ആപേക്ഷികങ്ങളി-
ലാറാടി വിശ്വയ്ക
സീമകൾ താണ്ടും
പരംപൊരുൾ പുണ്യമേ,
കാലഘട്ടത്തിന്റെ
നാഭിയിൽ ത്താമര -
പ്പൂദള മേറുന്ന
ബ്രഹ്മ സ്വരൂപമേ,
നിന്റെ നിതാന്തമാം
ചൈതന്യ ധാരായി -
ലെന്തെ, ന്തതിശയ -
മെന്റെ സംയോജനം!?
ഇന്നലെ യേതോ
യുഗത്തിന്റെ തൻമാത്ര -
യിന്നിന്റെ ഞാൻ, നാളെ
വീണ്ടും കണികകൾ!?
എന്നിലെ ഞാനായി
വന്നു നീ, ശൂന്യമാ -
മെന്നിൽ ത്തെളിയുന്ന
കർപ്പൂര നാളമായ്?!
പുണ്യ പ്രകാശമേ,
നിന്നെയറിയുവാ -
നെന്റെ യശാന്തമാം
പാഴ് ശ്രമം ജീവിതം!!