കവിത
ദൈവത്തിന്റെ
ലിപിരഹിതമായ
ചുരുക്കെഴുത്ത്!
കവിയതു സ്വപ്നത്തിൽ കേട്ടെഴുതുമ്പോൾ
സംഭവം ഏറി വന്നാൽ
വെടിപ്പില്ലാത്ത പണിക്കറ തീരാത്ത
ഒരു മുഷിപ്പൻ പരാവർത്തനം.
ആവശ്യത്തിൽ കവിഞ്ഞ
നീട്ടവും സ്‌ഥൂലതയും
സ്വന്തം അലങ്കാരമായി കരുതി
കവി അഹങ്കരിക്കും.
കവി കേശാദിപാദം
കവിയാണൊ
അവധൂതനാണൊ
നാടോടിയാണൊ
ക്രാന്തദർശിയാണൊ
വചനകുബേരനാണൊ
സരസ്വതീദാസനെന്ന പോലെ
ലഹരീദാസനുമാണൊ
ചുണ്ണാമ്പും നിലാവും
തിരിച്ചറിവാൻ വയ്യാത്തവനാണൊ?
നിരഹങ്കാരിയായ
വിഷുപ്പക്ഷി പാടും:
"കവി
കൊമ്പത്താ
തൂങ്ങിച്ചാകാൻ!
കുരുവി
വരമ്പത്താ
കാലാ പെറുക്കാൻ"
കവി ശരാശരി
സ്വപ്നജീവി
അവനെങ്ങനെ വായിച്ചെടുക്കും
ദൈവത്തിന്റെ ഗൂഢലിപികൾ!
വൃത്തഭംഗം മോഹഭംഗം
കവിയ്ക്ക് കോള് കിട്ടാഞ്ഞാൽ
തിരസ്കാരത്താൽ
ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നു
കവിഹൃദയവാൽവുകൾ
ചത്താ കരയരുത്
കവിയെ
കണ്ടാ മിണ്ടരുത്
കരഞ്ഞാൽ കവി
ഉയിർത്തെഴുന്നേറ്റു കളയും
മിണ്ടിയാൽ കവി
കടം ചോദിച്ചേക്കും
കാലത്തിന്റെ
കാവ്യനീതി
കവിയുടെ
തലയിലെഴുത്ത്!
ഊഞ്ഞാൽ കെട്ടിയ
കയറഴിച്ച് കഴുത്തിൽ കുരുക്കി മറ്റേയറ്റം കേടായ ഫാനിൽ കെട്ടി
തൂങ്ങിച്ചത്താൽ
അലമുറയിടാനാരുണ്ട്?
ഉറ കുത്തിയ ഒരു മരപ്പെട്ടി പ്ലസ്
ഇനിയും മുഴുമിക്കാത്ത ഇത്തിരി ചിന്തുകൾ!