Image

സല്‍മാൻ ഖാന്റെ വീടിന് വെടിവച്ച സംഭവം : രണ്ടുപേർ ഗുജറാത്തില്‍ അറസ്റ്റിൽ

Published on 17 April, 2024
 സല്‍മാൻ ഖാന്റെ വീടിന്  വെടിവച്ച  സംഭവം : രണ്ടുപേർ  ഗുജറാത്തില്‍ അറസ്റ്റിൽ

മുംബൈ: ബോളിവുഡ് നടൻ സല്‍മാൻഖാന്റെ വീടിനുനേരേ വെടിയുതിർത്ത സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റുചെയ്ത് മുംബൈ ക്രൈംബ്രാഞ്ച്.

തിങ്കളാഴ്ച അർധരാത്രി ഗുജറാത്തിലെ ഭുജില്‍വെച്ചാണ് ഇവരെ പിടികൂടിയതെന്ന് മുംബൈ പോലീസ് അറിയിച്ചു.പ്രതികളായ ബിഹാർ സ്വദേശികളായ വിക്കി ഗുപ്ത (24), സാഗർ പാല്‍ (21) എന്നിവർ ബാന്ദ്രയിലെ ഗാലക്‌സി അപ്പാർട്ട്‌മെൻ്റിലെ ഖാൻ്റെ വീടിന് പുറത്ത് അഞ്ച് റൗണ്ട് വെടിയുതിർത്ത ശേഷം ഒളിവില്‍ കഴിയുകയായിരുന്നു. . വെടിവയ്പിനുശേഷം ഇരുവരും മുംബൈയില്‍നിന്ന് ഗുജറാത്തിലേക്ക് മുങ്ങുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി .

. സംഭവത്തില്‍ വിശദാന്വേഷണം നടത്തുന്നതിനായി ഇരുവരെയും മുംബൈയില്‍ എത്തിക്കും.

അതേസമയം പിന്നില്‍ ലോറൻസ് ബിഷ്ണോയ് സംഘമെന്ന് മുംബൈ പോലീസ് പറഞ്ഞിരുന്നു. ബിഷ്ണോയിയുടെ സംഘത്തെ നയിക്കുന്ന രാജസ്ഥാനിലെ രോഹിത് ഗോദരയാണ് ആസൂത്രകൻ. സല്‍മാൻഖാൻ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവമാണ് ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ വിരോധത്തിനു കാരണം. ഇയാളുടെ സംഘത്തില്‍ ഉള്‍പ്പെട്ട വിശാല്‍ എന്നു വിളിക്കുന്ന കാലുവും തിരിച്ചറിയാത്ത ഒരാളും ചേർന്നാണ് വെടിവെച്ചതെന്ന് മുംബൈ പോലീസ് പറഞ്ഞു. പ്രതികള്‍ ഉപയോഗിച്ചെന്നു കരുതുന്ന ബൈക്ക് ബാന്ദ്രയിലെ മൗണ്ട് മേരി പള്ളിക്കു സമീപത്തുനിന്ന് കണ്ടെടുത്തു. ഇവരുടെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവിട്ടു. ഒരാള്‍ വെള്ളയും കറുപ്പും ചേർന്ന ടി ഷർട്ടും മറ്റൊരാള്‍ ചുവന്ന ടി ഷർട്ടുമാണ് ധരിച്ചിരുന്നത്.

ബാന്ദ്രയിലെ താരത്തിന്റെ വീടായ ഗാലക്സി അപ്പാർട്ട്മെന്റിനുനേരേ ഞായറാഴ്ച പുലർച്ചെ 4.55-ഓടെയാണ് വെടിവെപ്പുനടന്നത്. സംഭവം നടക്കുമ്ബോള്‍ സല്‍മാൻഖാൻ വീട്ടിലുണ്ടായിരുന്നെന്ന് മുംബൈ പോലീസ് പറഞ്ഞു.

ബൈക്കിലെത്തിയ അക്രമികള്‍ മൂന്നുറൗണ്ട് വെടിയുതിർത്തു . അക്രമികള്‍ പള്ളിക്ക് സമീപം വാഹനം ഉപേക്ഷിച്ച്‌ കുറച്ചുദൂരം നടന്ന് ഓട്ടോറിക്ഷയില്‍ ബാന്ദ്ര റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതും സി.സി.ടി.വി. ദൃശ്യത്തിലുണ്ട്.

ഗാലക്സി അപ്പാർട്ട്മെന്റിലെ ആദ്യനിലയിലാണ് ഒരു ബുള്ളറ്റ് പതിച്ചത്. വിദേശനിർമിത തോക്കാണ് അക്രമികള്‍ ഉപയോഗിച്ചതെന്നാണ് വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക