Image

വായനയുടെ പുതുവസന്തം തീർക്കാൻ ഡിഫറന്റ് ആര്‍ട് സെന്ററില്‍ വായനശാല തുറന്നു

Published on 17 April, 2024
വായനയുടെ പുതുവസന്തം തീർക്കാൻ ഡിഫറന്റ് ആര്‍ട് സെന്ററില്‍ വായനശാല തുറന്നു
 
 
തിരുവനന്തപുരം: കഥകളിലൂടെ ഭിന്നശേഷിക്കുട്ടികള്‍ക്ക് മാനസികോല്ലാസം ലഭിക്കാനും സാഹിത്യകൃതികള്‍ പരിചയപ്പെടുന്നതിനുമായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ വായനശാല തുറന്നു.  റീഡബിലിറ്റി എന്ന പേരില്‍ ആരംഭിച്ച വായനശാല സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. എല്ലാവരെയും പോലെ സാഹിത്യരംഗത്തും ഭിന്നശേഷിക്കാര്‍ക്ക് തിളങ്ങാന്‍ ഇത്തരത്തിലുള്ള ലൈബ്രറികള്‍ക്ക് സാധിക്കുമെന്ന് ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു. 
 
ഡിഫറന്റ് ആര്‍ട് സെന്ററില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പരിശീലനം നേടിവരുന്ന ഓട്ടിസം ബാധിതനായ രംഗനാഥ് ലൈബ്രേറിയനായി ചുമതലയേറ്റു. രംഗനാഥിന് ഓഫര്‍ ലെറ്ററും ഐ.ഡി കാര്‍ഡും ഡിഫറന്റ് ആര്‍ട് സെന്റര്‍ ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിയുമായ ജിജി തോംസണ്‍ ഐ.എ.എസ് വിതരണം ചെയ്തു.
 
 
ലൈബ്രറിയിലെ ഷെല്‍ഫില്‍ അടുക്കിവച്ച പുസ്തകങ്ങളുടെ നമ്പറുകള്‍ കാണാതെ പറഞ്ഞാണ് രംഗനാഥ് ക്ഷണിക്കപ്പെട്ട വ്യക്തികളെയും കാണികളെയും അത്ഭുതപ്പെടുത്തിയത്.  ഒപ്പം 2019 മുതലുള്ള കൊവിഡ് കണക്കുകളും ഡി.എ.സി ജീവനക്കാരുടെ വാഹനനമ്പരുകളും ഞൊടിയിടയില്‍ പറഞ്ഞ് കാണികളുടെ ഹൃദയം കവരുകയായിരുന്നു. ഭിന്നശേഷിക്കുട്ടികളെ തൊഴില്‍പരമായി ശാക്തീകരിക്കുവാനും സ്വയംപര്യാപ്തരാക്കുവാനുമുള്ള പദ്ധതിയുടെ ഭാഗമായാണ് രംഗനാഥിന് സെന്ററില്‍ ജോലി നല്‍കിയതെന്ന് ഡി.എ.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു. ഇത്തരത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
കഥകള്‍, കവിതകള്‍, ജീവചരിത്രങ്ങള്‍, യാത്രാവിവരണങ്ങള്‍ തുടങ്ങിയവയടക്കം ആയിരത്തില്‍പ്പരം പുസ്തകങ്ങളാണ് ലൈബ്രറിയില്‍ സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ ഇ-ബുക്ക് സംവിധാനവും കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കുന്നതിനായി വിദഗ്ദ്ധരായ ഫാക്കല്‍റ്റികളുടെ സേവനവും ക്രമീകരിച്ചിട്ടുണ്ട്.
 
ചടങ്ങില്‍ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍ ഐ.എ.എസ് മുഖ്യാതിഥിയായി. മാധ്യമപ്രവര്‍ത്തകന്‍ സനല്‍പോറ്റി, ഡിഫറന്റ് ആര്‍ട് സെന്റര്‍ ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.  വ്യത്യസ്തമേഖലയില്‍ കഴിവ് തെളിയിച്ച നന്ദിതാബിജു, ഡിഫറന്റ് ആര്‍ട് സെന്ററിലെ പ്രതിഭകളായ വരുണ്‍ രവീന്ദ്രന്‍, ഹരിഗോവിന്ദ് ജി, രംഗനാഥ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. 
 
2023 ജൂലായില്‍ ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ കോംപ്രിഹെന്‍സീവ് എഡ്യൂക്കേഷന്‍ പരിപാടിയുടെ സ്റ്റോറി ടെല്ലിംഗ് വിഭാഗത്തില്‍ വ്യത്യസ്തമായ കഥകള്‍ പറഞ്ഞുകൊടുക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഭിന്നശേഷികുട്ടികളില്‍ സാമൂഹിക മാനസിക നിലകളില്‍ മാറ്റമുണ്ടാകുന്നതായി ഈ മേഖലയിലെ പ്രശസ്തര്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഡിഫറന്റ് ആര്‍ട് സെന്റര്‍ ഭിന്നശേഷിക്കുട്ടികള്‍ക്കായി വിപുലമായ ഒരു ലൈബ്രറി സംവിധാനം ഒരുക്കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക