Image

വർഷങ്ങളെത്ര കഴിഞ്ഞാലും ( സിനിമ: പ്രകാശൻ കരിവെള്ളൂർ )

Published on 18 April, 2024
വർഷങ്ങളെത്ര കഴിഞ്ഞാലും ( സിനിമ: പ്രകാശൻ കരിവെള്ളൂർ )

കാലവും ലോകവും എത്ര മാറി മറിഞ്ഞാലും മനുഷ്യരിൽ അടിസ്ഥാനപരമായ ചില ഗൃഹാതുരാഭിമുഖ്യങ്ങളുണ്ട് . ഭൂതാവിഷ്ടത തീരെയില്ലാത്ത വർത്തമാനം മുഴുവൻ അർത്ഥത്തിൽ നമുക്ക് സാധിക്കുമോ എന്നതല്ല സാധിക്കേണ്ടതുണ്ടോ? എന്നാണ് ചോദ്യം . എന്തായാലും ഇന്നിൻ്റെ വേരുകൾ ഇന്നലെകളിലല്ലാതെ വേറെവിടെയാണ് ? വായനയിലും സിനിമാസ്വാദനത്തിലുമൊക്കെ നമ്മൾ ബാക്കി വെക്കുന്ന പരമ്പരാഗത ആസ്വാദനശീലങ്ങളും ഇതിൻ്റെ ഒരു അനുബന്ധമാണ് . അര നൂറ്റാണ്ടിന് മുമ്പുള്ള കേരളീയ നാടക- ഗാന - സിനിമാ ഭാവുകത്വത്തെ തികച്ചും ഉപരിപ്ലവമായി മാത്രം തൊട്ട് തലോടി കടന്നു പോകുന്ന ഒരു എളുപ്പവഴി സിനിമയായിട്ടും വർഷങ്ങൾക്ക് ശേഷം എന്ന വിനീത് ശ്രീനിവാസൻ സിനിമ പ്രായഭേദമില്ലാതെ നമ്മളിൽ പലർക്കും വലിയ കുഴപ്പമില്ല എന്ന് തോന്നുന്നതും അത് കൊണ്ടാണ് .
എത്രയൊക്കെ അരാഷ്ട്രീയനും കൗശലക്കാരനും ആണെങ്കിലും 1980 തൊട്ടുള്ള മധ്യവർത്തി മലയാളസിനിമയുടെ - പൈങ്കിളിത്തം തീരെയില്ലാത്ത ,സരസ കൗതുകവും സാമൂഹിക തയുമാണ് ശ്രീനിവാസൻ . ആ തിരക്കഥകൾ 80- 90 കളിലൂടെ കേരളത്തിലെ മധ്യവർഗസമൂഹത്തിന് ഉപരിവർഗത്തിലേക്കുള്ള ആഭിമുഖ്യത്തിൻ്റെ പരിണാമചരിത്രം കൂടിയാണ് . 

അത്രയ്ക്ക് കരുത്തുറ്റ വിമർശന തീക്ഷ്ണതയോ ജീവിത നിരീക്ഷണമോ യാഥാർത്ഥ്യബോധമോ ആ സിനിമാജീനിയസിൻ്റെ മകനായതു കൊണ്ട്  മാത്രം നമ്മൾ ഇന്നത്തെ ഒരു യുവാവിൽ നിന്ന് പ്രതീക്ഷിക്കുന്നതിൽ കഴമ്പില്ല . എന്നാൽ പോലും അച്ഛൻ്റെ നാടോടിക്കാറ്റ് തൊട്ട് ഉദയനാണ് താരം വരെ പ്രമേയ ശകലങ്ങളും കഥാസന്ദർഭങ്ങളും സംഭാഷണങ്ങളുമെല്ലാം ആസൂത്രിതമായി ആവർത്തിച്ചു കൊണ്ട് പാരമ്പര്യത്തിൻ്റെ ആനുകൂല്യം വിനീത് മുൻതലമുറയോട് അഭ്യർത്ഥിക്കുന്നുണ്ട് . ചെന്നൈയിൽ വളർന്ന പാട്യംശ്രീനിപുത്രൻ കൂത്തുപറമ്പിൻ്റെ നാടകം ഈഎം എസ് കാണാൻ വരുമ്പോൾ കേമമെന്ന് വാഴ്ത്തുകയും കാൽക്കാശിന് കൊള്ളില്ലെന്നറിഞ്ഞാൽ പൊട്ടക്കിണറ്റിലെ തവള എന്ന് ഇകഴ്ത്തുകയും ചെയ്യും .  സന്ദേശത്തിലെ രാഷ്ട്രീയ പരിപ്പ്വട ഇവിടെ പാർട്ടി ഓഫീസിൽ നിന്നും വീട്ടിലെത്തി ഒരു വിദ്യാർത്ഥി ബാലിശതയായി മാറിയിരിക്കുന്നു. ആവശ്യാനുസരണം പാലിൽ മാത്രമല്ല , എന്തിലും വെള്ളം ചേർത്ത് പിടിച്ച് കയറാനുള്ള ബുദ്ധിയുടെ പ്രതിസന്ധികളാണ് നാടോടിക്കാറ്റിലെ ദാസവിജയന്മാർക്കെങ്കിൽ ഇവിടെ വേണു മുരളി മാർ രണ്ട് നിലപാടിലാണ് . ഒരാൾ പിടിച്ചു കയറി വിജയിച്ച് കോക്കസ്സുകളിൽ അഭിരമിച്ച് തകർന്ന് പോകുന്നു . മറ്റെയാൾ കലയുടെയും ലഹരിയുടെയും വഴിയിൽ ആരുമല്ലാതാകുന്നു . എന്തായാലും ധ്യാനും പ്രണവും വളരെ ഹൃദ്യമായി അവരുടെ റോൾ കൈകാര്യം ചെയ്തിരിക്കുന്നു . അനുഭവപ്പെടുന്ന പൈങ്കിളിത്തം രചനയുടെയും പരിചരണത്തിൻ്റെയും കുഴപ്പമാണ് . അല്ലെങ്കിലും ഒരിത്തിരി പൈങ്കിളിത്തം പൊറുപ്പിക്കാവുന്ന അളവിൽ പൈങ്കിളിത്തം നമ്മളിൽ പലരും കാത്തുസൂക്ഷിക്കുന്നില്ലേ ?

സ്ഫടികം ശ്രീനിവാസൻ്റെ തിരക്കഥയല്ലാതിരുന്നിട്ടും പ്രണവിൻ്റെ അച്ഛനായ മോഹൻലാലിൻ്റെ ആടുതോമയുടെ ഗണിതബാല്യത്തെ വേണു കുത്തുപറമ്പൻ ഉണ്ണി മാഷിൽ നിന്ന് നേരിടുന ചരിത്രപീഢനമായി ഇവിടെ കൊണ്ടു വന്നിട്ടുണ്ട് .
ദാസവിജയന്മാർ ഗൾഫ് മോഹിച്ച് വഞ്ചിതരായാണ് സിനിമാനഗരമായ ചെന്നൈയിൽ എത്തുന്നതെങ്കിൽ വേണുമുരളിമാർ സിനിമയും സംഗീതവും മോഹിച്ചാണ് കോടമ്പാക്കത്തെത്തുന്നത് . ഉദയനാണ് താരത്തിലെ സ്ക്രിപ്റ്റ് മോഷണം ഇവിടെ ഗാനമോഷണമായി പുനർജനിക്കുന്നു. പ്രണയവും വിരഹവും ആവർത്തന വിരസമാകാതിരിക്കാൻ പാകത്തിൽ ശരിക്ക് ചുരുക്കാൻ സംവിധായകൻ നല്ലതു പോലെ ശ്രമിച്ചിട്ടുണ്ട് . 
സിനിമയിലായാലും സാഹിത്യത്തിലായാലും വളർത്തച്ഛന്മാരോ കോക്കസോ ഇല്ലാതെ ഒറ്റയ്ക്ക് വഴി വെട്ടി വന്ന വനെ ചവിട്ടിത്താഴ്ത്തുന്നതിനെ ചോദ്യം ചെയ്യാൻ നിതിൻ മോളിയായി നിവിൻ പോളിയെ കളത്തിലിറക്കുന്നതും വിനീത്ശ്രീനിവാസൻ ! മകൻ്റെ അച്ഛനും അച്ഛൻ്റെ മകനുമായി ഫീൽഡ് മൊത്തം കുടുംബ ഭരണമാകുന്നത് രാഷ്ട്രീയത്തിൽ മാത്രമല്ല എന്ന് സ്വയം കുരിശേറി ആരെയൊക്കെയാണ് ശ്രീനിവാസൻ്റെ മകൻ കുരിശേറ്റുന്നത് എന്നതും ആലോചനാമൃതം ! 

എന്തായാലും, പ്രിയതാരത്തെക്കൊണ്ട് പട്ടികളേ എന്ന് വിളിപ്പിച്ച് രോമാഞ്ച കഞ്ചുകമണിയുന്ന ഫാൻസ് രോഗികളെ കൊന്ന് കൊലവിളിക്കാൻ അച്ഛനേക്കാൾ ഉശിര് കാണിച്ചു മകൻ . നിങ്ങൾക്കില്ലാത്ത ടൈ ഫോയിഡ് എനിക്കെന്തിന് ? എന്ന് ചോദിച്ച സരോജ് കുമാറിൻ്റെ ആരാധകരെ കടത്തി വെട്ടി നിതിൻ മോളിയുടെ ഫാൻസ് . താരം പട്ടി എന്ന് വിളിച്ചില്ലെങ്കിൽ ഞങ്ങൾ എന്തിന് ? എന്നാണ് ന്യൂജൻവൈബ് ! 

വിനീതിൻ്റെ നമ്പരുകൾ മതി സരസതയ്ക്ക് എന്നതിന് തെളിവാണ് സിനിമയുടെ വിജയം . അഭിനയിക്കാനറിയാത്ത താരപുത്രനെ ഹൃദയത്തേക്കാൾ പാത്രോചിതനാക്കാൻ കഴിഞ്ഞതിൽ ചലച്ചിത്രകാരന് അഭിമാനിക്കാം . അതിലുപരി , ധ്യാൻ എന്ന സ്വന്തം അനിയനെ - ആ വക തിരിവില്ലാത്തവനെ ഇത്രയെങ്കിലും ഉൾക്കനമുള്ള റോൾ ഏൽപ്പിച്ചതലും .
 പ്രണവിൻ്റെ മുരളിയാണ് നല്ല കഥാപാത്രമെങ്കിലും ( അതിൽ എം എസ് ബാബുരാജിനെയൊക്കെ മിക്സ് ചെയ്തിട്ടുണ്ട് ) വേണു കൂത്തുപറമ്പനെ അവതരിപ്പിച്ച ധ്യാനാണ് നല്ല നടൻ .


സിനിമ തുടങ്ങിയതു മുതൽ കഴിയും വരെ ഇടയ്ക്കിടെ വന്നു ചേരുന്ന ഗാനശകലങ്ങളാണ് വിനിതിൻ്റെ മറ്റൊരു ഐഡൻ്റിറ്റി . ഗാന ശൂന്യതയുടെ ഈ വർത്തമാനകാലത്ത് അതും എന്തൊരാശ്വാസം !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക