Image

കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കേസ് ; ഒരു മതത്തിനും എതിരായി പ്രസംഗിച്ചിട്ടില്ല, മതസ്പര്‍ദ്ധ വകുപ്പ് ചേര്‍ത്തത് തെറ്റാണന്ന് ഷമ

Published on 18 April, 2024
 കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കേസ് ; ഒരു മതത്തിനും എതിരായി പ്രസംഗിച്ചിട്ടില്ല, മതസ്പര്‍ദ്ധ വകുപ്പ് ചേര്‍ത്തത് തെറ്റാണന്ന് ഷമ

കോഴിക്കോട് :കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്തു. പരസ്പര വിദ്വേഷവും തെറ്റിദ്ധാരണയും ഭീതിയും വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചു എന്നാണ് കേസ്. കോഴിക്കോട്ടെ യു ഡി എഫ് സ്ഥാനാര്‍ഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രസംഗത്തിനെതിരെ തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസാണ് കേസ് എടുത്തത്.

ഇതേ സമയം ഒരു മതത്തിനും എതിരായി പ്രസംഗിച്ചിട്ടില്ലന്ന് ഷമ മുഹമ്മദ് പറഞ്ഞു . മതസ്പര്‍ദ്ധ വകുപ്പ് ചേര്‍ത്തത് തെറ്റാണ്. ഇതേകാര്യം പ്രസംഗിക്കുന്ന ഇടതു നേതാക്കള്‍ക്കെതിരെ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന പൊലീസ് എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും ഷമ ചോദിച്ചു. കേരള പൊലീസ് രാഷ്ട്രീയപരമായി ഇടപെടുകയാണ്. കേസിനെ പേടിക്കില്ലെന്നും ഷമ മുഹമ്മദ് വ്യക്തമാക്കി.

എം കെ രാഘവന് വേണ്ടി നടത്തിയ പ്രചാരണത്തിനിടയില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന രീതിയില്‍ സംസാരിച്ചെന്ന പരാതിയിലായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസന്റെ നടപടി. ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ മുസ്ലീം, കൃസ്ത്യന്‍ പള്ളികള്‍ ഉണ്ടാകില്ലെന്നായിരുന്നു പ്രസംഗം. തിരുവനന്തപുരം സ്വദേശി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയിലാണ് നടപടി.

പരാതി നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡിജിപിക്ക് കൈമാറുകയും ഡിജിപി കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസിനോട് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക