Image

കത്തിയുടെ ഓർമകളുമായി സൽമാൻ റുഷ്‌ദി; ആക്രമണ കഥ പറയുന്ന 'Knife' പുറത്തുവന്നു (പിപിഎം) 

Published on 17 April, 2024
കത്തിയുടെ ഓർമകളുമായി സൽമാൻ റുഷ്‌ദി; ആക്രമണ കഥ പറയുന്ന 'Knife' പുറത്തുവന്നു (പിപിഎം) 

സൽമാൻ റുഷ്‌ദി ന്യൂ യോർക്കിൽ കത്തിക്കിരയായ സംഭവം ഓർത്തെടുക്കുന്നു. ഇന്ത്യൻ സാഹിത്യകാരനെ ഒരു ഇസ്ലാമിക തീവ്രവാദിയുടെ കത്തി മുറിവേല്പിച്ചത് 2022 ഓഗസ്റ്റ് 12നാണ്: 'ദ സെയ്റ്റാനിക് വേഴ്സസ്' എന്ന നോവലിൽ ഇസ്ലാമിനെ അധിക്ഷേപിച്ചു എന്നാരോപിച്ചു ഇറാന്റെ ആധ്യാത്മിക പരമാധികാരി ആയിരുന്ന ആയത്തൊള്ള റൂഹുള്ള ഖൊമെയ്‌നി വധ ശിക്ഷയ്ക്കു വിധിച്ചു  33 വർഷം കഴിഞ്ഞപ്പോൾ. 

ന്യൂ യോർക്ക് ചൗട്ടക്കയിൽ സാഹിത്യ സമ്മേളനത്തിൽ സംസാരിച്ചു നിൽക്കെയാണ് 75 വയസുള്ള റുഷ്‌ദിയുടെ നേരെ കത്തിയുമായി ലെബനീസ് വംശജനായ 24കാരൻ പാഞ്ഞടുത്തത്.  

കൊലക്കത്തി ഒഴിവാക്കാൻ ഏറെ സഞ്ചരിച്ച റുഷ്‌ദി ന്യൂ യോർക്കിൽ സുരക്ഷിതനായി കഴിയുമ്പോഴാണ് ആക്രമണം ഉണ്ടായത്. “Knife: Meditations After an Attempted Murder” എന്ന റുഷ്‌ദിയുടെ ഓർമ്മക്കുറിപ്പിൽ അദ്ദേഹം എല്ലാം തുറന്നെഴുതുന്നുണ്ട്. 

ആശുപത്രിയിലേക്കു നീക്കുമ്പോൾ റുഷ്‌ദി ചോരയിൽ കുളിച്ചിരുന്നു. സ്വകാര്യത നഷ്ടമായപ്പോൾ നാണം കെട്ടുവെന്നു അദ്ദേഹം പറയുന്നുണ്ട്.  

രക്ഷിക്കാൻ കഴിയുമെന്നു കരുതിയില്ല എന്ന സർജന്റെ വാക്കുകൾ റുഷ്‌ദി മറന്നില്ല. ഇടതു കൈയ്യിൽ ആഴത്തിലുളള മുറിവ്. കഴുത്തിൽ മറ്റു രണ്ടെണ്ണം. കാഴ്ച നഷ്‌ടമായ വലതു കണ്ണ്. 

കണ്ണിലെ ആഴത്തിലുള്ള കുത്താണ് ഏറ്റവും ക്രൂരമായിപ്പോയതെന്നു റുഷ്‌ദി കുറിക്കുന്നു. 

സർജൻ പറഞ്ഞു: "നിങ്ങളെ ആക്രമിച്ച ആൾക്ക് എങ്ങിനെയാണ് കത്തികൊണ്ടു കുത്തി ഒരാളെ കൊല്ലേണ്ടതെന്നു അറിയില്ലായിരുന്നു. അത് നിങ്ങളുടെ ഭാഗ്യം." 

റുഷ്‌ദിയുടെ രണ്ടാം ഓർമക്കുറിപ്പാണിത്. ആദ്യത്തേത് “Joseph Anton.” ഒളിവിൽ കഴിഞ്ഞ കാലത്തു ഉപയോഗിച്ചിരുന്ന വ്യാജനാമം. 2012ൽ ആണ് ഒളിവിലെ ഓർമകളെ കുറിച്ചുള്ള പുസ്തകം പുറത്തിറങ്ങിയത്. സൗഹൃദങ്ങളുടെ കഥയാണ് റുഷ്‌ദി പറയുന്നത്. 

“Knife” പറയുന്നത് ഒരു പ്രേമകഥയാണ്. തന്നെക്കാൾ 30 വയസ് കുറഞ്ഞ അമേരിക്കൻ കവയത്രിയും നോവലിസ്റ്റുമായ റേച്ചൽ എലിസ ഗ്രിഫിത്‍സുമായുള്ള പ്രേമവും വിവാഹവും. 2007ൽ സാഹിത്യത്തിനുള്ള സംഭാവനകളുടെ പേരിൽ ബ്രിട്ടീഷ് രാജ്ഞി സർ സ്ഥാനം നൽകിയ എഴുത്തുകാരന്റെ ലേഡി റുഷ്‌ദി. 

ആക്രമണത്തിൽ നിന്നുള്ള പുനർജന്മമാണ് ഗ്രന്ഥത്തിന്റെ ആദ്യ ഭാഗം. പ്രേമവും വിവാഹവുമൊക്കെ പിന്നീട്. 

Rushdie recalls memories of New York attack 

 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക