Image

ഗ്രീൻ കാർഡ്  കിട്ടാൻ 195 വർഷം; കാത്തു നില്കുന്നത് 1.2 ഇന്ത്യൻ അപേക്ഷകർ

Published on 17 April, 2024
ഗ്രീൻ കാർഡ്  കിട്ടാൻ 195 വർഷം; കാത്തു നില്കുന്നത് 1.2 ഇന്ത്യൻ അപേക്ഷകർ

ഒരു മില്യണിലേറെ ഇന്ത്യക്കാർ തൊഴിലധിഷ്ഠിത കുടിയേറ്റത്തിനു  (EB -1 , 2 , 3) വേണ്ടി കാത്തു നിൽപുണ്ടെന്നു യുഎസ് കുടിയേറ്റ വകുപ്പിന്റെ (യുഎസ് സി ഐ എസ്) കണക്കുകൾ കാണിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള മികച്ച സാങ്കേതിക വിദഗ്‌ധർ എത്ര പതിറ്റാണ്ടുകൾ കാത്തു നിന്നാണ് ഗ്രീൻ കാർഡ് നേടുകയെന്നു അതു വ്യക്തമാക്കുന്നു. 

പ്രധാന കാരണം ഓരോ രാജ്യത്തിനും വച്ചിട്ടുള്ള പരിധിയാണ്. 'ഫോബ്‌സ്' മാസിക പറയുന്നത് 1.2 മില്യൺ ഇന്ത്യക്കാർ ഗ്രീൻ കാർഡ് കാത്തുനില്പുണ്ടെന്നാണ്. അതിൽ ആശ്രിതരുമുണ്ട്.  ഇപ്പോഴത്തെ നിലയിൽ ഇവർക്കെല്ലാം ഗ്രീൻ കാർഡ്  കിട്ടാൻ 195 വർഷം  വേണം. കാരണം ഇന്ത്യാക്കാർക്ക് ഒരു വര്ഷം നൽകുന്ന പരമാവധി  ഗ്രീൻ കാർഡുകളുടെ  എണ്ണം  9200 ആണ്. 

ചെറിയ രാജ്യങ്ങൾക്കും  ഇന്ത്യ-ചൈന പോലുള്ള രാജ്യങ്ങൾക്കും ഇത് തുല്യമാണ്. കൺട്രി ക്വാട്ട ഒഴിവാക്കിയാൽ കാത്തു നിൽക്കുന്നവരുടെ എണ്ണം കുറയും. പക്ഷെ അതിനുള്ള ശ്രമം എങ്ങും എത്തിയിട്ടില്ല.

ഇബി-1 എന്ന ഒന്നാം പരിഗണന വിഭാഗത്തിൽ മൊത്തം 143,497 ഇന്ത്യക്കാർ   കാത്തു നില്പുണ്ട്. അതിൽ 92,248 ആശ്രിതർ. 51,249 പ്രിൻസിപ്പൽ അപേക്ഷകർ.   അസാധാരണ  കഴിവുള്ള തൊഴിലാളികൾ, മികച്ച പ്രൊഫസർമാർ, ഗവേഷകർ, മൾട്ടിനാഷണൽ എക്സിക്യൂട്ടീവുകൾ അല്ലെങ്കിൽ മാനേജർമാർ എന്നിവരാണ് ഈ വിഭാഗത്തിൽ.  

EB 2  വിഭാഗത്തിൽ (ഇബി-2)  പ്രിൻസിപ്പൽ  അപേക്ഷകർ  419,392. ആശ്രിതർ 419,392. മൊത്തം 838,784 ഇന്ത്യക്കാർ  കാത്തു നിൽക്കുന്നു.  ഉന്നത ബിരുദം നേടിയ പ്രൊഫഷണലുകളും ശാസ്ത്രം, കലകൾ അല്ലെങ്കിൽ ബിസിനസ്സ് എന്നിവയിൽ അസാധാരണ കഴിവുള്ള വ്യക്തികളും ആണ് ഈ വിഭാഗത്തിൽ അപേക്ഷിക്കുക. ഏകദേശം മൂന്ന് വർഷത്തിനുള്ളിൽ 240,000 അല്ലെങ്കിൽ 40% വർദ്ധന ഈ വിഭാഗത്തിലുണ്ടായി.

മൂന്നാം വിഭാഗത്തിൽ (ഇബി-3) 138,581 പേരുടെ അപേക്ഷകൾ തീർപ്പായിട്ടില്ല.  ബിരുദമുള്ള സ്‌കിൽഡ് തൊഴിലാളികളും   മറ്റും ഈ വിഭാഗത്തിൽ  ഉൾപ്പെടുന്നു.

സാമ്പത്തിക വർഷം 2030 ആവുമ്പോഴേക്കു മൂന്നു വിഭാഗങ്ങളിലുമായി 2,195,795 ഇന്ത്യക്കാരുടെ അപേക്ഷകൾ കെട്ടിക്കിടപ്പുണ്ടാവുമെന്നു കോൺഗ്രഷണൽ റിസേർച് സർവീസിനെ ഉദ്ധരിച്ചു ഫോബ്‌സ് പറഞ്ഞു. ഇവയെല്ലാം തീർപ്പാക്കാൻ 195 വർഷം വേണ്ടി വരും.

രാജ്യങ്ങൾക്കു പരിധി വച്ചിട്ടുള്ളതിനാൽ 2015ൽ വെറും 7,820 ഇന്ത്യക്കാർക്കാണ് ഗ്രീൻ കാർഡ് കിട്ടിയത്. പതിനായിരക്കണക്കിന് അപേക്ഷകൾ സമർപ്പിച്ചിരുന്നു. 

ദീർഘകാല കാത്തിരിപ്പു അവസാനിപ്പിക്കാൻ 2022ൽ കൊണ്ടുവന്ന പരിഷകരണ ശ്രമം സെനറ്റിൽ റിപ്പബ്ലിക്കൻ ചാൾസ് ഗ്രാസ്‌ലിയും മിച് മക്കോണലും കൂടി തകർത്തു.

Indian green card backlog massive 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക