നിറത്തിലെന്തിരിക്കുന്നുവെന്ന് പലപ്പോഴും പറഞ്ഞവരാണ് നാമെല്ലാം. എന്നാൽ, ഈയിടെ സംസ്ഥാനത്തെയാകെ പിടിച്ചുകുലുക്കിയ ഒരു വർണവിവാദം ഒരു കറുപ്പു-വെളുപ്പു ചർച്ചയിലേയ്ക്ക് നമ്മെ തള്ളിവിട്ടു. രാജ്യത്തെ പ്രമുഖ നൃത്തകലാ അക്കാഡമിക്കായ ഡോ. നീനാ പ്രസാദും, പ്രശസ്ത അഭിഭാഷകയായ അഡ്വ. കുക്കൂ ദേവകിയും, പേരെടുത്ത അഖിലേന്ത്യാ നർത്തകി ഡിമ്പ്ൾ ഗിരീഷും, മോഡലിംങ് കലാകാരിയും സാമൂഹ്യ പ്രവർത്തകയുമായ രേവതി രൂപേഷും ഗൗരവമേറിയ വസ്തുതാ പരിശോധന നടത്തുന്നു...
🟥 ഡോ. നീനാ പ്രസാദ്
വെളുപ്പാണു സൗന്ദര്യമെന്നു എനിയ്ക്ക് ഒരിക്കലും തോന്നിയിട്ടില്ല. എൻ്റെ വിദ്യാർത്ഥികളിൽ മിക്കവരും ഇരുണ്ട നിറമുള്ളവരാണ്. നൃത്തം പഠിക്കാൻ കറുത്ത കുട്ടികളെ എടുക്കുമോയെന്ന് പലരും എന്നോടു ചോദിക്കാറുമുണ്ട്. എന്നാൽ, കറുപ്പിനാണ് ചൈതന്യം എന്നതാണ് വാസ്തവം! കറുപ്പൊരു ദലിത വർണമായി വീക്ഷിക്കുന്നതിനോട് എനിയ്ക്ക് ഒട്ടും യോജിപ്പില്ല. അങ്ങനെ കറുപ്പിൻ്റെ അവകാശം സ്വന്തമാക്കാൻ ആരെയും ഞാൻ അനുവദിക്കുകയുമില്ല. കാരണം, എല്ലാ ജാതി-മത വിഭാഗങ്ങളിലും നന്നായി കറുത്തവരുണ്ട്. ഡാർക്ക് സ്കിൻ ഉള്ളവർക്കൊരു ഗുണമുണ്ട്. ഇരുണ്ട തൊലിയിൽ പ്രായം ബാധിച്ചതിൻ്റെ ലക്ഷണങ്ങൾ വ്യക്തമായി അറിയില്ല എന്നതാണത്. കൂടാതെ, നൃത്തത്തിൻ്റെ മേക്കപ്പ് നന്നായി ഇണങ്ങുന്നതും കറുത്ത ചർമത്തിലാണ്. കഥകളിയിലാണെങ്കിലും കറുപ്പു നിറത്തിൽ പച്ച തേച്ചാൽ തിളക്കം വളരെ കൂടുതലാണ്. ഇത്തരം കാരണങ്ങളാൽ കറുപ്പിനോട് ഇഷ്ടമുള്ള ഒരാളായി എന്നെ കൂട്ടാം.
കലാകാരൻ്റെയോ കലാകാരിയുടെയോ ചമയവും വേഷഭൂഷാദികളും രംഗസജ്ജീകരണങ്ങളുമെല്ലാം ചേർന്നതാണ് ആഹാര്യം. ക്ലാസ്സിക്കൽ നൃത്തരൂപ അവതരണങ്ങളിൽ ആഹാര്യത്തിനു വലിയൊരു സ്ഥാനമുണ്ട്. കേരളീയ കലാരൂപങ്ങളായ കൂടിയാട്ടം, കഥകളി എന്നിവയിൽ വളരെ വിപുലമായ രീതിയിലാണ് ആഹാര്യം പ്രായോഗികമാക്കുന്നത്. ഓരോ കഥാപാത്രത്തിൻ്റെയും ഗുണമനുസരിച്ചു നിറങ്ങൾ വരെ മാറുന്നു. സാത്വിക ഗുണമുള്ള ഒരു ട്രഡീഷണൽ ചമയമാണ് പൊതുവെ മോഹിനിയാട്ടത്തിനു ഉപയോഗിക്കുന്നത്. നിശ്ചിതമായ കണ്ണെഴുത്തും പുരികമെഴുത്തുമെല്ലാമുണ്ട്. അതു പോലെ ഭരതനാട്യത്തിനും അതിൻ്റേതായ പരമ്പരാഗത രീതികളുണ്ട്. എന്നാൽ, മേക്കപ്പ് ചെയ്യുന്നതിൻ്റെ ഉദ്ദേശ്യം പലരും തെറ്റായ രീതിയിലാണ് ധരിച്ചുവച്ചിരിക്കുന്നതെന്നു ഞാൻ നിരീക്ഷിക്കുന്നു. മേക്കപ്പ് ചെയ്തുകൊടുക്കുന്നവർ വരെ മനസ്സിലാക്കിയിരിക്കുന്നത് നർത്തകിയെ സുന്ദരിയാക്കാനാണ് മേക്കപ്പ് എന്നാണ്. തുടർന്നു മുഖത്തൊരു ഇരുപത്തിയഞ്ചു നിറങ്ങൾ ചാലിച്ചു എല്ലാവരെയുമങ്ങ് സുന്ദരി ചമയ്ക്കും! യഥാർത്ഥത്തിൽ കലാകാരിയെ സുന്ദരിയാക്കാൻ വേണ്ടിയല്ല മേക്കപ്പ് ഇടുന്നത്. ഒരു കല്യാണപ്പെണ്ണിനെ അണിയിച്ചൊരുക്കും പോലെയല്ല ഒരു നർത്തകിയ്ക്കു മോടി പകരേണ്ടത്. അതിൻ്റെ കാൺസെപ്റ്റ് വേറെയാണ്. നൃത്തത്തിനു വേണ്ടതൊരു പകർച്ചയാണ്. ഒരു വേഷപ്പകർച്ച. അതിനു തികവുള്ള നിലയിലാണ് കണ്ണെഴുത്തും, പുരികമെഴുത്തും, മുഖത്തെ ബേസ് കളേഴ്സുമെല്ലാം വേണ്ടത്.
ഡാർക്ക് മേക്കപ്പുകളാണ് മാതൃകാപരമായി നാം സ്വീകരിച്ചിരിക്കുന്നത്. നമ്മുടെ സ്കിൻ കോമ്പ്ലക്ഷനിൽ നിന്നു അൽപം ടോൺ കുറച്ചുകൊണ്ടു വേണമത്. സ്റ്റേജിൽ ലൈറ്റുകൾ വരുമ്പോൾ ഇപ്പറഞ്ഞ ടോണിന് മനോഹാരിത ഏറെയാണ്. എൻ്റെ ഒരു ടോൺ 26 ആണെങ്കിൽ, 27 അല്ലെങ്കിൽ 28-ൽ ആയിരിക്കും ഞാൻ ഉപയോഗിക്കേണ്ട മേക്കപ്പ്. അതായിരിയ്ക്കും എനിയ്ക്ക് ഏറ്റവും ഭംഗി നൽകുന്ന ഡാർക്ക് മേക്കപ്പ്. കണ്ണെഴുത്തിലും പുരികമെഴുത്തിലും വേഷത്തിലുമെല്ലാം ഈ ക്ലാസ്സിസിസം നിലനിർത്തിപ്പോരണം.
ഫീച്ചേഴ്സ് ഉള്ളതു നല്ലതു തന്നെ, എന്നാൽ, മുഖം കാണാൻ ശരാശരി ആയാലും കുഴപ്പമില്ല. ഒരു നർത്തകിയുടെ ശരീരത്തിനാണ് കൂടുതൽ പ്രാധാന്യം. കാലാകാരിയുടെ ഏറ്റവും വലിയ കേൻവാസ് അവളുടെ മേനിയാണ്. അഥവാ പ്രകടനങ്ങൾക്കുള്ള ശക്തിയേറിയ ഒരു ഇൻസ്റ്റ്രുമെൻ്റാണ് കാലാകാരിയുടെ ദേഹം. അധികം വണ്ണമില്ലാതെയും, മെലിയാതെയുമുള്ള രൂപമാണ് ഉത്തമം. ഒരു നർത്തകിയുടെ ശരീരഘടന എങ്ങനെ ആയിരിക്കണമെന്നതിൻ്റെ സാർവലൗകികമായ സങ്കൽപവുമിതാണ്. കാഴ്ചയ്ക്കും, ഫ്ലക്സിബിലിറ്റിയ്ക്കും,
ഫിറ്റ്നസിനുമെല്ലാം ഇത്തരം ആകാരമാണ് ഉചിതം. ഞാൻ എൻ്റെ വിദ്യാർത്ഥികളോട് പതിവായി പറയാറുള്ളൊരു കാര്യവുമിതാണ്.
സ്റ്റേജിൽ നിൽക്കുന്ന ഒരു കലാകാരിയുടെ നിറം ഒരു വിഷയമേയല്ല. ഡാർക്ക് സ്കിൻഡ് ആയവരെ മേക്കപ്പിട്ടു കാണുമ്പോൾ ചന്തമൊന്നു വേറെത്തന്നെയാണ്. ഇതെൻ്റെ അനുഭവമാണ്. അണിയുന്ന ആഭരണങ്ങൾ ഉൾപ്പെടെയുള്ള ആഹാര്യവുമായി സൗഹൃദത്തിലുള്ളൊരു മേക്കപ്പ് എന്നതായിരിക്കണം ചമയത്തിൻ്റെ പൊതു പ്രമേയം.
ക്ലാസ്സിക്കൽ നൃത്താവതരണത്തിൽ ഉദ്ദേശിക്കുന്ന സൗന്ദര്യം വേഷപ്പകർച്ചയാണ്. അവതരിപ്പിക്കപ്പെടുന്ന പ്രതിപുരഷനായി (Protagonist) മാറുന്നതിലുള്ള തികവാണ് സൗന്ദര്യം. കലാകാരി പൂർണമായും കഥാപാത്രമായി മാറുന്ന അവസ്ഥയാണിത്. കലാരൂപത്തിൻ്റെ, കഥാപാത്രത്തിൻ്റെ കലർപ്പില്ലാത്ത ആവിഷ്കാരമായിരിക്കണമത്. ഇതു വരെയുണ്ടായിരുന്ന ഞാൻ, ഇപ്പോൾ നീന പ്രസാദ് അല്ലാതെയാകുന്ന അവസ്ഥ! ആ ഒരു മികവിലേയ്ക്കു എത്തിച്ചേരുക, അഥവാ സത്യവും ശിവവും സുന്ദരവുമായ ഈ കലയുടെ പാത്രമായി ഞാൻ മാറുക, അവിടെയാണ് യഥാർത്ഥ സൗന്ദര്യം നിലകൊള്ളുന്നത്. മനസ്സും ശരീരവും, അർപ്പണവുമെല്ലാം ഈ വേഷപ്പകർച്ചയിൽ എത്രത്തോളം അലിഞ്ഞു ചേർന്നിരിക്കുന്നു എന്നതനുസരിച്ചാണ് കലാകാരിയ്ക്കു അനുഭവിക്കാനാകുന്ന ചേതോഹരമായ അനുഭൂതി. സംശയമില്ല, അതാണ് സൗന്ദര്യം!
🟥 അഡ്വ. കുക്കൂ ദേവകി
സൗന്ദര്യത്തിനടിസ്ഥാനം നിറമല്ല, വെളുത്തിരുന്നാൽ സൗന്ദര്യമുണ്ടെന്നർത്ഥവുമില്ല. കറുത്ത നിറമുള്ളവർ ജാതിയിൽ താഴ്ന്നവരും, വെളുത്ത നിറമുള്ളവർ കാണാൻ കൊള്ളാവുന്നവരുമാണെന്ന പൊതുബോധനിർമ്മിതി ഇവിടെ രൂക്ഷമാണ്. അതാണ് സൗന്ദര്യത്തെ നിശ്ചയിക്കുന്നത്. എൻ്റെ അഭിപ്രായത്തിൽ ഒരു രീതിയിലും നിറത്തെ പരിഗണിക്കേണ്ടതില്ല. ആനയുടെ കറുപ്പ് നമുക്കിഷ്ടമാണല്ലോ! എന്തുകൊണ്ട് മനുഷ്യൻ്റെ കറുപ്പ് നമുക്കിഷ്ടപ്പെടുന്നില്ല? ചരിത്രപരമായി കറുത്തവരെ നിറുത്തിയിരിക്കുന്നത് അടിസ്ഥാന വർഗത്തിലാണ്. ഇന്ത്യൻ സാഹചര്യത്തിലാണെങ്കിൽ തമോഗുണങ്ങളുള്ളവരാണ് കറുത്തവർ. അതായത് മോശം പ്രവർത്തികൾ ചെയ്യുന്നവരായാണ് കറുത്തവരെ കണക്കാക്കിപ്പോരുന്നത്. അവർക്കപ്പോൾ സൗന്ദര്യമുണ്ടാവുകയില്ലല്ലോ. യഥാർത്ഥത്തിൽ കറുപ്പ് എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന നിറമാണ്. അതായത് നിറവിൻ്റെ നിറം!
സൗന്ദര്യം ആപേക്ഷികമായൊരു സംഗതിയാണ്. സാഹചര്യങ്ങൾക്കനുസരിച്ചു അതിൻ്റെ തീക്ഷ്ണത വ്യത്യസ്ഥമായി നമുക്ക് അനുഭവപ്പെടുന്നു. എനിയ്ക്കു തോന്നിയിട്ടുള്ളത് സ്നേഹമാണ് സൗന്ദര്യത്തിൻ്റെ അടിസ്ഥാനമെന്നാണ്. യഥാർത്ഥത്തിൽ, ഈ പ്രബഞ്ചത്തിലെ എല്ലാ വസ്തുക്കൾക്കും സൗന്ദര്യമുണ്ട്. വിശാലമായി വിലയിരുത്തിയാൽ പ്രകൃതിയോടുള്ള സ്നേഹമാണ് സൗന്ദര്യത്തിന് ആധാരമെന്നു നമുക്കു ബോധ്യപ്പെടും. നാം പ്രകൃതിയെ സ്നേഹിക്കാൻ തുടങ്ങിയാൽ പ്രകൃതിയിലുള്ളതിലെല്ലാം സൗന്ദര്യം കണ്ടെത്തുവാനും കഴിയും. പ്രകൃത്യാൽ ഉള്ളതിലും, സ്വാഭാവികതയുള്ളതിലും സൗന്ദര്യമുണ്ട്. ഒരു പുഴ സ്വാഭാവികമായി ഒഴുകുമ്പോൾ, ഒരു കടൽ സ്വാഭാവികമായി അലയടിക്കുമ്പോൾ, അവയിൽ നാം സൗന്ദര്യം കാണുന്നു. മനുഷ്യർ സ്വാഭാവികമായി ഇടപഴകുമ്പോൾ അതിന് അപരിമിതമായ സൗന്ദര്യം വന്നുചേരുന്നു! എത്ര മേക്കപ്പ് ഉണ്ടായാലും, മേക്കോവർ ചെയ്താലും ശരി, നമുക്ക് ഏറ്റവും സ്വാഭാവികമായി തന്നെ മറ്റുള്ളവരോട് പെരുമാറുവാൻ കഴിയുമെന്നു ഞാൻ കണ്ടെത്തിയിട്ടുണ്ട്.
🟥 ഡിമ്പ്ൾ ഗിരീഷ്
കറുപ്പിനോട് വ്യക്തിപരമായി ഇത്തിരി ഇഷ്ടക്കൂടുതലുണ്ട്. വിവാഹാലോചനകൾ നടക്കുന്ന സമയത്ത്, വെളുത്ത വരനെ വേണ്ടെന്നും, അൽപം കറുത്തയാൾ മതിയെന്നും ഞാൻ വീട്ടുകാരോട് പറഞ്ഞിരുന്നു. കറുപ്പിനോടുള്ള ഈ പ്രണയം അന്നും ഇന്നും എൻ്റെ വസ്ത്രങ്ങളിലും തെളിഞ്ഞു കാണാം. എല്ലാ തരംഗദൈർഘ്യത്തിലുമുള്ള പ്രകാശത്തെയും തന്നിലേക്കാകർഷിക്കുകയും, എന്നാൽ ഒന്നും തന്നിൽനിന്നു പ്രിതിഫലിപ്പിക്കുകയും ചെയ്യാത്ത കറുപ്പിൻ്റെ ഗഹനതയും ചാരുതയും മറ്റേതെങ്കിലും നിറത്തിനുണ്ടോ!
കല്പറ്റ നാരായണൻ്റെ 'കറുപ്പ് ഇരുട്ടല്ല, വെളുപ്പ് വെളിച്ചവുമല്ല' എന്ന ലേഖനസമാഹാരം, ആശാനെയും ആറ്റൂരിനെയും അക്കിത്തത്തെയും ബഷീറിനെയും മറ്റും ഉദ്ധരിച്ചുകൊണ്ടു അനുവാചകരെ കാഴ്ചകളുടെയും കാഴ്ചപ്പാടുകളുടെയും ഒരു പുത്തൻ ഭൂമികയിലേയ്ക്കു കൂട്ടിക്കൊണ്ടു പോകുമ്പോൾ, കറുപ്പിനെ ആർക്കാണ് കടുപ്പം കുറഞ്ഞതാക്കുവാൻ കഴിയുക? വെളുപ്പ് ജ്യോതിസ്സുമല്ല, കറുപ്പ് തമസ്സുമല്ലല്ലൊ!
എണ്ണക്കറുപ്പിൻ്റെ ഏഴല്ല, എഴുനൂറ് അഴകുകളും തന്നിലേയ്ക്ക് ആവാഹിച്ചെടുത്തിട്ടുള്ള ആഫ്രിക്കൻ സുന്ദരി ന്യാകിം ഗേറ്റുവച്ച് ലോകസുന്ദരിപ്പട്ടം അണിഞ്ഞതും, വെളുവെളുത്ത മോഡലുകളെ പിന്നിലാക്കി ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങി വാർത്തകളിൽ നിറഞ്ഞു നിന്നതും ഓർമ്മയില്ലേ? തൻ്റെ കറുകറുത്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ട് കറുപ്പിൻ്റെ കരുത്തിനെ തിരിച്ചറിയാൻ അവർ ആഹ്വാനം ചെയ്തില്ലേ! കടൽചിപ്പിയിൽ പിറവികൊള്ളുന്ന മുത്ത് നവരത്നങ്ങളിൽ ഒന്ന്. എന്നാൽ, വെളുത്ത മുത്തിൻ്റെ പതിന്മടങ്ങ് വിലയുണ്ട് കറുത്ത മുത്തിനെന്ന യാഥാർത്ഥ്യം എല്ലാവരുമൊന്ന് അറിഞ്ഞിരുന്നുവെങ്കിൽ!
ഭാരതീയ അഭിനയകലകളുടെ പിതാവായ ഭരതമുനിയുടെ 'നാട്യശാസ്ത്രം' എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി, ജ്ഞാനിയായിരുന്ന നന്ദികേശ്വരൻ രചിച്ച 'അഭിനയ ദർപ്പണ'ത്തിൽ ഒരു നർത്തകിയുടെ ലക്ഷണങ്ങൾ വർണിച്ചിട്ടുള്ളത് ഇപ്രകാരമാണ്: "തൻവി രൂപവതീ ശ്യാമ പീനോന്നതാ പയോധരാ പ്രഗൽഭ സരസ കണ്ഠാ കുശലാ ഗ്രഹമോക്ഷയോഹോ വിശാലാ ലോചനാ ഗീതാ വാദ്യ താലാ അനുവർത്തനീ, പരാർദാര്യ ഭൂഷ സമപന്നാ പ്രസന്നാ മുഖപങ്കജ, ഏവം വിധാ ഗുണോ പേതാ നർത്തകീ സാമുദീരിതാ."
മൂലസിദ്ധാന്തത്തിൽ പോലും ഒരു നർത്തകി വെളുത്ത നിറമുള്ളവളാകണമെന്ന് പറയുന്നില്ലെന്നു മാത്രമല്ല, 'തൻവീ രൂപവതീ ശ്യാമ' എന്നു പ്രത്യേകം പറയുന്നുമുണ്ട് -- ഇരുണ്ട നിറമാണ് നർത്തകീ ലക്ഷണം! കറുത്ത ഗോപിയാശാൻ്റെ പച്ചവേഷത്തിൻ്റെ ചേതോഹാരിതയെ വെല്ലാൻ മറ്റൊരു മുഖം കഥകളിയിലുണ്ടോ! എന്തിനേറെ, 2019-ൽ അരങ്ങേറിയ വ്യത്യസ്ത സൗന്ദര്യ മത്സരങ്ങളിൽ കറുത്തവരുടെ ഒരു ഘോഷയാത്രയാണ് നമ്മൾ കണ്ടത്. ലോകം മാറുന്നു! ജീവിതത്തിൽ നാം ഇന്നു കാണുന്നവരെ നാളെയോർക്കുന്നത് അവരുടെ നിറത്തിൻ്റെയോ സൗന്ദര്യത്തിൻ്റെയോ അടിസ്ഥാനത്തിലേ അല്ലല്ലോ. പിന്നെയെന്തിന് കറുപ്പിനെതിരെ ഈ 'കൊലവെറി'?
🟥 രേവതി രൂപേഷ്
'സൗന്ദര്യം കാണുന്നവൻ്റെ കണ്ണിലാണ്' എന്ന ഏറെ സുന്ദരമായ പഴഞ്ചൊല്ല് കേൾക്കാത്തവരായി ആരുമുണ്ടാവില്ല. ഇടയ്ക്കിടെ സമകാലികമായി ചർച്ചയിലെത്തുന്ന വിഷയങ്ങൾ ഈ ഉപവാക്യത്തെ നിത്യഹരിതമായി നിലനിർത്തുകയും ചെയ്യുന്നു. സൗന്ദര്യത്തിനു പ്രത്യേക നിയമങ്ങളോ നിബന്ധനകളോ ഇല്ലാത്തതിനാൽ ഇവിടെ തെറ്റും ശരിയുമില്ല. വെളുപ്പു നിറം സൗന്ദര്യത്തെ വർധിപ്പിക്കുന്നു എന്നു പറയുന്നതിൽ എത്ര ശരിയുണ്ട് അത്രത്തോളം തന്നെ നേരാണ് നിറം കറുപ്പായതിനാൽ സൗന്ദര്യം ഒട്ടും കുറയുന്നില്ല എന്ന അഭിപ്രായത്തിന്. സമഗ്രമായി പറഞ്ഞാൽ, സൗന്ദര്യത്തിൻ്റെ നിർവചനം രൂപപ്പെടുന്നത് ധാരണകളുമായി ബന്ധപ്പെട്ടുകിടക്കുന്ന നമ്മുടെ മനസ്സുകളിലാണ്. അതിനാൽ എനിയ്ക്കു ചേതോഹരമായി തോന്നുന്നതൊന്നിൽ എൻ്റെ കൂട്ടുകാരിയോ കൂട്ടുകാരനോ സൗന്ദര്യം കണ്ടെത്തണമെന്നുമില്ല. അഭിരുചികളാണ് ഇക്കാര്യത്തിൽ ഒരു അന്തിമ തീരുമാനമെടുക്കുന്നത്.
കണ്ടും, കേട്ടും, അനുഭവിച്ചും, ഓരോരുത്തരും താന്താങ്ങളുടെ സൗന്ദര്യസങ്കല്പത്തെ അളന്നു തൂക്കി നിരൂപിച്ചു വച്ചിട്ടുണ്ടായിരിക്കും. ചിലപ്പോൾ ആദ്യ കാഴ്ചയിൽ തോന്നുന്ന ഭംഗി അടുത്തിടപഴകുമ്പോൾ ഉണ്ടാകണമെന്നില്ല. വിടർന്നു നിൽക്കുന്ന ഒരു പൂവിനെ ആദ്യകാഴ്ചയിൽ തന്നെ ഇഷ്ടപ്പെടുന്ന ഒരാൾക്ക് അത് വാടുമ്പോഴോ കൊഴിഞ്ഞു പോകുമ്പോഴോ ആ ഇഷ്ടം നഷ്ടപ്പെടുന്നപോലെയാണ് തൽക്ഷണമുള്ള സൗന്ദര്യാസ്വാദനം. അകലങ്ങളിലാണ് ഒരു മനുഷ്യന് ഏറ്റവും ഭംഗിയെന്നു തോന്നാറുണ്ട്. അടുത്തിടപഴകുമ്പോൾ നമുക്ക് ഇഷ്ടമില്ലാത്ത എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ നാം മുമ്പ് ആസ്വദിച്ച ഭംഗിയ്ക്ക് മങ്ങലേൽക്കാം. അതിനാൽ നാം ഒരുപാട് സ്നേഹിക്കുന്നവരെ ഒരകലത്തിൽ തന്നെ നിർത്തണം. സൗന്ദര്യശാസ്ത്രത്തിൽ അഴകളവുകളില്ല. പക്ഷേ, എല്ലാത്തിനും സൗന്ദര്യമുണ്ട്. സൗന്ദര്യമില്ലാതെ ഒന്നും സൃഷ്ടിക്കപ്പെടുന്നില്ലല്ലൊ! ഓരോ മനുഷ്യൻ്റെയും സൗന്ദര്യം, നിറമോ ഭംഗിയോ ആയല്ല ബന്ധപ്പെട്ടിട്ടുള്ളത്, മറിച്ചു സ്വഭാവവും പ്രവൃത്തിയുമായിട്ടാണ്. നമ്മളുമായി ചേർന്നു പോകുന്ന മനുഷ്യർ തമ്മിലുള്ള സ്നേഹബന്ധങ്ങൾ മനോഹരമാണ്. യഥാർത്ഥത്തിൽ, ആ ചേർച്ചയിലാണ് സൗന്ദര്യം! അതായത് രണ്ടു മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്ന എന്തും സൗന്ദര്യമാണ്. വ്യക്തം, ഏറ്റവും സൗന്ദര്യം സ്നേഹത്തിനാണ്. കാരണം, നമ്മൾ സ്നേഹിക്കുന്നവർക്കൊക്കെ 'ഒടുക്കത്തെ' സൗന്ദര്യമുള്ളതായി നമുക്ക് അനുഭവപ്പെടുന്നു! കറുപ്പിനും വെളുപ്പിനും ഇവിടെ ഒരു പ്രസക്തിയുമില്ല.
നിറങ്ങളുടെ പേരിൽ മനുഷ്യരെ അടയാളപ്പെടുത്താതെ, കഴിവുകളെ അംഗീകരിച്ചു ലോകം മുന്നോട്ടു കുതിക്കുമ്പോഴും, നമ്മളിന്നും വേർതിരിവുകളുടെ നടുവിലാണ്. കാക്കയുടെ നിറമെന്നു കറുപ്പിനെ പരിഹസിക്കുന്നതു കേട്ടിട്ടുണ്ട്. എന്നാൽ, പക്ഷികളിൽ ഏറ്റവും വൃത്തി കാക്കയ്ക്കാണെന്നു മറന്നുവോ? സ്വയം ശുചിത്വം സൂക്ഷിക്കുന്നതിനോടൊപ്പം, പരിസരവും അത് വൃത്തിയാക്കുന്നു. കാക്കയെപ്പോലെ ബുദ്ധിശാലിയായ മറ്റൊരു പക്ഷിയുമില്ല. കാക്ക കണ്ടറിയും, കോഴി കൊണ്ടാലെ അറിയുകയുള്ളൂ എന്ന പ്രയോഗം നമ്മൾ ഏറ്റെടുത്തത് അതുകൊണ്ടല്ലേ! ഉരച്ചു നോക്കിയാൽ ചിലപ്പോൾ മാറ്റ് കൂടുന്നത് കറുപ്പിനായിരിക്കും. ക്യാമറയിൽ കറുപ്പിന് വല്ലാത്തൊരു ഭംഗിയാണെന്നു പറഞ്ഞത് സുഹൃത്തായ മോഡലിംങ് ഫോട്ടോഗ്രാഫറാണ്. ലോകപ്രശസ്തരായ പല മോഡലുകളും ഇരുണ്ട നിറമുള്ളവരാണ്. വസ്ത്രങ്ങളിൽ, ആഭരണങ്ങളിൽ, അങ്ങനെ മനുഷ്യരോട് ചേർന്ന് പോകുന്ന ഏറ്റവും രമണീയമായ നിറം കറുപ്പാണെന്നത് എൻ്റെ അനുഭവമാണ്. വെളുപ്പ് ഭംഗിയോ, കറുപ്പ് അഭംഗിയോ അല്ല; വെളുപ്പ് സന്തോഷമോ, കറുപ്പ് സങ്കടമോ അല്ല; വെളുപ്പു ഭാഗ്യമോ കറുപ്പ് നിർഭാഗ്യമോ അല്ല. വെളുപ്പ് വെളുപ്പും, കറുപ്പ് കറുപ്പും മാത്രമാണെന്ന ബോധ്യമാണ് വേണ്ടത്.