Image

അജ്മീർ ചിശ്തിയുടെ ആടുകൾ (ഷുക്കൂർ ഉഗ്രപുരം)

Published on 03 April, 2024
അജ്മീർ ചിശ്തിയുടെ ആടുകൾ (ഷുക്കൂർ ഉഗ്രപുരം)

ആടുകൾ എന്നും ആളുകളോട് ഇണങ്ങി ജീവിക്കാൻ ഇഷ്ടപ്പെട്ട മൃഗങ്ങളായിരുന്നു.  

ആടുകൾ ആംഗലേയ സാഹിത്യയിൽ ഇടം പിടിക്കുന്നതിൻ്റെ ഒരുപാട് മുന്നെ തന്നെ ആട്ടിടയൻ ഇംഗ്ലീഷ് സാഹിത്യത്തിൽ ഇടം പിടിച്ചിട്ടുണ്ട്. വിഖ്യാതമായ ആൽക്കെമിസ്റ്റ് - പൗലോ കൊയ്ലോയുടെ കൃതിയിലെ കഥാനായകൻ ആട്ടിടയനായ സാൻ്റിയാഗോ എന്ന ബാലനാണല്ലൊ.

മലയാള സാഹിത്യത്തിലേക്ക് ആടിനെ കയറും പിടിച്ച് കൊണ്ടുവന്നത് ബഷീറിൻ്റെ പാത്തുമ്മയാണെന്ന് തോന്നുന്നു. സാധാരണക്കാരുടെ ജീവിതത്തിൻ്റെ ഭാഗമായി ആട് മുമ്പേ മനുഷ്യൻ്റെ കൂടെ കൂടിയതിനാൽ ബഷീറിൻ്റെ തൂലിക - നിബ്ബിലൂടെ പുറത്തിറങ്ങി അനുവാചകൻ്റെ ഹൃദയത്തിൽ മേഞ്ഞുനടക്കുകയല്ലാതെ അതിന് വേറെ വഴിയില്ലായിരുന്നു.

കൊണ്ടോട്ടി മുമ്പ് നേർച്ചകളുടേയും ഉത്സവങ്ങളുടേയും നാടായിരുന്നു.

ഏതാണ്ട് മൂന്നുപതിറ്റാണ്ട് മുമ്പ് അവിടെ ഉമ്മയുടെ വീട്ടിൽ പോയിരുന്നപ്പോൾ ഇടക്കിടെ നേർച്ചയാടിനെ 

കാണാറുണ്ടായിരുന്നു. അതിൻ്റെ കഴുത്തിൽ ഒരു പണക്കിഴി / പണമിടാനുള്ള തുണിസഞ്ചി ഉണ്ടാകുമായിരുന്നു.

അതിൻ്റെ വരവ് അജ്മീറിൽ നിന്നാണത്രെ. 

അജ്മീറിൽ നിന്നും അത് കൊണ്ടോട്ടിയിൽ വന്നു - ഓരോ വീട്ടിൽ നിന്നും പണമോ ഭക്ഷണമോ ഒക്കെ സ്വീകരിച്ച് അത് തിരിച്ച് അജ്മീറിലേക്ക് പോകും! 

അച്ചുവേട്ടൻ്റെ വീട്ടിൽ നിന്നും അമ്മിണിയുടെ വീട്ടിൽ നിന്നും അത് പണം / അല്ലങ്കിൽ അതിന് കഴിക്കാനോ കുടിക്കാനോ ഉള്ള ഭക്ഷണം വാങ്ങി  ഞങ്ങളുടെ വീടിൻ്റെ മുമ്പിൽ വന്നു കിടക്കും. വല്ല്യുപ്പയോ വല്ല്യുമ്മയോ അതിനെ തലോടി അതിൻ്റെ കഴുത്തിലെ ആ പണസഞ്ചിയിലേക്ക് പൈസയിടും. കുട്ടികളുടെ ദീനം മാറാനോ വീട്ടിലുള്ളവർക്ക് തൊഴിലുണ്ടാകാനോ ഒക്കെയുള്ള നേർച്ചകളായിരുന്നിരിക്കണം അതിൻ്റെ കഴുത്തിലെ പണക്കിഴിയിലുണ്ടായിരുന്നത്. അങ്ങനെ എത്ര മനുഷ്യരുടെ മുറാദ് ആസിലായി(ഉദ്ദേശ്യം പൂർത്തിയായി) എന്നൊന്നും അറിയില്ല.

അങ്ങനെ നേർച്ചയാട് കാടും മേടും കയറി ഇടക്കിടെ കൊല്ലത്തിൽ ഒന്നോ രണ്ടോ തവണ അതിലെ വരുമായിരുന്നു!

അത് എവിടുന്ന് വരുന്നു - എവിടേക്ക് പോകുന്നു എന്നത് അന്നും ഇന്നും  എനിക്ക് വലിയ അത്ഭുതമായി തോന്നുന്നു. 

അന്ന് അമ്മിണി ചേച്ചിയോട് ചോദിച്ചു - "എന്താണ് അതിൻ്റെ യാധാർത്ഥ്യം?

സത്യത്തിൽ ആ ആട് അജ്മീറിൽ നിന്നും വരുന്നതാണോ, അത് അവിടേക്ക് തന്നെ എത്തുമോ" എന്ന്?

ചേച്ചി പറഞ്ഞു - "ആളുകൾ അജ്മീറിലേക്ക് നേർച്ചയാക്കിയ ആടിനെ കഴുത്തിൽ ഇതുപോലെ കിഴി കെട്ടി പറഞ്ഞയക്കുന്നതാണ്. അത് നടന്ന് നടന്ന് അജ്മീർ ശൈഖ് ചിശ്തിയുടെ മഖ്ബറയിൽ എത്തും".  അന്ന് കുട്ടിക്കാലത്ത് നേർച്ചാടിനെ കണ്ടപ്പോൾ ഞങ്ങളുടെ ടീമിലെ ആശിക് ഒരു ക്രിക്കറ്റ് ബോൾ വാങ്ങാനുള്ള പണം അതിൻ്റെ പണസഞ്ചിയിൽ നിന്നും എടുക്കാൻ ശ്രമിച്ചപ്പോൾ  അവനെ അത് കുത്തി വീഴ്ത്തിയത്രെ. കുട്ടിക്കാലത്തെ ആ അത്ഭുത ആടു കാഴ്ചകൾ കണ്ടപ്പോൾ ഒരുപാട് സന്ദേഹങ്ങൾ വന്നു മനസ്സിൽ. ആ ആട് എവിടെയാണ് കിടന്നുറങ്ങുക ?  അതിന് എവിടുന്നാണ് പുല്ലും വെള്ളവും ലഭിക്കുക? അതിനെ ആരെങ്കിലും പിടിച്ച്  പണം അപഹരിച്ച് അതിനെ പിടിച്ച് വിൽക്കില്ലെ? 

ഇതൊക്കെ ഞാൻ അവരോട് ചോദിച്ചപ്പോൾ അവർ പറഞ്ഞു - അനക്ക് പാകണ്ടങ്കി വിശ്വസിച്ചാൽ മതി, ഞങ്ങളൊക്കെ അതിന് പൈസ കൊടുക്കാറുണ്ട് / പഴന്തൊലി കൊടുക്കാറുണ്ട് എന്ന്. 

അജ്മീർ ചിശ്തി മഹാമനുഷ്യനാണെന്ന് എനിക്ക് അറിയാം. പക്ഷെ ഇതിൻ്റെയൊക്കെ യഥാർത്ഥ വസ്തുത എന്താണെന്ന് എനിക്കറിയില്ല. ഇപ്പോൾ കുറേ കാലമായി അതിനെയൊക്കെ കണ്ടിട്ട്. ഏതാണ്ട് മുപ്പത് വർഷം മുമ്പുള്ള സംഗതിയാണെന്ന് ഓർക്കെണെ.

സത്യത്തിൽ ഈ നേർച്ചയാടൊക്കെ ഉള്ളത് തന്നെയാണോ? 

                                ******
ആടിനെ മേയ്ക്കാത്ത ഒരു പ്രവാചകൻമാരും ഉണ്ടായിട്ടില്ല എന്ന ഇസ്ലാമിക പ്രമാണങ്ങളിലെ വചനങ്ങൾ ശ്രദ്ദേയമാണ്. മുമ്പ് പ്രവാചകൻ കുട്ടിയായിരുന്നപ്പോൾ ആട്ടിടയൻ്റെ കൂടെ ആടുമേക്കാൻ പോയപ്പോഴാണ് മാലാഖമാർ വന്ന് പ്രവാചകൻ്റെ ശരീരത്തിനകത്ത് നിന്നും ഒരു രക്തപിണ്ഡമെടുത്ത് കളഞ്ഞത്. അതിലൂടെ വലിയ ശുദ്ധീകരണമാണ് നടന്നത്. സാധാരണ മനുഷ്യനിൽ നിന്നും അസാധാരണ മനുഷ്യനിലേക്കുള്ള മാറ്റമായിരുന്നു അത്.

ആദിമ മനുഷ്യൻ ആദം നബി മുതൽ മഹമ്മദ് നബി (സ) വരെയുള്ള എല്ലാ പ്രവാചകന്മാരുടെ ജീവിതത്തിലും ആട്ടിടയൻ എന്ന തലം സ്പർശിച്ചിട്ടുണ്ട്.

മുഹമ്മദ് നബി (സ) യൗവനകാലത്ത് ആട്ടിടയനായി ജോലി ചെയ്തിട്ടുണ്ട്. ഇടയനായി  ഒരു പാട് കാലം മരുഭൂമിയിലും മലയോരങ്ങളിലും ചിലവഴിച്ചിട്ടുണ്ട്. യേശു അഥവാ ഈസാ നബിയുടെ കാര്യവും തഥൈവ.

മൂസാ നബി ഫിർഔനിൽ / ഫറോവയിൽ നിന്നും ഓടിപ്പോയ കാലമത്രയും ദൂരെ ഷുഹൈബ് നബിക്കൊപ്പം ആടുകളെ മേയ്ക്കുകയായിരുന്നെന്ന് ഖുർആനിൽ കാണാം. ഇപ്രകാരം മറ്റു പ്രവാചകന്മാരുടെ കഥകളും ഖുർആനിലും ചരിത്ര ഗ്രന്ധങ്ങളിലും പ്രതിപാദിക്കുന്നുണ്ട്.

ആത്മസംസ്കരണത്തിൻ്റെ ഒരു കാലഘട്ടമായിട്ടാണ് ഇതിനെ കാണുന്നത്. സൂഫി കഥകളിൾ പറയുന്ന പോലെ സ്വയം കണ്ടെത്താനും തിരിച്ചറിയാനുമുള്ള കാലഘട്ടം. മോഡേൺ ഫിലോസഫിയിൽ ഇതിനെ മീ ടൈം എന്നൊക്കെ പറയാറുണ്ട്.

വളരെ ഗഹനമായ വിഷയമാണ്.

മറ്റൊരു കാര്യം ആടുമാടുകൾ പ്രത്യേകിച്ചും ആടുകൾ മനുഷ്യനോട് വളരെ അടുപ്പം കാണിക്കുന്ന മൃഗമാണ്. വളരെ സ്നേഹവും വാത്സല്യവും കാണിക്കുന്ന മൃഗമാണ്. 

നമ്മുടെ നാട്ടിൻപുറങ്ങളിൽ ഒട്ടുമിക്ക വീടുകളിലും മുമ്പ് ആടിനെ വളർത്തിയിരുന്നു എന്നതാണ്. ചെറിയ സാമ്പത്തിക ലാഭവും പാല് വളം എന്നിവയുടെ ലഭ്യതയും പരിഗണിച്ചാവും അത്. വലിയ പ്രമാസമില്ലാതെ / ചിലവില്ലാതെ പരിപാലിക്കാമെന്നതും ഒരു ഘടകമാണ്.

വീട്ടിൽ ആടുകളെ വർത്തുന്നത് പുണ്യമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

ആടുകളെ വളർത്തുക എന്നത് ഏറെ ക്ഷമയും സഹനവും വേണ്ടതായ തൊഴിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക