ങള്‍ ഓരോരുത്തരോടൊപ്പവും ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുമെന്നറിയിക്കുന്നു- മറിയാമ്മ ഉമ്മന്‍ കുറിച്ചു.

'ഉമ്മന്‍ ചാണ്ടി ഇല്ലാത്ത ആദ്യത്തെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി കുടുംബമായി പ്രചാരണത്തിനിറങ്ങും. കുട്ടികള്‍ പാര്‍ട്ടി വിട്ടു പോകുമെന്നൊക്കെ ചിലര്‍ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഞങ്ങള്‍ ഇറങ്ങുമ്പോള്‍ അവര്‍ക്കുള്ള മറുപടി ആകുമല്ലോ. കുടുംബത്തില്‍ നിന്നും ചാണ്ടി ഉമ്മന്‍ പിന്‍ഗാമി ആകട്ടെ എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം. അതനുസരിച്ച് കുടുംബത്തില്‍ നിന്നും രാഷ്ട്രീയമായി സജീവമാവുക ചാണ്ടി ഉമ്മന്‍ ആയിരിക്കുമെന്നും മറിയാമ്മ പറഞ്ഞു. പത്തനംതിട്ടയില്‍ അച്ചു ഉമ്മന്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും അവര്‍ വ്യക്തമാക്കി.

എന്നാല്‍ തങ്ങള്‍ ഒരിക്കലും ബിജെപിയില്‍ പോകില്ലെന്ന് മറിയാമ്മ ഉമ്മന്‍ നേരത്തെ മാധ്യമങ്ങളോട് ചൂണ്ടിക്കാട്ടിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക