Image

ലോക് സഭാ തിരഞ്ഞെടുപ്പ്: കേരളത്തിൽ യു.ഡി.എഫിന് മേൽക്കൈ

രാഷ്ട്രീയ ലേഖകൻ Published on 17 April, 2024
ലോക് സഭാ തിരഞ്ഞെടുപ്പ്: കേരളത്തിൽ യു.ഡി.എഫിന് മേൽക്കൈ

പാരിസ് ഒളിംപിക്സിൻ്റെ ദീപശിഖ   ഇന്നലെ ഗ്രീസിലെ ഒളിംപിയയിൽ തെളിഞ്ഞു. ഏപ്രിൽ 26ന് അഥൻസിൽ പാരിസ് ഒളിംപിക്സ് സംഘാടക സമിതി ദീപശിഖ ഏറ്റുവാങ്ങും.കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യയുടെ ഭാവിയെങ്ങനെയെന്ന ചിന്തകളും ജ്വലിച്ചു കഴിഞ്ഞു. ഏപ്രിൽ 26ന് അവർ മനസ്സിലെ തീരുമാനം വോട്ടിങ് യന്ത്രത്തിൽ പതിക്കും.പിന്നെ ഒരു മാസത്തിലേറെ നീണ്ട കാത്തിരിപ്പ്; ദീപശിഖാ പ്രയാണം കഴിഞ്ഞ്  ന്യൂഡൽഹിയിൽ പ്രധാന ദീപത്തിൽ ആരു നാളം പകരും എന്നറിയാൻ.

20 ലോക് സഭാ മണ്ഡലങ്ങൾ ഉള്ള കേരളത്തിൽ 194 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. ഇതിൽ 25 പേർ സ്ത്രീകളാണ്.  കോട്ടയത്താണ് കൂടുതൽ.14 പേർ. കുറവ് ആലത്തൂരിലും. അഞ്ചു പേർ.പക്ഷേ, യഥാർഥ പോരാട്ടം മൂന്നു മുന്നണികളിൽ നിന്നുള്ള 60 പേർ തമ്മിലാണ്.2019ൽ 19 സീറ്റ് യു.ഡി.എഫ് നേടിയെങ്കിലും കോട്ടയത്തു ജയിച്ച കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ തോമസ് ചാഴികാടൻ എൽ.ഡി.എഫിലെത്തിയതോടെ യു.ഡി.എഫ് എം.പി.മാർ 18 ആയി. അതിനാൽ ഇത്തവണ രണ്ടിൽ കൂടുതൽ കിട്ടിയാൽ നില മെച്ചപ്പെടുത്തിയെന്ന് എൽ.ഡി.എഫിന് ആശ്വസിക്കാം. ഒരിടത്ത് എങ്കിലും ജയിച്ചാൽ ചരിത്രത്തിൽ ആദ്യമായി എൻ.ഡി.എ.ക്ക് അക്കൗണ്ട് തുറക്കാം. പക്ഷേ, ജനം കാണുന്നത് മറ്റൊരു ചിത്രമാണ്. കേന്ദ്രത്തിൽ ഭരണം നിലനിർത്താൻ ബി.ജെ.പി മുന്നണിയും ഭരണം വീണ്ടെടുക്കാൻ കോൺഗ്രസ് മുന്നണിയും മത്സരിക്കുമ്പോൾ, ദേശീയ തലത്തിൽ കോൺഗ്രസിനൊപ്പമായ സി.പി.എമ്മും സി.പി.ഐയും ഭാവി രാഷ്ട്രീയത്തിൽ  അപ്രസക്തരാകാതിരിക്കാൻ കേരളത്തിൽ നിന്നു പരമാവതി സീറ്റ് നേടാൻ ശ്രമിക്കുന്നു.

ദേശീയ തലത്തിൽ നടന്ന ചില സർവേകളിൽ ബി.ജെ.പിക്ക് കേരളത്തിൽ ഏതാനും സീറ്റ് പ്രവചിക്കുന്നുണ്ടെങ്കിലും കേരളത്തിലെ രണ്ടു പ്രമുഖ മാധ്യമങ്ങൾ നടത്തിയ സർവേകളിൽ ബി.ജെ.പി. അക്കൗണ്ട് തുറക്കില്ല എന്നാണ്.

മനാരമ ന്യൂസ് - വി .എം. ആർ. സർവേയിൽ യു.ഡി.എഫിന് 16 ഇടത്ത് മുൻതൂക്കമുണ്ടെന്നാണ് പറയുന്നത്. എന്നാൽ ഇതിൽ മൂന്നിടത്ത് ഫലം മാറിമറിയാം എന്നും പറയുന്നു. ഇടതു പക്ഷത്തിന് ഒരിടത്തും മുൻതൂക്കമില്ലെന്നാണ് സർവേ. നാലിടത്ത് തുല്യ പോരാട്ടം പ്രവചിക്കുന്നു.

മാതൃഭൂമി ന്യൂസ് _ പി.മാർക്ക് സർവേയിൽ യു.ഡി എഫിന് 17 ഇടത്തും എൽ.ഡി.എഫിന് മൂന്നിടത്തും വിജയം പ്രവചിക്കുന്നു. എൽ.ഡി.എഫ്  വിജയിക്കുമെന്നു മാതൃഭൂമി സൂചിപ്പിക്കുന്ന കണ്ണൂർ, വടകര, പാലക്കാട് മണ്ഡലങ്ങൾ മനോരമ സർവേയിൽ തുല്യ സാധ്യത പറയുന്ന നാലിൽ ഉൾപ്പെടുന്നു എന്നതാണ് രസകരം. ആറ്റിങ്ങൽ ആണ് നാലാമത്തെ തുല്യ സാധ്യതാ മണ്ഡലം.

രണ്ടു സർവേയും ഒരു കാര്യം സൂചിപ്പിക്കുന്നു. എൽ.ഡി.എഫിനു കൈവശമുള്ള കോട്ടയവും ആലപ്പുഴയും നഷ്ടപ്പെടും.

പ്രചാരണത്തിൽ കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എയും കേരളം ഭരിക്കുന്ന എൽ.ഡി.എഫും ഒരുപടി മുന്നിലാണ്.സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരവും കേന്ദ്രത്തിൻ്റെ ജനാധിപത്യ വിരുദ്ധ, മത ധ്രുവീകരണ നയങ്ങളും പ്രസംഗങ്ങളിൽ ഒതുക്കിയിരുന്ന യു.ഡി.എഫ്. അടുത്ത ദിവസങ്ങളിലാണ് ലഘുലേഖകളുമായി വീടുകളിലേക്ക് എത്തിത്തുടങ്ങിയത്.സാമ്പത്തിക ബുദ്ധിമുട്ട് യു.ഡി.എഫിനെ നന്നായി അലട്ടുന്നുണ്ട്. അവർക്ക് ഫ്ളക്സുകളും ചുമരെഴുത്തുകളും പോലും കുറവാണ്.

എൻ.ഡി.എയും യു.ഡി.എഫും താരത്തിളക്കമുള്ള ദേശീയ നേതാക്കളെ പ്രചാരണത്തിന് ഇറക്കുമ്പോൾ പ്രകാശ് കാരാട്ടിനും ഡി.രാജയ്ക്കും സീതാറാം യച്ചൂരിക്കും വൃന്ദാ കാരാട്ടിനും അപ്പുറം ആരെയും എത്തിക്കാൻ കഴിയാത്ത എൽ ഡി.എഫ് മുഖ്യമന്ത്രിയിൽ കേന്ദ്രീകരിക്കുന്നു. ദേവെ ഗൗഡയൊക്കെ ബി.ജെ.പിക്കൊപ്പമായതാണ് പ്രശ്നം.ബംഗാളിലും ത്രിപുരയിലും തമിഴ്നാട്ടിലുമൊക്കെ  കോൺഗ്രസും സി.പി.എമ്മും ഒരു ചേരിയിൽ നിന്നു പൂർണ ഐക്യത്തോടെ മത്സരിക്കുമ്പോൾ അവിടെ നിന്നാരും വരില്ല. വന്നാലും കേരളത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചെയ്യുന്നതു പോലെ കോൺഗ്രസിനെ നിശിതമായി വിമർശിക്കാനും സാധിക്കില്ല.
ഒന്നുകിൽ ബി.ജെ.പി.അല്ലെങ്കിൽ ബി.ജെ.പിയെ താഴെയിറക്കാൻ കോൺഗ്രസിനു പരമാവധി സീറ്റ് എന്ന് ജനം ചിന്തിച്ചാൽ ഇടതു മുന്നണിക്കു പ്രസക്തി കുറയും. കോൺഗ്രസുകാർ സി.എ.എ.യെ എതിർത്തില്ല, അവർ ബി.ജെ.പിയിലേക്ക് പോകും എന്നിങ്ങനെയുള്ള സി.പി.എം. പ്രചാരണം ഏൽക്കുന്നില്ല. ജ്യോതിർമയ് സിക്തറിനെപ്പോലുള്ള, ബംഗാളിൽ നിന്നുള്ള മുൻ സി.പി.എം എ.പി.മാർ ഇപ്പോൾ ഏതു പാർട്ടിയിലാണെന്ന് കോൺഗ്രസിനു തിരിച്ചും ചോദിക്കാം. ചോദ്യങ്ങൾ ഉയരട്ടെ. ജനം തീരുമാനം എടുത്തുകഴിഞ്ഞു.
(വിവിധ മണ്ഡലങ്ങളിലെ സാധ്യത അടുത്ത ദിവസങ്ങളിൽ)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക