Image

ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ (നോവല്‍ ഭാഗം 13 - സാംസി കൊടുമണ്‍) 

Published on 04 April, 2024
ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ (നോവല്‍ ഭാഗം 13 - സാംസി കൊടുമണ്‍) 

മോചനത്തിന്റെ വഴിയും,വിധിയും.


നമ്മള്‍ ഈ കഥ തുടങ്ങിയത് ലെമാറില്‍ നിന്നാണല്ലോ. അവന്റെ സഹോദരന്റെ കഴുത്തില്‍ അമര്‍ന്ന മുട്ടുകാലില്‍ നിന്ന് എന്നു പറയുന്നതാകും കൂടുതല്‍ ശരി.ക്യുന്‍സി തോട്ടത്തിലെ ക്രൂരത അവരുടെ ജീവിതത്തെ എവിടെ കൊണ്ടെത്തിച്ചു. ഇതൊരു തോട്ടത്തിലെ കഥയല്ല. ക്യുന്‍സിമാര്‍ മാത്രമല്ല അതിനുത്തരവാദികള്‍. ഈ രാജ്യത്തിന്റെ രാജ്യ നീതിയായിരുന്നത്. ബലഹീനന്റെമേല്‍ ആധിപത്യം ഉറപ്പിക്കുന്നതില്‍ അധാര്‍മ്മികതയൊന്നും ഇല്ലെന്ന ബാര്‍ബേറിയന്‍ നീതി. അല്ലെങ്കില്‍ അവരുടെ പിന്തുടര്‍ച്ചക്കാരല്ലെ ഇവിടുത്തെ കുടിയേറ്റക്കാരും, ഭരണാധികാരികളും. അവരുടെ സിരകളില്‍ അതില്‍ കൂടുതല്‍ ഒന്നും ഉണ്ടാകില്ല. ഒരടിമക്ക് എന്തു വില. അവന്റെ മാനസ്സിനെ ആരു കാണുന്നു. അവന്‍ അവര്‍ക്ക് മൃഗമായിരുന്നു. രണ്ടു കാലില്‍ നടക്കുന്ന മൃഗം. മുഴുവന്‍ പ്ലന്റേഷന്‍ ഉടമകളുടെ മാത്രം മനോഭാവമായിരുന്നില്ല അത്. പ്ലാന്റേഷനുകളിലെ തൊലിവെളിത്തവരൊക്കെ കറുത്തവന്റെമേല്‍ അധികാരത്തിന്റെ ദണ്ഡ് അമര്‍ത്തി.

ഇതുവരെ പറഞ്ഞുവന്ന കഥയുടെ ധാരമുറിഞ്ഞതുപോലെ, അല്ലെങ്കില്‍ എന്തൊക്കയോ പറയാന്‍ വിട്ടുപോയവനെപ്പോലെ അങ്കിള്‍ ടോം സാമിനെ നോക്കി. ഓര്‍മ്മയുടെ പിടിവള്ളി എവിടെയോ മുറിഞ്ഞതുപോലെയോ, ഓര്‍മ്മകളെ കാലക്രമത്തില്‍ കൂട്ടിയിണക്കാന്‍ കഴിയുന്നില്ലല്ലോ എന്ന ശങ്കയാലോ, വിദൂരതകളിലെവിടെയോ നോക്കിയിരിക്കുന്ന അങ്കിള്‍ ടോമിനോടായി സാം ചോദിച്ചു: നിങ്ങള്‍ ജീവിച്ച കാലത്തിന്റെ കഥകളും ഇങ്ങനെയൊക്കെത്തന്നെ ആയിരുന്നുവോ...?

സാം, ഈ കഥയില്‍ നിങ്ങളും ഞങ്ങളും ഇല്ല. കാലവും ഇല്ല. എല്ലാ അടിമകളുടേയും കഥയും, കാലവും ഒരുപോലെയായിരുന്നു. പിന്നെ ഞാന്‍ ജീവിച്ചിരുന്നൊ എന്നു തന്നെ എനിക്കറിയില്ല. അസ്ഥിത്വം നഷ്ടപ്പെട്ടവന്‍ എന്താണടയാളപ്പെടുത്തേണ്ടത്. സ്വന്തമായി ഒരു പേരുപോലും ഇല്ലാത്തവരുടെ കഥ പറയാന്‍ ശ്രമിക്കുന്ന എന്നെ ഒരു വിഡ്ഡിയായി നീ കാണരുത്. ഒരടിമക്കും ആത്മാവില്ലായിരുന്നു. അല്ലെങ്കില്‍ അവന്റെ നൊമ്പരങ്ങള്‍ക്ക് വിലയില്ലായിരുന്നു. വെറും ശരീരമായ അവനു വേദനകള്‍ ഉണ്ടായിരുന്നുവോ. പക്ഷേ അവന്റെ ഉള്ളിലെ പുകയുന്ന നെരിപ്പോടിനെ കാണാന്‍ ഉടമക്ക് കഴിയുമായിരുന്നില്ല.സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പുകച്ചില്‍. അതാണവരില്‍ വിമതന്മാരെ ജനിപ്പിച്ചത്. അങ്ങനെയുള്ളവരുടെ പോരാട്ടങ്ങളെ വിമോചന സമരമെന്നാരും വിളിച്ചില്ല. പകരം മെരുക്കമില്ലാത്ത പോത്തുകള്‍ എന്നവര്‍ എഴുതി. പക്ഷേ പോരാട്ട വീര്യമുള്ള വിമതര്‍ എന്നും ഉണ്ടായിരുന്നു.

ആദ്യത്തെ രക്തസാക്ഷി ആരാണ്. അവരെ രക്തസാക്ഷികള്‍ എന്നു വിളിക്കാമൊ..? അങ്ങനെ വിളിക്കാനാണു ഞാന്‍ ആഗ്രഹിക്കുന്നത്. അല്ലെങ്കില്‍ ഞാനവരെ അങ്ങനെ വിളിക്കു. ഗ്രെഗറിയെ കഴുവേറ്റിയ കഥ ഞാന്‍ പറഞ്ഞു എന്നാ എനിക്കു തോന്നുന്നത്. മറ്റൊരു പ്ലാന്റേഷനിലേക്ക് വിറ്റുപോയ റോസിയെക്കുറിച്ചധികം അറിയില്ല. ഒറ്റമുലച്ചിയായി, വെന്തനാഭിയില്‍ നിന്നും അവള്‍ക്കു ജനിച്ച പെണ്‍കുഞ്ഞ് എന്തെല്ലാം സഹനങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാകും. എന്തുകൊണ്ട് മതങ്ങള്‍ റോസിയെ സഹനങ്ങളുടെ മാതാവായി വാഴ്ത്തിയില്ല. അവള്‍ കറുത്തവള്‍ ആയിരുന്നു. അടിമയായിരുന്നു. അവള്‍ക്ക് വേദനകള്‍ ഇല്ലല്ലോ... അവള്‍ക്ക് ആരെയെങ്കിലും അനുഗ്രഹിക്കാന്‍ കഴിയുമോ...? പക്ഷേ അവള്‍ക്ക് സംഹാരദേവതയെന്ന പേരു കൊടുക്കാമല്ലൊ? അല്ലെങ്കില്‍ ആഫ്രിക്കയിലെ മലദേവതയോ, നിങ്ങളുടെ നാട്ടിലെ കാളിമാതാവോ ഒക്കെ ആകാമല്ലോ.. അവളില്‍ സംഹാരത്തിന്റെ ദേവതയുണ്ടായിരുന്നു. അതവളുടെ കുലത്തിനവള്‍ കൈമാറിയിട്ടുണ്ടാകും. ലെമാര്‍ അവളുടെ പൈതൃകത്തിലെ കണ്ണിയാണന്നു പറയാം. അന്നവള്‍ ജോര്‍ജ്ജിയായില്‍ പെറ്റകണ്ണി പല പ്ലാന്റേഷനുകളിലൂടെ തലമുറയെ വളര്‍ത്തി ഒരു തൈ വീണ്ടും ക്യുന്‍സിയില്‍ എത്തി എന്നാണു ഞാന്‍ കരുതുന്നത്. ആ കണ്ണികളെ അങ്ങനെ കൂട്ടിമുട്ടിക്കുന്നതില്‍ തെറ്റില്ല. പലപ്പോഴായി ലെമാറിന്റെ അമ്മ അവളുടെ ചെറുപ്പത്തില്‍, പങ്കുവെച്ച കഥകളില്‍, യജമാനനനെ കയറില്‍ കുരുക്കി മരക്കൊപ്പില്‍ കെട്ടിത്തൂക്കിയവന്റെ പാരമ്പര്യ ചരിതം ഉണ്ടായിരുന്നു. ലെമാറിലും, അവന്റെ ജേഷ്ടനിലും, അനുജനിലും ഒക്കെ ആ കീഴടങ്ങാത്തവന്റെ മനസുണ്ടായിരുന്നു.

അവര്‍ മാത്രമല്ല ഒട്ടുമിക്ക അടിമകളും, വംശത്തിന്റെ പാരമ്പ്യവീര്യങ്ങളെയും ഉള്ളില്‍ വഹിച്ച്, അനുകൂലസാഹചര്യങ്ങളിലേക്ക് കണ്ണുംനട്ടിരിക്കുന്നവരായിരുന്നു. ഗ്രെഗറി എന്നും അവരുടെ ഓര്‍മ്മകളിലെ വീരനായകനും, അമേരിക്കയിലെ അടിമവംശത്തിന്റെ ആദ്യ ചാവേറും ആയിരുന്നു. അതിനു മുമ്പ് ഏതെങ്കിലും ഒരടിമ സ്വന്തം ഇണക്കുവേണ്ടി, ഉടമയെ തൂക്കികൊന്നിട്ടുണ്ടോ എന്നറിയില്ല. അങ്ങനെ ഒന്നു പറഞ്ഞു കേട്ടിട്ടില്ല. റോസി അടിയില്‍ എരിയുന്ന തീയിലും, ഒരു തുള്ളി കണ്ണീരില്ലാതെ, ഒന്നു വാവിട്ടു നിലവിളിക്കാതെ, ഗ്രെഗറിയുടെ അഭിമാനത്തിന്റെ ആത്മാവിനെ സ്വയം ഏറ്റെടുത്തവളായി, അവള്‍ പ്രസവിച്ച കുഞ്ഞിനോട് ആരും അറിയാതെ ആ കഥകള്‍ പറഞ്ഞു.ആ കഥകള്‍ തലമുറ, തലമുറയായി അവര്‍ പറയുന്നു. അങ്ങനെ ലെമാറിന്റെ അമ്മ പറഞ്ഞ കഥകളിലൂടെയാണു ഞാനിതൊക്കെ കേട്ടത്. എനിക്ക് ആ കുടുംബവുമായി എന്തായിരുന്നു ബന്ധം എന്നു വേണമെങ്കില്‍ നിങ്ങള്‍ക്കു ചോദിക്കാം. ഒരടിമയുടെ ബന്ധങ്ങള്‍ക്കെത്തു വില!ലെമാറിന്റെ അമ്മയെ എനിക്കിഷ്ടമായിരുന്നു. അതില്‍ കൂടുതല്‍ ഒന്നും പറയാനില്ല.

എന്റെ ഓര്‍മ്മകള്‍ ഉറയ്ക്കുന്ന പ്രായത്തില്‍, ക്യുന്‍സി പ്ലന്റേഷന്‍ അതിന്റെ മൂന്നോ നാലോ തലമുറകളിലേക്ക് പടര്‍ന്ന് നേര്‍ത്തു നേര്‍ത്തു വരുന്ന ഒരു കാലമായിരുന്നു. അതിനു മുമ്പുള്ള കൊടും ക്രൂരതയുടെ കഥകളൊക്കെ പറഞ്ഞറിവുകളാണ്.ആദ്യകാലങ്ങളില്‍ ഒളിച്ചോടാന്‍ ശ്രമിച്ച്, പിടിക്കപ്പെട്ട,ഡേവിഡ്, ഗ്രെഗറിയെപ്പോലെതന്നെ അടിമകളുടെ വീരനായകനാണ്. അവന്റെ ചെറുത്തു നില്‍പും പോരാട്ടങ്ങളും അവനെ കഴുകു മരത്തോളം എത്തിച്ചു. എന്നു കഥകളില്‍ പറയുന്നു.

റോച്ചും, മാര്‍ട്ടിനും ഒരൊളിച്ചോട്ടത്തിന്റെ രക്തസാക്ഷിയായി കുറെക്കാലം ജീവിച്ച്, ചരിത്രത്തില്‍ ഇടം നേടാതെ മരിച്ചിട്ടുണ്ടാകും. പീറ്റര്‍ കണ്ട സൈമനോ? അതന്നത്തെ ഒളിച്ചോട്ടക്കാരനായ സൈമന്‍ തന്നെയോ...? ഒരേ പേരുകാരനായ മറ്റൊരൊളിച്ചോട്ടക്കാരന്‍ ആയിക്കുടെ. ചരിത്രത്തില്‍ എന്നും ഒളിച്ചോട്ടക്കാര്‍ ഉണ്ടായിരുന്നു. ചിലപ്പോള്‍ സൈമന്‍ കാലങ്ങളെ അതിജീവിച്ച് കഥപറയാനായി ജീവിച്ചവനാകാം. എന്തായാലും പീറ്റര്‍ സ്വാതന്ത്ര്യം കൊതിച്ചതിന്റെ പേരില്‍ കാലുമുറിച്ചു മാറ്റിയ സൈമനെ കണ്ടു. തന്റെ പിതാവും ഇത്തരം കഥകള്‍ പറയുന്നതു പീറ്റര്‍ കേട്ടുട്ടുണ്ട്. ചിലപ്പോള്‍, പേരില്ലാത്ത ഒരു നീഗ്രോയെ സൈമന്‍ എന്നു വിളിച്ചതും ആകാം. കാലഗണന ഒത്തുവരാനായി ചരിത്രത്തില്‍ ഇത്തരം ചില തിരിമറികള്‍ വേണ്ടിവരുമല്ലോ.. പീറ്റര്‍ താന്‍ ക്യുന്‍സി തോട്ടത്തിലെ രണ്ടാം തലമുറക്കാരന്‍ എന്നായിരുന്നു പറയുന്നത്. ശരിക്കും മൂന്നാം തലമുറയാണ്. പീറ്ററിന്റെ അപ്പന്റെ അപ്പന്‍ ക്യുന്‍സിക്കൊപ്പം വന്ന കപ്പലിലെ പരിചാരകനായിരുന്നുവെങ്കിലും, പ്ലന്റേഷനിലെ സ്ഥിരം പണിക്കാരനായിരുന്നില്ല. കടവിലെ ഒരു കടത്തു തോണിക്കാരനായി, അത്യാവശ്യ കരാര്‍പ്പണികളുമായി കാലം കഴിച്ച ആളാണ്. മുത്തച്ഛനില്‍നിന്നും പീറ്റര്‍ ക്യുന്‍സി തോട്ടത്തിലെ കുറെ കഥകള്‍ കേട്ടിട്ടുണ്ട്.

ക്യുന്‍സി തോട്ടത്തിലെ മറ്റൊരു വലിയ ഒളിച്ചോട്ടം പീറ്ററിന്റെ ഒത്താശയിലായിരുന്നു. പീറ്റര്‍ മെരിലാന്റിലേക്ക് താമസം മാറിയപ്പോള്‍, മനസ്സു നിറയെ അടിമകളുടെ വിമോചനമായിരുന്നു. അന്ന് അബോളിഷ്‌മെന്റ് മൂവ്‌മെന്റ് ചിലയിടങ്ങളിലൊക്കെ ഒളിവിലും മറവിലുമായി ഇവാജ്ഞലിക്കല്‍ ചര്‍ച്ചുകളിലെ കരുണയുള്ള പാസ്റ്റര്‍മാരുടെ കര്‍മ്മമായി മാറി. അവര്‍ വാക്കില്‍ മാത്രമല്ല, പ്രവര്‍ത്തിയിലും ക്രിസ്തുവിനെ ഉള്‍ക്കൊള്ളുന്നവരായിരുന്നു. ആയിരത്തി എഴുനൂറുകള്‍ മുതല്‍ ലോകത്തുള്ള എല്ലാ അടിമകള്‍ക്കുവെണ്ടിയും നോവുന്ന മനസ്സുമായി ചിലരെല്ലാം മുന്നോട്ടു വരുന്നുണ്ടായിരുന്നു. എല്ലാം മനുഷ്യരും തുല്ല്യനീതിക്കര്‍ഹരെന്നവര്‍ ഉല്‌ഘോഷിച്ചു. ആ വചനങ്ങള്‍ മെല്ലെ പലയിടങ്ങളിലും വേരുറപ്പിക്കാന്‍ തുടങ്ങി. അതിന്റെ ഫലമായിരിക്കാം ബ്രിട്ടനിലും മറ്റും അടിമത്വം നിയമപരമായി നിരോധിച്ചത്. ന്യൂയോര്‍ക്കിലും, മറ്റു ചിലയിടങ്ങളിലും അടിമകളുടെ കലാപം ഉടമകളെ തെല്ലു ഭയപ്പെടുത്താതിരുന്നില്ല. അക്കാലത്തെക്കാള്‍ പീറ്ററിന്റെ കാലമായപ്പോഴേക്കും ചര്‍ച്ചുകളുടെ എണ്ണം കൂടുകയും, വിമോചനപ്രസ്ഥാനത്തോട് അനുഭാവമുള്ള പാസ്റ്റര്‍മാര്‍ രക്ഷപെടാന്‍ താല്പര്യമുള്ളവര്‍ക്ക് രഹസ്യമായ ഒത്താശകള്‍ ചെയ്തു കൊടുക്കയും ചെയ്തിരുന്നു.

പീറ്റര്‍ മെരിലാന്റിലേക്കു താമസം മാറുമ്പോള്‍ ഇസ്ബല്ലയുടെ മകന്‍ ബെഞ്ചമനെ വിലയ്ക്കുവാങ്ങി, അവനു സ്വാതന്ത്ര്യത്തിന്റെ വെളിച്ചം കാണിച്ചു. അന്ന് ബെഞ്ചമനതിന്റെ വില അറിയാമായിരുന്നോ എന്തോ. പക്ഷേ ഇസ്‌ബെല്ലക്ക് അതു നന്നായി അറിയാമായിരുന്നു. അവള്‍ പീറ്റര്‍ എന്ന രക്ഷകന്റെ കാലില്‍ മുത്തി. അവന്റെ കാലിലെ പൊടി നക്കിത്തുടച്ചു. പീറ്റര്‍ ആകെ പ്രകമ്പിതാനായി അവളെ പിടിച്ചെഴുനേല്‍പിച്ച്, തന്നിലേക്കവളെ ചേര്‍ത്തു. ഒരടിമയോടങ്ങനെ ചെയ്യാമോ എന്ന് പീറ്റര്‍ അപ്പോള്‍ ചിന്തിച്ചില്ല. പിന്നീടാസ്മരണകള്‍ ഉണരുമ്പോഴൊക്കെ, എലീസയോടു ചോദിക്കും. ഞാന്‍ ചെയ്തതു ശരിയോ.... ? അപ്പോള്‍ എലീസ നിറഞ്ഞ ചിരിയോടു പറയും, അതില്‍ ശരിയല്ലാതെ മറ്റെന്താണുള്ളത്. നിങ്ങളുടെ ഹൃദയം അപ്പോള്‍ ദൈവത്തിന്റെ കൈകളില്‍ ആയിരുന്നു എന്നെനിക്കു തീര്‍ച്ചയാണ്. പീറ്റര്‍ എലീസയെ ആഴത്തില്‍ ചുംബിക്കും.

എന്നാലും പീറ്ററിന്റെ ഹൃദയത്തില്‍ ഒരു കുറ്റബോധമായി ഇസ്‌ബെല്ലാ ഉണ്ടായിരുന്നു. അവളുടെ രക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധം. അല്ലെങ്കില്‍ വളുടെ മരണത്തിനു താനും കാരണമായല്ലോ എന്ന ചിന്ത. തെക്കുഭാഗത്തെ മലയും പാറക്കെട്ടുകളും അവള്‍ക്കും, മറ്റു രണ്ടുപേര്‍ക്കും ഒളിച്ചോട്ടത്തിനുള്ള വഴിതുറക്കും എന്നും, വഴിയരുകില്‍ അവര്‍ക്കുവേണ്ടി കാക്കാം എന്നും ഉറപ്പുകൊടുത്തായിരുന്നു പക്ഷേ അവര്‍ പിടിക്കപ്പെട്ടു. 'നയന്‍ ക്യാറ്റ് ടെയില്‍ വിപ്പ്' എന്ന അധിക്രൂരമായ ചാട്ടകൊണ്ട് നൂറടികള്‍ ഏറ്റിട്ടും അവര്‍ മരിച്ചില്ല. പ്രത്യേക തരം ചണവും, തോലും ചേര്‍ത്തു പിന്നുന്ന ചാട്ടയില്‍ ഇടയ്ക്കിടക്ക് കുപ്പിച്ചില്ലുകളും, ആണിയും തിരികിവെയ്ക്കും, അറ്റത്ത് ചെറിയ ഈയ്യക്കട്ട കെട്ടും. വേദനയാലും, മുറിവിനാലും, നൂറടി താങ്ങുന്നവര്‍ അധികം ഉണ്ടാകില്ല. പക്ഷേ അവരുടെ മനസില്‍ രക്ഷപെടലിന്റെ കാഹളം മുഴുങ്ങിയിരുന്നതിനാല്‍ അവര്‍ വേദനയും, നീറ്റലും അറിഞ്ഞില്ല. അടുത്ത ഒരവസരത്തെ സ്വപ്നം കണ്ടവര്‍ ചിരിച്ചതെയുള്ളു. ഇസ്‌ബെല്ല മറ്റൊരവസരത്തിനായി കാക്കാന്‍ ക്ഷമയില്ലാതെ സ്വയം മോചിതയായി. പീറ്റര്‍ ഏറെ ദുഃഖിതനായിരുന്നു. ഒരടിമയ്ക്കുവേണ്ടി അടിമയല്ലാത്ത ഒരുവന്‍ വിചാരപ്പെട്ടതെന്തിന്. മനുഷ്യമനസ്സ് സങ്കീര്‍ണ്ണമാണ്. അതു നിര്‍വചനങ്ങളിലോ, നിഗമനങ്ങളിലോ ഒതുങ്ങുന്നതല്ല.

പീറ്റര്‍ വീണ്ടും വന്നു ക്യുന്‍സി തോട്ടത്തില്‍ മാത്രമല്ല, സമീപമുള്ള പലതോട്ടങ്ങളിലും പരിചയക്കാര്‍ മുഖേന മോചനത്തിന്റെ പാതകള്‍ ഒരുക്കി. ചര്‍ച്ചിലെ പാസ്റ്റര്‍മാര്‍ മറയായിരുന്നു. ഒരു ഇവാജ്ഞലിക്കല്‍ പാസ്റ്റര്‍ എന്ന് പേരില്‍ ഒരോ സ്ലേവ് ക്യാബിനുകളിലും മോചനത്തിന്റെ സുവിശേഷം രഹസ്യമായി എത്തിച്ചു. ഒരോ ചുവടും വളരെ ശ്രദ്ധയോട് ചെയ്യേണ്ടിയിരുന്നു. ഒറ്റുകാര്‍ വെളുത്തവര്‍ മാത്രമായിരുന്നില്ല. ഞങ്ങളുടെ ഇടയിലും, യജമാനന്റെ പ്രീതിക്കുവേണ്ടി അവര്‍ തങ്ങളെത്തന്നെ ഒറ്റി. ഇസ്‌ബെല്ലയുടേയും കൂട്ടരുടെയും ഒളിച്ചോട്ടത്തില്‍ അതാണു സംഭവിച്ചത്.

നല്ലപുസ്തകത്തിലെ വചങ്ങള്‍ പറയുന്നതിനിടയില്‍, ഒളിച്ചോട്ടത്തിന്റെ വഴികളും പറയാന്‍ മറന്നില്ല. ക്യുന്‍സി തോട്ടത്തില്‍ പീറ്ററിനെ തിരിച്ചറിയും എന്ന വിചാരത്തില്‍ പാസ്റ്ററെയാണു കാര്യങ്ങള്‍ ചുമതലപ്പെടുത്തിയത്. ഒരോരുത്തരം അവരവരുടെ ഒളിച്ചോട്ടം രഹസ്യമാക്കി.ഒരേ സമയത്ത് രണ്ടോ മൂന്നോ പേരില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ല എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. പിടിക്കപ്പെട്ടാല്‍ മരണം ഉറപ്പായിരുന്നു. മാത്രമല്ല ഒളിക്കാനും അതായിരുന്നു കൂടുതല്‍ സുരക്ഷിതം. അന്ന് അങ്ങിങ്ങായി അബോളിഷ് മൂവ്‌മെന്റുകള്‍ നടക്കുന്നുണ്ടായിരുന്നു എങ്കിലും, അണ്ടര്‍ഗ്രൗണ്ട് റെയില്‍റോഡ് പ്രചാരത്തില്‍ വന്നിരുന്നില്ല. ആയിരത്തി എണ്ണൂറ്റീ ഇരുപത്തേഴിലാണ് (1827) ബാള്‍ട്ടിമോര്‍, ഒഹായോ റെയില്‍ റോഡ് നിലവില്‍ വരുന്നത്. പിന്നീടാണ് അബോളിഷ്ണിസ്റ്റുകള്‍ അണ്ടര്‍ഗ്രൗണ്ട് റെയില്‍ റോഡ്, വിമോചനത്തിന്റെ രഹസ്യനാമം ആയി അടയാളപ്പെടുത്തിയത്.

എന്താണ് അണ്ടര്‍ഗ്രൗണ്ട് റെയില്‍ റോഡ് എന്നു ചോദിച്ചാല്‍, സാധാരണ റെയില്‍വേ മാതിരി, അതിനൊരു സ്റ്റേഷനും, സ്റ്റേഷന്‍ മാസ്റ്ററും ഉണ്ടാകും. പിന്നെ ട്രെയിനില്‍ ഒരു കണ്ടക്ടറും. കണ്ടക്ടറുടെ ചുമതലയാണ് ഒരോ ഒളിച്ചോട്ടക്കാരുടെയും സുരക്ഷ. ഒരോ സ്റ്റേഷന്‍ മാസ്റ്ററും അവര്‍ക്ക് ഒളിത്താവളും ഒരുക്കണം. കാടും, മലയും, പുഴയും കടന്നുപോകുന്ന ട്രെയിനിന്റെ യാത്രപോലെയാണ് ഒരോ ഒളിച്ചോട്ടക്കാരന്റേയും യാത്ര എന്ന ഭാവനയുടെ ഉല്പന്നമായിരുന്നു അണ്ടര്‍ ഗ്രൗണ്ട് റെയില്‍ റോഡ്. ഒളിച്ചോട്ടക്കാരുടെ ഒളിയിടങ്ങള്‍ സ്റ്റേഷനുകളും, വഴിയൊരുക്കുന്നവര്‍ കണ്ടക്ടറും. . പീറ്ററിന്റെ കാലത്ത് സഹായിക്കാന്‍ അധികം ആളുകള്‍ ഇല്ലായിരുന്നു. സഹായിക്കണമെന്ന് ഉള്ളില്‍ വെളിച്ചം കിട്ടിയവര്‍ക്കും ഭയമായിരുന്നു. പിടിക്കപ്പെട്ടാല്‍ അവരുടെ ജീവിതത്തിലും ദുരിതങ്ങളെ വിളിച്ചു വരുത്തുകയായിരിക്കും. മുതലാളിമാരുടെ ഗുണ്ടകള്‍ വേട്ടപ്പട്ടികളെക്കാള്‍ മൃഗിയരായിരുന്നു.

പീറ്റര്‍ ഇത്തരം ഭയങ്ങള്‍ക്ക് അപ്പുറത്തായിരുന്നു. അരയിലെ തോക്കും, കൈയ്യിലെ ചാട്ടവാറും അയാള്‍ ഉപേക്ഷിച്ചു. പകരം നല്ല പുസ്തകത്തിലെ വചനങ്ങളെ ഉള്ളില്‍ കരുതി. ഒരോ അടിമയുടെയും മോചനം സ്വപ്നം കണ്ടു.പക്ഷേ സ്വപ്നം മാതിരി അതത്ര എളുപ്പമായിരുന്നില്ല. ഇസ്ബല്ലയുടെ മരണത്തിനിടയാക്കിയപോലെയുള്ള പിഴവുകള്‍ പറ്റാന്‍ പാടില്ല. പഴുതുകള്‍ അടച്ചുള്ള യാത്രാ വഴികള്‍ ഒരുക്കേണ്ടിയിരുന്നു. വെര്‍ജീനിയയില്‍ നിന്നും മെരിലാന്റിലേക്കുള്ള പലകുറുക്കുവഴികളും, പ്രധാനപാതകള്‍ ഒഴിച്ച്, ഒളിച്ചിരിക്കാനുമൂള്ള ഇടങ്ങള്‍ മനസില്‍ കുറിച്ചു.ആദ്യത്തെ രണ്ടുപേര്‍ ക്യുന്‍സി പ്ലന്റേഷനില്‍ നിന്നു തന്നെ പാസ്റ്റര്‍ മുഖാന്തിരം വഴികള്‍ ഒരുക്കി. മുപ്പതിനും, നല്പതിനും ഇടയില്‍ പ്രായമുള്ളവര്‍ തങ്ങളുടെ മോചനത്തിനെന്തു വിലയും കൊടുക്കാന്‍ തയ്യാറയിരുന്നു. പീറ്ററിനവരെ നേരത്തെ പരുചയം ഉണ്ടായിരുന്നതിനാല്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നു. പീറ്ററിന്റെ ചാട്ടയുടെ പ്രഹരത്താല്‍ പുളഞ്ഞിട്ടുള്ളവര്‍ക്ക് പാസ്റ്ററുടെ വാക്കുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, പാസ്റ്ററുടെ വാക്കുകളിലെ ഉറപ്പവരെ, തെക്കേ മലയുടെ പാറക്കെട്ടുകളുടെ മറവില്‍ എത്തിച്ചു. പീറ്റര്‍ അവിടെ അവര്‍ക്കായി കാക്കുന്നുണ്ടായിരുന്നു. ഒരു കൊതുമ്പുവള്ളം അവര്‍ കടവില്‍ നിന്നും മോഷ്ടിച്ചു. നദിയിലൂടെ അവര്‍ മറ്റൊന്നും ചിന്തിക്കാതെ കൊതുമ്പുവള്ളം തുഴഞ്ഞ് രക്ഷയുടെ മുനമ്പു തേടി. നേരം വെളുക്കുന്നതിനു മുമ്പായി അവര്‍ കൊതുമ്പുവള്ളം ഉപേക്ഷിച്ച്, കാടുകളെ ശരണം വെച്ചു. കാടുകളില്‍ എത്തിയപ്പോള്‍ ഒളിച്ചോട്ടക്കാരുടെ കണ്ണുകളില്‍ പ്രകാശം... കാട്ടില്‍ അവര്‍ സ്വന്തം ഭവനത്തില്‍ എത്തിയവരെപ്പോലെയായിരുന്നു. കാട് അവരുടെ ജീവിതത്തോട് അത്രമാത്രം ഇഴുകിച്ചേര്‍ന്നിരുന്നു.

അപകടമേഘല കഴിയുന്നതുവരേയും പീറ്ററിന്റെ ഉള്ളില്‍ ഒരു കാളലായിരുന്നു. കാട്ടിലെ അരുവിയോടു ചേര്‍ന്ന പൊറ്റക്കാടുകളില്‍ ഒളിച്ചും, കൈയ്യില്‍ കിട്ടിയ കിഴങ്ങുവര്‍ഗ്ഗങ്ങള്‍ തിന്നും അവര്‍ രണ്ടു ദിവസം ഒളിഞ്ഞും പാത്തും മുന്നോട്ടു നീങ്ങി. സ്ലേവ് ഹണ്ടേഴ്‌സിനെ കാണാന്‍ വഴിയുണ്ടെന്ന മുന്നറീപ്പ് വെറുതെയായില്ല. രണ്ടാമത്തെ ദിവസം അവര്‍ ദൂരെ കുതിരക്കുളമ്പിന്റെ ശബ്ദം കേട്ടു. അടുത്തു കണ്ട ഒരു വലിയ മരത്തിന്റെ മറവിലേക്കവര്‍ നുഴഞ്ഞുകയറി, കരീലകള്‍ കൊണ്ടു സ്വയം മൂടി. കുതിരക്കുളമ്പടി അകന്നു പോകുന്നതുവരേയും അവര്‍ അങ്ങനെ തന്നെ കിടന്നു. നാലാം ദിവസം ആയപ്പോഴേക്കും അവര്‍ക്ക് അവരുടെ യാത്രയെക്കുറിച്ച് കുറെക്കൂടി ഉറപ്പും ഉത്സാഹവും കൂടി. മോചനത്തിന്റെ വഴികള്‍ പരന്നു കിടക്കുന്ന കായലിനക്കരെ അവര്‍ കണ്ടു. അവര്‍ തീരത്തുകൂടി മൂന്നു രാവും മൂന്നു പകലും നടന്നു. അക്കരെ എത്താനുള്ള ഒരു തുരുത്ത് കായലില്‍ പൊങ്ങിവരുമെന്നവര്‍ പ്രത്യാശിച്ചു. നല്ലപുസ്തകത്തിലെ വചനങ്ങള്‍ പീറ്റര്‍ ഇടക്കിടക്ക് പറഞ്ഞ് കൂടെയുള്ളവരെ ബലപ്പെടുത്തി. അവരുടെ മുന്നില്‍ അപാരമായ ആഴങ്ങളുള്ള വെള്ളമായിരുന്നു.

നിലാവുള്ള രാത്രിയില്‍ കണ്ണുമഞ്ഞളിച്ച വലിയ മീനുകള്‍ നിലാവിനെ വിഴുങ്ങാനെന്നവണ്ണം വെള്ളത്തിനു മുകളീലേക്കു ചാടി, ലക്ഷ്യംതെറ്റിയവരെപ്പോലെ കായല്‍കരയിലേക്കു വീണുകൊണ്ടിരുന്നു. പീറ്ററിനൊപ്പമുള്ളവര്‍ ആവശ്യത്തിനു മീനുകളെ എടുത്ത്, കനലുണ്ടാക്കി ചുട്ടു. അവര്‍ ദൈവനാമത്തെ വാഴ്ത്തി ഉറങ്ങി. രാവിലെ വീണ്ടും നടന്നു. അധികം വൈകാതെ അവര്‍ ഒരു കടത്തില്‍ എത്തി. അവിടെ ഒരു ചെങ്ങാടവും കടത്തുകാരനും അവര്‍ക്കുവേണ്ടി എന്നപോലെ കാത്തുകിടപ്പുണ്ടായിരുന്നു. കടത്തുകാരന്‍ എന്തെങ്കിലും ചോദിച്ചാല്‍, താന്‍ ഒരടിമ വ്യാപാരിയാണെന്നും ഈ രണ്ടുപേരേയും വിലയ്ക്കുവാങ്ങി ഒഹായോയിലെ ചന്തയിലേക്കു പോകുന്നു എന്ന ഒരു മറുപടി സ്വയം കരുതി.

കടത്തുകാരന്‍ അവര്‍ക്കു നേരെ ചിരിച്ചു. പീറ്ററിനെക്കാള്‍ ആശങ്കലിലായിരുന്നു മോചനം കൊതിച്ചിറങ്ങിത്തിരിച്ചവര്‍. അവര്‍ സ്വന്തം കാല്‍ച്ചുവട്ടിലേക്കു തന്നെ നോക്കി ചെങ്ങാടത്തിന്റെ ഓരം ചേര്‍ന്നു നിന്നു. പീറ്റര്‍ ഒരു വ്യാപാരിയുടെ മട്ടിലും ഭാവത്തിലും കടത്തുകാരനോട് വെറുതെ എന്തൊക്കയോ പറയുന്നു. അടിമകളുടെ വിലക്കുറവിനെക്കുറിച്ചാണേറയുംപറഞ്ഞത്. കുറെ ഏറെനേരം കഴിഞ്ഞപ്പോള്‍ കടത്തുകാരന്‍ പീറ്ററിനോട് പുഞ്ചിരിച്ചു ചോദിച്ചു; പീറ്റര്‍ എന്നല്ലെ പേര്. പീറ്റര്‍ പിടിക്കപ്പെട്ടവനെപ്പോലെ ഒന്നു പരുങ്ങി.പേടിക്കേണ്ട ഞാന്‍ ഒറ്റുകാരനല്ല. നിങ്ങള്‍ക്കൊപ്പം രക്ഷയുടെ വഴികള്‍ തേടുന്നവന്‍. വെര്‍ജീനിയയിലെ പാസ്റ്റര്‍ എന്റെ സഹോദരനാണ്. കഴിഞ്ഞ ദിവസം ഞങ്ങള്‍ തമ്മില്‍ കണ്ടിരുന്നു. എനിക്കെല്ലാം അറിയാം. പീറ്റര്‍ ദീര്‍ഘാമായി ഒന്നു നിശ്വസിച്ച്, മറ്റവരെനോക്കി ദൈവത്തിനു നന്ദിപറഞ്ഞു. കടത്തുകാരന്‍ അവര്‍ക്ക് വഴിയാഹാരങ്ങള്‍ കൊടുത്തു. പിടിക്കാപ്പെടാത്ത ഊടുവഴികള്‍ ചൂണ്ടിക്കാട്ടി, അവരെ ചുംബിച്ചു യാത്രയാക്കി. ഒരടിമ ആദ്യമായി സ്‌നേഹ ചുംബനത്തിന്റെ ആഴവും പരപ്പും അറിഞ്ഞു.

അടുത്ത മൂന്നു ദിവസത്തെ യാത്രയില്‍ അവര്‍ പീറ്ററിന്റെ ഭവനത്തില്‍ എത്തി. എലീസ അവരെ സ്വീകരിച്ചു. എലീസ സ്റ്റേഷന്‍ മാസ്റ്ററായി, പീറ്റര്‍ കണ്ടക്ടറും. സ്വാതന്ത്ര്യത്തിന്റെ പുത്തന്‍ വെളിച്ചത്തിലേക്കിറങ്ങിയവര്‍ തികച്ചും സുരക്ഷിതര്‍ ആയിരുന്നുവോ. എപ്പോള്‍ വേണമെങ്കിലും ഒരു സ്ലെവ് ഹണ്ടര്‍ക്ക് അവരെ പിടിച്ച് ഒരു മജിസ്‌ട്രേറ്റിന്റെ മുന്നില്‍ കൊണ്ടുപോയി, വീണ്ടും അടിമയാക്കാം. ഒരിക്കലും ഒരു അടിമയുടെ വാക്കുകള്‍ക്ക് വിലയില്ലായിരുന്നു. പീറ്റവര്‍ അവരുടെ മുന്നില്‍ രണ്ടു നിര്‍ദ്ദേശങ്ങള്‍ വെച്ചു. ഒന്നുകില്‍ പെന്‍സല്‍വേനിയ വഴി ന്യൂയോര്‍ക്കിനു പോകാം. അല്ലെങ്കില്‍ ഒഹായോവഴി കാനഡയ്ക്കു പോകാം. രണ്ടിടത്തും അടിമക്കച്ചവടം നിരോധിച്ചിട്ടുണ്ട്. അവര്‍ തീര്‍ച്ചയായും ന്യൂയോര്‍ക്കിലേക്കായിരിക്കും പോയിട്ടുണ്ടാകുക.

പീറ്റര്‍ വീണ്ടും മൂന്നു നാലു വിമോചനയാത്രകള്‍ നടത്തി. ഏറ്റവും ഒടുവിലേത് ഒരു അപ്പനും അമ്മയും, കുഞ്ഞും അടങ്ങുന്ന കുടുംബമായിരുന്നു. യാത്ര ഏതാണ്ട് നാലാം ദിവസം ആയപ്പോഴേക്കും സ്ലേവ് ഹണ്ടേഴ്‌സിന്റെ കയ്യില്‍ എത്തിപ്പെട്ടു. മോചനം കൊതിച്ചിറങ്ങിയവരുടെ വധിയില്‍ ആരും കരഞ്ഞില്ല. കറുത്തവളെ അവര്‍ ബലാല്‍സംഘം ചെയ്തും,. ഒരു ചീറ്റപ്പുലിയെപ്പോലെ ആഞ്ഞടുത്ത കറുത്തവനെ വെടിവെച്ചും കൊന്നു. കുഞ്ഞിനു കിട്ടാവുന്ന വിലയോര്‍ത്താകാം അവര്‍ക്കൊപ്പം കെണ്ടുപോയി. ചെറുത്ത പീറ്ററിനന്നു തലക്കേറ്റ അടിയുടെ പരുക്കില്‍ നിന്നും ഒരിക്കലും മുക്തിനേടാന്‍ കഴിഞ്ഞില്ല. കുറെക്കാലത്തെ കിടപ്പിനൊടുവില്‍ പീറ്റര്‍ മരിച്ചു. എലീസ പിന്നേയും സ്റ്റേഷന്‍ മാസ്റ്ററായി തുടര്‍ന്നു. പീറ്ററിന്റെ മകന്‍ ജോണ്‍ അപ്പോഴേക്കും ഒരു മുതിര്‍ന്ന പുരുഷനായി അപ്പന്റെ വഴികളെ പിന്തുടരാന്‍ തുടങ്ങിയിരുന്നു. തന്റെ അപ്പനെ കൊന്നവരോടുള്ള പ്രതികാരം മനസില്‍ കൊണ്ടു നടന്നു. ബഞ്ചമിന്‍ എഴുത്തും വായനയും പഠിച്ച്, ന്യൂയോര്‍ക്കില്‍ ചെറിയ ജോലിയും, ഉള്ളില്‍ നിറയെതന്റെ ജനതയുടെ മോചനത്തിനായി പ്രവര്‍ത്തിച്ചു.


https://emalayalee.com/writer/119

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക