വർഷം ഏതെന്നു കൃത്യമായി ഓർമ്മയില്ല എങ്കിലും എന്ത് കൊണ്ടോ ആ വിഷുവിനു ഞാൻ അമ്മവീട്ടിൽ അല്ലായിരുന്നു. അത് കൊണ്ടു കുഞ്ഞമ്മാവന്റെ ഗുണ്ടുകളെ പേടിക്കാതെ എന്റെ രണ്ടു ചെവികളും തുറന്നു തന്നെ ഇരുന്നു.
എന്റെ വീട്ടിൽ വിഷുവിനു പടക്കങ്ങൾ കുറവാണ്. കമ്പിത്തിരി, മത്താപ്പൂ ഒക്കെ കൂടുതൽ കാണും. എങ്കിലും ആ വർഷം എന്നെ പേടിപ്പിച്ചത് ഗോപാലമ്മാന്റെ എലിവാണം ആയിരുന്നു. വീട്ടിൽ ഏത് കാര്യത്തിനും സഹായി ആയി ഗോപാലമ്മാൻ ഓടി എത്തും. വൈകിട്ട് നാലെണ്ണം വിട്ടാൽ സംസാരം ഒന്ന് കുഴയും. ഇറയത്തിരുന്നു കുറച്ചു ബഡായി പറഞ്ഞ് പോകും. എല്ലാ കർക്കിടകത്തിലും തലയിൽ തൊപ്പിപ്പാള വെച്ചു ഒരു കുഞ്ഞൻ തോർത്തും ചുറ്റി മഴയാകെ നനഞ്ഞു ഞങ്ങളുടെ തെങ്ങിൻ തടം എടുക്കുന്ന യഥാർത്ഥ കർഷകൻ ആയിരുന്നു അദ്ദേഹം.
എന്തായാലും അന്ന് ഗോപാലമ്മാൻ വാങ്ങി വന്ന കമ്പിത്തിരി മത്താപ്പൂ ഒക്കെ ശാന്തമായി കത്തി. അത് കഴിഞ്ഞപ്പോൾ പാമ്പ് ഗുളിക കത്തിക്കൽ യത്നം തുടങ്ങി. ഒരു കുന്നു കറുത്തപുക തുപ്പി പാമ്പ് കറുത്ത് ചുരുണ്ടു ഉയരുന്നതിനൊപ്പം ഗോപാലമ്മാൻ മറ്റൊരു പാമ്പായി ആടി ഉലഞ്ഞു നിന്നു. എന്നോ ഒരിയ്ക്കൽ മുറ്റത്തിരുന്നു കുരവഃയിട്ട കുരവപ്പൂ പൊട്ടിയതോടെ പാമ്പുഗുളികയും പൊട്ടും എന്ന അന്ധവിശ്വാസത്തോടെ ഞാൻ അച്ഛന്റെ ചാരു കസേരയിൽ കേറി നിന്നു.
"ഇങ്ങനെ ഒരു പേടിത്തൊണ്ടി കൊച്ച്... പാമ്പ് പൊട്ടുകേല ചീറ്റുകയെ ഉള്ളൂ. നമ്മക്ക് ഒരു എലിവാണം കത്തിച്ചു വിട്ടാലോ."
ഞാൻ മെല്ലെ താഴെ ഇറങ്ങി. മുറ്റത്തു ഒരരികിൽ കത്തിച്ചു വെച്ച എലിവാണം ദിശ തെറ്റി പോയത് താഴെ വീട്ടിലെ കശുമാവിൻ തോപ്പിലേക്കു..
"അവൻ കശുവണ്ടി പറിക്കാൻ പോയതാണോ %&%%* "എന്ന് ഗോപാലമ്മാൻ എലിവാണത്തെ ശകാരിച്ചു. അപ്പോഴാണ് നീല നിറത്തിൽ പാമ്പിന്റെ രൂപത്തിൽ കട്ടി കടലാസ് ഉള്ള ഒരു കത്തിക്കൽ സംഭവം എന്റെ കണ്ണിൽ പെട്ടത്.
"ഓ ഇവനെ നമുക്ക് ഈ ഇറയത്തു ഇട്ടു കത്തിക്കാം ചെറുതല്ലെ "എന്ന് പറഞ്ഞ് ഗോപാലമ്മാൻ ആ പാമ്പ്രൂ പത്തിന്റെ അടിയിൽ തീ കൊടുത്തു. ഞങ്ങളുടെ പ്രതീക്ഷയെ തകിടം മറിച്ചുകൊണ്ടു പാമ്പ് ഒരു ചീറ്റലോടെ എല്ലാരേയും കടിക്കുമെന്ന ഭാവത്തിൽ തീയുമായി ആദ്യം കിഴക്കോട്ടും പിന്നെ തിരിഞ്ഞു പടിഞ്ഞാറോട്ടും പാഞ്ഞു. ഞാൻ ചാരു കസേരയിൽ നിന്നു അരമതിലിലേക്കും അവിടുന്ന് മുറ്റത്തേക്കും ചാടാൻ തയ്യാറായപ്പോഴാണ് പാമ്പൻ ഇറയത്തിന്റെ പടിഞ്ഞാറു വശത്തു കാൽ നീട്ടി ഇരുന്നു തല കുലുക്കിയ ഗോപാലമ്മാന്റെ നേരെ കുതിച്ചു പാഞ്ഞത്. നിമിഷ നേരം കൊണ്ടു പാമ്പ് ഗോപാലമ്മാന്റെ കാലിലൂടെ ഒരു സഞ്ചാരം
"ഇത് ഏത് വെളിവ് ഇല്ലാത്തോൻ ഉണ്ടാക്കിയ മൊതലാണോ.
ഇപ്പൊ മനുഷ്യന്റെ #₹₹*& ഒക്കെ കത്തി പോയേനെല്ലോ..പാമ്പിനെ കൊത്തുന്ന പാമ്പോ "എന്ന് പറഞ്ഞ് ഗോപാലമ്മാൻ പാമ്പിനെ തട്ടി മുറ്റത്തേക്കിട്ടൂ. പാമ്പ് ഒന്ന് ചീറ്റി തീ തുപ്പി ചരലിൽ കിടന്നു അന്ത്യശ്വാസം വലിച്ചു.
"ഇന്നത്തെ വെടിക്കെട്ടു സമാപിച്ചല്ലോ ല്ലെ.. അപ്പൊ വെടിക്കാരൻ വീട്ടിൽ പോണു "
ഗോപാലമാൻ മുറ്റത്തേക്ക് ഇറങ്ങി. "ഒന്നങ്ങു മാറിക്കെ മതിലെ "
എന്ന് പറഞ്ഞ് തെല്ലു നേരം നിന്നു. ഞങ്ങൾ അകത്തു കയറി ഊണ് കഴിച്ചു കണിയും ഒരുക്കി നിന്ന നേരത്താണ് ഗോപാലമ്മാന്റെ മകൻ വന്നത്.
"അച്ഛൻ വന്നില്ലല്ലോ അങ്ങോട്ട്.. അടിച്ചു പാമ്പായി വഴീൽ വീണോ ആവോ "
"ഇല്ല ഇവിടെ പാമ്പുഗുളികയും എലിവാണവും ഒക്കെ കത്തിച്ചു വിട്ടിട്ടു പോന്നല്ലോ "അച്ഛൻ പറഞ്ഞു.അപ്പോഴാണ് അരണ്ട വെളിച്ചത്തിൽ ഞാൻ കണ്ടത്. മതിലിൽ ചാരി കൈ ഇരുവശത്തേക്കും വിടർത്തി നിൽക്കുന്ന ഒരു രൂപം.
"ദേ യേശു ക്രിസ്തു കുരിശിൽ നിൽക്കുന്നു "ഞാൻ മതിലിലേക്ക് വിരൽ ചൂണ്ടി.
"ഇത് യേശു ഒന്നും അല്ല ഗോപാലമ്മാൻ ചാരി നിന്നു ഉറങ്ങി പോയതാ "
അച്ഛൻ പറഞ്ഞു. ഗോപാലമ്മാന്റെ മകൻ പരിഭ്രമിച്ചു ഓടി വന്നു.
"അച്ഛൻ ഇതെന്ത് പണിയാ ഈ കാണിച്ചേ.. ഇപ്പൊ വല്ല പാമ്പും വന്നു കടിക്കൂലായിരുന്നോ ഇവിടിങ്ങനെ നിന്നാൽ.."
"പാമ്പിനെ കടിക്കണ പാമ്പോ പോയി പണി നോക്ക്.ചെക്കാ.. അപ്പൊ പോയേക്കുവാ..സമയമാം രഥത്തിൽ ഞാൻ..."
"അച്ഛൻ ഇതെന്തൊക്കെയാ ഈ പാടണേ... നാളെ വിഷുക്കണി അല്ലെ? കണി കാണും നേരം... പാട് "
"എന്നിട്ട് വേണം പാട്ട് കേട്ടു കൃഷ്ണൻ ഓടി പോകാൻ.. നീയെന്നെ ഒന്നെടുത്തു ആ തോളിൽ ഇട്ടിട്ടു "പാട്ട് പാടിഉറക്കാം ഞാൻ "എന്ന പാട്ട് പാടിയാ മതി.
"ഇത് ഒരു വല്ലാത്ത യോഗാണേ... ആറിലും അറുപതിലും ഒരു പോലെ എന്നല്ലേ... ഇന്ന് ഞാൻ അച്ഛനെ ചുമന്നാൽ അല്ലെ നാളെ എന്റെ മകൻ എന്നേം ചുമക്കുള്ളു."
"ഉവ്വ്..വ്വേ... നിന്നെ ഒക്കെ പിള്ളേര് വല്ല വൃദ്ധസദനത്തിലും കൊണ്ടു പോയി ഇടും.. അതാ ഇനി വരുന്ന കാലം.. എന്ന് വെച്ച് എന്നെ താഴെ ഇട്ടേക്കല്ലേ.. ആ കട്ടിലിൽ കൊണ്ടു പോയി ഇട്ടേര്.. അമ്മ കാണണ്ട."
ഗോപാലമ്മാനെ ചുമന്നു പടിയിറങ്ങുന്ന മകനെയും നോക്കി നിന്ന ഞാൻ വൃദ്ധസദനം എന്ന വാക്കിന്റെ അർത്ഥമറിയാതെ അന്ന് ഏറെ നേരം ഉറങ്ങാതെ കിടക്കുകയും പിന്നീട് അർത്ഥം അറിഞ്ഞ കാലത്ത് അവിടെ പോയി കിടക്കാൻ ഇട വരാതെ മൺമറഞ്ഞ ഗോപാലമ്മാനെ ഓർത്തു സന്തോഷിക്കുകയും ആർക്കും അതിനിട വരല്ലേ എന്ന് ഇപ്പോൾ പ്രാർത്ഥിക്കുകയും ചെയ്യുന്നു