Image

ബൈഡൻ ഒഹായോവിലെ ബാലറ്റിൽ  ഉണ്ടാവില്ലെന്നു സംസ്ഥാന അധികൃതർ (പിപിഎം) 

Published on 18 April, 2024
ബൈഡൻ ഒഹായോവിലെ ബാലറ്റിൽ   ഉണ്ടാവില്ലെന്നു സംസ്ഥാന അധികൃതർ (പിപിഎം) 

നവംബർ 5നു നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ജോ ബൈഡൻ ഒഹായോവിലെ ബാലറ്റിൽ ഉണ്ടാവില്ലെന്നു സംസ്ഥാന ഭരണം നിയന്ത്രിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി. 

ഒഹായോവിൽ ഓഗസ്റ്റ് 7നാണു സ്ഥാനാർഥികളെ ബാലറ്റിൽ ഉൾപെടുത്തുക. അതിനു 90 ദിവസം മുൻപ് സ്ഥാനാർഥിയുടെ പേര് പാർട്ടി ഔദ്യോഗികമായി നൽകണം. എന്നാൽ ബൈഡന്റെ ഔദ്യോഗിക നോമിനേഷൻ നടത്തേണ്ട ഡെമോക്രാറ്റിക് കൺവെൻഷൻ ഓഗസ്റ്റ് 19നാണു നടക്കുക. 

ബൈഡനും വൈസ് പ്രസിഡൻറ് കമലാ ഹാരിസിനും ബാലറ്റിൽ ഇടം കിട്ടില്ലെന്നു സംസ്ഥാന സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫ്രാങ്ക് ലാ റോസ് പറഞ്ഞു. 

ഒഹായോവിന്റെ നിശ്ചിത സമയ പരിധിക്കുള്ളിൽ ബൈഡനെയും ഹാരിസിനെയും താത്കാലികമായി നോമിനേറ്റ് ചെയ്യാമെന്നു ഫ്രാങ്ക് ലാ റോസിനെ ഡെമോക്രാറ്റിക് അഭിഭാഷകൻ ഡോൺ മക്റ്റിഗ് അറിയിച്ചിരുന്നു. നോമിനേഷന് ആവശ്യമായ ഡെലിഗേറ്റുകൾ ബൈഡനു തികഞ്ഞു കഴിഞ്ഞിട്ടുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഒഹായോവിൽ തന്നെ 87% വോട്ട് നേടിയാണ് അദ്ദേഹം ജയിച്ചത്. വോട്ട് ചെയ്തവർക്കു അവരുടെ സ്ഥാനാർഥിക്കു വോട്ട് ചെയ്യാൻ കഴിയാതെ വരും. 

എന്നാൽ താത്കാലിക നോമിനേഷൻ സ്വീകരിക്കാൻ കഴിയില്ലെന്നു ഒഹായോ അറ്റോണി ജനറൽ ഡേവ് യോസ്റ്റിന്റെ ഓഫിസ് പറഞ്ഞു. സെക്രട്ടറി ഓഫ് സ്റ്റേറ്റിനു ആ ചട്ടം തിരുത്താനും കഴിയില്ല. 

ഓഗസ്റ്റ് 7നു മുൻപ് ഡെമോക്രാറ്റിക് പാർട്ടി നോമിനേഷൻ നടത്തണം എന്ന നിയമം മാറ്റാൻ ആലോചനയൊന്നും ഇല്ലെന്നു യോസ്റ്റിന്റെ അഭിഭാഷക ജൂലി എം. ഫിഫർ പറഞ്ഞു. 

ഒഹായോ നിയമസഭയുടെ സഹായം തേടുകയോ കോടതിയിൽ പോവുകയോ ആണ് ഡെമോക്രാറ്റുകൾക്കു ചെയ്യാനുള്ളത്. 2020ൽ രണ്ടു പാർട്ടികളുടെയും കൺവെൻഷൻ വൈകിയപ്പോൾ നിയമസഭ 90 ദിവസത്തെ ഒഴിവ് നൽകാൻ തീരുമാനം എടുത്തിരുന്നു. ഇക്കുറി പക്ഷെ റിപ്പബ്ലിക്കൻ സഹായം ഡമോക്രാറ്റുകൾ പ്രതീക്ഷിക്കുന്നില്ല. 

വാഷിംഗ്‌ടണിലും ഈ പ്രശ്നമുണ്ട്. പക്ഷെ അവർ താത്കാലിക നോമിനേഷൻ സ്വീകരിക്കാൻ തയ്യാറാണ്. 

Ohio insists Biden won't be on ballot 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക