Image

ഇറാൻ സംയമനം പാലിക്കണമെന്നു പുട്ടിൻ; ആയുധങ്ങൾ പക്ഷെ വേണ്ടത്ര എത്തിക്കും (പിപിഎം)

Published on 17 April, 2024
ഇറാൻ സംയമനം പാലിക്കണമെന്നു പുട്ടിൻ; ആയുധങ്ങൾ പക്ഷെ വേണ്ടത്ര എത്തിക്കും (പിപിഎം)

മിഡിൽ ഈസ്റ്റിൽ സംഘർഷം വർധിപ്പിക്കരുതെന്നു റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയോട് ആവശ്യപ്പെട്ടു. ഇസ്രയേലിന് എതിരെ നടത്തിയ ആക്രമണം പരിമിതമായിരുന്നുവെന്നു റൈസി മറുപടി നൽകിയതായി ക്രെംലിൻ അറിയിച്ചു. കൂടുതൽ സംഘർഷങ്ങൾക്കു പോകാൻ ഇറാനു താല്പര്യമില്ല. 

ഇരു ഭാഗവും 'ന്യായമായ സംയമനം' പാലിക്കുമെന്നും ഒരു വട്ടം കൂടി ഏറ്റുമുട്ടൽ ഉണ്ടാവില്ലെന്നും പുട്ടിൻ പ്രത്യാശ പ്രകടിപ്പിച്ചു. ഉണ്ടായാൽ അത് മേഖലയ്ക്കു മുഴുവൻ അത്യന്തം വിനാശകരമാവും. 

ഇസ്രയേലും ഹമാസും തമ്മിൽ ഉടൻ വെടിനിർത്തൽ ഉണ്ടാവണമെന്നാണ് റഷ്യയും ഇറാനും ആഗ്രഹിക്കുന്നതെന്നു ക്രെംലിൻ പറഞ്ഞു. ഗാസയിലെ സംഘർഷമാണ് ഇപ്പോൾ മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങൾക്കു മൂലകാരണം. 

ഇറാന് ആയുധങ്ങൾ എത്തിക്കുന്ന രാജ്യമെന്ന നിലയ്ക്കു റഷ്യയ്ക്കു ഇറാനുമായി തന്ത്രപരമായ ബന്ധമുണ്ട്. അമൂല്യമായ ആകാശ പ്രതിരോധ സംവിധാനവും റോക്കറ്റ് വിക്ഷേപണ സൗകര്യവും ഡ്രോണുകളും റഷ്യ നൽകിയിട്ടുണ്ട്. ഇസ്രയേലിനെതിരെ ഇറാൻ ഇവ ഉപയോഗിച്ചിട്ടുമുണ്ട്. 

യുക്രൈനിൽ 2022ൽ ആക്രമണം തുടങ്ങിയ റഷ്യയുടെ സഹായത്തിനു ഇറാൻ എത്തിയിരുന്നു. ആയിരക്കണക്കിനു ഡ്രോണുകളും മിസൈലുകളും ഇറാൻ റഷ്യയ്ക്കു എത്തിച്ചു. ആ ഉപകാരത്തിനു പ്രത്യുപകാരം ചെയ്യാൻ റഷ്യ ഇപ്പോൾ ഇറാന് ആയുധങ്ങൾ എത്തിക്കാനുള്ള കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. 

ഇസ്രയേലിനുള്ളതു പോലെ ഫലപ്രദമായ ആകാശ പ്രതിരോധം ഇറാന് ഇല്ല. ഇസ്രയേൽ പ്രത്യാക്രമണം നടത്തിയാൽ റഷ്യയിൽ നിന്നു ലഭിക്കുന്ന അത്യാധുനിക ജെറ്റുകളും പ്രതിരോധ സംവിധാനവും ഇറാന് ഉപയോഗിക്കാൻ കഴിയും. അത് ഇറാനെ മിഡിൽ ഈസ്റ്റിൽ അസാമാന്യ കരുത്തുള്ള രാജ്യമായി ഉയർത്തുമെന്നാണ് പ്രതിരോധ വിദഗ്ധരെ ഉദ്ധരിച്ചു 'വാഷിംഗ്‌ടൺ പോസ്റ്റ്' പറയുന്നത്. 

റഷ്യയുടെ എസ്-400 മിസൈൽ വേധ സംവിധാനമാണ് ഇറാന് ഏറ്റവും ആഗ്രഹം. ഇസ്രയേലും യുഎസും വിക്ഷേപിക്കുന്ന മിസൈലുകൾ തേടിപ്പിടിച്ചു നശിപ്പിക്കാൻ കഴിയുന്ന എസ്-400 റഷ്യ ഇന്ത്യയ്ക്കും നൽകുന്നുണ്ട്. 

ഇറാന്റെ വ്യോമസേനയുടെ മുഖ്യ വിമാനങ്ങൾ 1979ലെ വിപ്ലവത്തിനു മുൻപ് ഷാ റെസ പഹ്ലവി വാങ്ങി വച്ച യുഎസ്, സോവിയറ്റ് ജെറ്റുകൾ പുതുക്കിയതാണ്. 

Putin urges restraint as Russia arms Iran 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക