Image

ഗൃഹാതുരത്വം പേറുന്ന  കരികേച്ചറുകൾ!  (വിജയ് സി. എച്ച് )

Published on 07 April, 2024
ഗൃഹാതുരത്വം പേറുന്ന  കരികേച്ചറുകൾ!  (വിജയ് സി. എച്ച് )
 
കേരളത്തിലെ അതിഥി തൊഴിലാളികളുടെ നൊമ്പരപ്പെടുത്തുന്ന കഥകൾ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഈ കാലഗതിയിൽ, മറ്റൊരു സംസ്ഥാത്ത് കുടുങ്ങിപ്പോയൊരു മലയാളി കുടുംബത്തിൻ്റെ അതിജീവനവും കലാജീവിതവും ഏവർക്കും പ്രചോദനകരമാണ്. ജീവിതവ്യഗ്രതകൾക്കിടയിൽ ഖേദപൂർവ്വം വിസ്മരിക്കേണ്ടിവന്ന ജന്മനായുള്ള ചില അഭിരുചികളെ വീണ്ടുമൊന്നു താലോലിക്കുകയുമാണ് ഒരു കലാകാര൯.
 
പത്തു വർഷം മുമ്പെ ഹോട്ടൽ മാനേജർ ജോലി സ്വീകരിച്ചു കുടുംബസമേതം പൂനയിലേയ്ക്കു വണ്ടി കയറുമ്പോൾ കൂടെ കൊണ്ടുപോയ പെയ്ൻ്റിങ് സാമഗ്രികളുടെ പെട്ടി ഒരു വർഷം മുന്നെയാണ് കെ.കെ ചേന്നംകുളത്ത് എന്ന അപരനാമം സ്വീകരിച്ചിട്ടുള്ള കല്യാൺ കുമാർ (കെകെ) ആദ്യമായി തുറന്നു നോക്കിയത്! ഇതിനകം പല കളർ ട്യൂബുകളും, പോസ്റ്റർ കളറുകളും, ഓയിൽ പെയ്ൻ്റുകളും ഉപയോഗിക്കാൻ കഴിയാത്തവിധം ഉണങ്ങിപ്പോയതു നേരിൽക്കണ്ടപ്പോൾ അയാളുടെ ഉള്ള് തേങ്ങി. അസ്തിത്വം നിലനിർത്താൻ തന്നെ ഏറെ ക്ലേശങ്ങൾ അനുഭവിക്കുന്നവരുടെ ജീവിതത്തിൽ സുകുമാര കലകൾക്കെവിടെ സ്ഥാനം?
നിത്യേനെ 18 മണിക്കൂർവച്ചു ആഴ്ചയിൽ ഏഴു ദിവസം ജോലിയുള്ള കെകെ മാസത്തിലൊരിക്കലാണ് 30 കിമീ ദൂരെ താമസിക്കുന്ന പത്നിയേയും മക്കളേയും ഒരു നോക്കു കാണുന്നത്. അതിനുള്ള സമയം കണ്ടെത്തുന്നതു പോലും സഹപ്രവർത്തകരുമായി പല പുനഃക്രമീകരണങ്ങൾ നടത്തുന്നതിനൊടുവിലുമാണ്.
പൂണെ പട്ടണത്തിൽനിന്നു 40 കിമീ അകലെ, ഔറംഗബാദ് ഹൈവേയോടു ചേർന്നുകിടക്കുന്ന മഹാരാഷ്ട്രാ ഇൻഡസ്ട്രിയൽ ഡവലപ്മെൻ്റ് സോണിലുള്ള ഹോട്ടലിലെ തനിക്കനുവദിച്ച കൊച്ചു മുറിയിൽനിന്ന്, കുടുംബം കഴിയുന്ന മുംബൈ ഹൈവേയിലെ രഞ്ജൻ ഗാവിലെ വസതിയിലേയ്ക്കു മാസത്തിലൊരിക്കൽ സന്ദർശിക്കാനായി കെകെ എടുക്കേണ്ട തയ്യാറെടുപ്പുകൾ വേറെയുമുണ്ട്.
 
ഹ്രസ്വമായ അവധികളിൽ വസതിയിലെത്തുമ്പോൾ കെകെ തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട കേരികേച്ചർ രചനയിൽ മുഴുകും. "ഏറെ മോഹിച്ചു നാട്ടിൽ പോകാൻ ബുക്കുചെയ്ത ട്രെയിൻ ടിക്കറ്റുകൾ പല കുറി കേൻസൽ ചെയ്യേണ്ടിവന്നിട്ടുണ്ട്. വേദന കടിച്ചമർത്തി, കേരളത്തിൽ എത്തിയാൽ നേരിൽ കാണാൻ കൊതിച്ചിരുന്ന ചെങ്ങാതിമാരുടെ പടങ്ങൾ ഇരുന്നു വരയ്ക്കും," കെകെയുടെ ശബ്ദത്തിൽ ശോകം നിഴലിച്ചിരുന്നു.
 
മഹാത്മാഗാന്ധിയും, ജി.അരവിന്ദനും, യേശുദാസും മുതൽ എ.അയ്യപ്പനും, ഇ.ശ്രീധരനും, കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വരെയുള്ള പരിചിത മുഖങ്ങൾക്ക് കെകെ രൂപകൽപന ചെയ്ത കാരികേച്ചറുകൾ നിരൂപക വൃത്തങ്ങളിലും സമൂഹമാധ്യമങ്ങളിലും കൂലങ്കഷമായ ചർച്ചകൾക്കു വിധേയമായവയാണ്.
ബോട്ടിൽ ആർട്ടിലൂടെ ബുദ്ധനെ ദൃശ്യവൽകരിച്ചു സെൻസേഷനായിമാറിയ വികാസ് പുല്ലൂണിയും, പിന്നണി ഗായകരെപ്പോലെ പാടുന്ന വിമോജും, പ്രസിദ്ധരെ അനുകരിക്കുന്ന വസന്തനും, വീടിനടുത്ത കവലയിലെ പുളിഞ്ചോട്ടിൽ പതിവായി കാണാറുള്ള അലി ഭായിയും കെകെയുടെ അയൽവാസികളായ ചങ്ങാതിമാർ. ഇവരെയെല്ലാം മറാഠി മണ്ണിലിരിയ്ക്കുന്ന കെകെയുടെ കേരികേച്ചറൽ സ്കെച്ച് പെന്നിൻ്റെ തുമ്പത്തെത്തിച്ചത് പറിച്ചെറിയാൻ കഴിയാത്ത ഗതകാലസുഖസ്‌മരണകളാണ്!
കഴിഞ്ഞ ഒരു വർഷത്തിനകം കെകെ വീട്ടിലിരുന്ന് വരച്ചുതീർത്തത് 'ചിരിവര' എന്നു നാമകരണം ചെയ്തിരിക്കുന്ന അഞ്ഞൂറോളം കേരികേച്ചറുകളാണ്. എല്ലാം ഗൃഹാതുരത്വമുണർത്തുന്ന ചിന്തകളുടെ ചിത്രാത്മകമായ ഭാഷ്യം!
"നാട്ടിലെ കൂട്ടുകാരെ വരയിലെത്തിയ്ക്കുന്ന ദിവസങ്ങൾ വളരെ പ്രിയങ്കരമായി തോന്നാറുണ്ട്," ഫോണിലൂടെ കേട്ട ശബ്ദത്തിൽ പോലും കെകെയുടെ ഉത്സാഹവും ആഹ്ളാദവും ദർശിക്കാനായി!
"തുടർച്ചയായി പാലെറ്റും, ബ്രഷും തൊടാൻ കഴിയാത്തുകൊണ്ടുമാകാം വരയ്ക്കുന്ന നാളുകളിൽ ഇത്രയും സന്തോഷം. മാത്രവുമല്ല, പതിവായി സാക്ഷാൽകാരങ്ങൾ ഇല്ലാത്തതിനാൽ വരയിൽ കൈവഴക്കം നഷ്ടപ്പെട്ടില്ലെന്നതിൻ്റെ സാക്ഷ്യപത്രം കൂടിയാണ് ഓരോ ചിത്രവും," ചിത്രകാരൻ ഹൃദ്യമായി പറയുന്നു.
ലളിതമായ പെൻസിൽ വർക്ക് മുതൽ കത്തികൊണ്ട് ഓയിൽ പെയ്ൻറ് തേച്ചുപിടിപ്പിച്ചു രചിക്കുന്ന (Palette Knife Oil Painting) മനോഹരമായ ക്ലാസ്സിക് ദൃശ്യങ്ങൾവരെ കെകെയുടെ കൈകൾക്കു വഴങ്ങുമെങ്കിലും, ഈ കലാകാരൻ തിരഞ്ഞെടുക്കുന്നതു പ്രധാനമായും 'ചിരിവര'കളാണ്.
ആഡംബരമുള്ളതായി തോന്നില്ലെങ്കിലും, കാരികേച്ചർ എന്ന കലാശാഖയിലൂടെ തത്വശാസ്ത്രവും, സാഹിത്യവും, ഗുണദോഷ നിരൂപണവും, സർഗശക്തിയുള്ള വിമർശനവുമെല്ലാം സാധാരണക്കാരന് പെട്ടെന്ന് ഗ്രഹിക്കുവാൻ കഴിയുന്ന രൂപത്തിൽ അവതരിപ്പിക്കുവാൻ കഴിയുമെന്ന് കെകെ വ്യക്തമാക്കുന്നു.
"പൂണെയിൽ എത്തിയതു മുതൽ മനസ്സിൽ കെട്ടിക്കിടക്കുന്നതെല്ലാം ഓരോന്നോരോന്നായി വരച്ചുതീർക്കുകയാണ്. വല്ലാത്തൊരു ആവേശമാണ് 'ചിരിവര'യിൽ! ഒരു മണിക്കൂറുകൊണ്ട് ഞാനൊരു കാരിക്കേച്ചർ വരയ്ക്കും. ചില ദിവസങ്ങളിൽ മൂന്നു വർക്കുകൾവരെ ചെയ്തിട്ടുണ്ട്," കെകെ പങ്കുവെച്ചു.
ഫൈൻ ആർട്സ് കോളേജിൽ ചിത്രരചന കോഴ്സിന് ഒന്നാം റാങ്കിൽ കെകെയ്ക്ക് അഡ്മിഷൻ ലഭിച്ചിട്ടും, അതിനു പോകാതെ ഹോട്ടൽ മാനേജ്മെൻ്റ് പഠിക്കാൻ പോകേണ്ടിവന്നത് അതിജീവനം വരപ്പുകൊണ്ടു കഴിയില്ലെന്ന് മുതിർന്നവർ അനുശാസിച്ചതുകൊണ്ടാണ്.
ഫൈൻ ആർട്സ് കോഴ്സിനുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൻ്റെ വിധി കർത്താവായെത്തിയ ആർട്ടിസ്റ്റ് നമ്പൂതിരി, വരച്ചു പഠിച്ചുവെച്ചിരിക്കുന്ന നദിയുടെ തീരത്തെ തെങ്ങും, പുക തുപ്പിയോടുന്ന തീവണ്ടിയുമൊന്നുമല്ലാതെ, ആദ്യമായി മനസ്സിലെത്തുന്നതൊന്നു വരയ്ക്കാൻ പരീക്ഷാർ‍ഥികളോട് ആവശ്യപ്പെട്ടപ്പോൾ, കെകെ വരച്ചത് ഹാളിൽ നിരീക്ഷകനായി ഇരുന്നിരുന്ന വരയുടെ രാജാവിനെത്തന്നെയായിരുന്നു!
ഇടതൂർന്നു തഴച്ചുവളർന്ന വെള്ളിത്താടിയാലും മുടിയാലും 'സൗന്ദര്യം അൽപം കൂടുതൽ തോന്നിക്കുന്ന' 'കെകെയുടെ നമ്പൂതിരി'യെ കണ്ടു സ്‌തബ്‌ധനായ 'ആർട്ടിസ്റ്റ് നമ്പൂതിരി', റേങ്ക് ലിസ്റ്റിൽ അതു വരച്ചയാളെ ഒന്നാമനാക്കിയതിൽ അതിനാൽ അത്ഭുതമുണ്ടോ? നമ്പൂതിരിയുടെ പെണ്ണുങ്ങൾക്കു മാത്രമല്ല, ആണുങ്ങൾക്കും ചന്തം ഇത്തിരി കൂടുതാലാണെന്നത് പൊതുവിജ്ഞാനം!
നമ്പൂതിരിയെ മാത്രമല്ല, രാജാ രവി വർമ്മയേയും, ടാഗോറിനേയും, പികാസ്സൊയെയും, വാൻ ഗോഗിനേയും, ക്ലാഡ് മോണറ്റിനേയും, ഡാ വിൻചിയേയും, മൈക്കേൽ ആഞ്ജലോയേയും, കെകെ നോക്കിക്കാണുന്നത് ആരാധനയോടെയാണ്. എന്നാൽ, ഇവരാരുംതന്നെ കെകെയുടെ രചനകളെ സ്വാധീനിച്ചിട്ടില്ലായെന്നതാണ് ഈ ചെറുപ്പക്കാരനെ ഒരു വേറിട്ട കലാകാരനാക്കുന്നത്.
"പ്രശസ്തരെയും, സെലബ്രിറ്റികളെയും വരയ്ക്കാനും അവരുടെ പടങ്ങളെക്കൊണ്ട് ചുമർ അലങ്കരിക്കാനും ധാരാളം പേരുണ്ടല്ലൊ. അതുകൊണ്ടു ഞാൻ കൂടുതൽ‍ ഇഷ്‌ട്ടപ്പെടുന്നത് സമൂഹത്തിലെ താഴെത്തട്ടിൽ കിടക്കുന്നവർക്കുവേണ്ടി ചായം ചാലിക്കാനാണ്. മരപ്പണിക്കാരനെയും, കൽപ്പണിക്കാരനെയും, കോൺക്രീറ്റ് വാർപ്പ് ജോലിക്കാരനെയും, പെയ്ൻ്റിങ് തൊഴിലാളിയെയുമെല്ലാം ഞാൻ ആവിഷ്കരിക്കുന്നുണ്ട്," കെകെ പറഞ്ഞു.
'നമ്മെ ശരിയാക്കാൻ നാം തന്നെ ക്വട്ടേഷൻ കൊടുക്കുന്ന എഇടപാടാണ് ജനാധിപത്യം' എന്നു പറഞ്ഞ കൊച്ചു കവിമിടുക്കൻ ദ്രുപദ് ഗൗതമും, മിമിക്രി കലാകാരൻ വിനോദും, കാർട്ടൂണിസ്റ്റ് പ്രിൻസും, ഇവരെപ്പോലെയുള്ള മറ്റു പലരും ശരിയ്ക്കും അറിയപ്പെടേണ്ടവരാണെന്ന് കെകെ കരുതുന്നു.
 
"ഇക്കാരണത്താൽ ഇങ്ങിനെയുള്ളവരും എൻ്റെ വരയ്ക്ക് വിഷയങ്ങളായിട്ടുണ്ട്," കെകെ തൻ്റെ രീതികൾ വിവരിച്ചു.
എന്നാൽ, അടുത്തറിയുമ്പോഴോ കേട്ടറിയുമ്പോഴോ ഏതെങ്കിലുമൊരു മണ്ഡലത്തിൽ പ്രാഗൽ‍ഭ്യമോ പ്രത്യേകതയോ ഉള്ളവരാണെന്ന് കെകെയ്ക്കു തോന്നിയവർ ആരായാലും അവരെല്ലാം അദ്ദേഹത്തിൻ്റെ രചനകളിൽ കഥാപാത്രങ്ങളാകുന്നു. വിഷയം തിരഞ്ഞെടുക്കുന്നതിൽ മറ്റൊരു മാനദണ്ഡവുമില്ലെന്നും കെകെ കൂട്ടിച്ചേർത്തു.
പൂണെയിൽ പോകുന്നതിനു മുമ്പെ കേരളത്തിലെ കലാ-സാംസ്കാരിക-സാഹിത്യ മേഖലകളിൽ അത്യന്തം സജീവമായിരുന്ന ഈ ചിത്രകാരന് മുഖപരിചയമുള്ളവർ സംസ്ഥാനത്ത് എമ്പാടുമുണ്ട്. തുഞ്ചത്തെഴുത്തച്ഛൻ സ്മാരക ഗവർമെൻ്റ് കോളേജിലെ അദ്ധ്യാപകനായിരുന്ന ഡോ. വിജു നായരങ്ങാടിയും, മലയാള ബാലസാഹിത്യകാരൻ രാമകൃഷ്ണൻ കുമരനല്ലൂരും, കാഥികൻ ജോസ് കല്ലടയും, കണ്ണൂരുകാരൻ മാഷ് പത്മനാഭൻ ബ്ലാത്തൂരും, പ്രസാധക പ്രസിദ്ധനായ പുനലൂരുകാരൻ എ൯.ബി സുരേഷും കെകെയുടെ ചിരിവരകൾക്ക് മുഖഭാവം നൽകിയത് അതിനാൽ സ്വാഭാവികം.
ഒരു വ്യക്തിയിൽ പ്രകടമായിക്കാണുന്നൊരു കാര്യത്തെ പെരുപ്പിച്ചു കാണിച്ച് നർമ്മം ജനിപ്പിക്കുന്നതാണ് കാരികേച്ചറെങ്കിൽ, കെകെയുടെ വരകൾ ഒരു നിരൂപകന്‍റെ വസന്തമാണ്. കടുപ്പമുള്ള കവിതകളെഴുതി ശിഷ്യരെ നടുക്കുന്ന കണ്ണൂർ ഹൈസ്കൂളിലെ നിസ ടീച്ചറുടെ കയ്യിൽ ബാലരമയും ടോം & ജെറിയും കൊടുക്കുന്നതിനേക്കാൾ ശക്തിയേറിയ മറ്റൊരു ആക്ഷേപഹാസ്യമുണ്ടോ? പാലക്കാട്ടെ കോളേജ് അദ്ധ്യാപിക ജീജയുടെ കയ്യിൽ ചൂരൽ കൊടുത്തതും, കൊടുങ്ങല്ലൂരിലെ യുവകവി ജിഷ കാർത്തികയുടെ കഴുത്തിൽ 'ഇന്നത്തെ കവിത' എന്ന ID തൂക്കിയതും അനുവാചകരെ ചിന്തിച്ചിരുന്നു ചിരിപ്പിക്കുന്ന കെകെയുടെ കരുത്തുള്ള രൂപവൽ‍ക്കരണങ്ങളിൽ ചിലതാണ്.
ഈയിടെയായി കണ്ടുവരുന്ന iPad-ഉും മറ്റും ഉപയോഗിച്ചുള്ള ഡിജിറ്റൽ കേരികേച്ചറിങ്ങിൽ കലാകാരന് സ്ഥാനമില്ലെന്നും, കലാപരമായ സൃഷ്ടി നടത്തണമെങ്കിൽ കടലാസും പെന്നും, യന്ത്രത്തിൻ്റെയല്ലാത്ത മനസ്സും തന്നെ വേണമെന്നും കെകെ വിശ്വസിക്കുന്നു.
"നിരവധി കേരികേച്ചറുകൾ വരച്ചു പിന്നിട്ടപ്പോൾ, ഒരു ചെയ്ഞ്ചിന് ഒരു നൈഫ് വർക്കു ട്രൈ ചെയ്തു. ഭാര്യ കൂടെയിരുന്ന് പാട്ടുകൾ പാടിത്തന്നതിനാൽ, രണ്ടു ദിവസംകൊണ്ടത് തീർക്കാൻ സാധിച്ചു," കെകെ ആവേശംകൊണ്ടു.
ഭാര്യ സയന ഇഷ്ടഗാനങ്ങളുമായി കൂട്ടിരിക്കുന്നതാണത്രെ കെകെ സൃഷ്ടികളുടെ മാസ്മരികമായ ചാലകശക്തി! ഒരു ഗായക കുടുംബത്തിലെ അംഗമായ സയന നാടൻ പാട്ടുകളും സിനിമാഗാനങ്ങളും ആലപിച്ചു ഈയിടെ ഒരു യുറ്റ്യൂബ് താരമായിമാറിയ കലാകാരിയാണ്.
"അടുക്കള ജോലികഴിഞ്ഞ്, മകൾ താരയും മകൻ മാധവും അനുവദിക്കുന്ന പക്ഷം, സയന കൂടെയിരുന്നു പാടും. ശ്രവിക്കാൻ അവളുടെ ശബ്ദമുണ്ടെങ്കിൽ, വർക്ക് നീങ്ങുന്നതറിയില്ല," ചിത്രകാരൻ വെളിപ്പെടുത്തി.
കേരളക്കര പിടിക്കാനുള്ള തീവ്ര മോഹവുമായി അന്യസംസ്ഥാനത്തു കഴിയുന്ന ഈ മലയാളി കുടുംബത്തിന് നാടെത്തുംവരെ കഴിച്ചുകൂട്ടാനുള്ള അവലംബമാണ് ഇന്ന് ഈ കലാജീവിതം!
ഗൃഹാതുരത്വം പേറുന്ന  കരികേച്ചറുകൾ!  (വിജയ് സി. എച്ച് )
Join WhatsApp News
Mary mathew 2024-04-11 09:16:36
O my God this is amazing ,his creativity.We really has to appreciate these kind of people and do something for them.Hats off,breathtaking please bring him back .I still remember my son has these kind of talents .He was doing caricature of Minister Karunakaran well when he was so young without any practice.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക