Image

ബാള്‍ട്ടിമോര്‍ അപകടം:  കപ്പല്‍ ഉടമയ്‌ക്കെതിരേ മേയറും സിറ്റി കൗണ്‍സിലും കോടതിയില്‍ കേസ് ഫയല്‍ ചെയ്തു  

Published on 24 April, 2024
ബാള്‍ട്ടിമോര്‍ അപകടം:  കപ്പല്‍ ഉടമയ്‌ക്കെതിരേ മേയറും സിറ്റി കൗണ്‍സിലും കോടതിയില്‍ കേസ് ഫയല്‍ ചെയ്തു  

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തില്‍ കൂറ്റന്‍ ചരക്കുകപ്പല്‍ ഇടിച്ച് തകര്‍ന്ന സംഭവത്തില്‍ ഉത്തരവാദികള്‍ എന്ന് കാട്ടി കപ്പലിന്റെ ഉടമയ്ക്കും മാനേജര്‍ക്കും എതിരെ ബാള്‍ട്ടിമോര്‍ മേയറും സിറ്റി കൗണ്‍സിലും കേസ് ഫയല്‍ ചെയ്തു.

തിങ്കളാഴ്ച മേരിലാന്‍ഡ് ഫെഡറല്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസ്, സിംഗപ്പൂര്‍ ഫ്ലാഗ് ചെയ്ത കപ്പലിന്റെ രജിസ്റ്റര്‍ ചെയ്ത ഉടമയായ ഗ്രേസ് ഓഷ്യന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും അതിന്റെ മാനേജര്‍ സിനര്‍ജി മറൈന്‍ ഗ്രൂപ്പില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. ഡാലി എന്ന കപ്പല്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ കമ്പനികള്‍ അശ്രദ്ധ കാണിച്ചതായി കേസില്‍ കുറ്റപ്പെടുത്തുന്നു. മാത്രമല്ല, പാലത്തിന്റെ നഷ്ടം നഗരത്തിന്റെ സാമ്പത്തിക നടത്തിപ്പിനെ തകര്‍ത്തുവെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സിംഗപ്പൂര്‍ ആസ്ഥാനമായ ഗ്രേസ് ഓഷ്യന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഡാലി എന്ന കപ്പല്‍. മലയാളിയുടെ ഉടമസ്ഥതയിലുള്ള സിനര്‍ജി മറൈന്‍ പ്രൈവറ്റ് ലിമിറ്റഡാണ് കപ്പലിന്റെ മാനേജര്‍. പാലത്തിന്റെ  തകര്‍ച്ചയ്ക്ക് പൂര്‍ണ ഉത്തരവാദിത്തം വഹിക്കണമെന്ന് ബാള്‍ട്ടിമോര്‍ മേയര്‍ക്കും സിറ്റി കൗണ്‍സിലിനും വേണ്ടി തിങ്കളാഴ്ച സമര്‍പ്പിച്ച കോടതി രേഖകളില്‍ പറയുന്നു.

പാലം തകര്‍ന്നപ്പോള്‍ മരണപ്പെട്ടത് ആറുപേരായിരുന്നു. ഈ ഇരകളെയും അവരുടെ കുടുംബങ്ങളെയും പ്രതിനിധീകരിക്കുന്ന അഭിഭാഷകരും കമ്പനികളെ ഉത്തരവാദികളാക്കുമെന്നും പരിമിതമായ ബാധ്യതയ്ക്കുള്ള അവരുടെ അഭ്യര്‍ത്ഥനയെ എതിര്‍ക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക