Image

ജീവിതമെന്ന തീപ്പൊട്ട് (പുസ്തകാവലോകനം: മധുശങ്കർ മീനാക്ഷി)

Published on 18 April, 2024
ജീവിതമെന്ന തീപ്പൊട്ട് (പുസ്തകാവലോകനം: മധുശങ്കർ മീനാക്ഷി)

ഒരു കഥ പറയാനെളുപ്പമാണ്. ജീവിച്ചുകാണിക്കാനാണ് പ്രയാസം. പ്രത്യേകിച്ചും മനസ്സിന്റെ മണമുള്ള കഥകൾ. ഷൂട്ടിങ് കഴിഞ്ഞ് പൊളിച്ചുകളഞ്ഞ സെറ്റിനുതുല്യം വെളിച്ചം കൊണ്ടോ നിഴലുകൊണ്ടോ അടയാളപ്പെടാൻ പാകത്തിൽ അത് വായനക്കാരന്റെ ഓർമ്മയിൽ നീറിപ്പിടിച്ചുകിടക്കും. 

സെറ്റുകൾ ഒരിക്കലും പൂർണമല്ല, ഭാഗികമാണ്. ആ ഭാഗികതയുടെ നേരെയാണ് ക്യാമറ കണ്ണൂന്നുന്നത്. ക്യാമറക്കണ്ണിൽനിന്ന് പ്രേക്ഷകന്റെ കണ്ണിലേക്ക് ആ സെറ്റ് ട്രാൻസ്ഫോം ചെയ്യപ്പെടുന്നതോടെ, അതിന്റെ അന്തരീക്ഷം, ചുറ്റുപാടുകൾ, അതിൽ ജീവിക്കുന്ന കഥാപാത്രങ്ങൾ കൂട്ടമായോ ഒറ്റയായോ ആസ്വാദകന്റെ സ്വന്തമായി മാറുന്നു. അത് ചിത്രീകരിക്കാൻ വേണ്ടിയുണ്ടാക്കിയ സെറ്റ് പൊളിച്ചുകളഞ്ഞാലും മനസ്സിൽനിന്ന് ആ സെറ്റ് പ്രതിനിധാനം ചെയ്ത നിർമ്മിതികൾ പിഴുതെറിയാൻ കഴിയില്ല. 

സിംപിൾ ചന്ദ്രന്റെ ഇമോജി എന്ന ഈ കഥാപുസ്തകത്തിൽ അത്തരത്തിൽ രൂപംകൊണ്ട നവനിർമ്മിതികളുടെ ഒന്നിലധികം വിഭാഗീയ സെറ്റുകളുണ്ട്. പൂർണമായ പശ്ചാത്തലത്തെ, ചുറ്റുപാടിനെ, കഥാപാത്രത്തെ ആ സെറ്റിൽ അന്വേഷിക്കേണ്ടതില്ല.

“ഒരു ചിരിപ്പൂവിനെ കൊണ്ടുചെന്ന് ചിരിയേ മുളയ്ക്കാത്ത മണ്ണിൽ നട്ടുവെച്ചിട്ട്... അല്ലേലും മരിക്കുന്നതിലല്ലല്ലോ, ജീവിക്കുന്നതിനല്ലേ ഒരു കാരണം വേണ്ടത്.” (ഇമോജി)
വാക്കുകളുടെ 45 ഡിഗ്രി ചാഞ്ഞ ഈ സെറ്റിലേക്ക് നോക്കൂ, നിങ്ങൾ ഒരു തൂക്കുകയറിനുമുമ്പിലോ മോർച്ചറിക്കുമുമ്പിലോ അറിയാതെ ചെന്നെത്തും. എന്തിനാണ് മരിച്ചുകളഞ്ഞതെന്ന ചോദ്യം മനസ്സിൽ തികട്ടിവരും. കേവലം രണ്ടുപേജിലൊതുങ്ങുന്ന ഇക്കഥയിൽ തുഴഞ്ഞുമുന്നേറാൻ തുടർപേജുകൾ ഇല്ല. പകരം വായനക്കാരന്റെ മനസ്സ് ആ പേജുകളുടെ  സ്ഥാനത്ത് നിവർന്നുവരും. പിന്നിടാൻ കഴിയാത്ത ശൂന്യതയുടെ, വിഷാദത്തിന്റെ മുമ്പിൽ കൊണ്ടുനിർത്തിത്തരും. എത്ര വായിച്ചാലും ആ പേജുകൾ തീരില്ല. തീരാൻ ഇക്കഥ മനസ്സിലുണ്ടാക്കിയ നൊമ്പരം സമ്മതിക്കില്ല. 

അച്ചോറ്റിയുടെ ആൾരൂപങ്ങൾ എന്നൊരു കഥയുണ്ട് ഈ സമാഹാരത്തിൽ. ഈ സമാഹാരത്തിലെ ഏറ്റവും തലതെറിച്ച കഥ. ബഷീറിന്റെ ശബ്ദങ്ങൾ വായിച്ച ഓർമ്മയിൽ ഇക്കഥ വായിച്ചാൽ പെട്ടുപോകും. ശബ്ദങ്ങളിലെ ബാഹ്യമായ ഒച്ചകളേക്കാൾ സൂക്ഷ്മവും ശീതീകരിക്കപ്പെട്ടതുമായ ഒന്നിലധികം ആന്തരിക ഒച്ചകൾ ഇക്കഥയിലുണ്ട്. പ്രത്യക്ഷത്തിൽ നമ്മെ ഭയപ്പെടുത്തുന്നവർ നാം അറിയാതെ നമ്മുടെ രക്ഷകരായി മാറുന്നവരാണെന്ന്, നാം ചിന്തിക്കുന്നതിനേക്കാൾക്കൂടുതൽ നമ്മെ സ്നേഹിക്കുന്നവരാണെന്ന് അടിവരയിടുന്ന കഥയാണിത്. ഏതു സമൂഹത്തിലും അച്ചോറ്റിമാരുണ്ട്. ഭയം വിതച്ച് നമ്മിൽനിന്നകന്നുമാറി നടക്കുന്നവർ. ഈ അകലമാകണം അവരെക്കുറിച്ച് ഭയംവിതയ്ക്കുന്ന കഥകൾ കെട്ടിയുണ്ടാക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. സത്യത്തിൽ നമ്മേക്കാൾ ശാന്തശീലരാണവർ. സൌമ്യത അവരുടെ മുഖത്തുണ്ടാകണമെന്നില്ല. പക്ഷേ, മനസ്സ് നമ്മേക്കാൾ സൌമ്യവും ദീപ്തവുമാണ്. കഥാന്ത്യം ആൾക്കൂട്ടാക്രമണത്തിൽ അച്ചോറ്റി വീണുപോകുന്നുണ്ട്. ഏത് ആൾക്കൂട്ടാക്രമണവും ഇത്തരം വീഴ്ചകളുടെതാണ്. ഈ വീഴ്ച നമ്മുടെകൂടി വീഴ്ചയാണെന്ന്, എന്തിനും ഏതിനും കുറ്റമേൽക്കാൻ പാകത്തിൽ നാമവരെ മാറ്റിനിർത്തിയതാണെന്ന് ഇക്കഥ പറഞ്ഞുവയ്ക്കുന്നു.

“കാക്കുമുത്തിയോട് അയാളെപ്പറ്റി ചോദിക്കുമ്പോഴൊക്കെ അവരുടെ കണ്ണിൽ പേടിനിറഞ്ഞു. ചെക്കാ, അങ്ങട് പോണ്ടാ. അയാള് ചീത്തയാ, കൊല്ലൂട്ടോ.... അതവന് വിശ്വാസമില്ലായിരുന്നു.”

എത്ര കൃത്യമാണ് ഈ ചാപ്പകുത്ത്. നല്ല വസ്ത്രം ധരിക്കാത്തവരെ, കുളിക്കാത്തവരെ, ഒറ്റയ്ക്കിരിക്കുന്നവരെ ചൂണ്ടി ഏതുകാലത്തും സമൂഹം അയാള് ചീത്തയാ, കൊല്ലൂട്ടോ എന്നു പറഞ്ഞിട്ടുണ്ട്. ആൾക്കൂട്ടാക്രമണത്തിൽ വീണുപോയ അച്ചോറ്റി തിരിച്ചറിയാതെപോയ സ്നേഹം തന്നെയാണ്. അത്തരം അച്ചോറ്റിമാരെ പടിയടച്ച് പിണ്ഡംവയ്ക്കുന്ന കാലത്തെക്കുറിച്ചുകൂടി ഇക്കഥ വ്യാകുലപ്പെടുന്നു.

ഒരു വീടിന്റെ അകത്തേക്കാൾ ശൂന്യവും മലീമസവുമായ അകം മനസ്സിനകമാണ്. ആ അകത്തേക്ക് കൈപിടിച്ചിറക്കുന്ന ഒരു കഥയുണ്ട് അകമെന്ന പേരിൽ ഈ പുസ്തകത്തിൽ.

“അവളില്ലാത്ത കൂരേ ഒരന്തിപോലും ഞാനൊറങ്ങുകേല. ഒറങ്ങാൻ പറ്റുകേല. ഇങ്ങനെ അലഞ്ഞുതിരിഞ്ഞുനടക്കും. ഒരിക്കലും ബോധം കെട്ടുറങ്ങുകേല. പണ്ടൊക്കെ അവളെ ചീത്തപറഞ്ഞ് കരയിച്ചേച്ച് ഞാൻ ബോധം കെട്ടുറങ്ങും. അടമഴ പെയ്യുമ്പം എടേത്തെളിയുന്ന വെയിലില്ലേ, അതുപോലാ അവടെ ചിരി. എടാ നെനക്കറിയാവോ, നമ്മക്ക് ഒണരാനൊരു പ്രതീക്ഷയുണ്ടേലേ ബോധം കെടാൻപോലും പറ്റൂ..” (അകം)

ഇല്ലായ്മയാണ് ശൂന്യതയുടെ ആഴം നമുക്ക് പലപ്പോഴും പറഞ്ഞുതരുന്നത്. ഉണ്മയാകട്ടെ അഹന്തയുടെ ഒരുപാട് ഒച്ചകളുണ്ടാക്കും ഇടംചുറ്റിപ്പായാൻ പ്രേരിപ്പിക്കും. വെളിച്ചത്തിൽ ഇരുട്ടിലേയ്ക്ക് ഊളിയിടാനായുന്നത് അതുകൊണ്ടാണ്. വെളിച്ചം സ്വന്തമായുണ്ട് എന്നവിശ്വാസത്തിലാണത്. ആ വെളിച്ചം കെട്ടുപോകുമ്പോൾ ഇരുട്ട് മാത്രമാകുമ്പോൾ പിന്നെ ആ ഇരുട്ടിലിറങ്ങുന്നതിൽ പറയത്തക്ക രസമില്ല. 

ലോറി ഡ്രൈവർമാർക്കിടയിൽ, പഴയകാല പൊലീസുകാർക്കിടയിൽ ഇത്തരം ഇടംചുറ്റിപ്പാച്ചിലുകളുടെ ഒരുപാട് കഥകൾ നാം വായിച്ചിട്ടുണ്ട്. ഇക്കഥയിലെ ഇച്ചായനെന്ന ഡ്രൈവറും അക്കൂട്ടത്തിലൊരാളാണ്. ഒരുപാട് പെൺചൂര് മണത്തവൻ. കടം തീർന്നിട്ടുമതി ഒരുമിച്ചുപൊറുതിയെന്നു കരുതി ഇഷ്ടപ്പെട്ട പെണ്ണിനെ മാറ്റിനിർത്തിയവൻ. ഓർക്കാപ്പുറത്ത് ആ ഒരുവൾ മാഞ്ഞുപോകുമ്പോൾ അത് കൊണ്ടുവരുന്ന ശൂന്യതയുടെ ആഴം അളക്കാൻ കഴിയാതെവരുന്നു.

“എടാ അവളേക്കാൾ കൊതിയായിര്ന്നു എനിക്കവളെക്കാണാൻ. ഞാനത് അവളെപ്പോലെ പറയില്ലെന്നില്ലെന്നേയുള്ള്. എന്നിട്ടും ഒട്ടും വയ്യിച്ചായോ, ഒന്നുവരാവോ എന്ന് കെഞ്ചിച്ചോദിച്ചപ്പഴും എനിക്ക് മനസ്സിലായില്ലെടാ.”

നോക്കൂ, ആ മനസ്സിന്റെ നിലവിളി. അടക്കിപ്പിടിച്ച നിലവിളിയാണത്. അത് മൂടിവയ്ക്കാൻ ഒരൊച്ചകൾക്കും കഴിയില്ല. 
ഒന്നൂടൊഴിക്കട്ടെ, എന്നുചോദിക്കുന്ന സ്വന്തം വണ്ടിയിലെ ക്ലീനറോട്, “വേണ്ടടാ. എത്രചെന്നാലും എരിയുവേയൊള്ള്. ബോധം കെടുകേല” എന്നു പറയുന്നിടത്ത് ഇക്കഥ തീരുന്നു. അതെ. നേർത്തുപോകാത്ത ഇത്തരം എരിവുകൾ ജീവിതത്തിൽ ഒരുപാടുണ്ട്. അത് പുകഞ്ഞുകത്തുന്നത് ആരും കാണില്ല. വായനക്കാരന്റെ മനസ്സും എരിയുന്നത് സ്വാഭാവികം.

ഒച്ചകൊണ്ട് ഒച്ചകളെ പ്രതിരോധിക്കുന്ന ലോകത്തിൽ ബോധപൂർവം തല്ലിക്കെടുത്തുന്ന ഒച്ചകൾക്കുപോലും നിമിഷായുസ്സാണ്. മുളയോടെ ആ ഒച്ചകളെ ഇല്ലാതാക്കാൻ ആർക്കും കഴിയില്ല. ഒരലോസരം പോലെ അത് നമ്മുടെ ചുറ്റിലും വട്ടംകറങ്ങിക്കൊണ്ടിരിക്കും. 
ഇക്കഥയിൽ വീടിന്റെ സ്വാസ്ഥ്യം കെടുത്തുന്നത് ഫാനിന്റെ ഒച്ചയാണ്. പകലന്തിയോളം പണിയെടുത്ത് തളർന്നുറങ്ങുന്ന വീട്ടമ്മയെസംബന്ധിച്ച് അതുണ്ടാക്കുന്ന അലോസരം വലുതാണ്. പലവട്ടം അവൾ ഫാൻ നന്നാക്കാൻ ആവശ്യപ്പെടുന്നു. എന്നും അത് മറന്നുകൊണ്ട് വീട്ടിലേക്ക് കടന്നുവരുന്ന കെട്ടിയോന്റെ മതികെട്ടുള്ള ഉറക്കം അവളുടെ സ്വാസ്ഥ്യം കെടുത്തുന്നു. ഒടുവിൽ അവിചാരിതമായി അയൽക്കാരന്റെ സഹായത്താൽ അത് നേരെയാക്കപ്പെടുമ്പോൾ ഒരുദിവസമെങ്കിലും സ്വസ്ഥമായുറങ്ങാമെന്നവൾ സമാധാനിക്കുന്നു. 
എന്നാൽ ഈ ഒച്ചയുമായി സമരസപ്പെട്ട് മുന്നേറിക്കൊണ്ടിരുന്ന ഒരാത്മാവുണ്ട് ആ വീട്ടിൽ. ഒരുദിവസം പോലും ആ ഒച്ചകേൾക്കാതെ ഉറങ്ങാൻ പറ്റാത്ത ചുറ്റുപാടിലേക്ക് എടുത്തെറിയപ്പെട്ടവൻ. ഫാൻ നന്നാക്കിയെന്നറിയുമ്പോൾ അയാളോടുന്നത് കളിപ്പാട്ടം സൂക്ഷിച്ച ട്രങ്ക്പെട്ടിക്കടുത്തേക്കാണ്. പെട്ടിയിൽ സൂക്ഷിച്ച ഓട്ടുമണിയിൽ അയാളുടെ കൈ മുറുകുന്നിടത്ത് കഥ അവസാനിക്കുന്നു. നോക്കൂ, എന്തൊരു കൈയടക്കത്തോടെയാണ് ഇക്കഥ അവസാനിപ്പിച്ചിരിക്കുന്നത്. 

പ്രത്യക്ഷമായി നമ്മെ അലോസരപ്പെടുത്തുന്ന ഒച്ചകൾ പരോക്ഷമായി മറ്റൊരാളെ സാന്ത്വനിപ്പിക്കുന്നുണ്ടാകണം. ദാമ്പത്യത്തിൽപ്പോലും ആ വൈജാത്യം തിരിച്ചറിയപ്പെടുന്നില്ല. ഒരേ മൌനം എന്ന കഥയും തിരിച്ചറിയപ്പെടാതെപോകുന്ന വൈപരീത്യങ്ങളെക്കുറിച്ചാണ്.

“വൈകിയുറക്കങ്ങൾ ഓഫിസ്മുറിയെ ഉറക്കറയും കൂടിയാക്കുക പതിവായപ്പോൾ ഒരു ചുവരിനപ്പുറത്തേക്കുള്ള ദൂരം നടന്നാലും നടന്നാലും തീരാത്തതായി” എന്ന് ഇക്കഥ നമ്മോടു പറയുന്നു. ഈ ദൂരം മനസ്സുകൾ തമ്മിലുമുണ്ട്. കഥാമത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട സ്വന്തം കഥ ഭർത്താവിന്റെ മേശപ്പുറത്ത് കിടക്കുന്നതുകാണുമ്പോൾ, ആ തിരഞ്ഞെടുപ്പ് നടത്തിയത് അയാളെന്നറിയുമ്പോൾ സന്തോഷമല്ല, ദേഷ്യമാണ് ഇക്കഥയിലെ വീട്ടമ്മയുടെ മനസ്സിലുണ്ടാകുന്നത്. ഒരു ചുമരിനിപ്പുറത്തും അപ്പുറത്തും അജ്ഞാതരായിക്കഴിയുന്നതിലപ്പുറം വലിയ ദൂരം മറ്റൊന്നില്ലെന്ന് ഇക്കഥ പറഞ്ഞുവയ്ക്കുന്നു.

“ഇടയ്ക്കിടെ വീടിനെ ചലനാത്മകമാക്കിയിരുന്ന കൊച്ചുകൊച്ചു വഴക്കുകളും പൊട്ടിത്തെറികളും വറ്റിപ്പോയപ്പോഴാണ്, അവയൊക്കെയും എത്രമേൽ പ്രിയപ്പെട്ടതായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്” എന്ന് ഇക്കഥയിൽ എഴുത്തുകാരി പറഞ്ഞുവയ്ക്കുന്നുണ്ട്. ശബ്ദങ്ങളിൽ ഒച്ചകളാണ് ഒരുതെരുവിനെ ഉറങ്ങാതെ പിടിച്ചുനിർത്തുന്നതെന്ന് ബഷീർ പറഞ്ഞതിന്റെ വിപുലാർത്ഥം ഈ വരികളിൽ തിരയാം. പാത്തുമ്മയുടെ ആടിൽനിന്ന് ശബ്ദങ്ങൾ വേറിട്ടുനിൽക്കുന്നത് ഇതുകൊണ്ടാണ്. 

ചില കഥകൾ ചോരകൊണ്ടെഴുതണം. എത്ര കാലം പിന്നിട്ടാലും അതിന്റെ നനവ് വറ്റുകയില്ല. വറ്റാൻ മനസ്സ് സമ്മതിക്കില്ല. അത്തരത്തിൽ ചോരകൊണ്ടെഴുതിയ കഥയാണ് മൂന്നാമത്തെ ബിന്ദു. ഏത് അമിതസ്നേഹം പ്രകടിപ്പിക്കുന്നവരുടെ മനസ്സിൽ ഒരു കൊലയാളി ഒളിച്ചിരിപ്പുണ്ടെന്ന് ഈക്കഥ നമ്മോടു പറയുന്നു. ബാഹ്യമായ സ്നേഹത്തിൽ നീരാടുന്നവർക്ക്, അതിന്റെ നിറച്ചാർത്തിൽ മുങ്ങുന്നവർക്ക് ആ മുഖം തിരിച്ചറിയുക എളുപ്പമല്ല. എന്നാൽ സ്നേഹത്തിൽനിന്ന് പുറത്താക്കപ്പെട്ടവർക്ക്, അല്ലെങ്കിൽ ഒരിക്കൽപ്പോലും സ്നേഹിക്കപ്പെടാത്തവർക്ക് ആ മുഖം തിരിച്ചറിയാൻ എളുപ്പം പറ്റും.
“ഇപ്പോൾ, രണ്ട് രാത്രികളുടെയും ഒരു പകലിന്റെയും വെട്ടിത്തിരുത്തലുകൾക്കൊടുവിൽ ഞാനും അക്ഷരങ്ങളെ നെഞ്ചോട് ചേർത്തുപിടിക്കുന്നു. ഹൃദയങ്ങൾ കൊത്തിയരിയുന്ന ചിന്തകളിൽ ചോരമണത്തിട്ടു വയ്യ” (മൂന്നാമത്തെ ബിന്ദു). 
ഈ ചോരമണം തുടയ്ക്കാൻ അക്ഷരങ്ങൾക്കുകഴിയുമെന്ന വിശ്വാസം മുറുകെപ്പിടിക്കുമ്പോഴും ചില യാഥാർത്ഥ്യങ്ങൾക്കുമുമ്പിൽ ആ അക്ഷരങ്ങൾ മുഖം തിരിച്ചുനിന്നേയ്ക്കുമോ എന്ന ആശങ്കയുണ്ട്. ചെങ്കുത്തായ ഇറക്കങ്ങളിൽ ആ അക്ഷരങ്ങൾ ഉപേക്ഷിക്കേണ്ടിവരും. കലാത്മകമായ കൊലപാതകങ്ങൾ അരങ്ങേറും. മെറ്റഫറുകളുടെ ലോകത്തിൽ തരിച്ചുനിൽക്കേണ്ടിവരും. ക്ലോസ്ഡ് ഫിഗറുകൾ ഒരിക്കലും വെച്ചുകെട്ടലുകളുടെ കനം ബോധ്യപ്പെടുത്തില്ല എന്ന് ഇക്കഥ പറയുന്നു.

ഇമോജികൾ കൊണ്ട് സമ്പന്നമാകുന്ന വർത്തമാന ലോകത്തിൽ മരണത്തിനുമുമ്പിലാകും ഏറ്റവും കൂടുതൽ ഇമോജികൾ ഉപയോഗിക്കുന്നത്. ജീവിതത്തിനുമുമ്പിൽ അതുപയോഗിക്കപ്പെടുന്നത് അപൂർവം. അവതാരികാകാരൻ ശ്രീകണ്ഠൻ കരിക്കകം വിശേഷിപ്പിച്ചതുപോലെ ഒറ്റനോട്ടത്തിൽ കോരിയെടുക്കാവുന്ന തെളിഞ്ഞ ജീവിതങ്ങൾ എന്ന കാഴ്ചപ്പാടാകാം കാരണം. എന്നാൽ ഓരോ ജീവിതവും അത്രമാത്രം തെളിഞ്ഞതാണോ. അല്ല. പലതും പുകഞ്ഞുകത്തുന്നതാണ്. കെടുത്താൻ ഒരുതുള്ളി വെള്ളം പോലും സ്വന്തമായുണ്ടാകണമെന്നില്ല.
പുസ്തകം എന്ന അവസാന കഥയിൽ ഇക്കാര്യം കഥാകാരി പറഞ്ഞുവയ്ക്കുന്നുണ്ട്.
ഒരു പുസ്തകം വാങ്ങൂ, ഭാരിച്ച ഭാണ്ഡം നിലത്തിറക്കിവെച്ച് അയാളവളോടു പറഞ്ഞു.
വേണ്ട. അവൾ നിരസിച്ചു.
നോക്കൂ. ഇതെല്ലാം മഹാന്മാരെഴുതിയ പുസ്തകങ്ങളാണ്. അവരുടെ അനുഭവങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടും.
വെണ്ടെന്നു പറഞ്ഞില്ലേ.
അയാൾ നിരാശയോടെ ഭാണ്ഡം തോളിലെടുത്തു. നിൽക്കൂ. മുന്നോട്ടു നടന്നുതുടങ്ങിയ അയാളെ അവൾ തിരികെ വിളിച്ചു.
നിങ്ങൾക്ക് ഞാനൊരു പുസ്തകം തരാം. വിലയുള്ള പുസ്തകം. നിങ്ങൾ വിലയൊന്നും തരേണ്ട.

അയാൾ അത്ഭുതത്തോടെ അവളെ നോക്കി.
എന്റെ ജീവിതമാണ്. ഇതിനേക്കാൾ വലുതൊന്നും നിങ്ങളുടെ കെട്ടിൽ ഉണ്ടാകില്ല.
അതെ. ഏറ്റവും മികച്ച ഇമോജികളെക്കൊണ്ട് അടയാളപ്പെടുത്തേണ്ടത് അതിനെയാണ്. 
“ഇരുട്ടിനുനേരെ തിരിച്ചുവെച്ച അവളുടെ കണ്ണുകളിലപ്പോൾ മാസങ്ങളോളം വിശന്നുവലഞ്ഞ് തടവിലിരുന്ന ഒരു തീപ്പൊട്ട് കെട്ടഴിഞ്ഞുപോയി മുമ്പിൽക്കണ്ട സർവതും നക്കിത്തുടച്ച് വിശപ്പടക്കി, തിരിച്ചുവന്ന് ഒരു നക്ഷത്രമായി തിളങ്ങിനിൽക്കുന്നുണ്ടായിരുന്നു” (അന്ന). ഈ തിളക്കമാണ് ഏത് കഥയുടെയും കരുത്ത്.  ന്യൂട്ട് ഹാംസൻ വിശപ്പ് എഴുതിയത് അക്ഷരങ്ങളെക്കൊണ്ടല്ല, വിശപ്പുകൊണ്ടാണ്. യാ ജാലീ എന്ന ഒറ്റപ്പേരിൽ, സംബോധനയിൽ വിശപ്പുപോലും മറന്നുപോകുന്ന അവസ്ഥയുണ്ടാകുന്നു. തിന്നുന്നത് ചെരിപ്പാണെന്ന് മറന്നുപോകുന്നു.
Life isn’t about finding yourself, life is about creating yourself എന്നാണ് ബെർനാർഡ് ഷാ പറഞ്ഞത്. നല്ല എഴുത്തിലും ഈ ക്രിയേറ്റിങ് സെൽഫ് ഉണ്ട്. അത് കെടാതെ സൂക്ഷിക്കുക എന്നിടത്താണ് ഒരെഴുത്തുകാരന്റെ, എഴുത്തുകാരിയുടെ സർഗപരത നിലനിൽക്കുക.

ജീവിതമെന്ന തീപ്പൊട്ട് (പുസ്തകാവലോകനം: മധുശങ്കർ മീനാക്ഷി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക