Image

ഗാസയിൽ മരിച്ചവർ 33,899; റഫയിൽ അഭയാർഥി കുടുംബത്തെ ഐ ഡി എഫ് തുടച്ചു നീക്കി (പിപിഎം)

Published on 17 April, 2024
ഗാസയിൽ മരിച്ചവർ 33,899; റഫയിൽ അഭയാർഥി കുടുംബത്തെ ഐ ഡി എഫ് തുടച്ചു നീക്കി (പിപിഎം)

ഗാസയിൽ ഇസ്രയേലി ആക്രമണങ്ങളിൽ മരിച്ച പലസ്തീൻകാരുടെ എണ്ണം 33,899 ആയെന്നു ആരോഗ്യ വകുപ്പ് ബുധനാഴ്ച അറിയിച്ചു. ഒക്ടോബർ 7നു ആക്രമണം ആരംഭിച്ച ശേഷം 76,664 പേർക്കു പരുക്കേറ്റിട്ടുണ്ട്. 

കഴിഞ്ഞ 24 മണിക്കൂറിൽ 56 പേരെ ഇസ്രയേൽ കൊന്നു. അതിൽ റഫയിൽ അഭയം തേടിയിരുന്ന ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും ഉൾപ്പെടുന്നു. യുദ്ധം ആരംഭിച്ചപ്പോൾ സുരക്ഷിത മേഖല എന്നു ശുപാർശ ചെയ്തു ഇസ്രയേലി സേന റഫയിലേക്കു പറഞ്ഞയച്ചതാണ് അബു ഖമാർ കുടുംബത്തെ.  

ഒരു മില്യണിലധികം ആളുകൾ അഭയം തേടിയ റഫയിൽ ചൊവാഴ്ച രാത്രി ഇസ്രയേൽ നിരന്തരം ബോംബാക്രമണം നടത്തി. മരിച്ചവരിൽ 20 കുട്ടികളും ഉണ്ട്. 

ഗാസ സിറ്റിയുടെ ഷെയ്ഖ് റദ്വാൻ ഡിസ്ട്രിക്ടിൽ 13 സിവിലിയന്മാർ ഇസ്രയേലി ആക്രമണത്തിൽ മരിച്ചു. യബ്‌ന അഭയാർഥി ക്യാമ്പിൽ നടന്ന ആക്രമണത്തിൽ ഏഴു പേർ മരിച്ചു. 

അതിനിടെ, ഇസ്രയേൽ ചൊവാഴ്ച ലെബനനിലെ താവളങ്ങൾക്കു നേരെ നടത്തിയ ആക്രമണത്തിനു മറുപടിയായി വടക്കൻ ഇസ്രയേലിലെ അറബ് അൽ ആറാംഷേ പട്ടണത്തിൽ ഇസ്രയേലിന്റെ സൈനിക താവളം ആക്രമിച്ചെന്നു ഹിസ്‌ബൊള്ള അറിയിച്ചു. ഇസ്രയേലിന്റെ ആക്രമണത്തിൽ ആറു പേർക്കു പരുക്കേറ്റിരുന്നു.  

ചർച്ചകൾ വഴിമുട്ടി 

ഗാസയിൽ യുദ്ധവിരാമത്തിനുള്ള ചർച്ചകൾ വഴിമുട്ടിയെന്നു ബുധനാഴ്ച ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി പറഞ്ഞു. യുദ്ധം നിർത്താൻ ലോക രാഷ്ട്രങ്ങൾ ശ്രമം നടത്താത്തതിനാൽ സംഘർഷം വ്യാപിക്കുമെന്നു അദ്ദേഹം താക്കീതു നൽകി. 

ഗാസയിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ ലോകം കാണാതെ പോയാൽ ഗുരുതരമായ മാനുഷിക ദുരന്തം ഉണ്ടാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

 

Gaza death count at 33,899

 

 

 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക