മാതൃഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ ഏറ്റം മഹത്തരമായി സൂക്ഷിച്ച ഒരു പത്രാധിപയുണ്ടായിരുന്നു കോട്ടയത്ത്, മിസിസ് റേച്ചല്‍ തോമസ്. വാക്കുകളിലും വരികളിലും ഒരമ്മയുടെ കരുതല്‍ വായനക്കാര്‍ക്ക് പകര്‍ന്നു നല്‍കിയ, മനോരാജ്യം വാരികയുടെ ചീഫ് എഡിറ്റര്‍.
ഉന്നതമായ സംസ്‌കാരവും മഹിതമായ ഇടപെടലുകളും കൊണ്ട് പ്രിയങ്കരിയായി മാറിയ അഭിവന്ദ്യ വനിത. മനോരാജ്യം വാരികയിലൂടെ 'അമ്മയും കുഞ്ഞും' വനിതാരംഗം എന്നീ പംക്തികള്‍ വായിച്ചിട്ടില്ലാത്ത പുരുഷ വായനക്കാര്‍ പോലും ചുരുക്കമാണ് കേരളത്തില്‍. അന്ന് പുറത്തിറങ്ങിയിരുന്ന വാരികകളില്‍ ഉള്ളടക്കഗുണം കൊണ്ട് ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്നു മനോരാജ്യം. റേച്ചല്‍ തോമസിന് അലങ്കാരം മാത്രമായിരുന്നില്ല ചീഫ് എഡിറ്റര്‍ സ്ഥാനം.
കേരളധ്വനി, കേരളഭൂഷണം പത്രങ്ങളുടെ ഉടമയും മികച്ച പത്രപ്രവര്‍ത്തകനും കല്ലൂപ്പാറ നിയോജകമണ്ഢലത്തിന്റെ എം.എല്‍.എ.യും ആയിരുന്ന ഡോ.ജോര്‍ജ്ജ് തോമസ് ആയിരുന്നു റെയ്ച്ചല്‍ തോമസിന്റെ ഭര്‍ത്താവ്. സുമുഖനും വിവേകിയും കലാകാരനും സംഗീതജ്ഞനുമായ വിജു എന്ന ജോര്‍ജ് തോമസ് ജൂണിയറിന്റെ അമ്മയുമായിരുന്നു അവര്‍. ഇവര്‍ രണ്ടുപേരുടെയും പിന്‍ബലത്തോടെ അഭിമാനിയായി മുന്നേറിയ അവരുടെ ജീവിതം വിധിയുടെ ആകസ്മികമായ ഇടപെടലോടെ, ദുഃഖസങ്കുലമാവുകയായിരുന്നു. അതോടെ അനാഥമായിപ്പോയ പത്രസ്ഥാപനവും വാരികയുമൊക്കെ അവര്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നു.
''എത്ര ഹരിതാഭമായിരുന്നു എന്റെ താഴ് വരകള്‍....' എന്ന് സങ്കടഭൂമികയില്‍ ഒറ്റപ്പെട്ടുപോയ അവരുടെ ഹൃദയം വിലപിച്ചിട്ടുണ്ടാവും.
അകാലത്തില്‍, എവിടെയോ നിന്നും പൊട്ടിപ്പുറപ്പെട്ട് കുത്തിയൊലിച്ചുവന്ന പെരുവെള്ളം, ഇരുപത്തിയെട്ടുവര്‍ഷക്കാലമായി ആശയും അത്താണിയുമായി താന്‍ കണ്ടിരുന്ന ഓമനമകനെ കവര്‍ന്നെടുത്തുകൊണ്ട് ആര്‍ത്തലച്ച് കടന്നു പോയപ്പോള്‍ അതില്‍ ഇടറി വീണത് അവരുടെ മനോധൈര്യമായിരുന്നിരിക്കണം.
മകന്‍ മരിച്ച് മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം 1990ല്‍ മിസിസ് റേച്ചല്‍ തോമസും വിടവാങ്ങി. 1993ല്‍ ഡോ.ജോര്‍ജ് തോമസും മരിച്ചു.
ഈരാറ്റുപേട്ട തീക്കോയിയില്‍ വിജുവും മറ്റു മൂന്ന് ചെറുപ്പക്കാരും ഉരുള്‍പൊട്ടിവന്ന വെള്ളത്തിന്റെ അപകട ഗതിയിലലിഞ്ഞ് തിരിച്ചുവരാത്ത യാത്രപോയ 1987 ജൂണ്‍ 2 കോട്ടയത്തിന്റെ നെഞ്ചില്‍ തീ കോരിയിട്ട ദിനമായിരുന്നു. അന്ന് ഉപതെരഞ്ഞെടുപ്പു മൂലം കോട്ടയത്ത് അവധിയായിരുന്നു. കുഞ്ഞിലേ മുതലുള്ള കൂട്ടുകാരായ പ്രക്കാട്ടെ ടോമിയും, കണിയാംകുളം രാജനും, ശങ്കറും, തോമ്മാച്ചനും, റെജിയുമൊത്ത് അവധിദിനത്തില്‍ കിഴക്കോട്ടൊരു ഉല്ലാസയാത്ര പോയതായിരുന്നു വിജു. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ടോമിയുടെ അളിയന്‍ റോയിയും ഒപ്പം ചേര്‍ന്നു.
ഈരാറ്റുപേട്ട തീക്കോയിയിലുള്ള റോയിയുടെ സുഹൃത്തിന്റെ എസ്‌റ്റേറ്റിലേക്കാണവര്‍ പോയത്. രണ്ട് മാരുതിക്കാറുകളിലായി എസ്‌റ്റേറ്റിലെത്തിയ ഏഴുപേരും റോയി ഓടിച്ച ജീപ്പിലായിരുന്നു അരുവിക്കരയിലേക്ക് പോയത്.
ഉച്ചക്ക് രണ്ട് മണിക്കുശേഷം കൂട്ടുകാരെത്തുമ്പോള്‍ അരുവിയില്‍ കണങ്കാല്‍ മുങ്ങുവാന്‍ മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളൂ. സൂര്യന്‍ തലയ്ക്കു മുകളില്‍ പ്രകാശിച്ചു നില്‍ക്കുന്നു. ഈ പ്രദേശം അപകടമേഖലയായി ആരും പറഞ്ഞ് കേട്ടിട്ടില്ലതാനും. ദേഹക്ഷീണം മൂലം, കൂട്ടുകാരുടെ വാച്ചും പഴ്‌സുമൊക്കെ സൂക്ഷിച്ച് ശങ്കര്‍ ജീപ്പില്‍ തന്നെയിരുന്നതേയുള്ളൂ.
ആ ചെറുപ്പക്കാര്‍ക്കു മുന്നില്‍ അതേവരെ പുഞ്ചിരിച്ചു നിന്ന പ്രകൃതി പെട്ടെന്ന് രൗദ്രഭാവം പൂണ്ടു. സൂര്യന്‍ ഇരുണ്ട മേഘങ്ങള്‍ക്കിടയില്‍ മറഞ്ഞു. നിമിഷങ്ങള്‍ക്കകം മഴ കോരിച്ചൊരിയുവാന്‍ തുടങ്ങി. പെരുവെള്ളത്തിന്റെ ഇരമ്പല്‍ കേട്ടു ഭയന്ന ആറു പേരും പാറപ്പുറത്ത് പരസ്പരം കൈകോര്‍ത്തു പിടിച്ചുനിന്നു. എങ്ങുനിന്നോ പാഞ്ഞു വന്ന കൊടുങ്കാറ്റിലും പേമാരിയിലും ആറുപേരില്‍ വിജുവുള്‍പ്പെടെ നാലുപേരുടെ ജീവന്‍ ഒഴുകിയൊലിച്ചു പോയി. തോമ്മാച്ചനും റെജിയും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. ജീപ്പിലിരുന്നതിനാല്‍ ശങ്കറും.
മരിക്കുമ്പോള്‍, വിവാഹിതനും ഒന്നര വയസോളമുള്ള ആണ്‍കുട്ടിയുടെ പിതാവുമായിരുന്നു വിജു. പുത്രവിയോഗത്തിന്റെ ആതീവ ദുഃഖാവസ്ഥയില്‍ ആത്മീയതയും താന്‍ പുലര്‍ത്തിയ വിശ്വാസങ്ങളും റേച്ചല്‍ തോമസിന് അഭയമായിരുന്നു. എന്നാല്‍ കൊച്ചുമകന്റെ മുഖം കാണുമ്പോഴാണ് അവരുടെ ഹൃദയം ഏറ്റവും തകര്‍ന്നുപോയത്. അപ്പനില്ലാത്ത കുഞ്ഞ്.... നിലയില്ലാത്ത ആ കദനക്കയത്തില്‍ അവര്‍ താണുപോകുമെന്നായി. ' 'എന്റെ അപ്പ എവിടെ' എന്ന കുഞ്ഞിന്റെ ചോദ്യത്തിന്,'മോന്റെ അപ്പ ഈശോ അപ്പച്ചന്റെ അടുക്കല്‍ പോയിരിക്കുകയാണെന്നും സ്വര്‍ഗ്ഗത്തിലാണെന്നും' പറയുവാന്‍ വീട്ടിലെല്ലാവരും പഠിച്ചെങ്കിലും ആ ഉത്തരം അവന്റെ മനസിന് തൃപ്തികരമല്ല എന്ന് അവര്‍ക്കറിയാമായിരുന്നു.
വലുതാവുമ്പോള്‍ മരണം എന്താണെന്ന് കുട്ടി മനസ്സിലാക്കുമെങ്കിലും അവന്റെ അപ്പന്‍ ആരായിരുന്നു, എങ്ങനെയുള്ളവനായിരുന്നു എന്ന ചിന്തയില്‍ അവന്‍ ഉഴറാതിരിക്കുവാന്‍ ബിഗ് മമ്മി' യെന്ന് കൊച്ചുകുട്ടന്‍ വിളിക്കുന്ന അവന്റെ വല്യമ്മച്ചിയുടെ വിജുമോന്‍ - ജോര്‍ജ് തോമസ് ജൂണിയര്‍ - ആരായിരുന്നു എന്ന് അവര്‍ എഴുതിവച്ചു.
കെ.രഞ്ജന്‍ ജോര്‍ജ്ജ് തോമസ് എന്ന കൊച്ചുകുട്ടനോട് പറഞ്ഞു കൊടുക്കുന്ന രീതിയില്‍ ആ ആര്‍ദ്രഹൃദയം പകര്‍ത്തിയതാണ് ഒരമ്മയുടെ ഓര്‍മ്മകള്‍... മനോരാജ്യം വാരികയില്‍ ആഴ്ചതോറും പ്രസിദ്ധീകരിച്ചു വന്ന ആ പരമ്പര വിങ്ങുന്ന ഹൃദയത്തോടെയാണ് വായനക്കാര്‍ ഏറ്റുവാങ്ങിയത്. 1990 ല്‍ ഡി.സി.ബുക്‌സ് അത് പുസ്തകമായി പ്രസിദ്ധീകരിച്ചു.
വിജുവിന്റെ ജനനം മുതലുള്ള ഓരോ രംഗവും വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളും എത്രയും വിശദമായി ലളിതമായി ഹൃദയത്തില്‍ പതിഞ്ഞു നില്‍ക്കത്തക്കവിധം മനോഹരമായി പ്രതിപാദിച്ചിട്ടുണ്ട് ഈ സ്മരണോപഹാരത്തില്‍.
തന്റെ പിതാവിന്റെ പത്ര ബിസിനസ്സിന് ഏകാവകാശിയായിത്തീര്‍ന്ന വിജു എത്രയും വിനയവാനും സ്‌നേഹസമ്പന്നനും ഔദാര്യനിധിയുമായിരുന്നു എന്ന് ചിന്തിക്കുമ്പോള്‍ ആ ചെറുപ്പക്കാരന്‍ വേദനയുടെ ഒരു ചിത്രമായി നമ്മില്‍ നിറയും. എങ്കിലും പ്രത്യാശയുടെ വെളിച്ചമാണ് ഓരോ അധ്യായത്തിലും നമ്മെ നയിക്കുക. പ്രതിസന്ധി ഘട്ടങ്ങളില്‍ പതറിപ്പോകുന്നവന്‍ സമാശ്വാസം കണ്ടെത്തുന്ന രചനാരീതി. പുസ്തകം ഇപ്പോള്‍ കിട്ടാനില്ല. സൂക്ഷിച്ച് വച്ചിട്ടുള്ളവരുണ്ടാകും.
ഓര്‍മ്മകളെ ഒന്നു തൊട്ടുണര്‍ത്തിയാല്‍ മിസിസ് റേച്ചല്‍ തോമസും അവരുടെ കുടുംബവും കേരളത്തിന്റെ ഹൃദയത്തില്‍ ഇന്നും മിഴിവോടെ തെളിഞ്ഞുവരും. പുതിയ ഒരു പതിപ്പിറങ്ങിയാല്‍ ഇന്നും ഈ പുസ്തകം സ്വീകരിക്കുവാന്‍ വായനക്കാരുണ്ടാവും എന്നതില്‍ സംശയമില്ല.
ഗായകനും കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റുമൊക്കെയായിരുന്നു വിജു. സി.എം.എസ്. കോളേജില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരുമായി ചേര്‍ന്ന് മ്യൂസിക് ബാന്‍ഡ് ഉണ്ടാക്കുകയും സംഗീത പരിപാടികള്‍ നടത്തുകയും ചെയ്തിരുന്നു. ക്യാംപസ് സിനിമകളുടെ തുടക്കമായ 'ചാമര'
ത്തിന്റെ അവസാന രംഗത്ത് ഇവരെ കാണാം.
പ്രൊഫഷ്ണല്‍ ട്രൂപ്പായ 13 AD മ്യൂസിക് ബാന്‍ഡില്‍ കീ ബോര്‍ഡ് വായിച്ചിരുന്നു വിജു. ശനിയാഴ്ച തോറും കൊച്ചിയിലെ സീ ലോര്‍ഡ് ഹോട്ടലില്‍ 13AD യുടെ സംഗീത പരിപാടിയുണ്ടായിരുന്നു. കപ്പല്‍ മാര്‍ഗ്ഗവും വിമാനമാര്‍ഗ്ഗവും വന്നെത്തുന്ന വിദേശികള്‍ അവിടെയായിരുന്നു സമ്മേളിച്ചിരുന്നത്. പടിഞ്ഞാറന്‍ സംഗീതം ഹരമായ് പടര്‍ന്ന കാലം. ഈ സംഗീത സംഘവുമായുള്ള സൗഹൃദത്തില്‍ വിജു ആനന്ദം കണ്ടു.
മരണശേഷം വിജുവിന്റെ വിലപിടിപ്പുള്ള സംഗീതോപകരണങ്ങള്‍ 13 AD യ്ക്ക് നല്‍കി. Ground Zero എന്ന കാസെറ്റ് സ്മരണോപഹാരമായി അവര്‍ പുറത്തിറക്കുകയുണ്ടായി. അതിലെ ഗ്രൗണ്ട് സീറോ എന്ന പാട്ടിന്റെ രചനയും സംഗീതവും ജോര്‍ജ് തോമസ് ജൂണിയര്‍ എന്ന വിജുവിന്റേതായിരുന്നു.
ശൂന്യമാം ഭൂമിയില്‍ നിന്നും ശാശ്വത നാട്ടിലേക്ക് എടുക്കപ്പെട്ട ആ മധുരഗായകന്റെ സ്മരണകളോര്‍ത്ത് 13AD അക്കാലത്ത് പരിപാടികള്‍ അവതരിപ്പിച്ചു.
*******
കൊച്ചുകുട്ടാ, ഇപ്പോള്‍ മുപ്പതുകളിൽ എത്തി നിൽക്കുന്ന യുവാവായ ഗൃഹനാഥനാവും നീ..
ധന്യനായൊരു പിതാവും .
അമേരിക്കയിലാണെന്നാണ് അറിഞ്ഞത്.
നിന്റെ അപ്പയുടെ പെങ്ങള്‍ എലിസബത്ത് മേരി വര്‍ഗീസും (ബീന) അവിടെയുണ്ടെന്നറിയുന്നു. ഒരമ്മയുടെ ഓര്‍മ്മകള്‍ എന്ന പുസ്തകത്തില്‍ പരാമര്‍ശിക്കുന്നവരെയോ നിന്റെ അപ്പയോടൊപ്പം അപകടത്തില്‍ പെട്ടവരുടെ ബന്ധുക്കളെയോ അന്ന് രക്ഷപ്പെട്ടവരെയൊ ഒന്നും അന്വേഷിച്ച് കണ്ടെത്താനല്ല ഇത്രയും എഴുതിയത്.
ഈ ഭൂമുഖത്ത് പുതിയതായി ഒന്നുമില്ല. പുതിയ ദുഃഖങ്ങള്‍ പഴയ ദുഃഖങ്ങളുടെ ആവര്‍ത്തനം മാത്രമാണ്. ജീവിതയാത്രയില്‍ നിന്റെ പങ്ക് ദുഃഖങ്ങള്‍ അനുഭവിക്കാനിടവന്നാല്‍ പതറരുത് എന്ന് നിന്നോട് മാത്രമായല്ല നിന്റെ ബിഗ് മമ്മി പറഞ്ഞത്.
അവര്‍ എത്ര ഉയര്‍ന്ന വ്യക്തിത്വം കാത്തു സൂക്ഷിച്ചിരുന്നൊരു സ്ത്രീയാണെന്നും യഥാര്‍ത്ഥ മഹതിയായിരുന്നുവെന്നും അനുസ്മരിക്കുക മാത്രമാണിവിടെ. വിധി അനുകൂലമായിരുന്നെങ്കില്‍ വലിയൊരു മാധ്യമ ശൃംഖലയുടെ മേധാവികളായി കേരളത്തിന്റെ സാംസ്‌കാരിക സദസ്സുകളില്‍ നിങ്ങളുണ്ടാവുമായിരുന്നുവെന്നും ഓര്‍മ്മിക്കുന്നു.
അനുബന്ധമായി ഒന്നു കൂടി...
പത്രസ്ഥാപനത്തിലെ ജോലി സ്വപ്‌നമായി കണ്ട് നടന്ന കാലത്ത് അവസരമന്വേഷിച്ച് മിസിസ് റേച്ചല്‍ തോമസിന് കത്തെഴുതിയ അനുഭവമുണ്ട്. 'മോന്‍ പോയ ശേഷം പത്രം നിര്‍ത്തി. മനോരാജ്യത്തിന്റെ കാര്യത്തിലും തീര്‍ച്ചയില്ല' എന്ന് പറഞ്ഞ് നിസഹായത പറയാന്‍ മാത്രം ഒപ്പുവച്ച ഒരു മറുപടി വന്നു.
നിസ്സാരമായി കരുതി തള്ളിക്കളയേണ്ട ഒരന്വേഷണത്തിന് മറുപടി തന്ന ആ വലിയ മനസ്സിന്റെ മഹത്വം ഇന്നത്തെ കാലത്തുപോലും പ്രതീക്ഷിക്കാനാവില്ല. വളരെയേറെ വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും വായിക്കാനായി ഒരമ്മയുടെ ഓര്‍മ്മകള്‍ കൈയില്‍ കിട്ടിയത് സെപ്റ്റംബര്‍ 22ന് റേച്ചല്‍ തോമസിന്റെ ചരമദിനത്തിലാണെന്നതും യാദൃശ്ചികമല്ല എന്നു തോന്നുന്നു.
കൊച്ചുകുട്ടാ,
ഇന്ന് ആരെങ്കിലും താങ്കളെ അങ്ങനെ വിളിക്കുന്നുണ്ടോ എന്നറിയില്ല. പിതൃലാളനയറിയാതെ വളര്‍ന്ന, മോശ, യോസഫ്, ശാമുവേല്‍, ദാവീദ്, ദാനിയേല്‍ എന്നിങ്ങനെ യഹൂദചരിത്രത്തിലെ വീരപുരുഷന്മാരായ മഹദ് വ്യക്തികളെയോര്‍ത്താണ് നിന്റെ ബിഗ് മമ്മി നിനക്ക് ആശംസകളര്‍പ്പിച്ചത്.
ഞങ്ങളും താങ്കളുടെ നന്മകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. 'ഒരമ്മയുടെ ഓര്‍മ്മകള്‍....' ദുഃഖത്തിന്റെ പുസ്തകമാണ്, ഒപ്പം പ്രത്യാശയുടെയും.
(കടപ്പാട് - ഒരമ്മയുടെ ഓര്‍മ്മകള്‍, ഡി.സി.ബുക്‌സ്, മിസ്സിസ് റേച്ചല്‍ തോമസ്)