Image

ഒന്നാം ഘട്ടത്തില്‍ ഉച്ചവരെ ഭേദപ്പെട്ട പോളിങ്: ബംഗാളിലും മണിപ്പൂരിലും ഛത്തീസ്ഗഡിലും അനിഷ്ട സംഭവങ്ങള്‍

Published on 19 April, 2024
ഒന്നാം ഘട്ടത്തില്‍ ഉച്ചവരെ ഭേദപ്പെട്ട പോളിങ്: ബംഗാളിലും മണിപ്പൂരിലും ഛത്തീസ്ഗഡിലും അനിഷ്ട സംഭവങ്ങള്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ഉച്ചവരെ ഭേദപ്പെട്ട പോളിങ്. 17 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണപ്രദേശങ്ങളിലുമായുള്ള 102 മണ്ഡലങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഉച്ചക്ക് ഒരുമണി വരെയുള്ള കണക്കുകള്‍ പ്രകാരം ത്രിപുരയിലാണ് ഏറ്റവും കൂടുതല്‍ പോളിങ്- 53.04 ശതമാനം. ലക്ഷദ്വീപിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്- 29.91 ശതമാനം.

പശ്ചിമ ബംഗാളിലും മണിപ്പൂരിലും വോട്ടെടുപ്പിനിടെ സംഘര്‍ഷങ്ങളുണ്ടായി. എന്നാല്‍, മറ്റ്  സംസ്ഥാനങ്ങളില്‍ സമാധാനപരമായാണ് പോളിങ് പുരോഗമിക്കുന്നത്. 

ഹിന്ദി ഹൃദയ ഭൂമിയിലെ മണ്ഡലങ്ങളിലാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. യു പിയില്‍ 36.96 ശതമാനം, മധ്യപ്രദേശ്-44.43, രാജസ്ഥാന്‍-33.73, ബിഹാര്‍-32.41 എന്നിങ്ങനെയാണ് പോളിങ്.

ദക്ഷിണേന്ത്യയില്‍ ആദ്യ ഘട്ടത്തില്‍ മുഴുവന്‍ മണ്ഡലങ്ങളിലും പോളിങ് നടക്കുന്ന തമിഴ്‌നാട്ടില്‍ അവസാനം ലഭിച്ച കണക്കുകള്‍ പ്രകാരം 39.51 ശതമാനം പോളിങ് രേഖപ്പെടുത്തി. ആന്തമാന്‍ നിക്കോബാര്‍- 35.7 ശതമാനം, അരുണാചല്‍ പ്രദേശ്- 37.39, അസം- 45.12, ഛത്തിസ്ഗഡ്- 42.57, ജമ്മു കശ്മീര്‍- 43.11, മഹാരാഷ്ട്ര – 32.36, മണിപ്പൂര്‍- 46.92, മേഘാലയ- 48.91, മിസോറം- 39.39, നാഗാലാന്‍ഡ്- 43.62, പുതുച്ചേരി- 44.95, സിക്കിം- 36.82, ഉത്തരാഖണ്ഡ്- 37.33, പശ്ചിമ ബംഗാള്‍- 50.96 എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ രേഖപ്പെടുത്തിയത്.

ബംഗാളില്‍ പരസ്പരം ആരോപണങ്ങളുന്നയിച്ച്‌ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി. ചന്ദമാരിയില്‍ ജനങ്ങളെ വോട്ടെടുപ്പില്‍നിന്ന് തടയാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതായി ബിജെപി ആരോപിച്ചു. ബെഗാകത്ത മേഖലയില്‍ ബിജെപി പ്രവര്‍ത്തകര്‍ ജനങ്ങളെ ഭീഷണിപ്പെടുത്തിയതായി ടിഎംസിയും ആരോപിച്ചു. പത്ത് മണിയോടെ തന്നെ ഒരു ഡസനോളം പരാതികളാണ് കൂച്ച്‌ ബിഹാര്‍ മേഖലയില്‍ മാത്രം ഉയര്‍ന്നത്.  

ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ സ്‌ഫോടനവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബീജാപൂര്‍ ജില്ലയിലെ ഗുല്‍ഗാം മേഖലയില്‍ രാവിലെ ആയിരുന്നു സ്‌ഫോടനം.  

മണിപ്പൂരിലെ ബിഷ്ണുപൂരണ് അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു മേഖല. ഇവിടെ ബൂത്ത് പിടിക്കാന്‍ ശ്രമം നടക്കുന്നതിനിടെ പോലീസ് ആകാശത്തേക്ക് വെടിവെച്ചു. ഇംഫാല്‍ ഈസ്റ്റില്‍ വോട്ടിങ് യന്ത്രങ്ങള്‍ അടിച്ചുതകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക