ചൊവാഴ്ച്ച നാലു സംസ്ഥാനങ്ങളിൽ നടന്ന പാർട്ടി പ്രൈമറികളിൽ പ്രസിഡന്റ് ജോ ബൈഡനും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വിജയം കണ്ടെങ്കിലും നവംബറിലേക്കു എത്തുമ്പോൾ ഇരുവർക്കും പ്രശ്‌നമാകാവുന്ന പ്രവണതകൾ വ്യക്തമായി തന്നെ തുടരുന്നു. ബൈഡന്റെ നയങ്ങൾക്കെതിരെ പാർട്ടിയിലെ പ്രതിഷേധ വോട്ട് അതിന്റെ സാന്നിധ്യം അറിയിച്ചപ്പോൾ റിപ്പബ്ലിക്കൻ പ്രൈമറികളിൽ നിന്നു ഒഴിഞ്ഞു പോയ നിക്കി ഹേലിയും റോൺ ഡിസാന്റിസും ട്രംപിനു കിട്ടേണ്ട കുറെ വോട്ടുകൾ കൊണ്ടു പോയി.
ന്യൂ യോർക്ക്, വിസ്കോൺസിൻ, കണക്ടിക്കറ്റ്, റോഡ് ഐലൻഡ് എന്നിവിടങ്ങളിൽ ചൊവാഴ്ച നൂറു കണക്കിനു ഡെലിഗേറ്റുകൾ തീരുമാനമായി. എന്നാൽ ആയിരക്കണക്കിനു റിപ്പബ്ലിക്കൻ വോട്ടർമാർ പ്രൈമറികളിൽ എത്തി ട്രംപിന് എതിരെ വോട്ട് ചെയ്‌തപ്പോൾ ബൈഡനു പ്രതിഷേധ പ്രസ്ഥാനത്തെ നിർവീര്യമാക്കാൻ കഴിഞ്ഞിട്ടില്ല എന്നതു വ്യക്തമായി.
കണക്ടിക്കറ്റിലും റോഡ് ഐലൻഡിലും ബൈഡനു എതിരായ പ്രതിഷേധ വോട്ട് 10% കടന്നു എന്നത് കടുത്ത മത്സരം പ്രതീക്ഷിക്കുന്ന നവംബറിലേക്കു ശുഭ സൂചനയല്ല. വിസ്കോൺസിനിൽ 10% എത്തിയില്ലെങ്കിലും അതിനോട് അടുത്തു തന്നെ എത്തി.
ബൈഡനു എതിരെ വോട്ട് ചെയ്തവർ കൂടുതലും കോളജ് വിദ്യാർഥികൾ നിറഞ്ഞ മേഖലകളിൽ നിന്നാണ്: ന്യൂ ഹേവൻ (കണക്ടിക്കറ്റ്) 24%, പ്രൊവിഡൻസ് (റോഡ് ഐലൻഡ്) 29%.
പരമ്പരാഗതമായി റിപ്പബ്ലിക്കൻ പാർട്ടിക്കു വോട്ട് ചെയ്യുന്ന മേഖലകളിൽ ട്രംപിന് എതിർപ്പുണ്ടായതും അതു പോലെ പ്രധാനമാണ്. കണക്‌ടിക്കറ്റിലെ വെസ്റ്റ് പോർട്ടിൽ പ്രചാരണം പോലും നടത്താതെ ഹേലി 27% നേടി. സംസ്ഥാനത്തു തന്നെ ഗ്രീൻവിച്ചിൽ 22% വോട്ടും. വിസ്കോൺസിനിൽ റിപ്പബ്ലിക്കൻ വിജയം ഉറപ്പാക്കുന്ന മിൽവോക്കിയുടെ ചുറ്റുവട്ടത്ത് ഒസൗക്കിയിൽ ഹേലി നേടിയത് 17%. വൗകേഷയിൽ 14%. വാഷിംഗ്‌ടണിൽ 12%.
ന്യൂ യോർക്കിൽ ആവട്ടെ, മൂന്ന് കൗണ്ടികളിൽ ഹേലി 20% കടന്നു: മൺറോ 25, ടോമ്പ്കിന്സ് 24, മൻഹാട്ടൻ 22% എന്നിങ്ങനെ.
ഒരു മാസം മുൻപ് സൂപ്പർ ടുസ്‌ഡേ കഴിഞ്ഞു കളം വിട്ട ഹേലി ഇത്രയും വോട്ട് നേടിയത് ട്രംപിനു പ്രഹരമാണ്. റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപ് വിരുദ്ധ വികാരം ശക്തമാണ് എന്നു തന്നെയാണ് അതിന്റെ സൂചന. അതു മനസിലാക്കിയാണ് സൂപ്പർ ടുസ്‌ഡേ വരെ ഹേലി മത്സരത്തിൽ ഉറച്ചു നിന്നതെന്നു നിരീക്ഷകർ കരുതുന്നു.
ഡെമോക്രാറ്റ്സിലെ പ്രോഗ്രസീവ് വിഭാഗം സംഘടിപ്പിച്ച പ്രതിഷേധം പ്രധാനമായും ബൈഡന്റെ ഗാസാ നയത്തിനെതിരെ ആണ്. അതു കൂടുതൽ ശക്തമാവുന്ന സംഭവവികാസങ്ങളാണ് ഗാസയിൽ കാണുന്നത്. ഇസ്രയേലിനു കൂടുതൽ ആയുധം അയക്കാനുള്ള നീക്കം പ്രതിഷേധത്തിന് ആക്കം കൂട്ടുകയും ചെയ്യും.
Biden, Trump faced negative votes Tuesday