ഇന്ന് പുസ്തകദിനം. ആര് പറഞ്ഞാലും വായന മരിയ്ക്കില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. കാലാനുസൃതമായ ചില മാറ്റങ്ങൾ വായനയിലും ഉണ്ട്. ഇപ്പോൾ ഓൺലൈൻ ആയി ധാരാളം പേർ വായിക്കുന്നുണ്ട്. എങ്കിലും ഒരു പുസ്തകം കൈയിൽ കിട്ടിയാൽ ഓൺലൈൻ വായനയിൽ നിന്ന് വ്യത്യസ്തമായി പല ഘടകങ്ങളും നമ്മളെ അതിനോട് കൂടുതൽ അടുപ്പിക്കുന്നു.
അത് ഒരു നല്ല പുസ്തകം ആണെങ്കിൽ അതിലെ ഓരോ താളും എഴുത്തുകാരനോടൊപ്പം സഞ്ചരിക്കാൻ ഒരു വായനാവഴി ആസ്വാദകന് മുന്നിൽ തുറന്നിടുന്നു. പിന്നെ നാം ജീവിച്ചു തീർക്കുന്ന ജീവിതത്തിന്റെ വ്യത്യസ്തഭാവങ്ങൾ ആകും പുസ്തത്തിലെ കഥാപാത്രങ്ങളിൽ നാം കാണുന്നത്.
എഴുത്തുകാരൻ അക്ഷരങ്ങൾ കൊണ്ടു തുന്നിച്ചേർത്ത ഉടുപ്പണിഞ്ഞു കഥാപാത്രങ്ങൾ മുന്നിലെത്തുന്ന വിസ്മയം ചിലപ്പോഴൊക്കെ ആ പുസ്തകം എത്രയും പെട്ടെന്ന് വായിച്ചു തീർക്കാനുള്ള അഭിനിവേശത്തിൽ വായനക്കാരനെ കൊണ്ടു ചെന്നെത്തിക്കുന്നു. അവരുടെ കണ്ണീരും, ദാരിദ്ര്യവും, പ്രണയവും ഒക്കെ നമ്മുടേത് കൂടി ആയിത്തീരുന്നു. അവർ കൈ പിടിച്ചു കൂട്ടിക്കൊണ്ടു പോകുന്ന വഴികളിലെ നിലാവിലൂടെ, നിഴലിലൂടെ നമ്മളും സഞ്ചരിയ്ക്കുന്നു..
ഓരോ വായനയും ഓരോ അനുഭവം ആണ്. ഓരോ തിരിച്ചറിവാണ്. ഓരോ കഥാപാത്രവും പുസ്തകങ്ങൾക്കുള്ളിൽ ഇരുന്നു നമ്മളെ അവരിലേക്ക് ക്ഷണിയ്ക്കുന്നുണ്ട്. അവർക്കൊപ്പം നമുക്കും സഞ്ചരിക്കാം. ആ യാത്രയ്ക്കൊടുവിൽ അവരിൽ നിന്നും നമ്മളെ അടർത്തി മാറ്റാൻ കഴിയാതെ വരുമ്പോഴാണ് കണ്ണുകൾ ഈറനണിയുന്നതും, അറിയാത്ത ഒരു നൊമ്പരം മനസ്സിനെ മൂടി പൊതിയുന്നതും. യഥാർത്ഥത്തിൽ അവിടെ ആണ് ഒരു നല്ല എഴുത്തുകാരനോ, എഴുത്തുകാരിയോ ജനിയ്ക്കുന്നതു, അവരുടെ സർഗ്ഗവേദനയിൽ നിന്നും ഒരു നല്ല പുസ്തകം പിറവി കൊള്ളുന്നത്.. നമ്മൾ തന്നെ അതിലെ കഥാപാത്രങ്ങൾ ആയി മാറുന്നത്.
അത് കൊണ്ടു തന്നെ ഭൂമിയിൽ ജീവൻ ഉള്ളത്ര നാൾ മനുഷ്യർ ഉണ്ടാകും, സർഗ്ഗസൃഷ്ടികൾ ഉണ്ടാകും, പുസ്തകങ്ങൾ ആയി അവ നമ്മളെ തേടി എത്തിക്കൊണ്ടേ ഇരിയ്ക്കും. കണ്ണുകളും കാഴ്ചയും മങ്ങുവോളം നമ്മൾ വായിച്ചു കൊണ്ടേ ഇരിക്കും.. കാഴ്ച മങ്ങിയാലും അകക്കണ്ണുകളിൽ വായിച്ചവ അക്ഷരങ്ങളായി തെളിഞ്ഞു നിൽക്കുകയും ചെയ്യും.