ജനാലതള്ളിത്തുറന്ന് കാറ്റ് മുറിയിലേക്ക് കടന്നുവന്നു. സമയം രാത്രി ഏഴു മണി. കുറച്ചു നേരം വെറുതേ കിടക്കാമെന്നു കരുതിയതാണ്. പക്ഷേ അവൾ ഉറങ്ങിപ്പോയിരുന്നു. പക്ഷികൾ കൂട്ടമായി ചിലയ്ക്കുന്ന ശബ്ദം അവളുടെ ചെവിയിൽ തുളച്ചു കയറി. അവൾ ഞെട്ടിയുണർന്നു. ജനാലയിൽകൂടി പക്ഷികളുടെ ശബ്ദം കേൾക്കുന്ന ഇടത്തേക്ക് നോക്കി. അവിടെ മരങ്ങൾ നിഴൽപോലെ ഇരുണ്ട് കാണപ്പെട്ടു. അവയ്‌ക്കൊന്നും ഒരിലപോലും ഉണ്ടായിരുന്നില്ല. ആകാശം കറപ്പു കലർന്ന കടുംനീല നിറത്തിലായിരുന്നു. അലകളുടെ അകൃതിയിലുള്ള നെടുനീളൻ പർവതം അവൾക്ക് മുന്നിലായി അങ്ങകലെ കാണാമായിരുന്നു. പർവതത്തിന്റെ താഴ്‌വാരത്തായി കുറേ വീടുകൾ കൂട്ടമായി രാത്രി വിളക്കും കത്തിച്ചു നിൽപ്പുണ്ട്. ഈ ഇരുട്ടിൽ ആരൊക്കെയോ അവളെ തുറിച്ചു നോക്കുംപോലെ അവൾക്ക് തോന്നി. അവൾ ജനാലയുടെ അരികിൽ വന്നു നിന്നപ്പോൾ ഇരുട്ടിന് നിറയെ കണ്ണുകൾ വെച്ചതുപോലെ. വൃക്ഷങ്ങൾ മൂകമായി അവളെ അരികിലേക്ക് വിളിക്കും പോലെ. പക്ഷിക്കുഞ്ഞുങ്ങൾ ചുവന്നകണ്ണുകളാൽ അവളെനോക്കി അമ്മക്കിളികളോട് കൊതി അറിയിക്കുന്നപോലെ. ആരൊക്കെയോ അവളെ തുറിച്ചു നോക്കുന്നുണ്ട്. കാറ്റ് അതിശക്തമായി മുറിക്കുള്ളിലേക്ക് ഇരച്ചു കയറാൻ തുടങ്ങി. അവൾ കാറ്റിനെ പാതി മുറിച്ച് പുറത്തേക്ക് തള്ളിയിട്ട് ജനാല വലിച്ചടച്ചു.
സെറോഷ് അവളെ പനോരമിക് ദർശനമുള്ള മലമുകളിലെ ഒരു റെസ്റ്റോറന്റിൽ കൊണ്ടുപോകാം എന്ന് പറഞ്ഞതാണ്. സമയം ഏഴായിട്ടും അയാൾ ഫോൺ എടുക്കുന്നില്ല. ഇനി അവിടെ പോയിട്ടും കാര്യമില്ല. ഇരുട്ടിൽ ഇരുട്ടിനെ കാണാൻ എന്തിന് അവിടെ പോകണം! അവൾ നോർത്ത്പോളിന് അടുത്തുള്ള രാജ്യത്ത് ടൂർ വന്നിരിക്കുകയായിരുന്നു. സെറോഷിനെ അവൾക്ക് പരിചയപ്പെടുത്തി കൊടുത്തത് അവൾ താമസിക്കുന്ന ഹോട്ടലിലെ റീസെപ്ഷനിസ്റ്റ്ആയിരുന്നു . ആ രാജ്യം ഏറെക്കുറെ അവൾ കണ്ടിരുന്നു. അവളുടെ അവസാന നാല് ദിവസങ്ങൾ മലമുകളിലെ ആ സ്ഥലത്ത്ചിലവഴിക്കാൻതീരുമാനിച്ചിരുന്നു . ഇനി ഒരുനാൾ കൂടിയുണ്ട്. മലമുകളിൽ മാത്രമായിരുന്നു മഞ്ഞു കാണമായിരുന്നത്.
ശീതകാലത്തിന്റെ അവസാന കുറേ നാളുകളിൽ മലമ്പ്രദേശങ്ങളിൽ മാത്രമേ മഞ്ഞു കാണുകയുള്ളൂ. അതുകാണാനായി ടൂറിസ്റ്റുകൾ വരും. അവൾ നിന്നിരുന്ന സ്ഥലത്ത് രാവിലെ നിറയെ ആൾക്കാരായിരുന്നു. അവർ സ്‌കി ചെയ്യാനും മഞ്ഞിൽ കളിക്കാനുമൊക്കെയായി വരുന്നതാണ്. ചിലർ ആ പ്രദേശത്തുതന്നെയുള്ള ഹോട്ടലുകളിൽ താമസിക്കും. ചിലർ രാവിലെ വന്ന് വൈകിട്ട് തിരിച്ചുപോകും. ഒട്ടുമുക്കാൽപേരും അങ്ങനെയാണ്. അവൾ അവിടെത്തന്നെയുള്ള ഒരു ഹോട്ടലിലായിരുന്നു താമസം. അവൾ ഒറ്റയ്ക്ക് സഞ്ചരിക്കാൻ ഇഷ്ട്ടപ്പെടുന്ന ആളായിരുന്നു. പുതിയ പുതിയ സ്ഥലങ്ങളിലെ ചരിത്രം മനസിലാക്കാൻ ടൂർ ഗൈഡിന്റെ സഹായവും തേടിയിരുന്നു.
അവൾ താമസിച്ചിരുന്ന ഹോട്ടൽ പണ്ടുകാലം മുതലേ അവിടെയുള്ളതാണ്. ഇപ്പോൾ പുതിയ ഹോട്ടലുകളൊക്കെ ആ പ്രദേശത്ത് ആയിട്ടുണ്ട്. അവളെക്കൂടാതെ ഒരു ഫാമിലി മാത്രമേ ആ ഹോട്ടലിൽ താമസമുള്ളൂ എന്നവൾക്ക് തോന്നി. കാരണം ഹോട്ടൽ ജീവനക്കാരെക്കൂടാതെ ആ ഫാമിലിയെ മാത്രമേ അവൾ വന്നപ്പോൾമുതൽ അവിടെ കണ്ടിട്ടുള്ളൂ. വൈകുന്നേരങ്ങളിൽ അവൾ ഹോട്ടലിലുള്ള ജിമ്മിൽ പോകും. ട്രഡ്മില്ലും ക്രിസ്സ്ക്രോസ്സും ഒഴികെ ബാക്കിയുള്ളതെല്ലാം വള്ളിപൊട്ടി ഉപയോഗശൂന്യമായി കിടക്കുകയാണ്. ജിമ്മിൻറെ തൊട്ടപ്പുറത്തായി ഇൻഡോർ പൂൾ ഉണ്ട്. അവിടെ ആ സമയങ്ങളിൽ ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കാം. കരച്ചിൽ അസ്സഹനീയമാകുമ്പോൾ അവൾ ഗ്ലാസ്സ് ഡോറിൽകൂടി പൂൾ ഏരിയയിലേക്ക് നോക്കും.എന്നും കാണുന്ന ഫാമിലിയെയാണ്അപ്പോൾ അവൾ അവിടെ കാണുന്നത്. ഒരു വയസ്സു തോന്നുന്ന ആൺകുട്ടിയെ എന്നും കുട്ടിയുടെ പിതാവ് വെള്ളത്തിൽ മുക്കുന്ന കാഴ്ച കാണാം. ആ കുട്ടി കരഞ്ഞാലും അയാൾ അത് നിർത്താൻ കൂട്ടാക്കാറില്ല. ആ കരച്ചിൽ അല്ലാതെ വേറെ ഒരു ശബ്ദവും ആ ഹോട്ടലിൽ കേൾക്കാനില്ല.
ഹോട്ടൽ ജീവനക്കാർക്ക് ഇംഗ്ലീഷ് ഭാഷയും അറിഞ്ഞുകൂടാ. ഗൂഗിൾ ട്രാൻസ്ലേറ്റ് വഴിയുള്ള സംസാരങ്ങൾ മാത്രം. അവിടെയുള്ള ആരും ചിരിക്കാറില്ല . റൂമിൽനിന്ന് റൂം സർവീസിലേക്ക് വിളിച്ചാൽ ഭാഷ അറിയാത്തതുകൊണ്ട് അവർ ഫോൺ കട്ട് ചെയ്ത് കളയും. എന്തിന് വിളിച്ചു എന്ന് അന്വേഷിക്കാൻ പോലും ആരും മെനക്കേടാറില്ല.
വൈകുന്നേരങ്ങളിൽ എങ്ങുനിന്നോ മൂടൽ മഞ്ഞുവന്ന് അവിടെയാകെ മൂടിക്കളയും. പിന്നെ അത് കാറ്റിനനുസരിച്ചു ചുറ്റിപ്പറന്നു നടക്കും. ചരാചരങ്ങൾക്ക് തണുത്തുറഞ്ഞ പ്രതീതി. ആ പ്രദേശം മുഴുവനും സന്ധ്യയാകുമ്പോൾ മങ്ങിയ നീലിമ പടരും.
അവൾക്ക് ആ സ്ഥലത്തിനോട് ഭയമുണ്ടായി. ആ സ്ഥലത്തിന് അവളുടെ സന്തോഷത്തെ എടുത്തു കളയാൻ പ്രാപ്തിയുണ്ട് എന്നവൾക്ക് മനസ്സിലായി. ഇലയില്ലാത്ത പ്രതിമപോലെയുള്ള വൃക്ഷങ്ങളിൽ അവൾ കണ്ടത് പാറാവ് നിൽക്കുന്ന ഓരോ രക്ഷസന്മാരെയാണ്. അവിടെയെത്തിയപ്പോൾ പ്രപഞ്ചത്തിന് അനക്കമില്ല , ഒന്നിനും ജീവനില്ല ,ശബ്ദമില്ല എന്ന് തോന്നിത്തുടങ്ങി.
അവൾ ഫോണിലേക്ക് നോക്കി. സമയം എട്ടുമണി. അപ്പോൾ ഫോൺ ബെൽ അടിച്ചു. സെറോഷായിരുന്നു അത്.
കാർ വരുംവഴി ആക്‌സിഡന്റ് ആയതാണ്. പോലീവ് വന്ന് പരിഹാരമാക്കി. സെറോഷിന് കാശ് കൊടുക്കേണ്ടി വന്നു. അവർക്കൊന്നും ഇൻഷുറൻസില്ല. പത്ത് എഴുപത്തഞ്ചു വർഷം പഴക്കമുള്ള വണ്ടികൾ ആണ് ആ നിരത്തിലൂടെ ഓടുന്നത്. സിഗ്നൽസ് ഇല്ലാത്ത റോഡുകൾ. എല്ലാമൊരു നിഗമനത്തിൽ , പറയാതെ പറയുന്ന താളത്തിൽ പോകുന്നു.
സെറോഷ് അവളോട് തയ്യാറായി ഇരിക്കാൻ ആവശ്യപ്പെട്ടു. ഇനി ഈ രാത്രി എന്ത് കാണാൻ പോവുകയാണ്? അവൾ ചോദിച്ചു.
‘പനോരമിക് റെസ്റ്റൊറന്റിൽ കഴിക്കാൻ പോകാം. നല്ല ആഹാരം അവിടെ കിട്ടും. ലൈവ് മ്യൂസിക്. വിലകൂടിയ വൈൻ.‘അയാൾ പറഞ്ഞു നിർത്തി.
ശെരിയാണ് , ഇവിടെ കിട്ടുന്ന ഭക്ഷണം തണുത്തുറഞ്ഞു അറപ്പു തോന്നിക്കുന്നതാണ്. ചിക്കൻ ഒരാഴ്ച്ച ഫ്രിഡ്ജിൽഇരിക്കുന്നത് ! ബീഫ് പച്ചക്ക് പുഴുങ്ങി വെച്ചേക്കുന്നത്! അവർക്ക് അതൊക്കെ രുചികരമാണ്! ഭക്ഷണം കൊള്ളില്ല എന്ന് പറയുമ്പോൾ അവർ അത്ഭുതത്തോടെ നോക്കും. ഇന്നെങ്കിലും നല്ല ഭക്ഷണം കഴിക്കാം,അവൾ കരുതി. വിശന്നു തളർന്നു മന്ദത കൊണ്ടുണ്ടാകുന്ന അവ്യക്തങ്ങളായ ചിന്തകളുടെ ഉന്മാദാവസ്ഥയിൽ അവൾ എത്തിയിരുന്നു. സെറോഷിനോട് എന്തെന്നില്ലാത്ത വിശ്വാസം. അവൾക്ക് പെട്ടെന്നുണ്ടായ സ്നേഹം. ആകർഷണം.
പതിനഞ്ചു മിനിറ്റുകൾക്കൊണ്ട് സെറോഷ് ഹോട്ടലിൽ എത്തും. അവൾ വേഗം കുളിച്ചൊരുങ്ങി. സെറോഷ് ഹോട്ടലിൽ എത്തിയപ്പോഴേക്കും അവൾ ലോബിയിൽ കാത്തിരിക്കുകയായിരുന്നു. അവൾ സെറോഷിന്റെ അടുത്തേക്ക് പോയി അയാളെ ആലിംഗനം ചെയ്തു. അവൾ അയാളുടെ മുഖത്തേക്ക് നോക്കി. അയാൾ ബാക്ക് ഡോർ തുറന്നു കൊടുത്തു. അവൾ ചിരിച്ചുകൊണ്ട് ഫ്രണ്ട് ഡോർ തുറന്ന് മുൻസീറ്റിൽ ഇരുന്നു. അവൾ കാറിന്റെ ജനാല തുറന്ന് തണുത്ത കാറ്റിനെ ചുംബിച്ചു. ഇരുട്ടിലേക്ക് നോക്കി ചിരിച്ചു. സെറോഷ് അയാളുടെ കൈയിലുണ്ടായിരുന്ന വൈൻ ബോട്ടിൽ അവൾക്ക് കൊടുത്തു. അവൾ അത് തുറന്നു കുടിച്ചു. സെറോഷിന് ഇംഗ്ലീഷ് അറിയില്ല. അവർ അപ്പോൾ ഗൂഗിൾ ട്രാൻസ്‌ലേറ്റർ ഉപയോഗിച്ചില്ല. അവൾ ഇംഗ്ലീഷിലും അയാൾ അയാളുടെ ഭാഷയിലും സംസാരിച്ചു. വൈൻ അവൾ കുടിച്ചു തീർത്തിരുന്നു. സെറോഷിന്റെ കൈകളിൽ അവൾ മുറുക്കി പിടിച്ചിരുന്നു. ഓരോ വളവുകളിലും തിരിവുകളിലും അവൾ അട്ടഹസിച്ചു.ചിലനേരം പേടിച്ചു.
പേടിച്ചപ്പോൾ അവൾ സെറോഷിന്റെ കൈകളിൽ ഒളിച്ചു. അവൾ ഉന്മത്തയായിരുന്നു. എന്തൊക്കെയോ ഓർത്ത് അവൾ പൊട്ടിച്ചിരിച്ചു. സെറോഷിനെ അഗാധമായി നോക്കിക്കൊണ്ടിരുന്നു. സെറോഷിനോട് കാർ സൈഡിലേക്ക് നിർത്താൻ ആവശ്യപ്പെട്ടു. അയാൾ കാർ നിർത്തി. അവൾ സെറോഷിനെ ഗാഡമായി ചുംബിച്ചു. അവൻ ഡോർ തുറന്ന് പുറത്തിറങ്ങി അവളെ കോരിയെടുത്തു. അവർ ഇരുട്ടിലേക്ക് നടന്നു പോയി. അവന്റെ ജാക്കറ്റ് തറയിൽ വിരിച്ചു. ആരൊക്കെയോ ഇരുട്ടിൽ അവരെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു. നിരനിരയായി നിൽക്കുന്ന വൃക്ഷങ്ങളുടെ നടുവിൽ അവൾ അവനെ ഒരുപാട് സ്നേഹിച്ചു. അവനും.
സെറോഷ് അവളെ പനോരമിക് റെസ്റ്റോറന്റിലേക്ക് കൊണ്ടുപോയി. പോകുന്ന വഴിയിൽ ഇരുവശങ്ങളിലായി വിളക്ക് മണ്ണിൽ കുത്തി നിർത്തിയിരുന്നു. ഓരോ വൃക്ഷങ്ങളിലും രണ്ടു മുഖങ്ങളുടെ അകൃതിയിലുള്ള അലങ്കാരങ്ങൾ വെച്ചിരുന്നു. ചില രൂപങ്ങൾക്ക് ഒറ്റക്കണ്ണു മാത്രം എന്നാൽ അവിടെ രണ്ട് മൂക്കുകളുണ്ട്. ചില വൃക്ഷങ്ങളിൽ പുറത്തേക്ക് തള്ളി നിൽക്കുന്ന നാല് കണ്ണുകൾ. ചിലതിൽ എന്തോ കണ്ട് കൊതിയൂറി നിൽക്കുന്ന രണ്ട് വായ. തണുത്തുറഞ്ഞ കാറ്റ്. വിജനമായ പ്രദേശം.
അവർ ഡോർ തുറന്ന് റെസ്റ്റോറന്റിൽ കയറി. മെഴുകുതിരി നിരനിരയായി അവിടെ മുഴുവനും കത്തിച്ചു വെച്ചിരുന്നു. ചുവന്ന വസ്ത്രങ്ങൾ ധരിച്ച മനുഷ്യർ. അവൾ അവയെല്ലാം അവ്യക്തമായി കണ്ടു. അവിടെയുള്ള എല്ലാവരും ഒരുപോലെയായിരുന്നു . സെറോഷ് ധരിച്ചിരുന്ന വസ്ത്രവും ചുവന്നതായിരുന്നു. അവർ ജനാലകളും കതകും അടച്ച് കർട്ടൻ ഇട്ടു. അവൾക്ക് എന്തോ പാനീയം കുടിക്കാൻ കൊടുത്തു. അവളെ ഓരോരുത്തരും വന്ന് ചുംബിച്ചു. അവൾ നിരയായി പാറാവ് നിന്ന വൃക്ഷങ്ങളെയോർത്തു. അവർ ആ വഴി കടന്നു വന്നത് ആരുടെ സിംഹാസനത്തിന്റെ മുന്നിലാണ്! അവളെ ചുവന്ന വസ്ത്രം ധരിപ്പിച്ചു. അവളുടെ മുന്നിൽ നിന്നയാളുടെ മുന്നിലേക്ക് ചുവന്ന തുണി വിരിച്ച താലത്തിൽ ഒരു വാൾ കാഴ്ചവെച്ചു. അവളെ ആ പ്രദേശം വലിച്ചെടുത്തു.