Image

'ജയ് ഹോ' ചെയ്തത് റഹ്‌മാന്‍ തന്നെ; വിവാദങ്ങള്‍ തള്ളി സുഖ്‌വീന്ദര്‍

Published on 21 April, 2024
'ജയ് ഹോ' ചെയ്തത് റഹ്‌മാന്‍ തന്നെ; വിവാദങ്ങള്‍ തള്ളി സുഖ്‌വീന്ദര്‍

ന്ത്യന്‍ പ്രേക്ഷകര്‍ ഒരേ മനസോടെ ഏറ്റുപാടിയ ഗാനമായിരുന്നു സ്ലംഡോഗ് മില്യണയറിലെ 'ജയ് ഹോ' എന്ന ഗാനം.

എന്നാല്‍ അടുത്തിടെ സംവിധായകനും തിരക്കഥാകൃത്തുമായ രാം ഗോപാല്‍ വര്‍മ ഒരു അഭിമുഖത്തില്‍ ജയ് ഹോ എന്ന ഗാനത്തിന്റെ ഒറിജിനല്‍ ട്രാക്ക് ഉണ്ടാക്കിയത് എ ആര്‍ റഹ്‌മാന്‍ അല്ലെന്നും ഗായകനായ സുഖ്‌വീന്ദര്‍ സിംഗ് ആണെന്നും പറഞ്ഞിരുന്നു.

രാം ഗോപാല്‍ വര്‍മയുടെ ആരോപണങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. എ ആര്‍ റഹ്‌മാന്റെ പ്രതികരണത്തിനായി വരെ ആളുകള്‍ കാത്തിരുന്നു. എന്നാല്‍ ആ വാദങ്ങളെ നിഷ്‌കരുണം തള്ളിക്കൊണ്ട് സുഖ്‌വീന്ദര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താനല്ല എ ആര്‍ റഹ്‌മാന്‍ തന്നെയാണ് ഒറിജിനല്‍ ട്രാക്ക് കമ്ബോസ് ചെയ്തതെന്നാണ് സുഖ്‌വീന്ദര്‍ സിംഗ് പറയുന്നത്.

ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സുഖ്‌വീന്ദര്‍ സിംഗ് സംഭവത്തില്‍ വ്യക്തതവരുത്തി രംഗത്തെത്തിയിരിക്കുന്നത്. ' ഞാന്‍ പാടുക മാത്രമാണ് ചെയ്തത്. രാം ഗോപാല്‍ വര്‍മ തുടക്കക്കാരനായ വ്യക്തിയൊന്നുമല്ലല്ലോ. അദ്ദേഹത്തിന് എന്തെങ്കിലും തെറ്റിദ്ധാരണമൂലം തെറ്റ് സംഭവിച്ചതായിരിക്കാം,' എന്നാണ് സുഖ്‌വീന്ദര്‍ പറഞ്ഞത്.

മുംബൈയിലെ സുഖ്‌വീന്ദറിന്റെ സ്റ്റുഡിയോയില്‍ വെച്ചാണ് എ ആര്‍ റഹ്‌മാന്‍ ട്രാക്ക് കമ്ബോസ് ചെയ്തത്. അദ്ദേഹം സുഭാഷ് ഘായിയെ കേള്‍പ്പിച്ച്‌ കൊടുക്കുകയും ചെയ്തു. ഗുല്‍സാര്‍ എഴുതി, അത് റഹ്‌മാന് ഇഷ്ടപ്പെട്ട്, ആ വരികള്‍ക്കാണ് റഹ്‌മാന്‍ മ്യൂസിക് കമ്ബോസ് ചെയ്തത് എന്നും സുഖ്‌വീന്ദര്‍ പറയുന്നു. സുഭാഷ് ഘായ്ക്ക് പാട്ട് ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ, യുവരാജിലെ അദ്ദേഹത്തിന്റെ നായകന് ഈ ഗാനം സെറ്റാകുമെന്ന് അദ്ദേഹത്തിന് തോന്നിയില്ല. തന്റെ കഥാപാത്രത്തിന് കുറച്ചുകൂടി മസാല കലര്‍ന്ന ഗാനമായിരുന്നു സുഭാഷ് ഘായ്ക്ക് വേണ്ടിയിരുന്നത്.

ഈ പാട്ടില്‍ കുറച്ച്‌ മാറ്റം വരുത്തിയാല്‍ പോരെ എന്ന് താന്‍ ചോദിച്ചപ്പോള്‍ സുഭാഷ് ഘായ്ക്ക് പുതിയ ഒരു പാട്ട് തന്നെ വേണമെന്നാണ് പറഞ്ഞത്. ഇതോടെ റഹ്‌മാനും സുഭാഷ് ഘായും അവിടുന്ന് പോയി. തനിക്ക് സങ്കടമായി. ഗുല്‍സാര്‍ സാഹിബിനോട് ഒരു 10-15 മിനുട്ട് കൂടി നില്‍ക്കാന്‍ താന്‍ ആവശ്യപ്പെട്ടു. എന്തിനാണ് നില്‍ക്കുന്നതെന്ന് അദ്ദേഹം തന്നോട് തിരിച്ചു ചോദിച്ചു.

താങ്കള്‍ ഇത് അത്ര മനോഹരമായിട്ടാണ് എഴുതിയതെന്ന് അദ്ദേഹത്തോട് സുഖ്‌വീന്ദര്‍ പറഞ്ഞു, എന്നിട്ട് താന്‍ പാടാന്‍ ശ്രമിച്ചു നോക്കി. അദ്ദേഹം എഴുതിയ വരികള്‍ വെറുതെ ഒന്ന് പാടി. ഇന്ന് നിങ്ങള്‍ കേള്‍ക്കുന്ന അതേ ജയ്‌ഹോ പാട്ട് തന്നെയായിരുന്നു അത്. അത് ഞാന്‍ റഹ്‌മാന്‍ സാറിന് അയച്ചുകൊടുത്തു. അദ്ദേഹം അത് സ്ലം ഡോഗ് മില്ല്യണയര്‍ സംവിധായകന്‍ ഡാനി ബോയ്‌ലേക്ക് കേള്‍പ്പിച്ചു കൊടുത്തു. അങ്ങനെ റഹ്‌മാന്‍ യുവരാജ് എന്ന സിനിമയിലേക്ക് വേറെ ഗാനം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു. ഇതാണ് സംഭവിച്ചതെന്ന് സുഖ്‌വീന്ദര്‍ സിംഗ് വ്യക്തമാക്കി.

കമ്ബോസ് ചെയ്ത ട്രാക്ക് കേള്‍ക്കാന്‍ സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ സുഖ്‌വീന്ദര്‍ ട്രാക്ക് ചെയ്തത് കണ്ട് സുഭാഷ് ഘായ് ദേഷ്യപ്പെട്ടുവെന്നും അത് റഹ്‌മാനോട് ചോദിച്ചുവെന്നുമായിരുന്നു രാം ഗോപാല്‍ വര്‍മ പറഞ്ഞത്. അതിന് മറുപടിയായി റഹ്‌മാന്‍ സര്‍ നിങ്ങള്‍ എന്റെ പേരിനാണ് പണം തരുന്നത്. എന്റെ പാട്ടിനല്ല. ഞാന്‍ അത് പറഞ്ഞ് ചെയ്യിക്കുന്നുണ്ടെങ്കില്‍ അത് എന്റേതാണ് എന്ന് പറഞ്ഞതായും രാം ഗോപാല്‍ വര്‍മ വാദിച്ചു.

ഇത് കഴിഞ്ഞ് റഹ്‌മാന്‍ ചെന്നൈയില്‍ പോയി. ആ ട്രാക്ക് ഇഷ്ടപ്പെട്ട റഹ്‌മാന്‍ അത് തനിക്ക് അയക്കണമെന്ന് സുഖ്‌വീന്ദറിനോട് ആവശ്യപ്പെട്ടു. അത് കഴിഞ്ഞ് സുഖ്വീന്ദറിന് ഒരു ചെക്ക് വന്നു. ആ മ്യൂസിക് മറ്റൊരു സിനിമയ്ക്ക് വിറ്റു എന്ന് പറഞ്ഞായിരുന്നു ആ ചെക്ക്.

അത് ഈ ഗാനമായിരുന്നു എന്നും സ്ലംഡോഗ് മില്യണയര്‍ എന്ന സിനിമയ്ക്കാണ് ആ മ്യൂസിക് വിറ്റതെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു. എന്നാല്‍ ഈ വാദങ്ങളെയെല്ലാം പാടെ തള്ളിക്കളയുന്ന രീതിയിലാണ് സുഖ്‌വീന്ദര്‍ സിംഗ് രാം ഗോപാല്‍ വര്‍മയ്ക്ക് മറുപടി നല്‍കിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക