കഥകളിൽ നിന്നും കഥാപാത്രങ്ങൾ ഇറങ്ങി വരുന്നത് ഒരു പുത്തരിയല്ല. കഥകളിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി സാദൃശ്യം വന്നുപോകുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ചിലപ്പോൾ ഭാവനാസൃഷ്ടികളായ കഥാപാത്രങ്ങളും വായനക്കാരുടെ മുന്നിൽ പ്രത്യക്ഷപ്പെടും. അവിഹിതബന്ധത്തെപ്പറ്റി എഴുതിയ സർപ്പം എന്ന ഒരു കഥയിലെ നായകനെ പാമ്പിന്റെ രൂപമുള്ളവൻ എന്ന് കഥാകൃത്ത് വിശേഷിപ്പിച്ചിരുന്നു. കാഴ്ചയിൽ പാമ്പ് തന്നെ എന്ന് ഉറപ്പിച്ച് എഴുതിയിരുന്നു. നായികയോ അതീവസുന്ദരി. അവർ തമ്മിലുള്ള അവിഹിതബന്ധത്തിന്റെ കഥ വായനാലോകം ഏറ്റെടുത്തു. കഥാപാത്രങ്ങളെ വായനക്കാർ തിരിച്ചറിഞ്ഞു. അതിനു കാരണം നായിക തന്നെ. അവർക്ക് അവരുടെ ജാരനെ ഇഴഞ്ഞുനടക്കുന്ന ഒരു പാമ്പായി ചിത്രീകരിച്ചത് ഒട്ടും രസിച്ചില്ല. അവർ വേവലാതിപ്പെട്ടു. എഴുത്തുകാരനെ കൊന്നുകളഞ്ഞാലോ എന്നുവരെ ആലോചിച്ച്. എങ്ങനെ തന്റെ എല്ലാമെല്ലാമായ പ്രിയനേ ഈ അപവാദത്തിൽ നിന്നും രക്ഷിക്കുമെന്ന് അവർ തലപുകഞ്ഞു ചിന്തിച്ചു കുഴഞ്ഞു. പാമ്പിനോട് മാത്രമാണ് വായനക്കാർക്ക് വെറുപ്പുണ്ടായത്. നായിക സുന്ദരിയായതുകൊണ്ടു അവരോട് സഹതാപം ആയിരുന്നു.
പ്രേമിക്കുന്നവന് സൗന്ദര്യം വേണമെന്നൊക്കെ പെൺകുട്ടികൾ മോഹിക്കുന്നത് സാധാരണ. എന്നാൽ കഥയിലെ കമിതാക്കൾ മധ്യവയസ്സ് കടന്നവരാണ്. വിവാഹേതരബന്ധങ്ങളൊക്കെ നിലനിൽക്കുന്നത് ലൈംഗികബന്ധത്തിന്റെ ശക്തിയിലാണ്. ഭർത്താവിനോ ഭാര്യക്കോ നൽകാൻ കഴിയാത്തത് മറ്റൊരാൾ നൽകുമ്പോൾ അയാളോട് കുറച്ച് കാലത്തേക്ക് ഒരു കാമം തോന്നുകയും അതിന്റെ സാക്ഷാത്‍കാരത്തിനുശേഷം അത് മറന്നുകളയുകയും ചെയ്യുന്നു ബുദ്ധിയുള്ളവർ. ചില വിഡ്ഢികൾ അതിന്റെ പുറകെ തൂങ്ങി ജീവിതം ഇടങ്ങേറാക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്.
മേല്പറഞ്ഞ കഥയിലെ നായിക അതേപോലെ ഒരു വിഡ്ഢികൂശ്മാണ്ടം ആയിരുന്നു. അവർക്ക് അവരുടെ പ്രിയനേ പാമ്പായി ചിത്രീകരിച്ചത് ഇഷ്ടമായില്ല. അവൾ അയാളെ വിളിച്ച് ആവലാതി പറഞ്ഞു. എന്റെ കണ്ണുകൾക്ക് അവിടന്ന് കാമദേവനാണ്. കറുപ്പിന് ഏഴഴകാണെന്നു ഞാൻ വിശ്വസിക്കുന്നു. അങ്ങുന്നിനെ പാമ്പായി ചിത്രീകരിച്ച എഴുത്തുകാരന് നമ്മൾ തമ്മിലുള്ള ബന്ധത്തിൽ അസൂയ കാണും. എന്റെ ജീവന്റെ ജീവനായ അങ്ങുന്നു പാമ്പിനെപ്പോലെ പുളയുമെങ്കിലും അള കണ്ടാൽ അതിലൊളിക്കുന്ന ശീലമുണ്ടെങ്കിലും ഒരിക്കലും ഞാൻ അങ്ങയെ പാമ്പായി കണ്ടിട്ടില്ല. അങ്ങെന്നെ ചുറ്റിപിടിക്കുമ്പോൾ എന്നെ ശ്വാസം മുട്ടിക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന സുഖം എങ്ങനെ വിവരിക്കും. അങ്ങന്റെ കാണപ്പെട്ട ദേവനാണ്. അങ്ങ് എന്റെ നാഗരാജനാണ്. അല്ലാതെ പറമ്പിൽ ഇഴയുന്ന വെറും പാമ്പല്ല. എന്നെ സുഖത്തിന്റ അത്യുങ്ക ശ്രുങ്കത്തിൽ എത്തിക്കുന്ന അങ്ങയെ ഒരു ഉരകജീവിയായി മറ്റുള്ളവർ കാണുന്നത് എനിക്ക് സങ്കടമാണ്. അങ്ങേക്ക് എന്താണ് ഒരു കുറവ്. അൽപ്പം കറുപ്പരാശിയുള്ള നിറം.. പാമ്പിനെപ്പോലെ മെലിഞ്ഞ നീളം കൂടിയ ശരീരം. കണ്ണട വയ്ക്കുമ്പോൾ പാമ്പിന്റെ മുഖച്ഛായ ഉണ്ടെന്ന് അവരൊക്കെ ഉണ്ടാക്കി പറയുന്ന നുണ. പ്രിയമുള്ളവനെ നീ ഇതിനൊരു വഴി കാണണം. കണ്ടേ മതിയാവു. ഞാൻ പരവശയാണ് നീ എന്റെ മുന്നിൽ സുന്ദരനാണ്. നിന്റെ നിബിഡമായ തലമുടിയിൽ വിരലുകൾ ഓടിക്കുന്നത് ഞാൻ നിത്യവും സ്വപനം കാണുന്നു.
പ്രിയമുള്ളവളുടെ പരിദേവനം കേട്ട് അയാൾ, നമുക്ക് പാമ്പ് എന്ന് തന്നെ വിളിക്കാം, കണ്ണാടിയുടെ മുന്നിൽ നിന്ന് കാര്യമായി ചിന്തിച്ചു. തനിക്ക് പാമ്പിന്റെ ലേശം ഛായയില്ലേ എന്ന് അയാൾ ചിന്തിച്ചു. എന്തായാലും തന്നെ ജീവന് തുല്യം സ്നേഹിക്കുന്ന പെൺകുട്ടിയുടെ മനസ്താപം എങ്ങനെ തീർക്കും. ദൈവം സൃഷ്ടിച്ച തന്റെ രൂപവും ഭാവവും മാറ്റാൻ കഴിയില്ല. അപ്പോളാണ് അയാളുടെ ശ്രദ്ധ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ബ്രൂസ്‌ലിയിലേക്ക് തിരിഞ്ഞത്. നടനും മാർഷ്യൽ ആർട്സ് നിപുണനുമായ ബ്രൂസ്ലി. അദ്ദേഹം തന്റെ നഗ്നമായ നെഞ്ചു പുറത്തുകാട്ടി ക്രോധത്തിന്റെ മുഷ്ടിചുരുട്ടി നിൽക്കുന്നു. ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. തന്റെ മുഷ്ടിചുരുട്ടി അന്തരീക്ഷത്തിൽ എഴുത്തുകാരൻ ഉണ്ടെന്നു കരുതി രണ്ടുമൂന്നു മുഷ്ടി പ്രയോഗങ്ങൾ നടത്തി. തന്റെ നഗ്നമായ നെഞ്ചു പുറത്തുകാണിക്കുമ്പോൾ പാമ്പിന്റെ തോല് ഊരിപ്പോയി തനിക്ക് ഒരു വെടിപ്പും വൃത്തിയും വരുന്നുവെന്ന് അദ്ദേഹം കണ്ടു. ഉടനെ ഷർട്ടൂരി ഭാര്യയുടെ താലിച്ചെയിൻ വാങ്ങി കഴുത്തിലണിഞ്ഞു ഒരു ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടു. എന്നിട്ട് കാമുകിയെ അല്ലെങ്കിൽ തന്റെ ലൈംഗികദാഹം തീർക്കുന്ന ബോട്ടൽഡ് വാട്ടറിനെ വിളിച്ച് പറഞ്ഞു. ഞാൻ പാമ്പല്ല. നിനക്ക് അങ്ങനെ ഒരു അപകർഷതാബോധം വേണ്ട,. കേട്ടിട്ടുണ്ടോ ബ്രൂസ്ലിയെ. അയാളെപ്പോലെയാണ് ഞാൻ. വിശ്വാസമില്ലെങ്കിൽ സോഷ്യൽ മീഡിയയിൽ നോക്ക്. എനിക്ക് ഇതിനകം 222 ലൈക്കുകളും 88 കമന്റുകളും കിട്ടി. പിന്നെ ആ കഥ എഴുതിയവൻ പേരും പെരുമയുമില്ലാത്തവൻ. അവന്റെ കഥ എത്ര പേര് വായിച്ചുകാണും. അത് മറക്കുക. എന്റെ ഫോട്ടോയിലെക്ക് നോക്കി നോക്കി നീ കാമപരവശയായി വരൂ. എന്റെ ഭാര്യ രോഗിണിയായത് നന്നായി. ഞാൻ ഇതാ നമ്മുടെ സമാഗമസ്ഥലത്തേക്ക് പുറപ്പെടുന്നു. ജീവിതം ആസ്വദിക്കൂ. പാമ്പിനെപ്പോലെ ഇണചേരാനുള്ള എന്റെ കഴിവ് (ഒരു മണിക്കൂർ മുതൽ ഒരു ദിവസം വരെ) നിങ്ങൾ മനസ്സിലാക്കിയപ്പോൾ നിങ്ങൾ എനിക്ക് നൽകിയ വികാരാലിംഗനം മറക്കാൻ കഴിയില്ല. ഞാനൊരു പാമ്പാണെന്ന് പറഞ്ഞവന്റെ തല പൊട്ടിത്തെറിക്കും. നമുക്ക് പ്രാർത്ഥിക്കാം.
സോഷ്യൽമീഡിയയിൽ ബ്രൂസ്ലിയെപോലെ നിറഞ്ഞ് നിൽക്കുന്ന തന്റെ ജാരനെ കണ്ടു മതിമറന്നു അവരും സംഗമസ്ഥാനത്തേക്ക് ധൃതിയിൽ പുറപ്പെട്ടു.
ശുഭം