Image

സന്തോഷം (കവിത:രമാ പിഷാരടി)

രമാ പിഷാരടി Published on 12 April, 2024
സന്തോഷം  (കവിത:രമാ പിഷാരടി)

ചിരിച്ചാലുടന്‍ തരും-

ജീവിതം, തീക്കാറ്റിന്റെ

കനലും, മണല്‍ച്ചൂടും

കണ്ണീരും, നിരാശയും,

കരിന്തേള്‍ക്കുത്തും,

നിഴല്‍ച്ചുഴിയും,

വാക്കില്‍ത്തട്ടിയുടഞ്ഞ-

സന്ധ്യാവിളക്കതിലെ

കനല്‍ത്തുണ്ടും,

ഇരുളും, കോടക്കാറ്റും,

മഞ്ഞുവീഴ്ചയും,

ഹിമയുഗത്തില്‍ വീഴും പോലെ

തണുക്കും ഹൃദ്‌സ്പന്ദവും...

ഒടുങ്ങാഭാരത്തിന്റെ-

ചിന്തകള്‍, ചിതല്‍തിന്ന

സ്മൃതിയില്‍  നിന്നും-

പറന്നകലും പ്രതീക്ഷകള്‍,

ചിരിച്ചാലുടന്‍ വരും

മോഹഭംഗങ്ങള്‍

സ്വപ്നച്ചിറകും

കരിച്ചേ പോം

രോഷവാതങ്ങള്‍

മുകില്‍ച്ചിറകില്‍

പറന്നെത്തും തോറ്റങ്ങള്‍

ദുര്യോഗങ്ങള്‍....

 

 

ചിരിക്കില്ലിനിയെന്ന്

നോമ്പുനോറ്റിരിക്കുമ്പോള്‍

പകലോ വെട്ടം തൂകി-

പതിയെ തലോടിടും

ഓലഞ്ഞാലികള്‍ തൂങ്ങി-

യാടുന്നൊരൂഞ്ഞാല്‍ക്കൂട്-  

ഗ്രാമമായ് മുന്നില്‍ വന്ന്-

കൈതൊട്ട് വിളിച്ചീടും

ഇലഞ്ഞിമരത്തിന്റെ-

ചോട്ടില്‍ നിന്നാണ്ണാര്‍ക്കണ്ണന്‍-

വരും ഝില്‍ ഝില്ലൊന്നൊരു-

പാട്ടിനെ കൂടെക്കൂട്ടി

പാടത്ത് ചേറില്‍ നിന്ന്-

വിരിഞ്ഞൊരാമ്പല്‍പ്പൂവ്,

വേനലിന്‍ മഴത്തുള്ളിക്കിലുക്കം

കാട്ടിത്തരും..

നീറുകള്‍ കൂടും കെട്ടി-

പാര്‍ക്കുന്ന മാഞ്ചില്ലയില്‍

പാടുവാനെന്നും വരും

കുയിലും, മാടത്തയും

അമ്പലപ്രാവും, അരയാലിന്റെ

ഇലത്താളം, ശംഖിലെ കടല്‍,

ആറ്റുവക്കിലെ കായല്‍ക്കാറ്റ്

പിഞ്ഞിയ നോട്ട് ബുക്കിലെ-

കവിത, കടലാഴം..

ചിമ്മിനിക്കൂടിന്നുള്ളില്‍

തെളിയും നക്ഷത്രപ്പൂ.

കണ്ണിലെ ചെരാതുകള്‍ക്കുള്ളിലായ്-

തിളങ്ങുമ്പോള്‍

നിറയും ആഹ്ലാദത്തിന്‍-

ഭൂമിയില്‍, കിഴക്കിന്റെ

തിരുമുറ്റത്തായ്-

പാകിവയ്ക്കുന്നു

സന്തോഷത്തെ.....

Join WhatsApp News
Sudhir Panikkaveetil 2024-04-12 12:57:10
നല്ല മാനസികാവസ്ഥ അനുഭവിക്കുമ്പോൾ മിതത്വം പാലിക്കണമെന്ന് ജൂൺ ഗ്രുബെർ എന്ന സൈക്കോളജി പ്രൊഫസർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അല്ലെങ്കിൽ അത് ദുഃഖങ്ങൾ കൊണ്ടുവരുമത്രെ. അതേപോലെ തന്നെ അമിതമായ ആഹ്ളാദമില്ലാത്ത അവസ്ഥയും ഒരു പരിധി വരെ നല്ലതാണ്. അപ്പോഴായിരിക്കും നല്ല മുഹൂർത്തങ്ങൾ ജീവിതം നമുക്ക് നൽകുന്നത്. വളരെ ചിന്തനീയമായ ഒരു വിഷയം. അഭിനന്ദനം ശ്രീമതി രമ മാഡം.
Rema 2024-04-14 09:27:50
Thank you for reading my poem and thank you for your invaluable remarks Sudheer Ji.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക