Image

ഇരുണ്ട നിമിഷങ്ങളിലും നന്ദി പറയണം:  കുട്ടികളോട് ഫ്രാൻസിസ് മാർപാപ്പ 

സി. റൂബിനി ചിന്നപ്പൻ സി.റ്റി.സി, വത്തിക്കാൻ ന്യൂസ് Published on 12 April, 2024
ഇരുണ്ട നിമിഷങ്ങളിലും നന്ദി പറയണം:  കുട്ടികളോട് ഫ്രാൻസിസ് മാർപാപ്പ 

റോമാ രൂപതയുടെ പ്രാന്തപ്രദേശത്തുള്ള ഒരു ഇടവകയിൽ "പ്രാർത്ഥനയുടെ വിദ്യാലയം" ഉദ്ഘാടനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പാ ഏകദേശം 200 കുട്ടികളുമായി ഏപ്രിൽ 11നു തുറന്ന സംവാദത്തിൽ ഏർപ്പെട്ടു.  പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് തയ്യാറെടുക്കുന്ന കുട്ടികളുമായിനടത്തിയ സ്വതന്ത്ര സംവാദത്തിൽ പാപ്പാ വിശ്വാസത്തെ ആശ്ലേഷിക്കാനും പ്രാർത്ഥനയിൽ ദൈവത്തിലേക്ക് തിരിയാനും  കുട്ടികളെ പ്രേരിപ്പിച്ചു. 

കൃതജ്ഞത, പ്രാർത്ഥന, വിശ്വാസം എന്നിവയുടെ പ്രാധാന്യം പാപ്പാ ഊന്നിപ്പറയുകയും വിചിന്തിനത്തിന്റെയും പ്രോത്സാഹനത്തിന്റെയും നിമിഷങ്ങളിലൂടെ കുട്ടികളെ നയിക്കുകയും ചെയ്തു.

ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ, തങ്ങളുടെ പ്രിയപ്പെട്ടവരോടു മാത്രമല്ല, ദൈവത്തോടും "നന്ദി" പറയാൻ കുട്ടികളെ പ്രേരിപ്പിച്ചുകൊണ്ട്, ദൈനംദിന ജീവിതത്തിൽ നന്ദി പ്രകടിപ്പിക്കുന്നതിന്റെ പ്രാധാന്യം പാപ്പാ അടിവരയിട്ടു. പ്രാർത്ഥനയുടെ പ്രാധാന്യത്തെ എടുത്തു കാണിച്ച പാപ്പാ, പ്രാർത്ഥന ഒരിക്കലും ഇല്ലാതാകരുതെന്നും, പ്രത്യേകിച്ച് ജീവിതത്തിലെ ഇരുണ്ട നിമിഷങ്ങളിൽ പ്രാർത്ഥന ഉപേക്ഷിക്കരുതെന്നും അവരോടു പറഞ്ഞു. രോഗങ്ങളിലും പ്രയാസങ്ങളിലും കർത്താവിന് നന്ദി പറയുന്നതിൽ നിന്നു ശക്തി കണ്ടെത്തണമെന്ന് പാപ്പാ കുട്ടികളെ ബോധിപ്പിച്ചു.

കുട്ടികളെ നേരിട്ടു സംസാരിച്ച ഫ്രാൻസിസ് പാപ്പാ, അവരുടെ പ്രാർത്ഥനാ ശീലങ്ങളെക്കുറിച്ച് ചോദിച്ചു. ഭക്ഷണവും, കുടുംബവും, വിശ്വാസവും നൽകിയതിന് ദൈവത്തിന് നന്ദി പറയേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിച്ചു. ഒരുമിച്ചു നന്ദി പ്രകടിപ്പിക്കുന്നതിനും സമൂഹ പ്രാർത്ഥനയുടെയും നന്ദിയുടെയും ബോധം വളർത്തിയെടുക്കുന്നതിനും പാപ്പാ കുട്ടികളെ ഓർമ്മിപ്പിച്ചു.

രോഗത്തോടു മല്ലിടുന്ന ആലീസ് എന്ന കുട്ടി രോഗത്തിന്റെ നേരത്ത് എങ്ങനെ തനിക്ക് ദൈവത്തിന് നന്ദി പറയാ൯ കഴിയും എന്നു ചോദിച്ചു. ഇരുൾ പൂണ്ട നിമിഷങ്ങളിലും ബുദ്ധിമുട്ടുകൾ സഹിക്കാനുള്ള ക്ഷമ കർത്താവ് പ്രദാനം ചെയ്യുന്നുവെന്ന് പറഞ്ഞു പാപ്പാ അവളെ ആശ്വസിപ്പിച്ചു. വേദനാജനകമായ സമയങ്ങളിൽ ലഭിക്കുന്ന ശക്തിക്ക് നന്ദിയുടെ പ്രാർത്ഥന അർപ്പിക്കാ൯ പാപ്പാ കുട്ടികളോടു പറഞ്ഞു.

തങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങൾക്കു നന്ദി പ്രകടിപ്പിച്ചുകൊണ്ട് ഉറങ്ങുന്നതിന് മുമ്പ് അവരുടെ അന്നത്തെ ദിവസത്തെക്കുറിച്ച് ചിന്തിക്കാൻ കുട്ടികളെ ഉപദേശിച്ചുകൊണ്ടാണ് പാപ്പാ കുട്ടികളുമായുള്ള കൂടിക്കാഴ്ച അവസാനിപ്പിച്ചത്. ദൈനംദിന ജീവിതത്തിൽ കൃതജ്ഞതയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, പാപ്പാ കുട്ടികൾക്ക് നന്ദിയുടെ പ്രാർത്ഥനയും ചൊല്ലിക്കൊടുത്തു.

ഫ്രാൻസിസ് പാപ്പാ കുട്ടികൾക്ക് ജപമാലകളും ചോക്കലേറ്റ് മുട്ടകളും വിതരണം ചെയ്തു. കൂടാതെ, വരാനിരിക്കുന്ന പ്രത്യാശയുടെ ജൂബിലി വർഷത്തിന് മുന്നോടിയായി പ്രാർത്ഥനാ ജീവിതത്തെ പിന്തുണയ്ക്കുന്നതിനായി മതബോധന അധ്യാപകർക്കും വൈദീകർക്കും പ്രാർത്ഥനയെക്കുറിച്ചുള്ള കുറിപ്പുകളുടെ വാല്യങ്ങളും പാപ്പാ സമ്മാനിച്ചു.

2025 ലെ ജൂബിലി വർഷത്തിനായുള്ള ആത്മീയ ഒരുക്കത്തിന്റെ ഭാഗമായ പ്രാർത്ഥനാ വർഷത്തിൽ ഫ്രാൻസിസ് പാപ്പാ നടത്താനുദ്ദേശിക്കുന്ന കൂടിക്കാഴ്ച്ചാ പരമ്പരകളുടെ  തുടക്കമായിരുന്നു കുട്ടികളുമായുള്ള ഈ സംവാദം. അവരുടെ വിശ്വാസത്തെ ആഴത്തിലാക്കാനും അവരുടെ ജീവിതത്തിൽ നന്ദിയുടെ മനോഭാവം വളർത്തിയെടുക്കാനും ഇത്  സഹായിച്ചു.

Thank God even in pain, Pope tells children 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക