Image

അമേഠിയും, വയനാടും: രാഹുലിന്റെയും കോൺഗ്രസിന്റെയും ആശയക്കുഴപ്പങ്ങൾ

രാഷ്ട്രീയ ലേഖകൻ Published on 20 April, 2024
അമേഠിയും, വയനാടും: രാഹുലിന്റെയും കോൺഗ്രസിന്റെയും ആശയക്കുഴപ്പങ്ങൾ

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ മുന്നണി തകര്‍ന്നടിഞ്ഞെങ്കിലും കേരളത്തില്‍ 20-ല്‍ 19 സീറ്റും പിടിച്ച് മിന്നും വിജയമാണ് കോണ്‍ഗ്രസിന്റെ നേതൃത്തിലുള്ള മുന്നണി നേടിയത്. ഇതിന് വലിയൊരു കാരണമായതാകട്ടെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി എത്തിയതും. ഒരു ദേശീയ നേതാവ്, അതും ഭാവിയില്‍ പ്രധാനമന്ത്രിയായേക്കും എന്ന് കരുതുന്ന ഒരു സ്റ്റാര്‍ കാന്‍ഡിഡേറ്റ് എത്തിയത് വയനാടിന് പുറത്തേയ്ക്കും നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിനെയും ഘടകകക്ഷികളെയും സഹായിച്ചു എന്നതാണ് സത്യം. അതേസമയം ഉത്തര്‍പ്രദേശിലെ അമേഠിയിലും, വയനാട്ടിലുമായി ഇരട്ട സ്ഥാനാര്‍ത്ഥിത്വം ഉണ്ടായിരുന്ന രാഹുല്‍, സ്മൃതി ഇറാനിക്കെതിരെ അമേഠിയില്‍ തോറ്റതോടെ വയനാട്ടിന്റെ സ്വന്തം എംപിയായി മാറുകയും ചെയ്തു.

അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും വയനാട്ടില്‍ നിന്നും ജനവിധി തേടാന്‍ രാഹുല്‍ എത്തിക്കഴിഞ്ഞു. എന്നാല്‍ പഴയ പോലല്ല കാര്യങ്ങള്‍. ആദ്യമായി എത്തുന്ന അതിഥിക്ക് നല്‍കുന്ന സ്വീകരണം അയാള്‍ വീണ്ടും എത്തുമ്പോള്‍ ഉണ്ടായേക്കില്ല എന്ന പൊതുതത്വം തന്നെ കാരണം. 2019 തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുലിനുണ്ടായിരുന്ന ഗ്ലാമര്‍ പരിവേഷം ഇത്തവണ പ്രതീക്ഷിക്കേണ്ട എന്നതാണ് സത്യം. വയനാട്ടില്‍ വന്യജീവി ആക്രമണങ്ങളില്‍ നാട്ടുകാര്‍ മരിച്ചത് അടക്കമുള്ള ഗൗരവകരമായ വിഷയങ്ങളും ഇത്തവണ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാണ്. കേവലം ബിജെപിക്കെതിരെയും, സിപിഐഎം നയിക്കുന്ന ഇടതുപക്ഷത്തിനെതിരെയും ശബ്ദമുയര്‍ത്തിയത് കൊണ്ടുമാത്രം വയനാട്ടിലെ വോട്ടര്‍മാര്‍ കൈപ്പത്തിക്ക് കുത്തില്ല എന്ന് സാരം.

വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന് മറ്റൊരു രീതിയിലും തലവേദനയാകുന്നുണ്ട്. ദേശീയതലത്തില്‍ അത് ചര്‍ച്ചയാകുന്നുമുണ്ട്. അതിന് കാരണമാകട്ടെ 2019-ല്‍ അമേഠിയില്‍ സ്മൃതി ഇറാനിയോട് രാഹുലിനേറ്റ കനത്ത പരാജയവും. കോണ്‍ഗ്രസിന്റെ കരുത്തുറ്റ മണ്ഡലമായ അവിടെ 55,120 വോട്ടുകള്‍ക്കാണ് സ്മൃതി, പോയവട്ടം രാഹുലിനെ തോല്‍പ്പിച്ചത്. അതിന് മുമ്പ് 2014-ല്‍ 107,903 വോട്ടിനും, 2009-ല്‍ 370,198 വോട്ടിനും, 2004-ല്‍ 290,853 വോട്ടിനും രാഹുല്‍ ജയിച്ച ഇടമായിരുന്നു അമേഠി എന്ന് ഓര്‍ക്കണം.

ഇത്തവണ അമേഠി പക്ഷേ ചര്‍ച്ചയാകുന്നത് അവിടെ രാഹുല്‍ മത്സരിക്കുമോ എന്ന കാര്യത്തിലാണ്. മോദി അടക്കമുള്ള നേതാക്കള്‍ സുരക്ഷിത വിജയത്തിനായി രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാറുണ്ട്. അത് രാഷ്ട്രീയത്തിലെ പതിവ് കാഴ്ചയുമാണ്. പൊതുവില്‍ രണ്ട് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി ജയിക്കുകയും, പിന്നീട് ഒരു മണ്ഡലം നിലനിര്‍ത്തി, മറ്റേ മണ്ഡലം വിട്ടുകൊടുത്ത് ഉപതെരഞ്ഞെടുപ്പ് നടത്തുകയുമാണ് ചെയ്യാറ്. പക്ഷേ അമേഠിയില്‍ രാഹുല്‍ തോറ്റതോടെ മാറിമറിഞ്ഞ കാര്യങ്ങള്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും കോണ്‍ഗ്രസിനെ വിടാതെ പിന്തുടരുകയാണ്.

അമേഠിയില്‍ രാഹുല്‍ മത്സരിച്ചാല്‍, തങ്ങളുടെ സ്വന്തം സ്ഥാനാര്‍ത്ഥി എന്ന വികാരം വയനാട്ടില്‍ നഷ്ടപ്പെടും എന്നാണ് കോണ്‍ഗ്രസ് ഭയക്കുന്നത്. ഇത് വോട്ടു ചോര്‍ച്ചയ്ക്ക് ഇടയാക്കും. അതീവപ്രാധാന്യമുള്ള പല പ്രാദേശിക പ്രശ്‌നങ്ങളും നിലനില്‍ക്കുന്ന വയനാട്ടില്‍, ദേശീയ നേതാവാണെങ്കില്‍ പോലും രാഹുലിന് തോല്‍വി ഭീഷണി ഉണ്ട്. ഒപ്പം മറ്റൊരു ദേശീയ നേതാവായ സിപിഐയുടെ ആനി രാജ ശക്തമായ വെല്ലുവിളിയും വയനാട്ടില്‍ രാഹുലിന് ഉയര്‍ത്തുന്നുണ്ട്. ജയിക്കില്ലെങ്കിലും കെ. സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം വയനാട്ടില്‍ എന്‍ഡിഎയ്ക്ക് വോട്ട് പിടിക്കാന്‍ സഹായകമാകുകയും ചെയ്യും. ഇങ്ങനെയാണ് സാഹചര്യമെന്നിരിക്കെ, വയനാടിനെ മാത്രം ചേര്‍ത്ത് നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥി എന്ന രീതിയില്‍ രാഹുലിനെ ഉയര്‍ത്തിക്കാട്ടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

അങ്ങനെയെങ്കില്‍ അമേഠിയില്‍ രാഹുല്‍ ഇത്തവണ മത്സരിക്കില്ല. അദ്ദേഹം മത്സരിക്കുന്ന ഏക മണ്ഡലം വയനാടുമായിരിക്കും. പക്ഷേ അമേഠിയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍വാങ്ങുകയാണെങ്കില്‍ ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മറ്റൊരു രീതിയിലാകും അത് കോണ്‍ഗ്രസിനെയും, ഇന്ത്യാ മുന്നണിയെയും ബാധിക്കുക. അമേഠിയില്‍ സ്മൃതി ഇറാനി തന്നെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്നതിനാല്‍, തോല്‍വി പേടിച്ച് രാഹുല്‍ മണ്ഡലത്തില്‍ നിന്നും പിന്‍വാങ്ങിയെന്നാകും ബിജെപി പ്രചരണം ഇറക്കാന്‍ പോകുന്നത്. അത് വോട്ടര്‍മാര്‍ക്കിടയില്‍ കോണ്‍ഗ്രസിനും, ഇന്ത്യ മുന്നണിക്കും ഉണ്ടാക്കുന്ന ക്ഷീണം ചെറുതാകില്ല. ഇതാണ് കോണ്‍ഗ്രസ് നിലവില്‍ അനുഭവിച്ചുപോരുന്ന പ്രതിസന്ധിയും ആശയക്കുഴപ്പവും.

അതേസമയം അമേഠിയില്‍ രാഹുലിന് പകരം പ്രിയങ്കയെ ഇറക്കുമെന്ന ഊഹാപോഹവുമുണ്ട്. പ്രിയങ്കയുടെ ഭര്‍ത്താവായ റോബര്‍ട്ട് വാധ്ര അമേഠിയില്‍ ജനവിധി തേടാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും, അദ്ദേഹത്തിനെതിരെ മുന്‍പ് ഉണ്ടായിരുന്ന കേസുകളും ആരോപണങ്ങളും പൊങ്ങിവരുമെന്ന കാരണത്താല്‍ കോണ്‍ഗ്രസ് അത് നിരാകരിച്ചിരുന്നു. താന്‍ അമേഠിയില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനമെടുക്കുമെന്നാണ് രാഹുല്‍ പറഞ്ഞിരിക്കുന്നത്. അത് താന്‍ അനുസരിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

മെയ് 20-നാണ് അമേഠി അടക്കമുള്ള മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്. മെയ് 3 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാവുന്നതാണ്. പക്ഷേ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഒരുറപ്പ് ഇതുവരെ ഉണ്ടാകാത്തതിനാല്‍ അമേഠിയില്‍ ആരിറങ്ങുമെന്നും, അത് ഏത് തരത്തിലാകും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്നും കണ്ടറിയുക തന്നെ വേണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക