Image

ഹിജാസ് കോട്ടേജിലെ രാത്രി (കഥ: സുഭദ്ര സതീശൻ)

Published on 18 April, 2024
ഹിജാസ് കോട്ടേജിലെ രാത്രി (കഥ: സുഭദ്ര സതീശൻ)

"ഇങ്ങള് ഇവിടന്നു പോയാ .. ഞങ്ങളെയൊക്കെ മറന്നാളയോ?" തലയിലെ തട്ടം വലിച്ചിട്ട് നസ്ന എൻറെ അടുത്തേക്ക് ഒന്നൂടെ ചേർന്നിരുന്നു. എല്ലാരും ഉണ്ട് . ഡ്രാക്കുളച്ചി എന്ന് നസ്ന കളിയാക്കാറുള്ള മുൻവരിയിൽ കൂർത്ത രണ്ട് കൊമ്പല്ലുകൾ ഉള്ള തുഷാര, അല്പം പൊങ്ങിയ പല്ല് പുറത്തുകാണാതെ കൈകൊണ്ട് മറച്ചുപിടിച്ചു ചിരിക്കുന്ന ഉമ്മറുമ്മാൻ, കൂട്ടത്തിലെ മുയൽ കുട്ടി റിൻഷ,ഒരു തീപ്പെട്ടിക്കൂട് കിട്ടിയാൽ അതിൽപ്പോലും എന്തെങ്കിലും ചന്തമുള്ളത് മെനയാറുള്ള നീതു, ഇത്തിരി ദേഷ്യം കൂടുതലുള്ള ഉണ്ടക്കണ്ണി ശരണ്യ, എപ്പോഴും ഒരു ദുരൂഹത തോന്നിപ്പിക്കും മട്ടിൽ അകന്നിരിക്കാറുള്ള നവമി, പുലർച്ചെ മൂന്നരയ്ക്ക് എണീറ്റ് വരാന്തയിൽ ഇരുന്ന് ഉറക്കെ പഠിക്കാറുള്ള ഹിത, പിന്നെ ചുമരുംചാരി തെളിഞ്ഞ മുഖവുമായി നിൽക്കുന്ന രമച്ചേച്ചി.
"ഹിജാസ് കോട്ടേജ്"എന്ന ഞങ്ങളുടെ ഹോസ്റ്റലിൽ മാത്രമേ അപ്പോൾ വെളിച്ചം ഉണ്ടായിരുന്നുള്ളൂ.പുറമേ കണ്ണങ്കണ്ടി ഇലക്ട്രോണിക് ഷോപ്പിന് കീഴെ ബംഗാളികൾ വഴക്ക് കൂടുന്ന ശബ്ദം ഉയർന്നു കേട്ടു. "ഇങ്ങള് പറയിൻ.."
വലംകൈകൊണ്ട് ചിരി മറച്ച് ഉമ്മറുമ്മാൻ എന്റെ തോളിലേക്ക് ചാരി."ഞാൻ എങ്ങനേണ് എൻറെ കുട്ടികളെ മറക്കുക?..എല്ലാവരും നേരത്തിന് ഹോസ്റ്റലിൽ കേരണം. കോളേജ് വിട്ടാ ..ടൗണിൽ കറങ്ങി നടക്കരുത്..രമചേച്ചി പറയണതൊക്കെ കേൾക്കണം. അവര് ചീത്ത പറയുമ്പോൾ സ്നേഹം കൊണ്ടാണെന്ന് അറിയണം."
പെട്ടെന്ന് നാട്ടിലേക്ക് ഒരു ജോലി മാറ്റം വിചാരിച്ചതല്ല.ഈ കുട്ടികൾ ഒഴികെ മറ്റൊന്നും ഇവിടെ ഹൃദയത്തിൽ വേരു വളർത്തിയിട്ടില്ല. പർദ്ദയിൽ പൊതിഞ്ഞ പെണ്ണുടലുകളും ഉറക്കെ സംസാരിക്കുന്ന ആണുങ്ങളും ഒട്ടും ചിട്ടയില്ലാതെ വണ്ടികൾ പായുന്ന വലിയൊരു ജംഗ്ഷനുമുള്ള വളാഞ്ചേരി നഗരം എന്നെ സ്നേഹിക്കാനോ സ്നേഹിപ്പിക്കാനോ ഒരു ശ്രമവും നടത്തിയിട്ടില്ല. കടുങ്ങാത്തുകുണ്ട്, രണ്ടത്താണി, കൂട്ടായി, കാർത്തലചുങ്കം എന്നിങ്ങനെ അലമുറയിട്ട് ആളെ കേറ്റുന്ന നീല ബസുകൾ നിറഞ്ഞു കിടക്കുന്ന ബസ് സ്റ്റാൻഡിൽ ഓരം പറ്റി നടന്ന് കാടാമ്പുഴ ബസ്സിൽ കയറി വെട്ടിച്ചിറയിറങ്ങി മുഴങ്ങാണിറോഡിലെ റബർ കാട്ടിൽ ഒളിഞ്ഞിരിക്കുന്ന കോളേജിൽ മലയാളത്തിലെ ഏറ്റവും വിസ്മയവഹമായ വാമൊഴിവിടരുന്ന കോലാഹലങ്ങൾ നിറഞ്ഞ ക്ലാസ് മുറികളിൽ മാധവിക്കുട്ടിയുടെ "പാവക്കുട്ടി"യുമായി ഞാൻ അന്തിച്ചുനിന്നിട്ടുണ്ട്.ക്ലാസ്സിൽ വൈകിവരുന്നവരോട്  "എന്തേ .." എന്ന് ചോദിച്ചാൽ "ബരണ ബയിക്ക് വണ്ടി ഒരു പണി തന്നീന്. ആകെമൊത്തം സീനായി.ഒപ്പരം ണ്ടായിരുന്ന പഹയൻ ബീഗാണ്ട് നോക്കണ്ടേ.. ഒക്കെകയിഞ്ഞ് ബട ത്യേപ്പ ദാ.. ഈ നേരായി. ന്തേ..യ്?" ഒരക്ഷരം മിണ്ടാതെ ഞാനവന് അറ്റൻഡൻസ് ഇട്ടു." മിസ്സ് മൂത്രായ്ക്കാമ്പോട്ടെ ..വലതുഭാഗത്ത് നിന്ന് ഒരു മക്കനക്കാരി കൂസലില്ലാതെ എണീറ്റ് നിന്ന് ചോദിച്ചത് കേട്ട് മടിയോടെ ചെറുവിരൽ പൊക്കി കാട്ടുക തുടങ്ങിയ ആംഗ്യങ്ങളാൽ കാര്യം ചോദിക്കാറുള്ള നാട്ടിലെ പെൺകുട്ടികളെ ഓർത്ത് തൊണ്ട വരണ്ടിട്ടുണ്ട്.. 
ഇവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല ടീച്ചറെ .. രമ ചേച്ചി ഇത്തിരി ഗൗരവത്തിൽ എല്ലാവരെയും നോക്കി. ഉടൻ റിൻഷ എഴുന്നേറ്റ് അകത്തേക്ക് നടന്നു. രമചേച്ചി തുടർന്നു." ടീച്ചറ് കഴിഞ്ഞാഴ്ച നാട്ടിൽ പോയില്ലാരുന്നോ..അന്ന് വൈകിട്ട് ഇവര് രണ്ടുമൂന്നു പേര് കേറി വരുമ്പോൾ മണി 8:30. ഒന്നോർത്തുനോക്കിക്കേ.. എന്തേലും ഒന്ന് പിണഞ്ഞാ സമാധാനം പറയേണ്ടതാരാ .. ഞാനല്ലേ? ചോദിച്ചപ്പം പറയുവാ അടുത്തമാളിൽ അൽഫാം കഴിക്കാൻ പോയതാണ് ന്ന് ."
രംഗം പെട്ടെന്ന് ചൂടായതിൽ എല്ലാവരും അസ്വസ്ഥരായി. ഉടൻ നസ്റ പറഞ്ഞു."രമാന്റി എന്തിനാ ഇത്രയും ടെൻഷൻ അടിക്കണത്. ഞങ്ങൾ ആരും ചെറിയ കുട്ടികളല്ല. ഞങ്ങളെ നോക്കാൻ ഞങ്ങൾക്കറിയാം. പിന്നെ എല്ലാ ആണുങ്ങളും ഒരേപോലെ ഒന്നുമല്ല."
"കണ്ടോ ടീച്ചറെ പറച്ചില് കണ്ടോ?" രമ ചേച്ചി കോർക്കാൻ തന്നെ ഭാവം. ഞാൻ വല്ലായ്മയോടെ മിണ്ടാതിരുന്നു. മേക്കഴുകി മേത്തിട്ട തോർത്തുമുണ്ട് അരയിൽ ഒന്നുകൂടെ മുറുക്കിക്കുത്തി രമ ചേച്ചി പറഞ്ഞു. 
"നാട്ടിന്ന് വരുമ്പൊ അസമയത്ത് ബസ്റ്റാൻഡിൽ നിന്ന് ഇവിടേക്ക് ഞാൻ ഓട്ടോ പിടിക്കാറില്ല.എന്തുവാ കാരണം..ഒരുത്തനെയും വിശ്വസിക്കാൻ കൊള്ളിത്തില്ല. അറിയാവോ .."
നസ്നയുടെ മുഖത്തേക്ക് അവർ തറപ്പിച്ച് നോക്കി. ഒരു പരിഹാസ ചിരിയോടെ നസ്ന പറഞ്ഞു.
"പിന്നേ.. 56 വയസ്സായ ആന്റിയുടെ പിന്നാലെ വരാൻ മാത്രം ദാരിദ്ര്യം പിടിച്ച ആമ്പിറന്നോൻമാരൊന്നും  വളാഞ്ചേരിയിൽ ഉണ്ടാവില്ല." ബാക്കിയുണ്ടായിരുന്നവർ കൂട്ടച്ചിരിമുഴക്കി. അകത്തുനിന്നും റിൻഷയും ചിരിച്ചത് ഞാൻ കേട്ടു. പെൺകുട്ടികളും രമചേച്ചിയും തമ്മിൽ ഇടയ്ക്കിങ്ങനെ തർക്കിക്കാറുണ്ട്.ഞനത്രയേ ഇതിനെയും കണ്ടുള്ളൂ. പക്ഷേ.. "നിർത്തടി എല്ലാരും" വരാന്തയിൽ ഇട്ടിരുന്ന പ്ലാസ്റ്റിക് മേശയിൽ രമ ചേച്ചി ഉറച്ചടിച്ച് പറഞ്ഞതും കൂട്ടച്ചേരി നിന്നു .
ഞാൻ ഞെട്ടിപ്പോയി." ഇവളുമാരെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല ടീച്ചറെ . എത്ര ഒറ്റക്കയ്യന്മാരൊണ്ടായാലും ഓടുന്ന ബസ്സിൽ ഓടിച്ചിട്ട് പിടിച്ച് കീറി പറിച്ച കഥ കേട്ടാലും ഒന്നും ഇവറ്റ പഠിക്കില്ല.പക്ഷേ ഇവൾ ഇത്രയും ചോദിച്ച സ്ഥിതിക്ക് എനിക്കത് പറയാതെ വയ്യ. കുറ്റിപ്പുറത്ത് വണ്ടി ഇറങ്ങിയപ്പോൾ നേരം മൂന്നര.വെളുക്കും വരെ സ്റ്റേഷനിൽ ഇരുന്ന് പതുക്കെ വളാഞ്ചേരി ബസ് കയറാമെന്ന് ഞാൻ കരുതി. ഇവിടെ നിങ്ങൾ ആരും ഇല്ലല്ലോ.  ഒരു കാപ്പി വാങ്ങി അതും കുടിച്ചോണ്ട് സിമന്റു ബെഞ്ചിലിരുന്നു. ചെറിയ തണുപ്പ്കാറ്റുണ്ടായിരുന്നു .ഇത്തിരി കഴിഞ്ഞതും ഒരു ചെറുപ്പക്കാരൻ .. പത്തിരുപത്താറ് വയസ്സു കാണും .ബെഞ്ചിന്റെ അങ്ങേത്തലയ്ക്കൽ വന്നിരുന്നു.സിഗരറ്റിന്റെ മണം എൻറെ കാപ്പിച്ചൂടിൽ നിറഞ്ഞു . ഒച്ച താഴ്ത്തി അവൻ ചോദിച്ചു:
"ങ്ങളേടക്കാണ്?"ഞാൻ പറഞ്ഞു. "ഇപ്പംവണ്ടി ഇറങ്ങിയതാ. വെളുത്തിട്ട് പോകാം എന്ന് കരുതി." "ബടെന്താണ്?" 
"വളാഞ്ചേരിയിൽ ഒരു ഹോസ്റ്റൽ വാർഡനാ .."
"നാട് ...? 
"തിരുവനന്തപുരത്ത് ." 
"ത്ര ദൂരപ്പണിക്ക് ബന്നീനാ" "വേണ്ടിവന്നു മോനെ ..കെട്ടിയോൻ ശരിയല്ല. ഒരു മോളുണ്ട് .അവളെ പഠിപ്പിക്കണം."
"എത്ര കായി കിട്ടും" 
"മാസം എട്ടായിരം .. പിന്നെ ഫുഡ് ഉണ്ടല്ലോ. അതുകൊണ്ട് മതിയാവുന്നുണ്ട് മോനെ"
അവൻ ചുറ്റും നോക്കി. എൻറെ അരികത്തേക്ക് നീങ്ങിയിരുന്നു. "ങ്ങള് കൊറച്ചുനേരം ന്റകൂട ഒന്ന് ബന്നാ ..ഒരൊറ്റ മണിക്കൂർ . പത്തായിരം ഞാൻ എണ്ണി തരാ.." എൻറെ കാൽവണ്ണ കടഞ്ഞു. നെഞ്ചിടിപ്പ് എനിക്കുതന്നെ കേൾക്കായി . കയ്യിലിരുന്ന കടലാസു കപ്പ് ചുരുട്ടി കളഞ്ഞ് ഞാൻ അവനെ നോക്കി .ഇപ്പോൾ എൻറെ ചുറ്റും മദ്യത്തിൻറെ നേരിയൊരു നാറ്റവും നീറി പിടിച്ചു. "നേരം നാല് കയിഞ്ഞിട്ടല്ലേള്ളൂ. പത്തു മിനിറ്റ് നടന്നാ ന്റ കൂട്ടുകാരൻറെ ഒരു പെരണ്ട് .നമ്മക്ക് പുവ്വാ ." 
ഞാൻ ജീവിതത്തിൽ ആദ്യമായി കുടിക്കാൻ കിട്ടിയ വെള്ളം പോലെ ഉമിനീരിറക്കി. അവനോട് ചോദിച്ചു. "വന്നിട്ട്? എന്തോന്നിനാണ് നീ എന്നെ വിളിക്കുന്നത്? 
"ഓ..ങ്ങക്കറിയാത്തപ്പോലെ.." അവൻ വേഗത്തിൽ കാൽ ആട്ടിക്കൊണ്ടിരുന്നു. 
"നീ പറ . ഞാൻ നിന്റെ കൂടെ വന്നിട്ടെന്തിനാ?" 
ചിരിയുടെ ഏറ്റവും വികൃതമായ ഭാവത്തോടെ അവൻ പറഞ്ഞു.
"മ്മക്കൊന്ന് സുയിപ്പാക്കീട്ട് ബരാന്ന് .." 
എൻറെ ചൂടും പുകച്ചിലും നെഞ്ചിടിപ്പും അടങ്ങി. ഞാൻ അവനെത്തന്നെ സൂക്ഷിച്ചു നോക്കി. അവന്റെ 'അരികിലേക്ക് നീങ്ങിയിരുന്നിട്ട് ചോദിച്ചു.
"എനിക്ക് എത്ര പ്രായം ഉണ്ടെന്നറിയാമോ .. നിനക്കെന്റെ മോന്റെ പ്രായം അല്ലേടാ കാണൂ? നിനക്ക് നാണമില്ലേ?" 
അവൻ ചൂളുമെന്ന് കരുതിയ ഞാൻ വീണ്ടും പുകഞ്ഞു. അവൻ ആ വഷളൻ ചിരിയോടെ പറഞ്ഞു. "ഓ.പ്രായം.. ഇത്തിരി നരച്ചാലെന്താ.. ഒക്കെ അതേപോലെ കാണില്ലേ.. പിന്നെ റിസ്കില്ലാലോ. ങ്ങക്കും .. എനക്കും . ഈ അമ്മേന്റെ പ്രായം ന്നൊക്കിള്ള ഡയലോഗ് ഒന്നും ഇപ്പില്ല. ങ്ങളെ പ്രായുള്ള പെണ്ണുങ്ങക്ക് പൂതിയൊക്കെ ണ്ടാകും.എന്താ കാട്ടുക.. അപ്പൊ തൊക്കെ ഒരു രസായിട്ട് എടുക്കീന്ന്." 
അടിവയറ്റിൽ നിന്നും ഒരു സങ്കടത്തിര എൻറെ തൊണ്ടയിലേക്ക് ചീറ്റിയടിച്ചു. പെറ്റുനോവിന്റെ പിളരലിൽ ഒരു പെണ്ണവയവം മുറിപ്പെടുന്നത് ജീവിതത്തിൽ ഒരിക്കലും അറിയാത്ത ആണുങ്ങൾ ഉണ്ടെന്നും അവർക്കൊക്കെയും ഇവൻറെ മുഖച്ഛായയാണെന്നും ഞാൻ തിരിച്ചറിഞ്ഞു.അവനോട് ഉറച്ച ശബ്ദത്തിൽ ചോദിച്ചു. "
അപ്പോൾ ഇന്ന് പെറ്റ തള്ള വീട്ടിൽ ഇല്ലേടാ ..? അതുകൊണ്ടാണോ പുറത്തിറങ്ങി തെരയണത് ..? ലോഹം ഉരുക്കിയൊഴിച്ചപോലെ അവൻറെ മുഖം തുടുത്തു. രാത്രി ഡ്യൂട്ടി നോക്കാൻ ഇറങ്ങിയ ഒരു പോലീസുകാരന്റെ അടുത്തേക്ക് വേഗത്തിൽ നടന്ന് അയാളോട് എന്തോ ചോദിച്ച് അയാളോടൊപ്പം പോകുമ്പോൾ പതുക്കെ എന്നെ ഒന്ന് തിരിഞ്ഞുനോക്കി. "
വെളുത്തുതടിച്ച ദേഹത്തേക്ക് കഴുത്തിലൂടെ ഒലിച്ചിറങ്ങിയ വിയർപ്പ് രമ ചേച്ചി അമർത്തി തുടച്ചു . പതുക്കെ അകത്തേക്ക് നടന്നു. നസ്നയും നീതുവും വിളറിയ മുഖത്തോടെ എന്നെ നോക്കി.ഞാനവരെ ചേർത്തുപിടിച്ച് പറഞ്ഞു.." ഞാൻ മറക്കില്ല എന്റെ മക്കളെ . നിങ്ങളും മറക്കരുത്. എന്നെ ഓർക്കുമ്പോഴൊക്കെയും ഈ രാത്രി ഓർമ്മ വരണം . നമുക്ക് കിടക്കാം ."
ഹിജാസ് കോട്ടേജിൽ മാത്രമേ അപ്പോഴും വെളിച്ചം ഉണ്ടായിരുന്നുള്ളൂ.മാനത്ത് നിലാവ് മടിച്ചുമടിച്ച് കരിമേഘങ്ങളിൽ നിന്ന് പുറത്തിറങ്ങി...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക