Image

വാലി കോട്ടേജ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന് മികച്ച തുടക്കം  

ഉമ്മന്‍ കാപ്പില്‍ Published on 17 April, 2024
വാലി കോട്ടേജ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന് മികച്ച തുടക്കം  

വാലി കോട്ടേജ് (ന്യൂയോര്‍ക്ക്): മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി/യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ഏപ്രില്‍ 7 ഞായറാഴ്ച വാലി കോട്ടേജിലുള്ള സെന്റ് മേരീസ്  ഓര്‍ത്തഡോക്‌സ് പള്ളിയില്‍  നടത്തപ്പെട്ടു. നോര്‍ത്ത് ഈസ്റ്റ്  അമേരിക്കയിലെയും കാനഡയിലെയും ഇടവകകളില്‍ നിന്നുള്ള അംഗങ്ങള്‍ നാല് ദിവസത്തെ പരിപാടിയില്‍ പങ്കെടുക്കുന്നതാണ്.  ഭദ്രാസനത്തിലെ  ഏറ്റവും വലിയ ആത്മീയ സമ്മേളനമാണ് ഫാമിലി/ യൂത്ത് കോണ്‍ഫറന്‍സ്.


വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഫാ. മാത്യു തോമസ് (വികാരി) കോണ്‍ഫറന്‍സ് ടീമിനെ സ്വാഗതം ചെയ്തു. ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് തങ്കച്ചന്‍, ഷീല ജോസഫ് എന്നിവരടങ്ങുന്നതായിരുന്നു കോണ്‍ഫറന്‍സ് ടീം.  പോള്‍ കറുകപ്പിള്ളില്‍ (ഇടവക സെക്രട്ടറി/ ഭദ്രാസന അസംബ്ലി അംഗം/മുന്‍ സഭാ മാനേജിങ് കമ്മിറ്റി അംഗം), വത്സ ജോര്‍ജ് (ഇടവക ട്രസ്റ്റി) എന്നിവരും വേദിയില്‍ സന്നിഹിതനായിരുന്നു. ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉന്നമനത്തിനായുള്ള ശക്തമായ ആത്മീയ സംരംഭമെന്ന നിലയില്‍ അത് പ്രദാനം ചെയ്യുന്ന  മൂല്യത്തെക്കുറിച്ചും ഫാ. മാത്യു തോമസ് ഓര്‍മ്മിപ്പിച്ചു.


ഫിലിപ്പ് തങ്കച്ചന്‍ കോണ്‍ഫറന്‍സിന്റെ  തീയതി, മുഖ്യ ചിന്താവിഷയം, പ്രാസംഗികര്‍, വേദി, വേദിക്ക് സമീപമുള്ള ആകര്‍ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള പൊതുവായ വിവരങ്ങള്‍ നല്‍കി. സമ്മേളനത്തിന്റെ ധനസമാഹരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള  റാഫിളിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഷീല ജോസഫ് രജിസ്‌ട്രേഷന്‍ പ്രക്രിയയെ വിശദീകരിക്കുകയും രജിസ്‌ട്രേഷന്‍ സമയപരിധി അടുത്തിരിക്കുന്നതിനാല്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യാന്‍ എല്ലാവരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കോണ്‍ഫറന്‍സിനെ അനുസ്മരിപ്പിക്കുന്നതിനായി പ്രസിദ്ധീകരിക്കുന്ന സുവനീറില്‍, ലേഖനങ്ങള്‍, പരസ്യങ്ങള്‍, അഭിനന്ദനങ്ങള്‍ എന്നിവ സമര്‍പ്പിക്കാനുള്ള അവസരങ്ങളെക്കുറിച്ചും ഷീല സംസാരിച്ചു. കോണ്‍ഫറന്‍സിന്റെ ഭാഗമായി ആസൂത്രണം ചെയ്യുന്ന വിനോദ സായാഹ്നത്തില്‍  എല്ലാ ഇടവകകളില്‍ നിന്നുമുള്ള ടീമുകള്‍ക്ക് അവരുടെ ക്രിസ്ത്രീയ പരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരം ലഭ്യമാണെന്നും ഷീല ഓര്‍മ്മിപ്പിച്ചു.


ഫാ. മാത്യു തോമസ്, പോള്‍ കറുകപ്പിള്ളില്‍ എന്നിവര്‍ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍മാരായി കോണ്‍ഫറന്‍സിന് പിന്തുണ വാഗ്ദാനം ചെയ്തു. വറുഗീസ് ഒലഹന്നാന്‍, വത്സ ജോര്‍ജ്, ഫാ. മാത്യു തോമസ്, പോള്‍ കറുകപ്പിള്ളില്‍ എന്നിവര്‍ രജിസ്‌ട്രേഷന്‍ ഫോറം സമര്‍പ്പിച്ചു.
കോണ്‍ഫറന്‍സിന്  പ്രാര്‍ത്ഥനാപൂര്‍വ്വമായ പിന്തുണ നല്‍കിയ വികാരി, ഭാരവാഹികള്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ക്ക് ഫാമിലി കോണ്‍ഫറന്‍സ് ടീം നന്ദി രേഖപ്പെടുത്തി.


2024 ജൂലൈ 10 മുതല്‍ 13 വരെ പെന്‍സില്‍വേനിയ ലങ്കാസ്റ്ററിലെ വിന്‍ധം  റിസോര്‍ട്ടിലാണ് സമ്മേളനം നടക്കുന്നത്. സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ജനറലും പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയുമായ ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ  ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികന്‍  ഫാ. ജോയല്‍ മാത്യുവും യുവജന സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. 'ദൈവിക ആരോഹണത്തിന്റെ ഗോവണി' എന്ന വിഷയത്തെപ്പറ്റി ''ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളില്‍ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക'' (കൊലൊ സ്യര്‍ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ്  കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം. ബൈബിള്‍, വിശ്വാസം, സമകാലിക വിഷയങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം സംവേദനാത്മക സെഷനുകള്‍ ഉണ്ടായിരിക്കും.
Registration link: http://tinyurl.com/FYC2024
കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫാ. അബു പീറ്റര്‍, കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ (ഫോണ്‍: 914.806.4595) / ചെറിയാന്‍ പെരുമാള്‍, കോണ്‍ഫറന്‍സ് സെക്രട്ടറി (ഫോണ്‍. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക