Image

ആകസ്മികം ( ജീവിത വൈരുധ്യങ്ങൾ: പി. സീമ )

Published on 04 April, 2024
ആകസ്മികം ( ജീവിത വൈരുധ്യങ്ങൾ: പി. സീമ )

എല്ലാം ആക്‌സ്മികമായിരുന്നു. വർഷം കൃത്യമായി ഓർമ്മയില്ല.  ഒരു സായാഹ്നത്തിൽ അദ്ദേഹം ജോലി കഴിഞ്ഞു HNL നിന്നു വന്നു അല്പം കഴിഞ്ഞാണ് ആ വാർത്ത എത്തിയത് ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന്റെ അമ്മ മരിച്ചു പോയെന്നു ഫോൺ വന്നിരിക്കുന്നു.എത്രയും പെട്ടെന്ന് പോകണം. പെട്ടെന്ന് തന്നെ റെഡി ആയി.ഏകദേശം 5 മണിക്കൂറുകൾ പിന്നിട്ടാലേ അവിടെത്തു.രണ്ട് ദിവസമായി മൂന്നിൽ നിന്നു നാലിലേക്ക് വീഴാൻ വൈമനസ്യം കാണിക്കുന്ന ഗിയറിൽ ബദ്ധപ്പെടുന്ന മാരുതി വാനിൽ സന്ധ്യയോടെ   ഏത് പാതിരാവിലും വണ്ടി ഓടിക്കുന്ന സമർത്ഥനായ  ഒരു ഡ്രൈവർ കൂടിയായ അദ്ദേഹത്തോടൊപ്പം ഞങ്ങൾ ഇരു കുടുംബങ്ങളും പുറപ്പെട്ടു.(അതാണല്ലോ ഞാൻ ഡ്രൈവർ പോസ്റ്റിൽ എത്താഞ്ഞത് )

അമ്മ മരിച്ച നൊമ്പരം യാത്രയെ വിഷാദ മൂകമാക്കി. മൂക്കു ചീറ്റി കണ്ണ് തുടച്ചു മൗനത്തിൽ മുങ്ങിയ യാത്ര. എപ്പോഴോ "വിശന്നിട്ടു വയ്യല്ലോ "എന്ന് വയർ കേണ് തുടങ്ങിയപ്പോൾ ഒരു ഹോട്ടലിന് മുന്നിൽ വണ്ടി നിർത്തി ഇറങ്ങി. ക്രിസ്മസ് അപ്പൂപ്പന്റെ തൊപ്പിയുടെ ആകൃതിയിൽ മൊരിഞ്ഞ നെയ്റോയ്സ്റ്റും ചമ്മന്തിയും സാമ്പാറും മേശയിൽ എത്തി.

"മരണവീട്ടിലേക്കല്ലേ അവിടുന്നു ഒന്നും കിട്ടില്ല വേണേൽ തിന്നോ "
എന്ന് നെയ്റോസ്‌റ്റു  തൊപ്പി മൊരിഞ്ഞു ചിരിച്ചു. അമ്മയുടെ ആത്മാവിനു നിത്യശാന്തി നേർന്നു കൊണ്ടു ഇതു കണ്ടാൽ  ആരെങ്കിലും ക്ഷമിക്കുമോ എന്ന സന്ദേഹത്തോടെ ആഹാരം കഴിച്ചു  ഞങ്ങൾ യാത്ര തുടർന്നു. കുഴപ്പങ്ങൾ ഒന്നുമില്ലാതെ പാതിരാവോടടുത്തു വണ്ടി  സ്ഥലത്തെത്തി.

മരണവീട്ടിലേക്കുള്ള ഇടവഴിയിലേക്ക്  വണ്ടി തിരിഞ്ഞു. ദുഃഖം ഏറി വരുന്ന നിമിഷങ്ങൾ.. കോടിതുണിയിൽ പൊതിഞ്ഞ അമ്മയുടെ ചേതനയറ്റ ശരീരം കാണാൻ കരുത്തു കിട്ടണേ എന്ന് ഞങ്ങൾ ആഗ്രഹിച്ചു.

ഇടവഴി തിരിഞ്ഞു വീടിന്റെ അടുത്ത് എത്താറായപ്പോൾ ആണ് ആ പ്രദേശം ആകെ മൂകമായി കാണപ്പെട്ടത്. ഒരു മരണവീടിനു ചുറ്റുമുള്ള പ്രകാശമില്ല ആൾക്കൂട്ടം ഇല്ല പന്തൽ ഇല്ല.  ശബ്ദവും ബഹളങ്ങളും ഇല്ല.  രാത്രിയിലെ കാറ്റും ചീവീടുകളുടെ ശബ്ദവും  മാത്രം.  വീട് സുഖ നിദ്രയിൽ.  ഇതിൽ എന്തോ പന്തികേടുണ്ടല്ലോ എന്നോർത്തു പൂമുഖത്തേക്കു കയറി അടഞ്ഞ വാതിലിൽ മുട്ടി നോക്കി. അതാ വാതിൽ തുറന്നു ചെറു പയർ മണി പോലെ വരുന്നു മരിച്ചെന്നു കരുതിയ അമ്മ .

ആ പാതിരാവിൽ ഞങ്ങളെ കണ്ടു അമ്മയും പകച്ചു. സ്തബ്ധരായി നിന്നു പോയ ഞങ്ങൾ പിന്നീടാണ് വിവരം അറിഞ്ഞത്.. ആ അമ്മയുടെ മകളുടെ ഭർത്താവിന്റെ അമ്മ മരിച്ചത് ഫോണിലൂടെ അറിയിച്ചപ്പോൾ സംഭവം ഇങ്ങനെ ആയതാണത്രേ. എന്നാലും ചെറു പയർ മണി പോലെ നിൽക്കുന്ന ഒരു അമ്മ അഞ്ചു മണിക്കൂർ ഞങ്ങൾക്കുള്ളിൽ മരിച്ചു കിടന്നല്ലോ എന്നോർത്തു  വിഷമം തോന്നി.

പിന്നീട് ആ അമ്മ 2 വർഷങ്ങൾ കഴിഞ്ഞു മരിച്ചു. അന്ന് അദ്ദേഹത്തിന്റെ 50 th birthday ആഘോഷം പിറവത്തു ഒരു ഹോട്ടലിൽ ഗംഭീരമായി നടത്താൻ ഏർപ്പാടുകൾ ചെയ്തതിനാൽ പോകാൻ കഴിഞ്ഞുമില്ല.  മരിക്കാത്ത അമ്മയെ പ്രതി ദുഖിച്ച ഞങ്ങൾ ആ അമ്മ മരിച്ചു കിടന്നപ്പോൾ   പിറന്നാൾ ആഘോഷിക്കേണ്ടി വന്ന ഉള്ളുരുകുന്ന ഗതികേട്. ഒരു സന്ദേശത്തിലെ ഒരു വരിയിലെ ഒരു വാക്ക്, അല്ലെങ്കിൽ ഒരു അക്ഷരം പിഴച്ചാൽ ആ സന്ദേശം പൂർണ്ണമായി തന്നെ മാറിപ്പോകും എന്ന് ആ അനുഭവം പഠിപ്പിച്ചു.

അന്നത്തെ പിറന്നാൾ ആഘോഷം കഴിഞ്ഞു മടക്കത്തിൽ അദ്ദേഹത്തിന്റെ  പ്രിയ യുവസുഹൃത്തിന് മദ്യപിച്ചു കിളി പോയി.  അത് കൊണ്ടു വീട്ടിൽ വിടാതെ ഇവിടെ  മുകളിലെ മുറിയിൽ കിടത്തി അദ്ദേഹവും അവിടെ കിടന്നു  പാതിരാവിൽ ഉണർന്നു "എനിക്കിച്ചിരി മുള്ളണം സർ" എന്ന് പറഞ്ഞു ബാൽക്കണിയിൽ ഇറങ്ങി നിന്നു ഇരുട്ടിലേക്ക് മൂത്രം ഒഴിച്ചതും, ഇടയ്ക്ക്  എപ്പോഴോ കട്ടിലിൽ നിന്നും താഴെ പോയ  ശബ്ദം കേട്ടതും  പിറ്റേന്ന് പറഞ്ഞു ചിരിച്ചത്‌ ഒഴിച്ചാൽ അന്ന് മറ്റു കുഴപ്പങ്ങൾ ഒന്നുമുണ്ടായില്ല. 

പിറ്റേന്ന്   അതിരാവിലെ ആളിന്റെ കിളി വന്നു.  വീട്ടിലേക്കുള്ള വഴിയേ കൊണ്ടു   പറത്തി വിട്ടിട്ടു ഞങ്ങൾ മരണവീട്ടിലേക്കു തീവണ്ടി കയറി. ചെന്നപ്പോഴും   ആ ചിതയിലെ തീ അണഞ്ഞിരുന്നില്ല.

എത്ര വൈരുദ്ധ്യം നിറഞ്ഞ ഒന്നാണ് ജീവിതം.  മരിക്കാതെ മരിച്ചെന്നു കരുതി ദുഖിപ്പിച്ച  ഒരു മരണം , പിന്നീട് യഥാർത്ഥ മരണം ആയപ്പോൾ മനസ്സ് നൊന്ത് പിറന്നാൾ ആഘോഷിക്കേണ്ടി വന്ന ജീവിതത്തിന്റെ ഉത്തരമില്ലാത്ത വൈരുദ്ധ്യാത്മകത ഇപ്പോഴും അമ്പരപ്പിക്കുന്നു.  അല്ലെങ്കിലും സമാനതകളും, അതിനേക്കാൾ ഏറെ വൈരുധ്യങ്ങളും നിറഞ്ഞ ഒരു ഉത്തരം കിട്ടാത്ത സമസ്യ ആണല്ലോ ജീവിതം തന്നെ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക