Image

നിര്‍ധനര്‍ക്ക് വീടുകള്‍ നല്‍കി അമേരിക്കന്‍ മലയാളി കുടുംബത്തിന്റെ സഹജീവി സ്‌നേഹ മാതൃക

എ.എസ് ശ്രീകുമാര്‍ Published on 21 April, 2024
നിര്‍ധനര്‍ക്ക് വീടുകള്‍ നല്‍കി അമേരിക്കന്‍ മലയാളി കുടുംബത്തിന്റെ സഹജീവി സ്‌നേഹ മാതൃക

പത്തനാപുരം: തലചായ്ക്കാന്‍ ഒരു കിടപ്പാടമില്ലാതെ വേദനയനുഭവിക്കുന്നവരെ നെഞ്ചോട് ചേര്‍ത്ത് അമേരിക്കന്‍ മലയാളി കുടുംബം. അമേരിക്കന്‍ മലയാളി ദമ്പതികളായ ജോസ് പുന്നൂസും ഭാര്യ റിട്ടയേഡ് ലെഫ്റ്റനന്റ് കേണല്‍ ആലീസ് ജോസും തങ്ങളുടെ മാതാപിതാക്കളുടെ പാവന സ്മരണാര്‍ത്ഥം, നിര്‍ധനരായ വിധവകള്‍ക്കും രോഗികള്‍ക്കും സമൂഹത്തില്‍ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്കുമായി നിര്‍മിച്ച് നല്‍കുന്ന വീടുകളുടെ രണ്ടാം ഘട്ടപൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടനവും താക്കോല്‍ദാനവും ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ നിര്‍വഹിച്ചു.

കൊല്ലം ജില്ലയിലെ പത്തനാപുരത്തിന് സമീപം തലവൂര്‍ പാണ്ടിത്തിട്ടയിലുള്ള ഓര്‍മ്മ വില്ലേജ് അങ്കണത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു ജീവകാരുണ്യത്തിന്റെ സ്‌നേഹമന്ത്രങ്ങള്‍ അലയടിച്ച ഈ ചടങ്ങ്, പ്രമുഖ ഗായകന്‍ എം.ജി ശ്രീകുമാര്‍, ഫ്‌ളവേഴ്‌സ് ടി.വി-24 ന്യൂസ് മാനേജിങ് ഡയറക്ടര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍, സാജ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സാജന്‍ വര്‍ഗീസ്, ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി കലയപുരം ജോസ്, ഫാ. ജേക്കബ് ഡാനിയേല്‍, പ്രശസ്ത ജ്യോതിഷി ഹരി പത്തനാപുരം, ഗ്രാമ, ബ്ലോക്ക്, ജില്ലാ അധികൃതര്‍ ഉള്‍പ്പെടെ വിവധ മേഖലകളിലെ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി.

''ഇന്ത്യയിലും അമേരിക്കയിലുമായി സമ്പാദിച്ച അധ്വാനത്തിന്റെ ഒരു വിഹിതം സ്‌നേഹനിര്‍ഭരമായ മനസ്സോടെ പാവപ്പെട്ടവര്‍ക്ക് അഭയം നല്‍കാനായി നീക്കിവച്ച ജോസച്ചായന്റെയും ആലീസ് ചേച്ചിയുടെയും അതുപോലെ തന്നെ ഈ സംരംഭത്തില്‍ നിറമനസ്സോടെ സഹകരിച്ചവരുടെയും കാരുണ്യം അഞ്ച് കുടുംബങ്ങള്‍ക്ക് കൂടി ലഭിക്കുകയാണ്. ഒരു മനുഷ്യ ജീവിതത്തില്‍ ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമാണിത്. മഹത്തായ ഒരു വഴിപാട് ഇവിടെ നടക്കുകയാണ്. അതില്‍ പങ്കെടുക്കുവാന് സാധിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ഓര്‍മവില്ലേജ് യാഥാര്‍ത്ഥ്യമാക്കിയ ഈ കുടുംബത്തിന് എല്ലാ വിധ നന്മകളും നേരുന്നു...'' താക്കോല്‍ കൈമാറിക്കൊണ്ട് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞു.

അന്യരോട് കരുണ കാണിക്കുന്നതിനപ്പുറം ചാരിതാര്‍ത്ഥ്യം നല്‍കുന്ന മറ്റൊരു കാര്യവുമില്ലെന്ന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ആര്‍. ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. ''മറ്റുള്ളവരുടെ ജീവിത ദുഃഖങ്ങളില്‍ പറ്റുമെങ്കില്‍ നമ്മളാല്‍ കഴിയുന്ന സഹായം ചെയ്യുക. നമ്മള്‍ എത്രകാലം ഈ മണ്ണില്‍ ജീവിച്ചിരുന്നു എന്നതല്ല, ഏതെങ്കിലുമൊരു സമയത്ത് നാം ഈ ഭൂമിയില്‍ നിന്ന് വിട്ടു പോകേണ്ടവരാണ്. എന്നാല്‍ അതിനു മുമ്പ് ഈ നാട്ടിലെ കുറേ ആളുകളുടെ കണ്ണീരൊപ്പാന്‍ കഴിഞ്ഞാല്‍ അതാണ് മഹത്തായ കര്‍മ്മം. ആ കര്‍മ്മമാണ് ഇവിടെ നിര്‍വഹിക്കപ്പെട്ടത്...'' ശ്രീകണ്ഠന്‍ നായര്‍ അഭിപ്രായപ്പെട്ടു.

ഒരു വീട് എന്നു പറയുന്ന സങ്കല്പം  ഈ ഭൂമിയില്‍ ജനിക്കുന്ന എല്ലാ ചരാചരങ്ങള്‍ക്കുമുള്ള അവകാശമാണെന്ന് എം.ജി. ശ്രീകുമാര്‍ പറഞ്ഞു. ''സമ്പാദ്യത്തില്‍ നിന്ന് മനസ്സോടുകൂടി ജോസും ആലീസും സാജനും ഉള്‍പ്പെടെയുള്ളവര്‍ യാഥാര്‍ത്ഥ്യമാക്കിയ ഈ ഓര്‍മ്മ വില്ലേജ് സ്‌നേഹത്തിന്റെ പച്ചപ്പുള്ള ഗ്രാമമാണ്. ഇവിടെ താമസിക്കുന്ന പത്ത് കുടുംബങ്ങളുടെ പ്രാര്‍ത്ഥന തീര്‍ച്ചയായിട്ടും ഈ ജീവകാരുണ്യ പ്രവൃത്തിയിലൂടെ നിങ്ങള്‍ക്ക് കിട്ടും. ദാനം ചെയ്യുക എന്ന ഒരു ലക്ഷ്യവും കൂടി നമ്മുടെ ജീവിതത്തില്‍ എഴുതി ചേര്‍ക്കുക. പോസിറ്റീവ് എനര്‍ജി നല്‍കിയ ഈ ചടങ്ങില്‍ സംബന്ധിക്കാനായത് ഒരു ഓര്‍മ്മയായി എന്റെ മനസ്സിലും ഉണ്ടാകും. ഭാവുകങ്ങള്‍...'' എം.ജി. ശ്രീകുമാര്‍ വ്യക്തമാക്കി.

''ഒരു മനുഷ്യന്റെ അറ്റവും വലിയ സ്വപ്നമാണ് അന്തിയുറങ്ങാന്‍ ഒരു വീട്. വീട് നമ്മുടെ സുരക്ഷിതത്വത്തിന്റെ പ്രതീകം കൂടിയാണ്. അതില്ലാത്തവരെ സഹായിക്കുകയെന്നത് ജീവിതത്തിലെ ഏറ്റവും മഹത്തരമായ കര്‍മമാണ്. വലിയൊരു സന്ദേശം നല്‍കുന്ന ഈ പാര്‍പ്പിട പദ്ധതിയില്‍ ആവുംവിധം ഒരു എളിയ പങ്കാളിയാവാന്‍ സാധിച്ചതില്‍ അത്യധികം സന്തോഷമുണ്ട്...'' സാജ് എര്‍ത്ത് റിസോര്‍ട്‌സിന്റെ സാരഥി സാജന്‍ വര്‍ഗീസ് പറഞ്ഞു.

പദ്ധതിയുടെ മൂന്നാം ഘട്ടത്തിലും അഞ്ച് വീടുകളാണ് വിഭാവനം ചെയ്യുന്നത്. താത്പര്യമുള്ളവ്യക്തികള്‍ക്ക് ഈ പാര്‍പ്പിടപദ്ധതിയുമായി സഹകരിക്കാമെന്നും നാട്ടിലെത്തുന്ന അമേരിക്കന്‍ മലയാളികള്‍ സഹജീവി സ്നേഹമന്ത്രങ്ങള്‍ മാറ്റൊലി കൊള്ളുന്ന ഓര്‍മ വില്ലേജ് സന്ദര്‍ശിക്കണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച, പദ്ധതിയുടെ കോ-ഓര്‍ഡിനേറ്ററും ഫോമായുടെ മുന്‍ പ്രസിഡന്റും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനുമായ അനിയന്‍ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.

കോക്കാട്ടുവിളയില്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള ഓര്‍മ്മ വില്ലേജില്‍ നിര്‍മ്മിച്ച വീടുകളില്‍ നിര്‍ധനരായ കുടുംബങ്ങള്‍ സന്തോഷത്തോടെ ജീവിക്കുകയാണെന്നും താനും തന്റെ ഭാര്യ ആലീസും ആഗ്രഹിച്ചു തുടങ്ങിയ ഈ പദ്ധതി സ്‌നേഹത്തിന്റെയും അനുകമ്പയുടെയും ഒരു സൂചകമായി കാലങ്ങളോളം നിലനില്‍ക്കമെന്നും ജോസ് പുന്നൂസ് പറഞ്ഞു. ''എന്റെയും എന്റെ കുടുംബത്തിന്റെയും വലിയൊരു ആഗ്രഹസാക്ഷാത്ക്കാരമാണിത്. ഈ യാത്രയില്‍ എന്നെ സഹായിച്ച ഒട്ടേറെ സന്മനസ്സുകള്‍ ഉണ്ട്...''

ഓര്‍മ്മ വില്ലേജിലെ രണ്ടാം ഘട്ടത്തില്‍ വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്ത് സഹായിച്ച സാജ് ഗ്രൂപ്പിന്റെ സാരഥി സാജന്‍ വര്‍ഗീസിനും ഭാര്യ മിനി സാജനും ഡാളസ് ടെക്‌സസില്‍ നിന്നുള്ള ലോസണ്‍ ട്രാവല്‍സ് ഉടമ ബിജു തോമസിനും റാണി തോമസിനും ന്യൂജേഴ്‌സിയില്‍ നിന്നുള്ള അനിയന്‍ ജോര്‍ജിനും ഹൂസ്റ്റണിലെ സൗത്ത് ഇന്ത്യന്‍ യു.എസ്. ചേമ്പര്‍ ഓഫ് കൊമേഴ്‌സിനും ജെ.എസ്.വി ഗ്രൂപ്പിന്റെ ജിനു ജോണിനും ജോസ് പുന്നൂസ് അകൈതവമായ നന്ദി രേഖപ്പെടുത്തി.

സന്ധ്യ നവാസിന്റെ ''ലോകം മുവുവന്‍ സുഖം പകരാന്‍...'' എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ പ്രാര്‍ത്ഥനയോടെ പങ്കാളികളായി. വിശിഷ്ട വ്യക്തികളെയും സ്‌പോണ്‍സര്‍മാരെയും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. കലാപരിപാടികളോടും സ്‌നേഹവിരുന്നോടെയുമാണ് ചടങ്ങുകള്‍ക്ക് തിരശീല വീണത്.

തലവൂര്‍ പാണ്ടിത്തിട്ട കോക്കാട്ടുവിളയില്‍ ജോസ് പുന്നൂസിന്റെ ഒരേക്കര്‍ സ്ഥലത്ത് യാഥാര്‍ത്ഥ്യമായ 'ഓര്‍മ വില്ലേജി'ലെ ആദ്യ ഘട്ടമായ അഞ്ച് വീടുകളുടെ താക്കോല്‍ ദാനം, 2022 മെയ് 21-ാം തീയതി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ വച്ച് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കുകയുണ്ടായി.

ഓര്‍മ വില്ലേജിലെ ആദ്യ വീട് ഒരു കൊടും ക്രൂരനാല്‍ കൊല്ലപ്പെട്ട, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദന ദാസിന്റെ പേരിലാണ് സമര്‍പ്പിച്ചത്. മറ്റൊരു വീട് കൊല്ലം എസ്.എന്‍ കോളേജിലെ ബി.കോം വിദ്യാര്‍ഥിനിയും ഭവനരഹിതയുമായ സുര്യയ്ക്ക് മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ സാന്നിധ്യത്തില്‍ 2023 നവംബറില്‍ നല്‍കി. അമ്മ മരിച്ചതിന്റെയും അച്ഛന്‍ ഉപേക്ഷിച്ചുപോയതിന്റെയും ദുഖം പേറുന്ന സൂര്യ കടത്തിണ്ണയിലാണ് അന്തിയുറങ്ങിയിരുന്നത്.

പത്തനാപുരത്ത് തലവൂരില്‍ അഞ്ഞൂറു വര്‍ഷത്തിലേറെ പാരമ്പര്യമുള്ള കോക്കാട്ടുവിളയിലെ പുരാതന കര്‍ഷക  കുടുംബാംഗമായ ജോസ് പുന്നൂസ് നാട്ടിലെ പ്രീഡിഗ്രി പഠനത്തിനും ഡല്‍ഹിയിലെ ഇലക്‌ട്രോണിക്‌സ് പഠനത്തിനും ശേഷം നാട്ടില്‍ ബിസിനസ് നടത്തുകയും 1985ല്‍ വിവാഹ ശേഷം ഭാര്യയുടെ മിലിട്ടറി സര്‍വീസുമായി ബന്ധപ്പെട്ട് നോര്‍ത്ത് ഇന്ത്യയുടെ വിവിധ സ്ഥലങ്ങളില്‍ ജീവിക്കുകയും ചെയ്തു. 2001-ല്‍ ഇവര്‍ കുടുംബസമേതം അമേരിക്കയില്‍ എത്തി. ഇരുവരും ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക