ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ മലയാളികളായ ദമ്പതികളും സുഹൃത്തായ അധ്യാപികയും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. കോട്ടയം സ്വദേശികളായ ദേവി, ഭർത്താവ് നവീൻ, അധ്യാപികയായ ആര്യ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവിയും നവീനും കോട്ടയം സ്വദേശികളും ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്കൂൾ അധ്യാപികയുമാണ്.
മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇവർ താമസിച്ചിരുന്ന മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തി. സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്നാണ് ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നത്.
ഇതേ സമയം സംഭവം ബ്ലാക്ക് മാജിക്കിന്റെ കെണിയില്‍ വീണാണെന്ന് സംശയിക്കുന്നു . മരിച്ച ദേവിയുടെ പിതാവ് ബാലന്‍ മാധവനാണ് ഇക്കാര്യം ബന്ധുവായ സൂര്യ കൃഷ്ണമൂര്‍ത്തിയോട് പറഞ്ഞത്. മൂവരും മികച്ച വിദ്യാഭ്യാസം തേടിയവരാണെന്നും മരണാനന്തരജീവിതം നല്ലതാകുമെന്ന് കരുതിയതുകൊണ്ടാവാം ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും സൂര്യ കൃഷ്ണമൂര്‍ത്തി മാധ്യമങ്ങളോട് പറഞ്ഞു. നവീനും ഭാര്യയും ബ്ലാക്ക് മാജിക്ക് ചെയ്തിരുന്നതായി സുഹൃത്തുക്കളും പറയുന്നു.
നവീന്റെയും ദേവിയുടെതും പ്രണയവിവാഹമായിരുന്നു. മരിച്ച ആര്യയുടെ വിവാഹം അടുത്ത മാസം നടക്കേണ്ടതുമായിരുന്നു
ഇറ്റാനഗറിലെ ഹോട്ടലിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ 27ന് തിരുവനന്തപുരത്ത് നിന്ന് ആര്യയെ കാണാതായിരുന്നു. വീട്ടുകാരോട് പറയാതെയാണ് ആര്യ വീടുവിട്ടത്. ആര്യയുടെ ബന്ധുക്കൾ വട്ടിയൂർക്കാവ് പോലീസിൽ പരാതി നൽകിയിരുന്നു.
പോലീസിന്റെ അന്വേഷണത്തിൽ ആര്യ നവീനും ദേവിക്കും ഒപ്പമാണുള്ളതെന്ന് കണ്ടെത്തിയിരുന്നു. ഇവർ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഗുവാഹട്ടിയിലേക്ക് പോയതായി കണ്ടെത്തിയിരുന്നു. നവീനും ദേവിയും വിനോദ യാത്രക്ക് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. ആര്യ ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തെ സ്കൂളിലാണ് മുൻപ് ദേവിയും ജോലി ചെയ്തിരുന്നത്.
ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ആര്യ ജോലി ചെയ്യുന്ന സ്കൂളിൽ മുൻപ് ദേവി ജർമൻ പഠിപ്പിച്ചിരുന്നു. മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയതായി ചൊവ്വാഴ്ച രാവിലെ ഇറ്റാനഗർ പോലീസാണ് വട്ടിയൂർക്കാവ് പോലീസിനെ അറിയിച്ചത്. ഇവർ മരണാനന്തര ജീവിതത്തെ കുറിച്ച് ഇന്റർനെറ്റിൽ സെർച്ച് ചെയ്തിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.