ഒന്നുമില്ലായ്മയില്‍ നിന്നാണ്, ക്രമാനുഗതമായ വളര്‍ച്ചയിലൂടെ ബി.ജെ.പി. രണ്ടാം വട്ടവും ഇന്ത്യയുടെ ഭരണ സിംഹാസനത്തിലേറിയത്. ഇപ്പോഴിതാ ഒരു ഹാട്രിക് വിജയം സുനിശ്ചിതമാക്കിക്കൊണ്ട് ബി.ജെ.പിയും അവരുടെ മുന്നണിയും ഗോദയില്‍ പ്രചാരണവുമായി കുതിക്കുന്നു. ഒരിക്കല്‍ കേന്ദ്രത്തില്‍ ഉണ്ടാക്കിയ നേട്ടം കേരളത്തിലും ആവര്‍ത്തിക്കാനാണ് ബി.ജെ.പി ഇക്കുറി സ്ഥാനാര്‍ഥികളെ ബുദ്ധിപൂര്‍വം വിന്യസിച്ചിരിക്കുന്നത്.
കേരളത്തിലെ തിരഞ്ഞെടുപ്പിന്റെ പോര്‍മുഖത്തു നിന്ന് നേരിട്ട് ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കിലും മലയാളികളായ ബി.ജെ.പി നേതാക്കള്‍ പാര്‍ലമെന്റംഗങ്ങളും മന്ത്രിമാരും ആയിട്ടുണ്ട്. 1992 മുതല്‍ 2004 വരെ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്ന ഒ രാജഗോപാല്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി സ്ഥാനം സ്ത്യുത്യര്‍ഹമാംവിധം വഹിച്ചിട്ടുണ്ട്. നിലവില്‍ വിദേശകാര്യ സഹമന്ത്രിയായ വി മുരളീധരന്‍ 2018 മുതല്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ്.
കേരള നിയമസഭയില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നിട്ടുണ്ട്. ഒരേയൊരു തവണ മാത്രം. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ സി.പി.എമ്മിന്റെ ഇപ്പോഴത്തെ പൊതു വിദ്യാഭ്യാസ മന്ത്രിയായ വി ശിവന്‍കുട്ടിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് രാജഗോപാല്‍ ചരിത്രം കുറിച്ചത്. എന്നാല്‍ ബി.ജെ.പിയുടെ മികവുകൊണ്ടല്ല, മറിച്ച് ഒ രാജഗോപാലിനോടുള്ള വ്യക്തിപരമായ താത്പര്യങ്ങളാണ് അദ്ദേഹത്തെ നിയമസഭയിലെത്തിച്ചതെന്നാണ് അന്ന് പൊതുവേ ഉയര്‍ന്ന അഭിപ്രായങ്ങള്‍.
കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ബി.ജെ.പി.ക്ക് അവകാശപ്പെടാന്‍ ഇത്രയൊക്കെയേ ഉള്ളു എങ്കിലും ആഗ്രഹങ്ങള്‍ ആകാശം മുട്ടെയാണ്. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു മാസം ബാക്കി നില്‍ക്കെ കടുത്ത ആത്മവിശ്വാസത്തോടെയാണ് ബി.ജെ.പിയും അവരുടെ ഘടക കക്ഷിയായ എന്‍.ഡി.എയും പ്രചാരണം കൊഴുപ്പിക്കുന്നത്. ഇപ്രാവശ്യം കേരളത്തില്‍ നിന്നും നാല് മുതല്‍ അഞ്ചു വരെ സീറ്റുകള്‍ നേടുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്.
പതിനാറ് സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി പോര്‍ക്കളത്തില്‍ ഇറക്കിയിരിക്കുന്നത്. എം.എല്‍ അശ്വിനി (കാസര്‍ഗോഡ്), സി രഘുനാഥ് (കണ്ണൂര്‍), പ്രഫുല്ല കൃഷ്ണ (വടകര), കെ സുരേന്ദ്രന്‍ (വയനാട്), എം.ടി രമേശ് (കോഴിക്കോട്), ഡോ. അബ്ദുള്‍ സലാം (മലപ്പുറം), നിവേദിത സുബ്രഹ്‌മണ്യം (പൊന്നാനി), സി കൃഷ്ണകുമാര്‍ (പാലക്കാട്), ഡോ. ടി.എന്‍ സരസു (ആലത്തൂര്‍-സംവരണ മണ്ഡലം), സുരേഷ് ഗോപി (തൃശൂര്‍), ഡോ. കെ.എസ് രാധാകൃഷ്ണന്‍ (എറണാകുളം), ശോഭ സുരേന്ദ്രന്‍ (ആലപ്പുഴ), അനില്‍ കെ ആന്റണി (പത്തനംതിട്ട), ജി കൃഷ്ണകുമാര്‍ (കൊല്ലം), വി മുരളീധരന്‍ (ആറ്റിങ്ങല്‍), രാജീവ് ചന്ദ്രശേഖര്‍ (തിരുവനന്തപുരം) എന്നിവരാണ് ബി.ജെ.പി സ്ഥാനാര്‍ഥികള്‍.
സംവരണ മണ്ഡലമായ മാവേലിക്കര, കോട്ടയം, ഇടുക്കി, ചാലക്കുടി എന്നീ മണ്ഡലങ്ങളില്‍ എന്‍.ഡി.എ.യുടെ ഘടകകക്ഷികളാണ് മത്സരിക്കുന്നത്. അതേസമയം തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍ എന്നീ മണ്ഡലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നാണ് ബി.ജെ.പി.യുടെ ശുഭപ്രതീക്ഷ. കഴിഞ്ഞ തവണ പത്തനം തിട്ടയില്‍ മത്സരിച്ച ബി.ജെ.പി.യുടെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നല്ല ശതമാനം വോട്ട് നേടിയിരുന്നു.
പത്തനംതിട്ടയില്‍ സ്വന്തം മകന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സാക്ഷാല്‍ എ.കെ ആന്റണി പോകുമോ എന്ന ചോദ്യം രാഷ്ട്രീയ കേരളത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇരുത്തംവന്ന ഒരു രാഷ്ട്രീയക്കാരന്‍ അല്ലെങ്കിലും സൗമ്യമായ പെരുമാറ്റത്തിലൂടെ അനില്‍ ആന്റണി വോട്ടര്‍മാരെ കൈയിലെടുക്കുമെന്നാണ് കരുതുന്നത്. മികച്ച വിദ്യാഭ്യാസ യോഗ്യതയും യുവ വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള കഴിവും അനില്‍ ആന്റണിയുടെ തുറുപ്പുചീട്ടാണ്.
എന്നാല്‍ താന്‍ നോക്കി വച്ച സീറ്റ് അനില്‍ ആന്റണി കൊത്തിക്കൊണ്ടു പോയതില്‍ പി.സി ജോര്‍ജിന് നീരസം ഉണ്ടെങ്കിലും അത് ഒരു പരസ്യമായ പൊട്ടിത്തെറിയില്‍ എത്തിയിട്ടില്ല. എന്നാല്‍ എസ്.എന്‍.ഡി.പിയുടെ മികച്ച പിന്തുണ അനിലിന് പ്രതീക്ഷിക്കാം. കോണ്‍ഗ്രസിന്റെ സിറ്റിങ് എം.പി ആന്റോ ആന്റണിയോടും സി.പി.എമ്മിന്റെ ശക്തനായ സാരഥിയും മുന്‍മന്ത്രിയുമായ ഡോ. ടി.എം തോമസ് ഐസക്കിനോടുമാണ് അനില്‍ ആന്റണി ഏറ്റുമുട്ടുന്നത്.
തൃശൂര്‍ എടുത്തോണ്ടു പോകുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച വ്യക്തിയാണ് സുരേഷ് ഗോപി. പ്രചാരണത്തില്‍ അദ്ദേഹം ഏറെ മുന്നേറിയ ഘട്ടത്തിലാണ് അപ്രതീക്ഷിതമായി സിറ്റിങ് എം.പി ടി.എന്‍ പ്രതാപന്റെ പേര് വെട്ടി കെ മുരളീധരന്‍ തൃശൂരിലേക്കെത്തുന്നത്. ലോക് സഭയിലേക്ക് നിരവധി തവണ വിജയിച്ച പാരമ്പര്യവും ഇപ്പോഴത്തെ നല്ല ഇമേജും കരുണാകര പുത്രന്റെ വിജയം ഉറപ്പാക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഒരു സെലിബ്രിറ്റി സ്റ്റാറ്റസില്‍ ജനങ്ങളെ ആകര്‍ഷിക്കാനുള്ള കഴിവ് തന്റെ പ്രചാരണത്തില്‍ തെളിയിച്ചുകൊണ്ടാണ് സുരേഷ് ഗോപിയുടെ അശ്വമേധം.
സുരേഷ് ഗോപിയുടെ മറ്റൊരു എതിരാളി സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഉടമയായ മുന്‍ മന്ത്രി വി.എസ് സുനില്‍ കുമാറാണ്. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തെ മറികടക്കാന്‍ സുരേഷ് ഗോപിയുടെ പ്രചാരണ കസര്‍ത്തുകള്‍ക്ക് സാധിക്കുമോ എന്ന് കണ്ടറിയണം. പക്ഷേ, തന്റെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ അമ്പലത്തിലെത്തി ജനങ്ങളുടെ മനം കവര്‍ന്നതും തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ പള്ളിയില്‍ മാതാവിന് സ്വര്‍ണക്കിരീടം സമര്‍പ്പിച്ചതും അനുഗ്രഹമാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരനും വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കുന്നില്ല. കേന്ദ്ര വിദേശ കാര്യ സഹമന്ത്രിയെന്ന നിലയില്‍ പ്രവാസി മലയാളികളുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ നിറവേറ്റിയതും അവരുടെ ആവലാതികളോട് അനുകൂല സമീപനം പുലര്‍ത്തിയതും വോട്ടായി മാറുമെന്നാണ് പ്രതീക്ഷ. വിദേശ മലയാളികളുടെ നാട്ടിലുള്ള ബന്ധുക്കള്‍ നന്ദി സൂചകമായി, രാഷ്ട്രീയ ഭേദമെന്യെ വി മുരളീധരന്റെ ചിഹ്നത്തില്‍ കുത്തിയാല്‍ കാര്യങ്ങള്‍ ഒരുപക്ഷേ മാറിമറിഞ്ഞേക്കും. കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശും സി.പി.എമ്മിന്റെ വി ജോയിയുമാണ് മുരളീധരന്റെ എതിരാളികള്‍.
ബി.ജെ.പി.യുടെ വനിതാ സ്ഥാനാര്‍ഥികളുടെ കാര്യമെടുത്താല്‍ ആലപ്പുഴയില്‍ കോണ്‍ഗ്രസിന്റെ ശക്തനായ നേതാവ് കെ.സി വേണുഗോപാലിനെയും സിറ്റിങ് എം.പി സി.പി.എമ്മിന്റെ എ.എം ആരിഫിനെയും വെല്ലുവിളിച്ചു കൊണ്ട് കളത്തിലിറങ്ങിയിരിക്കുന്ന ശോഭാ സുരേന്ദ്രന്‍ പ്രചാരണത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കുന്നുവെന്നാണ് മണ്ഡലത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് സി.പി.എമ്മിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന ആലപ്പുഴയില്‍ ഹിന്ദു വോട്ടര്‍മാരുടെ സ്വാധീനം നിര്‍ണ്ണായകമാണ്. ഇടതുപക്ഷത്തിന് മണ്ഡലത്തില്‍ വേരോട്ടമുണ്ടെങ്കിലും പലപ്പോഴും മണ്ഡലത്തിലെ നിയമസഭാ സീറ്റുകളില്‍ പലതിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിച്ചു കയറുന്നത് ഒരു വൈരുദ്ധ്യമായി ചൂണ്ടിക്കാട്ടാം.
സാമുദായികമായ വോട്ടുകളുടെ പിന്‍ബലം ശോഭാ സുരേന്ദ്രന് ഉണ്ടാകാനിടയുണ്ട്. ഈഴവ സമുദായാംഗമാണ് ശോഭാ സുരേന്ദ്രന്‍. മണ്ഡലത്തിലെ ഹിന്ദു വോട്ടുകളില്‍ പ്രബലമായി നില്‍ക്കുന്നത് ഈഴവ സമുദായത്തിന്റെ സാന്നിധ്യമാണ്. അതേസമയം, തീപ്പൊരി പ്രസംഗങ്ങളിലൂടെ വനിതകളെ വിശ്വാസത്തിലെടുക്കാന്‍ ശോഭാ സുരേന്ദ്രന് പ്രത്യേക കഴിവുണ്ട്.
തിരുവനന്തപുരത്ത് മത്സരിക്കുന്ന രാജീവ് ചന്ദ്രശേഖറില്‍ ബി.ജെ.പി.ക്ക് അമിതമായ പ്രതീക്ഷയുണ്ട്. ഏറ്റവും മികച്ച രീതിയില്‍ സോഷ്യല്‍ മീഡിയയിലും മണ്ഡലത്തിലെമ്പാടും പ്രചാരണം നടത്തി തന്റെ നിലപാടുകളെ സമര്‍ത്ഥമായി ജനങ്ങളില്‍ എത്തിക്കുന്ന രാജീവ് ചന്ദ്രശേഖര്‍ വിജയിച്ചാല്‍ തീര്‍ച്ചയായും അദ്ദേഹം മൂന്നാം മോദി സര്‍ക്കാരിലെ ക്യാബിനറ്റ് മന്ത്രിപദം അലങ്കരിക്കും. അതുവഴി തരുവനന്തപുരത്തും കേരളത്തിന് മൊത്തമായും വലിയ വികസനക്കുതിപ്പുണ്ടാവുമെന്ന തരത്തിലാണ് സംഗതികളുടെ പോക്ക്.
മണ്ഡലത്തിന്റെ തീരപ്രദേശങ്ങളിലുള്ള ലത്തീന്‍ വിഭാഗക്കാരായ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ വോട്ട് എങ്ങോട്ട് മറിയും എന്ന കാര്യത്തില്‍ ഇപ്പോള്‍ വലിയ വ്യക്തതയില്ല. അതുകൊണ്ടു തന്നെ തീരദേശം കേന്ദ്രീകരിച്ച് രാജീവ് ചന്ദ്രശേഖര്‍ നടത്തുന്ന ശക്തമായ പ്രചാരണ പരിപാടികള്‍ക്ക് ഫലമുണ്ടാകുമെന്നു തന്നെയാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ വിശ്വസിക്കുന്നത്.
മലയാളികളുടെ അന്താരാഷ്ട്ര മുഖവും സിറ്റിങ് എം.പിയുമായ കോണ്‍ഗ്രസിന്റെ ശശി തരൂരും സി.പി.ഐയുടെ സൗമ്യസാമീപ്യമായ പന്ന്യന്‍ രവീന്ദ്രനുമാണ് രാജീവ് ചന്ദ്രശേഖറിന്റെ എതിര്‍ ചേരികളിലുള്ളത്. തിരുവനന്തപുരം മണ്ഡലത്തിന്റെ വികസന മുരടിപ്പ് ചര്‍ച്ചയാകുന്നത് തരൂരിന് ഗുണകരമല്ല. എന്നാല്‍ പന്ന്യന്റെ കളങ്കരഹിതമായ രാഷ്ട്രീയത്തിന് വോട്ടുകള്‍ വീഴുകയും ചെയ്യും.
ഏതുവിധേനയും ബി.ജെ.പിയെ പച്ചതൊടാന്‍ സാധിക്കില്ല എന്നാണ് ഇടത്-വലത് മുന്നണികള്‍ ഒരേ സ്വരത്തില്‍ പറയുന്നത്. എന്നാല്‍ ദേശീയ തലത്തില്‍ കഴിഞ്ഞ കുറേ നാളുകളായി ബി.ജെ.പിയുടെ വോട്ട് വിഹിതവും സീറ്റുകളും വര്‍ധിച്ചുവരികയാ ണെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. 2009ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷമുള്ള കണക്കുകളും ഇത് സാക്ഷ്യപ്പെടുത്തുന്നു.
2009-ല്‍ 18.8 ശതമാനം വോട്ടുമായി 116 സീറ്റുകള്‍ നേടിയ ബി.ജെ.പി 2014-ല്‍ 31.34 ശതമാനം വോട്ട് വിഹിതത്തോടെ 282 സീറ്റുകള്‍ നേടി കേവലഭൂരിപക്ഷത്തിന് ആവശ്യമായ 273 ലോക്‌സഭാ സീറ്റുകള്‍ ഒറ്റയ്ക്ക് മറികടന്നു. 2019-ല്‍ അവരുടെ വോട്ട് വിഹിതം 37.7 ശതമാനം വോട്ടുമായി 303 സീറ്റിലെത്തി. നേരെമറിച്ച്, 1984 മുതല്‍ 2014 വരെ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം കുറഞ്ഞു. 2019-ല്‍ പാര്‍ട്ടിയുടെ വോട്ട് വിഹിതം വര്‍ധിച്ചെങ്കിലും രണ്ട് ശതമാനം മാത്രമായിരുന്നു അത്. 2019-ല്‍ കേരളത്തിലെ ബി.ജെ.പി വോട്ട് ഷെയര്‍ 13 ശതമാനമായിരുന്നു. ഇത്തവണ എന്തായാലും അതിന് മാറ്റമുണ്ടാവും.