Image

മൂന്നാമന്റെ ഇടപെടൽ (കഥ: ചന്ദ്രബാബു പനങ്ങാട്)

വര: പി. ആർ. രാജൻ  Published on 22 April, 2024
മൂന്നാമന്റെ ഇടപെടൽ (കഥ: ചന്ദ്രബാബു പനങ്ങാട്)

Read on magazine: https://mag.emalayalee.com/magazine/apr2024/#page=20

ഒരിക്കൽ രക്തസമ്മർദ്ദത്തിന്റെ പൊരിച്ചിലിൽ പെട്ടുപോയ അച്ഛന് ആശുപത്രിയിൽ കൂട്ടുകിടക്കുകയായിരുന്നു ഞാൻ. പൊടിയരിക്കഞ്ഞിയും പല നിറങ്ങളിലെ ഗുളികകളും കൊടുത്തിട്ടാണ് ഞാൻ മൂന്നാം നിലയിൽ നിന്നും താഴേക്ക് പോയത്. കാന്റീനിൽ വച്ച് പഴയ സഹപാഠിയായ ധനേഷിനെ കണ്ടപ്പോൾ ആദ്യം മനസ്സിലായില്ല. ഒരേ തീൻമേശയുടെ ഇരുവശത്തുമിരുന്ന് പാതിവെന്ത വെള്ളച്ചോറ് തിന്നുകൊണ്ട് ഞങ്ങൾ മുഖാമുഖം നോക്കി. പരിചയത്തിന്റെ നേർത്ത വലകൾക്കുള്ളിൽ അയാളുടെ പേര് കണ്ടെത്താൻ ഞാൻ പരാജയപ്പെട്ടു. പഴകിയ എണ്ണയിൽ വറുത്തു കോരിയൊരു മീൻ കഷണത്തിന്റെ കൈപ്പൻ രുചിയോടെ അവൻ എന്നെ വിളിച്ചു. 

‘അനിലേ. എടാ നിനക്കെന്നെ മനസ്സിലായില്ലേ? ഞാൻ ധനേഷാടാ അളിയാ. ’ 
അവൻ ഒരു നീണ്ട പ്രവാസജീവിതത്തിനു ശേഷം നാട്ടിലേക്ക് തിരിച്ചുപോന്നതാണ്. നന്നായി ലാഭം കൊയ്യാവുന്ന എന്തെങ്കിലും വ്യവസായം തുടങ്ങാൻ അവനാഗ്രഹിച്ചു.  
‘അനിലേ. വലിയ ബാങ്ക് ബാലൻസും തല നിറയെ ആശയങ്ങളുമായിട്ടാണ് ഞാൻ നാട്ടിലെത്തിയത്.’ 
 അവന് വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാളെ ബിസിനസ്സ് പാർട്നറായി വേണമായിരുന്നു. അത് കേട്ടപ്പോൾ വിശ്വസിക്കാൻ പറ്റിയ ഒരാളുടെ പേര് മിന്നായം പോലെ എന്റെ മനസ്സിലൂടെ കടന്നുപോയി. അത് ഞാൻ തന്നെയായിരുന്നു. ഏതൊരു മനുഷ്യനും കരുതുന്നത് ഈ ഉലകത്തിൽ തന്നെപ്പോലെ വിശ്വസിക്കാൻ കൊള്ളാവുന്ന മറ്റൊരാളില്ല എന്നാണല്ലോ. അവന്റെ കൂട്ടാളിയാകാൻ പറ്റിയ ഒരാൾ എന്റെ കൈയിലുണ്ട് എന്നു മാത്രം പറഞ്ഞിട്ട് അവൻ ചെയ്യാൻ പോകുന്ന വ്യവസായത്തെക്കുറിച്ച് ഞാൻ ചോദിച്ചു. ധനേഷിന് സമാധാനമായി. കടിച്ചു മുറിച്ചുകൊണ്ടിരുന്ന കരിഞ്ഞ മീൻ കഷണം പാത്രത്തിലേക്ക് തിരിച്ചിട്ടിട്ട് അവൻ ഒരു പിടി വെള്ളച്ചോറ് കൈയിലെടുത്തു. 
‘അളിയാ, കാശ് വാങ്ങി ഇതുപോലെയുള്ള ചവറു തീറ്റിക്കാതെ മനുഷ്യന്മാർക്ക് നല്ല ഭക്ഷണം കൊടുക്കണം. സന്തോഷമുണ്ടാക്കുന്ന ഏതോ ഹോർമോൺ കൂടുതലും നമ്മുടെ വയറ്റിലാണുള്ളതെന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ മനുഷ്യർ വയറുകൊണ്ടാണ് ചിന്തിക്കുന്നത്.’
‘നമ്മൾക്കെന്ത് ചെയ്യാൻ പറ്റും.’ 

‘നല്ലൊന്നാന്തരം ഒരു റസ്റ്റൊറന്റ് തുടങ്ങാം. അതിന്റെ പേര് കേട്ടാൽത്തന്നെ ആളുകളുടെ വായിൽ വെള്ളമൂറണം.’  
അവന് നല്ല പരിചയമുള്ള മേഖലയായിരുന്നു. കൂട്ടാളിയെ വേഗം മുട്ടിച്ചു കൊടുക്കണമെന്ന് അവൻ ആവശ്യപ്പെട്ടു. 
‘ധനേഷേ ഞാനുദ്ദേശിച്ച ആൾ പണക്കാരനല്ലല്ലോ.’  
കോടികളുടെ സമ്പാദ്യമുള്ള അവന് പണത്തിന്റെ കാര്യം ഒരു പ്രശ്നമല്ല. 
          ‘അളിയാ, പരസ്പര വിശ്വാസമാണ് ബിസിനസ്സിൽ പ്രധാനം.’  
ധനേഷ് പകർന്നു തന്ന സ്വപ്നത്തിന്റെ രുചിയോടെ ഞാൻ മൂന്നാം നിലയിലേക്കുള്ള പടിക്കെട്ടുകൾ ഓടിക്കേറി. ഞാൻ അതുവരെ പറ്റിപ്പിടിച്ചു വളർന്നത് അച്ഛന്റെ പെൻഷൻ കാശിന്മേലായിരുന്നു. എന്നും ഒരു പരാദമായി തുടരാൻ എനിക്ക് കഴിയുമായിരുന്നില്ല. അച്ഛന്റെ മുറിയിലെത്തിയപ്പോഴേക്കും ഞാൻ വല്ലാതെ കിതച്ചിരുന്നു. നനച്ചു പിഴിഞ്ഞ ആശുപത്രിത്തുണി പോലെ അച്ഛൻ കട്ടിലിൽ ചുരുണ്ടു കിടക്കുന്നുണ്ടായിരുന്നു. മുറിയിലെ ശാന്തതയിലേക്ക് ഞാൻ കടന്നുചെന്നു. അച്ഛന്റെ ആ ക്ഷീണിച്ച കിടപ്പ് കണ്ടപ്പോൾ എന്റെ പുതിയ ലക്ഷ്യത്തെക്കുറിച്ച് എന്തെങ്കിലും പറയാനുള്ള മനസ്സ് കെട്ടുപോയി. വിറകുകൊള്ളി പോലെ ഉണങ്ങിയ അച്ഛന്റെ കൈകളെടുത്ത് ഞാൻ മെല്ലെ തലോടി.  അച്ഛൻ ദയനീയമായി നോക്കി.    
‘ഞാൻ പോയിക്കഴിഞ്ഞാൽ ആരുമില്ലാതാകുന്ന നീ എങ്ങനെ കഴിയും?’
എന്റെ ഉള്ളിലിരുപ്പ് കേൾക്കാൻ അച്ഛൻ മനസ്സിന്റെ വാതിൽ തുറന്നിരിക്കുന്നതായി തോന്നി. വലിയ പണക്കാരനായ ധനേഷുമായി ചേർന്ന് തുടങ്ങുന്ന രുചി ബിസിനസ്സിനെക്കുറിച്ച് ഞാൻ വിശദീകരിച്ചു. 
‘പൈസായൊന്നും കൊടുക്കേണ്ടാ. ഞാനൊരു സഹായിയായി നിന്നാൽ മതി. ’
എപ്പോഴോ അച്ഛന്റെ ദുർബ്ബലമായ ചിരി കേട്ടതായി എനിക്കനുഭവപ്പെട്ടു. ആ ചിരി എന്നെ നിശ്ശബ്ദനാക്കി. മയക്കം വിട്ടുണർന്നിട്ടും അച്ഛൻ ബിസിനസ്സിനെക്കുറിച്ച് ഒന്നും ചോദിച്ചില്ല.  
ഒരാഴ്ചക്കുള്ളിൽ അച്ഛന്റെ രോഗത്തിന് നല്ല കുറവുണ്ടായി. വീട്ടിലേക്ക് തിരിച്ചുപോയിക്കഴിഞ്ഞാൽ ധനേഷുമായി ചേർന്ന് ബിസിനസ്സ് തുടങ്ങാമെന്ന് ഉറപ്പായിരുന്നു. ഒരു ദിവസം അച്ഛനെ കാണാൻ ധനേഷ് ആശുപത്രിയിലെത്തി. റസ്റ്റൊറന്റിനായുള്ള പ്രാഥമിക നടപടികളൊക്കെ അവൻ ചെയ്തിരുന്നു. നഗരത്തിന്റെ കണ്ണായ സ്ഥലത്ത് നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ഒരു റസ്റ്റോറന്റ് വാങ്ങാനുള്ള കരാറെഴുതിയിട്ടാണ് അന്ന് ധനേഷ് വന്നത്. ബിസിനസ്സ് പാർട്നറെ മുട്ടിച്ചു കൊടുക്കാൻ അവൻ ആവശ്യപ്പെട്ടു. അച്ഛന്റെ മനസ്സറിയാൻ കഴിയാതിരുന്ന ഞാൻ നിശ്ശബ്ദനായിരുന്നു. അപ്പോഴും അച്ഛന്റെ ദുർബ്ബലമായ ചിരി കേട്ടതായി എനിക്ക് തോന്നി. ആകെ മൂടിയിരുന്ന പുതപ്പിനുള്ളിൽ നിന്നും അച്ഛൻ സ്വതന്ത്രനായി. നരച്ച താടിയും മുഖത്തെ ചുളിവുകളും ചലിച്ചു.
‘നീ തയ്യാറാണെന്ന് അവനോട് പറയെടാ കുട്ടാ.’
ബിസിനസ്സ് തുടങ്ങുന്നതിലെ വലിയൊരു കടമ്പ കടന്നതിന്റെ ആനന്ദം ധനേഷിന്റെ മുഖത്ത് അപ്പോൾ ഞാൻ കണ്ടു. അച്ഛൻ വീണ്ടും പുതപ്പിനുള്ളിലേക്ക് നൂണുപോയിരുന്നു. ധനേഷിന് മറ്റൊരു പ്രശ്നമുണ്ടായിരുന്നു. ബാങ്കിലെ പണം ആറ് മാസം കൂടി കഴിഞ്ഞേ പിൻവലിക്കാനാവൂ. ബാങ്കിൽ ചെന്നപ്പോഴാണറിഞ്ഞത്. കരാറെഴുതി അഡ്വാൻസും കൊടുത്തുപോയി. 
‘നമ്മുടെ ലക്ഷക്കണക്കിന് രൂപാ സ്വീകരിക്കാൻ ബാങ്കുകാർക്ക് പ്രശ്നമില്ല. അത് തിരിച്ചു ചോദിക്കുമ്പോഴാണ് ഉടക്കിടുന്നത്. ഛേ. ഇതെന്ത് രാജ്യം. ഇങ്ങോട്ട് തിരിച്ചു വരേണ്ടിയിരുന്നില്ല.’
ഒരു പരാന്നഭോജി എന്ന നിലയിൽ നിന്നും രക്ഷപ്പെടാമെന്ന എന്റെ പ്രതീക്ഷ തകിടം മറിയുകയായിരുന്നു. തല്ക്കാലത്തേക്ക് കുറച്ചു പണം സംഘടിപ്പിക്കാമോ എന്നായി ഞങ്ങളുടെ ചിന്ത. കട്ടിലിൽ അച്ഛനെ മൂടിയ പുതപ്പിലേക്ക് അവൻ സ്നേഹത്തോടെ നോക്കി. അച്ഛന്റെ അസുഖം കുറഞ്ഞതിൽ അവൻ ദൈവത്തിന് നന്ദി പറഞ്ഞു. പുതപ്പിളകി മാറി. കട്ടിലിന്റെ തലയണചാരിയിൽ പിടിച്ച് അച്ഛൻ മെല്ലെ എഴുന്നേറ്റു. തന്റെ പേരിൽ ബാങ്കിലുള്ള സ്ഥിര നിക്ഷേപം തല്ക്കാലത്തേക്ക് തരാമെന്ന് പറഞ്ഞിട്ട് അച്ഛൻ ആ ദുർബ്ബലമായ ചിരി തുടങ്ങി. 

അച്ഛൻ അതുവരെയുള്ള ജീവിതത്തിലെ ദുരിതങ്ങളെല്ലാം മറക്കുകയാണോ എന്ന് ഞാനതിശയിച്ചു. സ്ഥിരനിക്ഷേപത്തിന്റെ പലിശക്കാശില്ലെങ്കിൽ ഞങ്ങൾ പട്ടിണിയാവില്ലേ എന്ന് ചോദിക്കണമെന്ന് തോന്നി. എന്റെ ആശങ്ക മനസ്സിലായത് പോലെ അച്ഛൻ ചിരിച്ചു.
‘നിങ്ങടെ കച്ചോടം നേരെ ആയാൽ പിന്നെ പേടിക്കാനെന്തിരിക്കുന്നെടാ.’ 
വേഗം ആശുപത്രിയിൽ നിന്നും വീട്ടിലേക്കു പോകാൻ അച്ഛൻ ധൃതിപ്പെട്ടു. തിന്നും കുടിച്ചും കളയാതെ സ്വരൂപിച്ച സമ്പാദ്യം ഒരാവേശത്തിൽ എനിക്കുവേണ്ടി ചെലവ് ചെയ്യുന്നതിനെ ഞാൻ എതിർത്തു. എന്നിട്ടും വീട്ടിലെത്തി രണ്ട് ദിവസത്തിനുള്ളിൽ ബാങ്കിലുണ്ടായിരുന്ന സമ്പാദ്യം മുഴുവനും എനിക്കു തന്നു. എന്നും അച്ഛനെ അനുസരിക്കാൻ മാത്രമേ ഞാൻ പഠിച്ചിട്ടുള്ളൂ. 
‘നീ നല്ലതായി കഴിയുന്നതല്ലിയോടാ കുട്ടാ അച്ഛന്റെ സന്തോഷം.’
 അച്ഛൻ തന്ന തുകയിലാണ്  ഞാനും ധനേഷും കൂടി ‘ഏ ആന്റ് ഡി ഫുഡ് ഡിലൈറ്റ് ’ തുടങ്ങിയത്. രുചിക്കൂട്ടുകളുടെ ഉസ്താദെന്ന് ധനേഷിനെ ഞാൻ വിളിച്ചു.  ഞങ്ങളുടെ സ്ഥാപനം ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ പ്രസിദ്ധമായി. നഗരത്തിൽത്തന്നെ മൂന്നിടത്തുകൂടി ‘ഏ ആന്റ് ഡി ഫുഡ് ഡിലൈറ്റി’ന്റെ ബ്രാഞ്ചുകളുണ്ടായി. ഞങ്ങളുടെ സൗഹൃദവും പരസ്പര വിശ്വാസവും നഷ്ടപ്പെടാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചു. ബാങ്കിലുണ്ടായിരുന്നെന്ന് ഒരിക്കൽ  ധനേഷ് പറഞ്ഞ നിക്ഷേപത്തെക്കുറിച്ച് ചോദിക്കാൻ പോലും ഞാൻ മറന്നു. ഒരു ദിവസം രാവിലെ റസ്റ്റൊറന്റിലേക്ക് പോകാനൊരുങ്ങിയ എന്നെ അച്ഛൻ തടഞ്ഞു നിർത്തി. ആ മുഖത്ത് ഓട്സ് കഞ്ഞി കുടിച്ചതിന്റെ വെറുപ്പ് പശയിട്ടിരുന്നു. കൈയിലിരുന്ന പഴയ ഡയറിയിലെ പേജുകൾ മറിച്ചു കാണിച്ചു.
‘നമുക്ക് ചതി പറ്റിയെന്ന് തോന്നുന്നല്ലോടാ കുട്ടാ. വർഷം മൂന്നായിട്ടും അവൻ പൈസാ തിരിച്ചു തന്നില്ലല്ലോ.’
 അച്ഛൻ വെറുതെ ഭയക്കേണ്ടെന്നു പറഞ്ഞ് സമാധാനിപ്പിച്ചപ്പോഴും എന്റെ മനസ്സ് ഉരുകുകയായിരുന്നു. റസ്റ്റൊറന്റിൽ ചെന്നപാടെ ഞാൻ ധനേഷിന്റെ എതിർ വശത്തിരുന്നു. അച്ഛന്റെ ഭയത്തെക്കുറിച്ച് കേട്ട് അവൻ ചിരിച്ചു. 
‘ആദ്യമേ ഒരു ക്ഷമാപണം പിടിക്ക്. പിന്നെന്റെ പണത്തിന്റെ കാര്യം കേൾക്ക്. ബാങ്കിൽ നിന്നും പൈസാ കിട്ടില്ല. ഇല്ലാത്ത നിക്ഷേപം തിരിച്ചു തരാൻ ബാങ്കിനാവില്ലല്ലോ. സോറിയെടാ. നമ്മളിപ്പോൾ നല്ലപോലെ ബിസിനസ്സ് ചെയ്യുന്നുണ്ട്. അതുപോരേ. എല്ലാം നമുക്ക് റെഡിയാക്കാം. ’
‘അപ്പോൾ നിന്റെ കൈയിൽ ഒന്നും ഉണ്ടായിരുന്നില്ലേ.’
 ധനേഷ് പുഞ്ചിരിച്ചു. 
‘അതൊന്നും ഓർക്കേണ്ട. ഇപ്പോൾ ബിസിനസ്സിലൂടെ നമ്മൾ തെളിയുകയല്ലേ.’
അന്നുരാത്രി അതെല്ലാം കേട്ടപ്പോൾ മറവിക്കാലത്തെപ്പോലെ അച്ഛൻ ചിരിച്ചു. എന്നാലത് അച്ഛന്റെ അവസാന ചിരിയായിരുന്നു. പിന്നീട് തിരിച്ചു കിട്ടാനാവാത്ത വിധം ആ ചിരി എനിക്ക് നഷ്ടപ്പെട്ടു. എന്റെ കഥ കേട്ട അച്ഛൻ തണുത്തു പോയൊരു സ്വപ്നം മാത്രമായി. സൗമ്യമായ ആ ചിരിയോടൊപ്പം അച്ഛനും നഷ്ടപ്പെട്ട വീട്ടിൽ തനിയെ കുത്തിയിരിക്കാനല്ലാതെ എനിക്കൊന്നും കഴിഞ്ഞില്ല. ഒരു മാസം കഴിഞ്ഞിട്ടും അച്ഛന്റെ ദുർബ്ബലമായ ആ ചിരിയുടെ അദൃശ്യവെട്ടം എന്നെ പിന്തുടർന്നു. എന്തായിരുന്നു അതിന്റെ അർത്ഥം. ജീവിതം കേവലമൊരു തമാശ മാത്രമാണെന്ന് നല്ല തെളിഞ്ഞ ഓർമ്മക്കാലത്ത് അച്ഛൻ പറഞ്ഞിട്ടുണ്ട്. അതായിരിക്കും ആ അവസാനത്തെ ചിരി കൊണ്ട് അച്ഛൻ ഓർമ്മിപ്പിച്ചത്. 
 കനത്ത ഏകാന്തതയിൽ ആദ്യമൊക്കെ എനിക്ക് ഒന്നും ചെയ്യാനില്ലായിരുന്നു. ധനേഷ് തന്ന ഭാഗ്യക്കറൻസി വെറുതേ തിരിച്ചും മറിച്ചും നോക്കിയിരുന്ന് ഞാൻ നേരം കളഞ്ഞു. എനിക്ക് പറ്റിയ അബദ്ധത്തെയോർത്ത് സ്വയം കുറ്റപ്പെടുത്തി. പിന്നീടാണ് അച്ഛന്റെ ചിരി അഭ്യസിക്കാൻ ഞാൻ ശ്രമിച്ചത്. ചിരിയിലൂടെ മനസ്സിനെ സ്വസ്ഥമാക്കാമോ എന്നൊരു നോട്ടമായിരുന്നു അത്. ഏതാനും ദിവസങ്ങളിലെ പരീക്ഷണങ്ങളിലൂടെ ഞാനത് പഠിച്ചെടുത്തു. 
ഒരു ദിവസം രാവിലെ പഠിച്ചെടുത്ത അച്ഛൻചിരിയുടെ ചൂടാറുംമുമ്പ് ഞാൻ റസ്റ്റൊറന്റിലേക്ക് പോയി. ക്യാബിനിലെ കമ്പ്യൂട്ടറിൽ പണിചെയ്തുകൊണ്ടിരുന്ന പെൺകുട്ടി നമസ്തേ പറഞ്ഞു. ഒരു മാസം മുമ്പ് വരെ ബില്ലിംഗ് വിഭാഗത്തിലായിരുന്ന അവളെ അക്കൗണ്ടന്റ് ആയി നിയമിച്ചിരിക്കുകയാണ്. 
‘ധനേഷ്സാർ വെളിയിൽ പോയിരിക്കുകയാണ്. ഉച്ചയ്ക്ക് മുമ്പ് തിരിച്ചുവരും. സാറിന് ഞാൻ കോഫി കൊണ്ടുവരാം.’
ക്യാബിനിലെ തണുപ്പിൽ കോഫി കുടിക്കുന്നത് നല്ലതെന്ന് തോന്നി. ഞാനില്ലായിരുന്നപ്പോൾ അവിടെയുണ്ടായ മാറ്റങ്ങളറിയാൻ എനിക്കാഗ്രഹമുണ്ടായി. ധനേഷിന്റെ കമ്പ്യൂട്ടർ സ്ക്രീനിൽ എന്റെ ആകാംക്ഷ പരതിനടന്നു. കണക്കുകളിൽ സംശയിക്കാവുന്നതായി ഒന്നും കണ്ടില്ല. മേശവലിപ്പുകൾ വെറുതെ പരിശോധിച്ചു.  പുതിയ പുറംചട്ടയുള്ള ഒരു ഫയലിലെ താളുകൾ എന്നെ പരിഹസിച്ചു. അതിലെ കുറിപ്പുകളും കണക്കുകളും എന്നെ പേടിപ്പിച്ചു. വീട്ടിൽ വച്ച് പരിശീലിച്ച അച്ഛൻചിരിയുടെ അലകൾ എന്നിലേക്ക് ആഞ്ഞടിക്കുന്നതായി തോന്നി. ആ തണുപ്പൻ മുറിയിലും ഞാൻ വല്ലാതെ വിയർത്തു. സ്ഫടികവാതിൽ തുറന്ന് വന്ന ടപ്പ് ടപ്പെന്ന ശബ്ദം ഞാൻ കേട്ടില്ല. പെൺകുട്ടി എന്നെ വിളിച്ചു. കോഫി വാങ്ങി കുടിക്കുമ്പോൾ എന്റെ ഭാവമാറ്റം അവൾ മനസ്സിലാക്കാതിരിക്കാൻ ഞാൻ പാടുപെട്ടു. ഓഫീസ് വിട്ട് നേരെ റസ്റ്റൊറന്റിലേക്ക് നടന്നു. ഇടനേരമായിട്ടും വലിയ തിരക്കുണ്ടായിരുന്നു. പണിക്കാരോട് കൈ വീശിക്കൊണ്ട് അടുക്കള ഭാഗത്തെത്തി. ഏതോ ടെലിവിഷൻ ചാനലുകാർ ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. നിറം പിടിപ്പിച്ച ചകിരിമുടി ഉച്ചിയിൽ കെട്ടിവച്ച ഒരു കൂർമ്പൻ താടിക്കാരൻ തന്റെ വഷളൻ ചിരിയോടെ ക്യാമറയിൽ നോക്കി എന്തൊക്കെയോ പറഞ്ഞു. 
‘ഹായ്. ചങ്കുകളേ, ഇവിടുത്തെ ഭക്ഷണത്തിന്റെ മണവും സ്വാദും കിടിലമാണ്. വെറൈറ്റി ചിക്കൻ കറീം, സീഫുഡ് സ്പെഷ്യാലിറ്റികളും ഏ ആന്റ് ഡി ഫുഡ് ഡിലൈറ്റിൽ മാത്രമേ ഈ ഉലകത്തിൽ നിങ്ങൾക്ക് കിട്ടൂ. പാചകം മഹത്തായ ഒരു കലയായിട്ടാണ് മെയിൻ ഷെഫ് പിള്ളച്ചേട്ടനും മറ്റു ചേട്ടന്മാരും,ദേ ആ ചിരിച്ചോണ്ട് നില്ക്കുന്ന മേരിച്ചേച്ചിയും കാണുന്നത്. അതിഥി ദേവോ ഭവാന്നല്ലിയോ നമ്മള് പറയുന്നത്. ഇപ്പോത്തന്നെ ഇങ്ങോട്ടേക്ക് വന്നാട്ടെ. കുടുംബമായും കൂട്ടുകാരോടൊത്തും  പോര്. അഡാർ ഫുഡ് ടൂർ ആയിരിക്കും. അടിപൊളി അനുഭവമായിരിക്കും. ഞാൻ ഗാരണ്ടി. ഈ രുചിയൊക്കെ അനുഭവിക്കാനൊരു ഭാഗ്യം തന്നെ വേണം കൂട്ടുകാരേ. അതിഥികൾക്ക് സ്നേഹത്തോടെ വിളമ്പുന്നതിന്റെ ഒരു ത്രില്ലിലാണ് ഇവിടുത്തെ ആളുകൾ. ഇവിടെ വന്ന് ഹിന്ദു,കൃസ്ത്യൻ,മുസ്ലീം, ചൈനീസ്, കോണ്ടിനെന്റൽ എന്നുവേണ്ടാ എല്ലാ കിടുക്കാച്ചി വിഭവങ്ങളും തിന്നുക. അർമാദിക്കുക. എന്നിട്ട് ഇവിടുത്തെ സ്വാദിന്റേം മണത്തിന്റേം കഥകൾ ലോകത്തോട് വിളിച്ചു പറയുക. ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ബെല്ലടിക്കാനും മറക്കല്ലേ, ചങ്കുകളേ.’
അവൻ ഇളിച്ചുകൊണ്ട് എന്റെ നേർക്ക് വന്നു. 
‘അപ്പോൾ ഹായ് ചങ്കുകളേ, ഇതിന്റെ ഉടമസ്ഥരിലൊരാളായ അനിലുചേട്ടൻ നമ്മോടൊപ്പമുണ്ട്. ചേട്ടാ നമസ്കാരം. ഒരു ബൈറ്റ് തരണേ.’
ക്യാമറ നോക്കിയുള്ള അഭിനയം പെട്ടെന്ന് തീർത്തിട്ട് കാർ പാർക്കിലെ പനകൾക്കിടയിലൂടെ ഞാൻ വീണ്ടും ഓഫീസിലേക്ക് നടന്നു. മേശക്കീഴിലേക്ക് കാലുകൾ നീട്ടി റിവോൾവിംഗ് ചെയറിൽ മലർന്ന് കിടന്ന് സീലിംഗിൽ നോക്കി ഫോൺ ചെയ്യുന്ന ധനേഷിനെ ചില്ലുവാതിലിലൂടെ കണ്ടു. അകത്തു കടന്നപ്പോൾ കിരുകിരാ  ശബ്ദമുണ്ടാക്കി വാതിൽ പ്രതിഷേധിച്ചു. എന്നെ കണ്ടപ്പോൾ ധനേഷ് ഞെട്ടലോടെ ഫോൺ സംഭാഷണം പെട്ടെന്ന് അവസാനിപ്പിച്ചു. ചാഞ്ഞു മലർന്നു കിടന്നവൻ മേശക്കീഴിൽ നിന്നും കാലുകൾ വലിച്ചെടുത്ത് കസേരയിൽ നേരെ ഇരുന്നു. 
‘ഹായ്. അനിലേ. അച്ഛന്റെ കർമ്മങ്ങളെല്ലാം കഴിഞ്ഞിട്ടും ഇത്രയും നാളും വരാതിരുന്നതെന്താണ്?’
എനിക്ക് ആകെയുണ്ടായിരുന്ന ഒരു ബന്ധമാണ് അച്ഛന്റെ മരണത്തോടെ ഇല്ലാതായതെന്ന് അവനും അറിയാമായിരുന്നല്ലോ. കടുത്ത ദു:ഖം മുഖത്ത് വരുത്തി ഞാൻ തല കുമ്പിട്ടിരുന്നു. ധനേഷും ആ പെണ്ണും എന്നെ ആർദ്രനയനങ്ങളോടെ നോക്കി. അവരുടെ അഭിനയം കണ്ട് എവിടെയോ നിന്ന് അച്ഛൻ നിശ്ശബ്ദമായി ചിരിക്കുന്നുണ്ടെന്ന് തോന്നി. ഞാൻ എഴുന്നേറ്റ് യാത്ര പറഞ്ഞു. ധനേഷിന്റെ ഫയലിലെ കള്ളക്കണക്കുകളെ എങ്ങനെ പൊളിക്കാം എന്നായിരുന്നു എന്റെ ചിന്ത. 
ആദ്യം ഒരു മൂന്നാമനെ കണ്ടെത്തണം. എല്ലാ ഒളിവിദ്യകളും അറിയാവുന്നൊരു വിശ്വസ്തൻ വേണം. ചിന്തച്ചൂടിൽ ഉരുകിയ എന്നെ ഉച്ചവെയിൽ ബാധിച്ചില്ല. സൂര്യന് തണുപ്പെന്ന് തോന്നി. എന്റെ മനസ്സിൽ പരിചയമുള്ള  തെമ്മാടികളുടെ പേരെഴുതിയ അദൃശ്യമായൊരു ലിസ്റ്റ് തെളിഞ്ഞു. ഇരയോടും വേട്ടക്കാരനോടുമൊപ്പം ഒരേ സമയം ഓടുന്നവരായിരിക്കും എന്നതിനാൽ അവരെ വിശ്വസിക്കാനാവില്ല. അങ്ങനെയാണ് ഞാൻ അദൃശ്യലോകത്തെ ഒരു സഹായിയെ സൃഷ്ടിച്ചത്. ഒരു വെർച്വൽ മനുഷ്യൻ. അർജ്ജുൻ എന്ന അരൂപി. പുതിയൊരു ഫോണും കണക്ഷനും സ്വന്തമാക്കുകയായിരുന്നു ഞാൻ ആദ്യം ചെയ്തത്. സൈബർ ലോകത്തിരുന്ന് രണ്ടുമൂന്ന് ദിനം കൊണ്ട് എന്റെ അർജ്ജുൻ ധാരാളം കൂട്ടുകാരെ നേടി. രാത്രിയിൽ കൂടുതൽ നേരവും സൈബർ ലോകത്ത് ചിലവഴിക്കുന്ന ധനേഷുമായി അർജ്ജുൻ കൂട്ടായിത്തീർന്നു. അവർ ധാരാളം സന്ദേശങ്ങൾ കൈമാറിക്കൊണ്ടിരുന്നു. അർജ്ജുന്റെ പ്രൊഫൈൽ കണ്ടാൽ ആരായാലും വീണുപോകുമെന്നോർത്ത് ഞാൻ അച്ഛൻചിരി ചിരിക്കുമായിരുന്നു. വൻനഗരങ്ങളിലാകെ പടർന്നു കിടക്കുന്ന ഹോട്ടൽ വ്യവസായത്തിൽ ഭീമമായ നിക്ഷേപമാണ് അർജ്ജുന്റെ പേരിലുള്ളത്. കേരളത്തിൽ നിക്ഷേപമിറക്കാൻ അവന് ആഗ്രഹമുണ്ടെന്നും സഹകരിക്കാൻ സന്നദ്ധതയുള്ളവർ ബന്ധപ്പെടണമെന്നും കാണിച്ച് ധനേഷിന് അർജ്ജുനയച്ച സന്ദേശത്തിന് മറുപടി കിട്ടി. അർജ്ജുന്റെ മെയിലിൽ വന്ന മറുപടി കണ്ട് ഞാനത്ഭുതപ്പെട്ടില്ല.
പ്രിയപ്പെട്ട അർജ്ജുൻ, നമ്മൾ നേരിൽ കണ്ടിട്ടില്ലെങ്കിലും താങ്കൾ വിശ്വസിക്കാവുന്ന ഒരാളാണെന്ന് എനിക്ക് മനസ്സിലായി.  ഏ ആന്റ് ഡി ഫുഡ് ഡിലൈറ്റിന് നല്ല നിലയിൽ പ്രവർത്തിക്കുന്ന നാല് ബ്രാഞ്ചുകളുണ്ട്. എന്നോടൊപ്പം താങ്കളും കൂടി ഉണ്ടെങ്കിൽ റസ്റ്ററന്റ് വ്യവസായത്തിലെ അവസാന വാക്കാകാൻ നമുക്ക് കഴിയും എന്ന ഉറപ്പുണ്ട്. രാത്രിയിൽ വിളിക്കുമല്ലോ. എന്റെ നമ്പർ താഴെക്കൊടുക്കുന്നു. സ്നേഹപൂർവ്വം, ധനേഷ്.
രാത്രി തോറും ഞാൻ അർജ്ജുനായി. ധനേഷിനോട് ഫോണിൽ സംസാരിക്കുമ്പോൾ ഗൗരവം വരുത്താനും എന്റെ സ്ഥിരം ശൈലി മാറ്റി അല്പം സ്പീഡാക്കാനും മുട്ടിന് മുട്ടിന് ഇംഗ്ലീഷ് കേറ്റാനും ശ്രദ്ധിച്ചു. അവൻ അർജ്ജുൻ എന്ന അരൂപിയുടെ വാക്കുകൾ തീർത്ത ശരപഞ്ജരത്തിനുള്ളിലായി. പകലുകളിൽ ഒന്നും അറിയാത്ത പോലെ ഞാൻ റസ്റ്ററന്റിന്റെ കാര്യങ്ങളിൽ ഇടപെടുകയും ധനേഷിനൊപ്പം ഓഫീസിലിരിക്കുകയും ചെയ്തു. ഒരു വലിയ ബിസിനസ്സ് ഗ്രൂപ്പുമായി ധനേഷ് ടൈ അപ്പിന് ശ്രമിക്കുന്നതായി അവനില്ലാത്ത നേരത്ത് അക്കൗണ്ടന്റ് എന്നോട് പറഞ്ഞു. അതിനെപ്പറ്റി എനിക്കെന്തെങ്കിലും അറിയാമോ എന്നവൾ ചോദിച്ചു. അവളെ പിരിച്ചുവിടല്ലേ എന്ന് അപേക്ഷിക്കുകയും ചെയ്തു. ഞാനവളെ സമാധാനിപ്പിച്ചു. ഒപ്പം തന്നെ ധനേഷ് അർജ്ജുനെ വല്ലാതെ വിശ്വസിച്ചു എന്നതിൽ ഞാൻ രഹസ്യമായി  സന്തോഷിച്ചു. 
അന്ന് രാത്രി അർജ്ജുൻ ധനേഷിനോട് വലിയ ഗൗരവത്തിൽ ബിസിനസ്സ് ചർച്ച ചെയ്തു. റസ്റ്ററന്റ് വികസനത്തിനുള്ള തന്റെ ആദ്യ ഗഡുവായി ഭീമമായ തുക ഒരാഴ്ചക്കുള്ളിൽ കൊടുക്കാമെന്ന് സമ്മതിച്ചു. ഉടൻതന്നെ ബിസിനസ്സ് എഗ്രിമെന്റ് ഒപ്പിടണം. യു കെ യിലുള്ള ഒരു ഹോട്ടൽ ശൃംഖലക്കാർ ഓഫറുമായി പുറകെ നടക്കുകയാണ്. അതാണ് അത്രയും തിടുക്കം. അർജ്ജുൻ തുടർന്ന്  മറ്റു ചില നിർദ്ദേശങ്ങൾ കൂടി വച്ചു. അയാളും ധനേഷും മതി. മാനേജ്മെന്റിലുള്ള മറ്റെ ആളിനെ ഒഴിവാക്കണം. ‘ഏ ആന്റ് ഡി ഫുഡ് ഡിലൈറ്റി’ൽ അനിലിന് പകരം അർജ്ജുൻ മതി. അപ്പോൾ പേരും മാറ്റേണ്ട കാര്യമില്ലല്ലോ. 
‘അർജ്ജുൻ സാർ, അതിനൊരു തടസ്സമുണ്ടല്ലോ.’
‘പ്രോഡക്ടിവ് അല്ലാത്ത ഒരാളെ മാനേജ്മെന്റ് എന്തിന് ഹോൾഡ് ചെയ്യണം.’
‘അതല്ല സാർ. അവന്റേതായി ഒരു വല്യ ഇൻവെസ്റ്റ്മെന്റുണ്ട്. അതാണ്.’
‘ഡോണ്ട് വറി. എന്റെ ഫസ്റ്റ് ഇൻസ്റ്റാൾമെന്റ് ആയി അതിന്റെ ഫൈവ് ടൈംസ് തരാം. എനിവേ, അയാളെ പറഞ്ഞു വിട്ടാലേ നമ്മൾ ഒന്നിക്കൂ. കേട്ടിടത്തോളം അയാളൊരു കൾച്ചർലെസ്സ് ഫെലോ ആണെന്ന് തോന്നുന്നു. നിങ്ങളുടെ റിപ്ലൈക്ക് വേണ്ടി രണ്ട് ദിവസം തരാം. അതറിഞ്ഞിട്ട് വേണം എനിക്ക് യു.കെയിലെ ഗ്രൂപ്പിനോട് യെസ്സ് ഓർ നോ പറയാൻ. ഓക്കേ. ഗുഡ് നൈറ്റ്.’
ഞാൻ രാവിലെ ചെന്നപ്പോൾ തുറന്നുവച്ച ഫയൽ നോക്കി കമ്പ്യൂട്ടറിൽ എന്തോ ഡാറ്റകൾ കൊടുക്കുകയായിരുന്നു ധനേഷ്. ചില്ലുവാതിലിലൂടെ അയാളുടെ ടൈപ്പിംഗ് വേഗതയും വെപ്രാളപ്പെട്ട മുഖവും കണ്ടു. എന്നെ കണ്ടപ്പോൾത്തന്നെ ഒരു ഗുഡ്മോണംഗിന്റെ മറപിടിച്ച് ഫയൽ മേശവലിപ്പിലേക്ക് തള്ളി. 
‘ധനേഷ്. രാവിലെ ഭയങ്കര പണിയാണല്ലോ.’
‘ഓ. ഈ ബിസിനസ്സ് ഭയങ്കര ഡള്ളാണളിയാ. എല്ലാം നിർത്തിയാലോന്ന് വിചാരിക്കുകയാണ്. നിന്റെ കടം വീട്ടിക്കഴിഞ്ഞ് ഒന്നൂടെ ഫോറിനിലെങ്ങാനും പോകുകയാണ്.’
ഉള്ളിലെ ചിരി ഒളിപ്പിക്കാനും മുഖത്ത് വിഷാദഭാവം പെട്ടെന്ന് വാരിപ്പൂശാനും എനിക്ക് കഴിഞ്ഞു. 
‘അയ്യോ അതുവേണ്ടാ ധനേഷ്.’
  സ്ക്രീൻ എന്റെ നേർക്ക് തിരിച്ചിട്ട് അവൻ എന്നെക്കാൾ വലിയ വിഷാദവാനായി.
‘നോക്ക്. ഇത്രേം നാളും കഷ്ടപ്പെട്ടിട്ട് കിട്ടിയ ബാലൻസ് നോക്ക്. ഇതീന്ന് നിന്റെ ഫണ്ട് തന്നു കഴിഞ്ഞാൽപ്പിന്നെ എനിക്കെന്ത് കിട്ടുമെന്ന് നിനക്ക് മനസ്സിലാകുമല്ലോ. വയ്യാ.’
പ്രിന്ററിൽ നിന്നും ചൂടോടെ കിട്ടിയ കടലാസ്സുകൾ എനിക്കു തന്നിട്ട് ധനേഷ്  കസേരക്കൈയിൽ താളം പിടിച്ചു. 
‘അനിലേ, അത്രേം മതിയല്ലോ. നാളെ മുതൽ നമ്മൾ ഏ ആന്റ് ഡി ഫുഡ് ഡിലൈറ്റിന്റെ പ്രവർത്തനം നിർത്തുന്നു.’
‘ഒന്നുടെ ആലോചിച്ചിട്ട് പോരെ.’
 ഞാനൊരു നിർദ്ദോഷിയായി അഭിനയിച്ചു.
‘അനിലിന് സമ്മതമാണെങ്കിൽ ഒപ്പിട്. മറ്റു മാർഗ്ഗമില്ലാഞ്ഞിട്ടാണ്.’
പുറമെ കാണിച്ച കൊടുംവിഷമത്തോടെ ഞാൻ ഒപ്പിട്ടു. ധനേഷ് തന്ന ചെക്കിലേക്ക് നോക്കി ഒരു ദീർഘനിശ്വാസവും വിട്ട് ഞാനെഴുന്നേറ്റു. പ്രതീക്ഷിച്ചതിലും വലിയ തുക എഴുതിയ ചെക്ക് കണ്ട് ഞാൻ അത്ഭുതപ്പെട്ടു.  
‘ഐ ആം റിയലി ഡിസ്ട്രെസ്സ്ഡ് അനിൽബ്രോ. പറ്റുമെങ്കിൽ വീണ്ടും കാണാം. നമ്മുടേത് ശക്തമായൊരു ബന്ധമായിരുന്നു. നിങ്ങളെ പിരിയേണ്ടി വന്നതിൽ ദു:ഖമുണ്ട്. എന്നാലും ഒന്നും നമ്മുടെ ഇഷ്ടം പോലെയല്ലല്ലോ.’ 
    ധനേഷിന്റെ ഭംഗിവാക്കുകളിൽ കുടുങ്ങാതെ ക്യാബിൻ ഡോറിന്റെ കിരുകിരുപ്പിലൂടെ പുറത്തിറങ്ങി. വാതിലിലേക്ക് കണ്ണും നട്ട് കൈയിൽ ട്രേയുമായി മുമ്പിൽ പെൺകുട്ടി.
    ‘അയ്യോ സാറേ, ഞാൻ രണ്ടാൾക്കുമുള്ള ചായേമായിട്ട് വരുവായിരുന്നല്ലോ. ഇന്നെന്താ നേരത്തേ പോകുന്നേ?’  
    ‘നല്ല സുഖമില്ല കുട്ടീ. ഇന്ന് ചായ വേണ്ടാ.’  
പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കി. അവൾ ഭയന്നത് പോലെ ബിസിനസ്സ് നിർത്തുകയാണോ എന്ന ചോദ്യം അവിടെ നിഴലിട്ടു. പരിഭവപ്പെട്ടതായി അഭിനയിച്ച് അവൾ അകത്തേക്ക് പോയി. 
വിശാലമായ കാർപാർക്കിലൂടെ നടന്നപ്പോൾ ധനേഷിന്റെ ഡ്രൈവർ ഓടിയെത്തി. ബോസ് നടന്നു പോകുന്നതിന്റെ കാരണം അവനറിയണം. പഴയതായാൽ ബോസും ബോസല്ലാതാകുമെന്ന് അവനോട് പറഞ്ഞില്ല.
‘ഒന്ന് നടക്കാൻ കൊതിയാവുന്നെടാവ്വേ.’ 
മാനത്തേക്ക് നോക്കിയ അവന്റെ കണ്ണിൽ പൊരിഞ്ഞ വെയിൽ ചോദ്യമിട്ടു.
    ‘കൊള്ളാം ബോസ്. നടക്കാൻ പറ്റിയ സമയം തന്നെ. തമാശ കളഞ്ഞേ. ഞാൻ വണ്ടീം കൊണ്ടു വരാം.’ 
വേണ്ടെന്ന് പറഞ്ഞ് ഞാൻ ഹൈവേയിലേക്ക് ഇറങ്ങി. ഏ ആന്റ് ഡി ഫുഡ് ഡിലൈറ്റിലേക്ക് തിരിഞ്ഞു നോക്കാതെ ശ്രദ്ധിച്ചു. ആ പേരിലെ ‘ഏ’യിൽ ഇനിയും അനിൽ ഉണ്ടാവില്ലല്ലോ. എല്ലാ തിരിഞ്ഞു നോട്ടങ്ങളും എപ്പോഴും നമ്മളെ നിരാശപ്പെടുത്തുന്നവയാണ്. അതുകൊണ്ട് അവ ഒഴിവാക്കുന്നതല്ലേ ബുദ്ധി. ഹൈവേയിലെ പുതിയതായി കെട്ടിയ മേൽപ്പാലത്തിൽ കയറാനുള്ള മോഹം അന്നു തന്നെ സാക്ഷാത്ക്കരിക്കാൻ ഞാൻ തീരുമാനിച്ചു. അർജ്ജുനെ തേടിയുള്ള ധനേഷിന്റെ വിളി പ്രതീക്ഷിച്ച് പാലത്തിന്റെ കൈവരികളിൽ പിടിച്ചുകൊണ്ട് നിന്നു. ഞാൻ വിചാരിച്ചതുപോലെ ഫോൺ ചിലച്ചു. 
‘അർജ്ജുൻ സാർ, ധനേഷാണ് വിളിക്കുന്നത്.’ 
 ഞാൻ അർജ്ജുനായി മാറി.   
‘പറയൂ മിസ്റ്റർ ധനേഷ്. കാര്യങ്ങൾ എവിടെവരെയെത്തി? നമ്മൾക്ക് എപ്പോൾ കാണാൻ കഴിയും.’ 
ഏറെ ആലോചിച്ച് നിർത്തി നിർത്തിയാണ് അവൻ ഓരോ കള്ളവും പറഞ്ഞത്. കള്ളങ്ങൾ കേട്ടുകേട്ട് എന്റെ ചെവി വേദനിച്ചു.  അനിലിന്റെ കുറ്റം കേൾക്കുന്നത് ആരായിരുന്നു എന്ന് ധനേഷ് മനസ്സിലാക്കിയില്ല. ശബ്ദം മാറ്റി മുറി ഇംഗ്ളീഷിൽ ഞാൻ അയാളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ഉലകത്തിലില്ലാത്ത ഒരുവനാണ് അർജ്ജുൻ എന്ന് ധനേഷ് മനസ്സിലാക്കിയില്ല.
‘അർജുൻ സാർ, നിങ്ങൾക്കറിയാമോ, അനിലിനെ ബിസിനസ്സിൽ നിന്നും ഒഴിവാക്കിയപ്പോഴാണ് സമാധാനമായത്. ഇൻവെസ്റ്റ്മെന്റും ലാഭവുമുൾപ്പെടെ അവന്റെ ഇടപാടെല്ലാം ഞാൻ തീർത്തു. എഗ്രിമെന്റ് പേപ്പറുകൾ ഒപ്പിട്ട് സലാം വച്ച് തിരിച്ചു പോകുന്ന അവന്റെ കണ്ണിലെ വെള്ളം കാണാത്തപോലെ ഞാനഭിനയിച്ചു. ഇനിയിപ്പോൾ സാറ് വന്നാൽ മതി. കഴിയുമെങ്കിൽ നാളെയോ മറ്റന്നാളോ’  
‘മിസ്റ്റർ ധനേഷ് മറ്റന്നാൾ വിളിക്കൂ. ഞാനിപ്പോൾ ബംഗലുരുവിൽ ഒരർജന്റ് മീറ്റിംഗിലാണ്.’ 
മൂന്നാം ദിനം രാവിലെ ധനേഷ് കൃത്യമായി വിളിച്ചു. 
‘അർജ്ജുൻ സാർ, ഇത് ധനേഷാണ്. ഇന്ന് വിളിക്കാൻ പറഞ്ഞിരുന്നു. സാർ എപ്പോഴാണ് വരുന്നത്.’
‘നോക്കൂ മിസ്റ്റർ ധനേഷ്. ഞാനൊരു തിരക്കുള്ള ബിസിനസ്സ്മാനാണ്. ഇത്രയും രാവിലെ വിളിച്ചാൽ ബുദ്ധിമുട്ടാണ്. അടുത്ത രണ്ട് ദിവസത്തെ എന്റെ പരിപാടികൾ ചോക്ക് ഔട്ട് ചെയ്തിട്ടില്ല. എന്റെ സെക്രട്ടറി വരട്ടെ. ഐ വിൽ കാൾ യു ബാക്ക്.’ 
 അടുത്ത ദിവസം ഉച്ച കഴിഞ്ഞ് ധനേഷിന്റെ വിളിയെത്തി.
‘സാർ, ധനേഷാണ്. ഇന്നലെ സാർ തിരിച്ചു വിളിക്കാമെന്ന് പറഞ്ഞിരുന്നു. സാർ എപ്പോഴാണ് വരുന്നത്.’
‘മിസ്റ്റർ ധനേഷ് കാൾ മീ ഓൺ നെക്സ്റ്റ് മൺഡേ മോണിംഗ്. ഞാനൊരു ഫങ്ഷനിലാണ്.’ 
ധനേഷിന്റെ ശബ്ദത്തിൽ ‘ഷിറ്റ് ’ എന്ന് കേട്ട് എനിക്ക് ചിരി വന്നു. ധനേഷിനെ എന്റെ അർജ്ജുൻ ചൂടാക്കിത്തുടങ്ങി. നീ അനുഭവിക്കെടാ. നിനക്ക് മൺഡേ മോണിംഗിൽ ബാക്കി തരാം.
തിങ്കളാഴ്ച അർജ്ജുന്റെ ഫോണിൽ ധനേഷിന്റെ ദൈന്യത. അവൻ ഏറെ നേരം ഫോണിലൂടെ ദുഃഖം വിളമ്പി. 
‘അർജ്ജുൻ സാർ, ഞാനാകെ കഷ്ടത്തിലായി. റസ്റ്ററന്റ് പൂട്ടേണ്ട അവസ്ഥയായി. സാർ അത്യാവശ്യമായും വരണം. ’
‘മിസ്റ്റർ ധനേഷ്. ഒരു കാര്യം ഓർക്കുക. നിങ്ങളുടെ ഓർഡറനുസരിച്ച് പ്ലേ ചെയ്യാനല്ല ഞാനിരിക്കുന്നുത്. നിങ്ങളെപ്പോലൊരാളുടെ കൂടെ ബിസിനസ്സ് ചെയ്യാൻ എനിക്ക് തീരെ താല്പര്യമില്ല. യു ആർ ആൾവേസ് ഇറിറ്റേറ്റിംങ് മീ. നോക്കൂ. ഞാനാ യു.കെ.കമ്പനിയുമായി കരാറിലേർപ്പെടുകയാണ്.’ 
അവൻ പൊളിഞ്ഞെന്ന് എനിക്കുറപ്പായി. ഞാൻ രണ്ട് ദിവസം കാത്തിരുന്നു. ധനേഷിനെക്കുറിച്ച് ഒന്നും അറിഞ്ഞില്ല. ഒടുവിൽ മൂന്നാം ദിവസത്തെ അർദ്ധരാത്രിയിൽ  എന്നെ ഉണർത്തിക്കൊണ്ട് ഫോൺ ബല്ലടിച്ചു. വിളിച്ച ആളിന്റെ പേര് നോക്കി ഞാൻ ചിരിച്ചു. ഫോൺ സൈലന്റ് മോഡിലാക്കിയിട്ട് അതിന്റെ വീർപ്പുമുട്ടലുകൾ ആസ്വദിച്ച് വീണ്ടും വീണ്ടും ചിരിച്ചു. എന്റെ അച്ഛനിൽ നിന്നും പകർന്നു കിട്ടിയ ആ ദുർബ്ബലമായ ചിരി.

see PDF below
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക