കോട്ടയം: കോട്ടയം സ്വദേശികളായ ദമ്പതികളും സുഹൃത്തായ അധ്യാപികയും അരുണാചല്‍ പ്രദേശിലെ ഹോട്ടലില്‍ മരിച്ച നിലയില്‍. കോട്ടയം സ്വദേശികളായ ദേവി, ഭര്‍ത്താവ് നവീന്‍, തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂള്‍ അധ്യാപിക ആര്യ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്കു മൂന്നു ദിവസത്തെ പഴക്കമുണ്ട്. സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്നെഴുതിയ ആത്മഹത്യാ കുറിപ്പും ഹോട്ടല്‍ മുറിയില്‍ നിന്നു ലഭിച്ചിട്ടുണ്ട്. മൂവരുടെയും ശരീരത്തില്‍ നിരവധി മുറിവുകളുണ്ട്. രക്തം വാര്‍ന്നുപോയാണ് മരണം. ദുര്‍മന്ത്രവാദത്തിന്റെ ഇരകളാണ് മൂവരുമെന്നാണ് പ്രാഥമിക നിഗമനം. മരണാനന്തരജീവിതത്തെക്കുറിച്ച് ഇവര്‍ ഗൂഗിളില്‍ തിരഞ്ഞിട്ടുണ്ടെന്നാണ് വിവരം.
ഇറ്റാനഗറിലെ ഒരു ഹോട്ടലിലാണ് മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ആര്യയെ കഴിഞ്ഞ മാസം 27ന് തിരുവനന്തപുരത്ത് നിന്ന് കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ വട്ടിയൂര്‍ക്കാവ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് ആര്യ ദമ്പതികളായ നവീനും ദേവിക്കും ഒപ്പമുണ്ടെന്ന് കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഗുവാഹട്ടിയിലേക്കാണ് സംഘം പോയതെന്നും പൊലീസ് സംഘം കണ്ടെത്തുകയുണ്ടായി. വിനോദ യാത്രയ്ക്ക് പോകുകയാണെന്ന് നവീനും ദേവിയും വീട്ടില്‍ പറഞ്ഞിരുന്നത്.
ആര്യ ഫ്രഞ്ച് അധ്യാപികയായി ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തെ സ്‌കൂളില്‍ ദേവി മുമ്പ് ജര്‍മന്‍ ഭാഷ പഠിപ്പിച്ചിരുന്നു.ആര്യയും ദേവിയും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവന്റെ മകളാണ് ദേവി. ഓണ്‍ലൈന്‍ ട്രേഡിങ് ജോലിയായിരുന്നു നവീന്റേത്. ഇറ്റാനഗര്‍ പൊലീസ് ഇന്ന് വട്ടിയൂര്‍ക്കാവ് പൊലീസിന് ബന്ധപ്പെട്ടാണ് കൂട്ടമരണവാര്‍ത്ത പങ്കുവച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി മൂവരുടെയും മൃതദേഹം നാടുകളിലെത്തിക്കും.