Image

പ്രണയത്തിന്റെ ഇടനാഴി (നോവൽ - ഭാഗം - 10: വിനീത് വിശ്വദേവ്)

Published on 11 April, 2024
പ്രണയത്തിന്റെ ഇടനാഴി (നോവൽ - ഭാഗം - 10: വിനീത് വിശ്വദേവ്)

ആകാശവാണിയിലൂടെ ആശേച്ചിയുടെയും ബാലേട്ടന്റെയും ജോയ് ആലുക്കാസ് ഫോൺ ഇൻ ഗാനോത്സവം എന്ന പരുപാടി രാവിലെ തന്നെ  ഉച്ചത്തിൽ അടുക്കളയോട് ചേർന്ന മുറിയിൽ നിന്നും കേട്ടുകൊണ്ടായിരുന്നു എന്റെ പ്രഭാതം വിടർന്നത്. വൈകി എഴുന്നേറ്റത്തിൽ അമ്മയിൽ നിന്നും ശകാരമില്ലായിരുന്നു. രാത്രിയിലെ ആലോചനകളുടെ ദൈർഘ്യം നീണ്ടുപോയതിനാലാണ് ഉണരാൻ താമസിച്ചത്. അരവിന്ദ് സ്വാമിയും മധുരബാലയും അഭിനയിച്ചു മനോഹരമാക്കിയ 1992 പുറത്തിറങ്ങിയ  മണിരത്നം ചിത്രമായ റോജയിലെ "ചിന്ന ചിന്ന ആശാ ചിറകടിക്കും ആശാ" എന്ന ഗാനം സിമി എന്ന പെൺകുട്ടി വിഷ്ണുവിനു വേണ്ടി സമർപ്പിക്കുന്നതിനായി എഴുതിയ കത്ത് ബാലേട്ടനും ആശേച്ചിയും പരസ്പരം മാറി മാറി വായിക്കുന്നത് എന്റെ കാതുകളിൽ പതിച്ചു. അവർ രണ്ടുപേരെയും അമ്പരപ്പിച്ച ആ കത്തിൽ എഴുതിയ ആളുടെ പേര് മാത്രം അഡ്രസ്സോ സ്ഥലമോ ചേർത്തിരുന്നില്ലെങ്കിലും അവർ കത്തിലെ വരികൾ മനോഹരമായി വായിച്ചു തുടങ്ങി.

പ്രിയപ്പെട്ട ആശേച്ചി ബാലേട്ടാ...

എന്റെ പേര് സിമി, വിശദമായ വിവരങ്ങൾ ഞാൻ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. എനിക്ക് ഒരാളെ ഒരുപാടു ഇഷ്ടമാണ് അത് ഞാൻ തുറന്നു പറയാൻ പല തവണ ശ്രമിച്ചെങ്കിലും സാഹചര്യങ്ങൾ സന്ദർഭങ്ങൾ പിപരീതമായി വന്നുഭവിച്ചു. ഒരാളെ സ്നേഹിക്കാനും അയാളുടെ കൂടെ ജീവിതകാലം മുഴുവൻ ഒരുമിച്ചു ജീവിക്കാനും അവസരമൊരുങ്ങുന്നത്‌ കാലത്തിന്റെ ഇടനാഴിയിലൂടെയുള്ള സഞ്ചാരമാണ്. ഈ മനോഹര ഭൂമിയിൽ കൊതി തീരും വരെ സ്നേഹിച്ചു മരിച്ചവരുണ്ടാകുമോ? പ്രണയ സുരഭിലമാ ഭൂമിയിൽ പരസ്പരം നിരുപാധികമായി സ്നേഹിച്ചു ജീവിക്കുന്നവർ എത്രപേരുണ്ടാകും?  മനസ്സുകൊണ്ട് ആർക്കും ആരെയും സ്നേഹിക്കാമെങ്കിലും ജീവിതത്തിൽ നമ്മൾ സ്നേഹിക്കുന്ന ആൾ നമ്മളെ തെന്നെ സ്നേഹിക്കണമെന്ന ഒരു ഉപാധികളും നമുക്ക് മുന്നിൽ നിലനിൽക്കുന്നില്ലല്ലോ? വെറുക്കുകയെന്ന അധമമായ വികാരത്തെക്കാൾ എത്രയോ നൈർമല്ല്യമാണ് സ്നേഹിക്കുക എന്നുള്ളത്. മാത്രമല്ല നമ്മൾ നേഹിക്കുന്ന ആൾ നമ്മളെ സ്നേഹിക്കപ്പെടുക എന്നുള്ളത് കൂടി ചേമ്പോഴാണല്ലോ ജീവിതം പൂർണ്ണതയിലെത്തുന്നത്. തുറന്നു പറയാൻ കഴിയാതെ വിഷമിക്കുന്ന എന്നെപ്പോലെ ഈ ഭൂമിയിൽ ഒരുപാടു ആളുകൾ ഉണ്ടാകുമായിരിക്കുമെന്നു തോന്നുന്നു. എന്റെ പ്രണയം ആശേച്ചിയും ബാലേട്ടനും ഈ കത്ത് വായിക്കുന്നതിലൂടെ പ്രിയപ്പെട്ട വിഷ്ണു എന്നെങ്കിലും അറിയുമെന്ന പ്രതീക്ഷയിൽ ഞാൻ കാത്തിരിക്കുന്നു. വിഷ്ണുവിനു വേണ്ടി 'റോജ' എന്ന സിനിമയിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനമായ "ചിന്ന ചിന്ന ആശാ...." എന്ന ഗാനം വെച്ച് തരുമോയെന്നു അഭ്യർത്ഥിച്ചുകൊണ്ടു വാക്കുകൾ ചുരുക്കുന്നു. 

സ്നേഹത്തോടെ 
എന്ന് സ്വന്തം 
സിമി വിഷ്ണു.

മഴത്തുള്ളികൾ പൊഴിഞ്ഞു വീഴുന്നപോലെ എ. ആർ. റഹ്‌മാന്റെ സംഗീത വിരുന്നായ 'ചിന്ന ചിന്ന ആശ...' എന്ന ഗാനം മിൻമിനിയുടെ ശബ്ദത്തിൽ എന്റെ ഹൃദയത്തിലേക്ക് ഒഴുകിയെത്തി. റോജയെന്ന സിനിമ സ്വാതന്ത്ര്യദിന ദിവസം ഒരു തവണ മാത്രം ടെലിവിഷനിൽ കണ്ട എന്റെ മനസ്സിൽ ഗ്രാമാന്തരീക്ഷത്തിന്റെ ചുവടുപറ്റി ഞാനും സിമിയും പ്രണയാന്വതിരായി സ്നേഹമഴ നനഞ്ഞുകൊണ്ടു ഉലകം കറങ്ങി. നിമിഷങ്ങൾക്കു ശേഷം  റേഡിയോയിലെ പാട്ട് അവസാനിച്ചു. പിന്നീട് പതിയെ ഞാൻ ആ ഗാനം ചുണ്ടിൽ മൂളി തുടങ്ങി.


"വെണ്ണിലാവു തൊട്ടു മുത്തമിട്ടു ആശൈ.. 
എന്നൈ ഇന്ത ഭൂമി സുട്രിവര ആശൈ..."  

സന്തോഷത്തിന്റെ പാരമ്യതയിലെത്തിയിരുന്ന ഞാൻ ഈ ലോകത്തെ ഏറ്റവും വലിയ സന്തോഷവാനായ മനുഷ്യനാണെന്ന് തോന്നി. അങ്ങനെ ആദ്യമായി സിമിയുടെ പേരിനൊപ്പം എന്റെ പേര് ചേർത്ത് ആശേച്ചിയും ബാലേട്ടനും ആ കത്ത് വായിച്ചവസാനിപ്പിച്ച നിമിഷം എന്റെ ഹൃദയത്തിൽ തറഞ്ഞു നിന്നു. എന്റെ പ്രേമലേഖനം സിമിയിലേക്കു എത്തിച്ചേർന്നതിനു മുന്നേ സിമിക്ക് എന്നോട് പറയാനുള്ള ഇഷ്ടം അവളുടെ ഹൃദയത്തിൽ സൂക്ഷിക്കുന്നുണ്ടായിരു എന്നതു ലോകം മുഴുവനും ആ കത്തിലൂടെ ഇപ്പോൾ കെട്ടുകഴിഞ്ഞിരിക്കുന്നു. എന്നിട്ടും അവൾ മാത്രം എന്നോട് തുറന്നു പറഞ്ഞില്ല. എന്റെ ഇഷ്ടവും ഞാനും അവളോട് തുറന്നു പറയാതിരുന്നതു സിമി തന്റെ കത്തിൽ എഴുതിയിരുന്നപോലെ  സാഹചര്യങ്ങൾ സന്ദർഭങ്ങൾ പിപരീതമായിതീരുകയും സിമിയെ എനിക്ക് നഷ്ടമാകുമോ എന്നുള്ള ഭയവും ഉള്ളിൽ ഉണ്ടായിരുന്നു. യൗവന തീക്ഷ്ണതയിൽ ഭയം വന്നുഭവിക്കാത്തതാണെങ്കിലും ചില കാര്യങ്ങളിൽ അത് സംഭവിച്ചുപോകാറുണ്ട്. ഭീരുത്വമായിരുന്നെങ്കിലും എന്റെ ഹൃദയത്തിന്റെ വാക്കുകൾ പ്രേമലേഖനത്തിലൂടെ അവൾക്കു നല്കിയതുനു ശേഷം മാത്രമായിരുന്നു അവളുടെ കത്ത് കേട്ടത് എന്ന മനഃസംതൃപ്തി എനിക്കുണ്ടായിരുന്നു. 

വീട്ടിൽ സദാസമയവും റേഡിയോ ശബ്‌ദിച്ചുകൊണ്ടിരിക്കുമെന്നു എന്നോ ഒരിക്കൽ ഞങ്ങൾ സംസാരിക്കുന്നകൂട്ടത്തിൽ ഞാൻ സിമിയോട് പറഞ്ഞതിനാലായിരിരിക്കും കൊച്ചി എഫ് എം റേഡിയോയിലേക്കു അവൾ കത്തയച്ചുതു എന്ന് ഞാൻ മനസ്സിൽ ഓർത്തെടുത്തു. എത്രയോ ആളുകൾ റേഡിയോയിലേക്കു കത്തയക്കുകയും അതിൽ ചുരുക്കം ചിലതു മാത്രമായിരിക്കും വായിക്കപ്പെടുകയെന്ന ധാരണയിലാണോ അതോ സിമിയുടെ വീട്ടിൽ അറിയാതിരിക്കാനും മറ്റുള്ളവരിൽ നിന്നും ഒളിക്കാനുമായിരിക്കുമോ സിമി ഈ ബുദ്ധിസാമർഥ്യം കാണിച്ചത്. അപ്പോഴും എന്റെ മനസ്സിൽ സിമിക്ക് വേണ്ടി ഞാൻ എഴുതിയ പ്രേമലേഖനം അവൾ വായിച്ചു കാണുമോ എന്നുള്ള സംശയചിന്ത ഉരുത്തിരിഞ്ഞു വന്നിരുന്നു. 

മാതൃഭൂമി പത്രം വായിക്കുന്നനിടയിൽ മൂന്നു ദിവസങ്ങൾക്കു ശേഷം പത്താം ക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപനമുണ്ടാകുമെന്നു വാർത്ത ശ്രദ്ധയിൽപ്പെട്ടു. തെല്ലു ഭയത്തോടെയും മാനസിക പിരിമുറുക്കത്തോടെയും ഞാൻ ചെടികൾക്കും വീട്ടു വളപ്പിലെ പച്ചക്കറികൾക്കും വാശിയോടെ വെള്ളമൊഴിച്ചാൽ അവയെല്ലാം നന്നായി കുളിച്ചു നിന്നു. പ്രഭാത ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാൻ പുതിയകാവ് ലൈബ്രറിയിയിലെ പുസ്തകങ്ങൾ തിരിച്ചു കൊടുക്കാനുണ്ടെന്നു അമ്മയോട് പറഞ്ഞു വീട്ടിൽ നിന്നും സൈക്കിളെടുത്തു പുറത്തേക്കിറങ്ങി. പത്താം ക്ലാസ് പരീക്ഷ ഫലത്തേക്കാൾ എന്റെ മനസിനെ അലോസരപ്പെടുത്തുന്ന ചിന്ത സിമിയുടെ കയ്യിൽ ഞാൻ കൊടുത്തിവിട്ട പ്രേമലേഖനം അവൾ വായിച്ചോ അതോ വീട്ടിൽ അറിഞ്ഞു പ്രശ്നങ്ങൾ ഉണ്ടായോ എന്നുള്ളതായിരുന്നു. മുന്നോട്ടു പോകുമ്പോഴും സിമിയെ ഞാൻ ആദ്യമായി കണ്ട വഴിയിലൂടെ സൈക്കിൾ കറങ്ങി തുടങ്ങി. മനസ്സിൽ വി. കെ. വി. ദേവിന്റെ കവിത ഒഴുകിയെത്തി.

"കണിക്കൊന്നകൾ തണൽ വിരിച്ച 
മൺപാതയിൽ നിന്നെ 
ഞാനാദ്യമായി കണ്ടിരുന്നു.
കൊലുസിന്റെ കൊഞ്ചലുകൾക്കായി 
മൺതരികളറിയാതെ ഞാൻ നടന്നു."

പൂഴി റോഡിന്റെ ഇരു വശങ്ങളിലും കണിക്കൊന്നകൾ പൂക്കളില്ലാതെ തണൽ വിരിച്ചു നിൽക്കുന്നുണ്ടായിരുന്നു. സൈക്കിൾ ലൈബ്രറി ലക്ഷ്യമാക്കി  മുന്നോട്ടു പോകാൻ തുടക്കിയെങ്കിലും സിമിയുടെ വീട്ടിലേക്കു പോകുന്ന വഴിയെത്തിയപ്പോഴേക്കും സൈക്കിളിനും മനസ്സിനൊരു ചാഞ്ചാട്ടം അതുവഴി ഒന്ന് പോയി സിമിയെ ഒന്നു നോക്കി വന്നാലോ?. സൈക്കിൾ ബെല്ലടിച്ചുകൊണ്ടു ഞാൻ വളവു തിരിച്ചു സൈക്കിൾ മുന്നോട്ടു ചവിട്ടി. വേലിക്കെട്ടുകൾ പാതി പൊളിഞ്ഞു പോയ വിടവുകളിലൂടെ ഞാൻ സൈക്കിളിൽ നിന്നു ചവിട്ടികൊണ്ടു സിമിയുടെ വീളിലേക്കു എത്തി നോക്കി. ആളൊഴിഞ്ഞ വീട്ടുമുറ്റം മുൻവശത്തെ കതകുകൾ താഴിട്ടു പൂട്ടിയിരുന്നു. വീട്ടിൽ ആരുമില്ലെന്നു മുറ്റത്തു പരിലസിച്ചു നിൽക്കുന്ന പൂക്കൾ എന്നോട് സ്വകാര്യമായി മാത്രിക്കുന്നുണ്ടായിരുന്നു. സിമിയെ കാണാത്തതിലും പ്രേമലേഖനത്തിന്റെ അവസ്ഥ അറിയാത്തതിലും മനസ്സിൽ ചെറിയ നിരാശ തളംകെട്ടി നിന്നു. പ്രതീക്ഷയുടെ മുൾമുനയിൽ ആശിക്കുന്നത് കിട്ടാതെ വരുമ്പോഴാണല്ലോ എല്ലാ മനുഷ്യനിലും സങ്കടവും വേദനയും ഉണ്ടാക്കുന്നത്. സൈക്കിൾ പെഡലുകൾ വീണ്ടും കറങ്ങി ലൈബ്രറി ലക്ഷ്യമാക്കി യാത്ര മുന്നോട് നീങ്ങി.

സൈക്കിളിന്റെ കാര്യറിൽ നിലയുറപ്പിച്ചിരുന്നു പ്രേമലേഖനമെന്ന പുസ്തകം വെയിലിന്റെ കാഠിന്യത്താൽ ചൂടുപിടിച്ചു പൊള്ളിതുടങ്ങി. എന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ഹൃദയത്തിന്റെ ഭാഷയിലെഴുതിയ വാക്കുകളും ചിന്തകളും സിമിയുടെ ലോകത്തിലേക്ക് എന്നെ എത്തിച്ചേർക്കുമോ എന്നുള്ള ആവലാതികളും പരിഭ്രമവും ശരീരത്തിൽ വിയർപ്പിന്റെ തുള്ളികളായി പരിണമിച്ചു. സിമി എവിടെ പോയിരിക്കും? അവൾക്കു എന്താ സംഭവിച്ചിരിക്കുക.? അവളുടെ വീടുകൾ എന്റെ പ്രേമലേഖനം കയ്യോടൊ വിളിച്ചുകാണുമോ? എന്നീ ചോദ്യങ്ങൾ എന്റെ വഴിയിലൂടെ മുന്നിൽ നിരന്നു. അല്പസമയത്തിനു ശേഷം ഞാൻ ലൈബ്രറിയിൽ എത്തിച്ചേർന്നു. രാജേന്ദ്രൻ ചേട്ടന്റെ കയ്യിൽ ബഷീറിന്റെ പ്രേമലേഖനം എന്ന പുസ്തകം ഞാൻ തിരിച്ചു നൽകി. ബാക്കി പുസ്തകങ്ങൾ രണ്ടും അടുത്തയാഴ്ച തിരിച്ചു നൽകാമെന്നും പറഞ്ഞു. രാജേന്ദ്രൻ ചേട്ടന്റെ വക എന്റെ തുടർ പഠനത്തെക്കുറിച്ചുള്ള ചോദ്യം എന്നിലേക്ക്‌ വന്നു ചേർന്നു. രണ്ടു ദിവസങ്ങൾ കഴിഞ്ഞു പരീക്ഷാഫലം വരും അതിനുശേഷം വീട്ടുകാരുടെ ഉചിതംപോലെ തുടർപഠനം തീരുമാനിക്കു എന്ന് പറഞ്ഞു ഞാൻ മറു ചോദ്യങ്ങൾക്കു ചെവികൊടുക്കാതെ പിന്നീട് വരാമെന്നു പറഞ്ഞു വായനശാലയിൽ നിന്നും പുറത്തിറങ്ങി. ഒരാളോട് തുറന്നു പറയാതെകൊണ്ടുനടന്ന സ്നേഹമായിരുന്നിട്ടും ഓരോ ദിനവും നമ്മൾ അയാളോടുള്ള ഇഷ്ടം വർധിപ്പിക്കാൻ കാരണങ്ങൾ കണ്ടെത്തിക്കോടിരിക്കും അതാണ് ഈ പ്രണയത്തിന്റെ ഒരു ജാലവിദ്യ. നമ്മൾ സ്നേഹിക്കുന്ന ആളെ കാണാതാകുമ്പോൾ മനസ്സിൽ ഒരു കാരികല്ലെടുത്തു വെച്ച നിരാശയോടെ സിമിയെ എന്ന് കാണാൻ കഴിയുമെന്നോർത്തു വീട്ടിലേക്കു തിരിച്ചു പോയി.


(തുടരും.....)

Read: https://emalayalee.com/writer/278

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക